Wednesday, December 29, 2010

ആത്മവിശ്വാസത്തോടെ ആകാശദൌത്യം മുന്നേറട്ടെ

ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ജിഎസ്എല്‍വി ദൌത്യം തുടര്‍ച്ചയായി രണ്ടുവട്ടം പരാജയപ്പെട്ടുവെന്നത് ഖേദകരമാണ്. എന്നാല്‍, അതിനേക്കാള്‍ ഖേദകരമായ കാര്യം തുടര്‍ച്ചയായുണ്ടായ ഈ പരാജയങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐഎസ്ആര്‍ഒ)യാകെ കടുത്ത നൈരാശ്യം ബാധിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്. ശാസ്ത്രബുദ്ധിക്ക് നിരക്കാത്തതാണ് ഈ നൈരാശ്യബോധം. പരാജയങ്ങളെ വിജയത്തിലേക്കുള്ള കുതിപ്പിന്റെ ഊര്‍ജകേന്ദ്രങ്ങളായി കാണാനുള്ള പക്വതയും യുക്തിചിന്തയുമാണ് പ്രഗത്ഭമതികളായ നമ്മുടെ ശാസ്ത്രജ്ഞന്മാരില്‍നിന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും ചാന്ദ്രയാന്‍ 2, മനുഷ്യ ബഹിരാകാശസഞ്ചാരം എന്നിങ്ങനെയുള്ള വെല്ലുവിളി നിറഞ്ഞ പുത്തന്‍പദ്ധതികള്‍ ഏറ്റെടുക്കാനിരിക്കെ.

ജിഎസ്എല്‍വിഎഫ് 06 കഴിഞ്ഞ ഡിസംബര്‍ 25 നും ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനോടുകൂടിയ ജിഎസ്എല്‍വിഡി 3 ഏപ്രില്‍ 15 നും പരാജയമായപ്പോള്‍ ആ ദൌത്യങ്ങളുടെ വിജയത്തിനായി അര്‍പ്പണബുദ്ധിയോടെ കര്‍മനിരതരായിരുന്ന ശാസ്ത്രജ്ഞര്‍ക്ക് വിഷമമുണ്ടാവുന്നത് സ്വാഭാവികമാണ്. ഈ രണ്ട് ദൌത്യങ്ങള്‍ ഉള്‍പ്പെടെ, ഏഴ് ജിഎസ്എല്‍വി ദൌത്യങ്ങളാണ് 2001നുശേഷം പരാജയപ്പെട്ടത്. എന്നാല്‍, ഇതുകൊണ്ടൊന്നും ശുഭപ്രതീക്ഷ കൈവിട്ടുകൂടാ എന്ന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് മനസിലാക്കാന്‍ അവരുടെ പൂര്‍വികരുടെതന്നെ എത്രയോ അനുഭവങ്ങളുണ്ട്. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിക്കണ്ട ആ പ്രതിഭാധനരുടെ ചുവടുകള്‍ പിന്‍പറ്റുന്നവരാണ് തങ്ങള്‍ എന്ന ബോധമാണ് ശാസ്ത്രജ്ഞരെ നയിക്കേണ്ടത്.

ഡിസംബര്‍ 25 ന്റെ ദൌത്യപരാജയമുണ്ടായത് വളരെ നിസ്സാരമായ കാരണത്താലാണെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍തന്നെ പറയുന്നുണ്ട്. ജിഎസ്എല്‍വിയുടെ ഇലക്ട്രോണിക് മസ്തിഷ്കം നിലനില്‍ക്കുന്നയിടത്തുനിന്ന് സിഗ്നല്‍ പുറത്തുവരാതിരുന്നതുകൊണ് പരാജയമുണ്ടായതെന്ന് അവര്‍ പറയുന്നു. ഇത് കണക്ഷനില്‍വന്ന തകരാറുകൊണ്ടാണത്രെ. പരിഹരിക്കാവുന്ന തകരാറാണത് എന്നു ചുരുക്കം. ഗൌരവാവഹമായ ഒരു ദൌത്യത്തിനിടയില്‍ ഈ പോരായ്മ വന്നതെങ്ങനെ എന്നത് അന്വേഷിക്കണം. 2013ല്‍ ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എന്‍ജിനോടുകൂടിയ ജിഎസ്എല്‍വി മാര്‍ക്ക് കക ആണ് രണ്ടാംചാന്ദ്രയാനെ ഭ്രമണപഥത്തിലേക്കെത്തിക്കേണ്ടത്. അപ്ഗ്രേഡ് ചെയ്യപ്പെട്ട ജിഎസ്എല്‍വി മാര്‍ക്ക് കകക ആണ് 2016ല്‍ രണ്ട് ഇന്ത്യക്കാരെ ബഹിരാകാശത്തേക്കുകൊണ്ടുപോകേണ്ടത്. നിസ്സാരങ്ങളായ പ്രശ്നങ്ങള്‍ ഇടയ്ക്കുയര്‍ന്നുവന്ന് പദ്ധതി തകര്‍ക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികളെ കൊണ്ടുപോവാനുള്ള ജിഎസ്എല്‍വി മാര്‍ക്ക് III പരാജയമാവില്ലെന്നുറപ്പിക്കേണ്ടതുണ്ട്. അത് പരാജയപ്പെട്ടാല്‍ മനുഷ്യജീവനും രാജ്യത്തിന്റെ യശസ്സും ഒരുപോലെ അപകടത്തിലാവും.
അതേപോലെ, നമ്മുടെ ടെലികമ്യൂണിക്കേഷന്‍ രംഗത്തിന്റെ വികസനത്തിന് കുതിപ്പുനല്‍കേണ്ടവയാണ് പുതിയ ബഹിരാകാശപദ്ധതികള്‍. അത് തകരാറിലായാല്‍ നമ്മുടെ വികസനരംഗത്ത് വന്‍തിരിച്ചടിയാവും ഉണ്ടാവുക. വിദേശ സാറ്റലൈറ്റുകളില്‍നിന്ന് ട്രാന്‍സ്പോണ്ടറുകള്‍ വാടകക്കെടുത്ത് നമ്മുടെ ടെലികമ്യൂണിക്കേഷന്‍-ടെലിവിഷന്‍-റേഡിയോ ബ്രോഡ്കാസ്റിങ് വികസനം സാധ്യമാക്കാമെന്നാണ് ഇപ്പോള്‍ കേന്ദ്രം ചിന്തിക്കുന്നത്. ഇത് ആശാസ്യമല്ല. ഇന്ത്യക്ക് ട്രാന്‍സ്പോണ്ടറുകള്‍ ഏറെ ആവശ്യമുള്ള കാലമാണിത്. അത് കണ്ടെത്താന്‍ ഐഎസ്ആര്‍ഒയ്ക്കാകട്ടെ ശേഷിയുമുണ്ട്. ആ ശേഷിയെക്കുറിച്ച് ശാസ്ത്രജ്ഞരില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ട ഘട്ടത്തില്‍ കേന്ദ്രം വാടക ട്രാന്‍സ്പോണ്ടറുകളുടെ കാര്യം പറയുന്നത് ശാസ്ത്രജ്ഞരുടെ ആത്മവീര്യം കെടുത്തുകയേയുള്ളൂ.

ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണദൌത്യങ്ങള്‍ മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. 1979ല്‍ എസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് നടത്തിയ ആദ്യ ഉപഗ്രഹവിക്ഷേപണംതന്നെ പരാജയപ്പെട്ടു. ഓഗ്മെന്റസ് സാറ്റലെറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ട് സംരംഭങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ പരാജയങ്ങളില്‍ മനസ്സുമടുക്കാതെ മുമ്പോട്ടുപോവുകയും പുത്തന്‍ദൌത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുകയുമാണ് ഐഎസ്ആര്‍ഒ ചെയ്തത്. ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ച പഴയ സോവിയറ്റ് യൂണിയനും ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്കയുംപോലും തൊട്ടതെല്ലാംവിജയമാക്കിയ ചരിത്രമുള്ളവരല്ല. പല പരാജയങ്ങള്‍ക്കുശേഷം, അതില്‍നിന്നൊക്കെ പാഠങ്ങള്‍ പഠിച്ച് വിജയത്തിലേക്കെത്തിയവരാണ്. ഇന്ത്യതന്നെയും 1979ല്‍ എസ്എല്‍വി 3 റോക്കറ്റിന്റെ ആദ്യ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടിടത്ത് മനസ്സുതളര്‍ന്ന് ഇരുന്നില്ല. 1993ല്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ കാര്യത്തിലും ആദ്യഘട്ടങ്ങള്‍ ദുരിതമായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് അത് വിജയിപ്പിച്ചെടുത്തത് ക്ഷമാപൂര്‍വമായ കര്‍മപദ്ധതികൊണ്ടാണ്.

ഇപ്പോള്‍ പരാജയപ്പെട്ട ദൌത്യത്തിന് ഇന്ത്യ ചെലവിട്ടത് നൂറ്റിഇരുപത്തഞ്ചുകോടി രൂപയാണ്. മുപ്പത്താറ് ട്രാന്‍സ്പോണ്ടര്‍ സംവിധാനങ്ങള്‍ ഉള്ളതായിരുന്നു ആ ജി സാറ്റ് 5പി ഉപഗ്രഹം. അത് വിജയിച്ചിരുന്നെങ്കില്‍ ടെലിവിഷന്‍ സംപ്രേഷണം മുതല്‍ കാലാവസ്ഥാപ്രവചനംവരെയുള്ള കാര്യങ്ങളില്‍ വന്‍ കുതിപ്പുണ്ടാവുമായിരുന്നു. ഇന്‍സാറ്റ് ഉപഗ്രഹത്തിന്റെ കാലാവധി കഴിയാറായ സാഹചര്യത്തിലാണ് ജി സാറ്റ് 5 പി ഉപഗ്രഹം ഐഎസ്ആര്‍ഒ നിര്‍മിച്ചത്. വിക്ഷേപണഘട്ടത്തില്‍തന്നെ ഇത് പരാജയപ്പെട്ടതിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ക്രയോജനിക് സാങ്കേതികവിദ്യ കൂടുതല്‍ മികവുറ്റതാക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്ന് ആലോചിക്കണം. നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവീര്യവും ഭൌതികസാഹചര്യങ്ങളുടെ പിന്‍ബലവും നല്‍കി അവരെ കൂടുതല്‍ കര്‍മോന്മുഖരാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഈ രംഗത്തെ പോരായ്മ പരിഹരിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന ഐഎസ്ആര്‍ഒ അധ്യക്ഷന്‍ ഡോ. കെ രാധാകൃഷ്ണന്റെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യമില്ല.

2011ല്‍ 24 ട്രാന്‍സ്പോണ്ടറുകളുള്ള ജിഎസ്എറ്റി 8 ഫ്രഞ്ച് ഗുയാനയില്‍നിന്ന് യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ എറിയന്‍ റോക്കറ്റ് വിക്ഷേപിക്കാനിരിക്കുകയാണ്; ശ്രീഹരിക്കോട്ടയില്‍നിന്ന് പിഎസ്എല്‍വി ആകട്ടെ, ജിഎസ്എടി 12 വിക്ഷേപിക്കാനിരിക്കുന്നു. ഇതിനിടയില്‍ ജിഎസ്എടി 10, ജിഎസ്എടി 9 എന്നിവയും വിക്ഷേപിക്കപ്പെടും. ഇതിനൊക്കെയപ്പുറത്ത് ചാന്ദ്രയാന്‍, മനുഷ്യബഹിരാകാശസഞ്ചാരം പദ്ധതികളും നടക്കാനിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ശാസ്ത്രജ്ഞരുടെ കരുത്തുചോരാനിടയാക്കുന്ന ഒരു പരാമര്‍ശവും ഉണ്ടായിക്കൂടാ. ആത്മവിശ്വാസത്തോടെ അവര്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയട്ടെ! പരാജയം വിജയത്തിലേക്കുള്ള വഴിയാണ് തുറന്നുതരേണ്ടത്; നൈരാശ്യത്തിലേക്കും അതിലൂടെയുള്ള വിനാശത്തിലേക്കുമുള്ള വഴിയല്ല.

deshabhimani editorial 291210

1 comment:

  1. ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ജിഎസ്എല്‍വി ദൌത്യം തുടര്‍ച്ചയായി രണ്ടുവട്ടം പരാജയപ്പെട്ടുവെന്നത് ഖേദകരമാണ്. എന്നാല്‍, അതിനേക്കാള്‍ ഖേദകരമായ കാര്യം തുടര്‍ച്ചയായുണ്ടായ ഈ പരാജയങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐഎസ്ആര്‍ഒ)യാകെ കടുത്ത നൈരാശ്യം ബാധിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്. ശാസ്ത്രബുദ്ധിക്ക് നിരക്കാത്തതാണ് ഈ നൈരാശ്യബോധം. പരാജയങ്ങളെ വിജയത്തിലേക്കുള്ള കുതിപ്പിന്റെ ഊര്‍ജകേന്ദ്രങ്ങളായി കാണാനുള്ള പക്വതയും യുക്തിചിന്തയുമാണ് പ്രഗത്ഭമതികളായ നമ്മുടെ ശാസ്ത്രജ്ഞന്മാരില്‍നിന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും ചാന്ദ്രയാന്‍ 2, മനുഷ്യ ബഹിരാകാശസഞ്ചാരം എന്നിങ്ങനെയുള്ള വെല്ലുവിളി നിറഞ്ഞ പുത്തന്‍പദ്ധതികള്‍ ഏറ്റെടുക്കാനിരിക്കെ.

    ReplyDelete