Friday, December 24, 2010

സ്പെക്ട്രം നടപടികള്‍ പ്രധാനമന്ത്രി അറിഞ്ഞിരുന്നു


ന്യൂഡല്‍ഹി: സ്പെക്ട്രം വില്‍പ്പനയിലെ ക്രമക്കേടുകളെക്കുറിച്ച് തുടക്കംമുതല്‍തന്നെ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നെന്ന് തെളിവ്. മുന്‍ ടെലികോംമന്ത്രി രാജയുമായി നടത്തിയ കത്തിടപാടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്പെക്ട്രം വില്‍പ്പനയുടെ സുതാര്യതയെക്കുറിച്ച് പല ഘട്ടത്തിലും സംശയം പ്രകടിപ്പിച്ച പ്രധാനമന്ത്രി അവസാനം അവ അംഗീകരിക്കുയായിരുന്നെന്ന് മൂന്നു മാസം നീണ്ട കത്തിടപാടുകള്‍ വ്യക്തമാക്കുന്നു. 'ദ് ഹിന്ദു' ദിനപത്രമാണ് കത്തുകള്‍ പൂര്‍ണമായും പ്രസിദ്ധീകരിച്ചത്. കോര്‍പറേറ്റ് യുദ്ധത്തില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുത്തോ എന്ന സംശയവും ഈ കത്തുകള്‍ ഉയര്‍ത്തുന്നു. ധനമന്ത്രി പ്രണബ്മുഖര്‍ജിക്കും ടെലികോം വില്‍പ്പനയിലെ ക്രമക്കേടുകള്‍ അറിയാമെന്ന് കത്തുകള്‍ വ്യക്തമാക്കുന്നു.

2008 ജനുവരി പത്തിനാണ് ഒമ്പതു കമ്പനിക്ക് സ്പെക്ട്രം ലൈസന്‍സ് നല്‍കിയത്. അപേക്ഷ സ്വീകരിച്ച അവസാനതീയതി 2007 ഒക്ടോബര്‍ ഒന്നായിരുന്നെങ്കിലും അത് പിന്നീട് മുന്നോട്ടാക്കി സെപ്തംബര്‍ 25 ആക്കി. ഇതിന് ഒരാഴ്ചയ്ക്കുശേഷമാണ് പ്രധാനമന്ത്രി രാജയ്ക്ക് ആദ്യ കത്തെഴുതുന്നത്. പുതിയ ലൈസന്‍സിനുവേണ്ടി സമര്‍പ്പിച്ച അപേക്ഷകളുടെ തുടര്‍ നടപടികള്‍ എങ്ങനെയാണ്, സിഡിഎംഎ സര്‍വീസ് ഉള്ളവര്‍ക്ക് ജിഎസ്എം നല്‍കുന്നതിനുള്ള അനുവാദം തുടങ്ങിയവ സംബന്ധിച്ച സംശയങ്ങളാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്. അതിന് അന്നുതന്നെ രാജ മറുപടി നല്‍കുകയുംചെയ്തു. എന്നാല്‍, നവംബര്‍ രണ്ടിന് ചില പ്രധാനവിഷയങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രി ഒരു പ്രധാന കുറിപ്പ് രാജയ്ക്ക് അയച്ചു. നേരത്തെ ടെലികോം ലൈസന്‍സ് ലഭിച്ചവരുടെ വാദങ്ങളാണ് ഈ കുറിപ്പിലുള്ളത്. പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കിയ രാജയുടെ ഇഷ്ടക്കാര്‍ക്ക് എതിരാണ് ഇതെന്ന് വായിച്ചെടുക്കാം. ഈ കത്തിനും രാജ അന്നുതന്നെ മറുപടി നല്‍കി. ഡിസംബര്‍ 26ന് രാജ വീണ്ടും ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. നേരത്തെ പ്രധാനമന്ത്രിയുമായി ടെലികോം വിഷയത്തില്‍ സംസാരിച്ച കാര്യം വെളിപ്പെടുത്തുന്നതാണ് ഈ കത്ത്. വിദേശമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയുമായി നിരവധി തവണ ചര്‍ച്ച നടത്തിയെന്നും ഈ കത്ത് വെളിപ്പെടുത്തുന്നു. ഒരാഴ്ച കഴിഞ്ഞാണ് പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചത്.

2008 ജനുവരി മൂന്നിന് നല്‍കിയ മറുപടിയാണ് ഇതില്‍ ഏറ്റവും പ്രധാനം. നേരത്തെ ഉന്നയിച്ച സംശയങ്ങള്‍ മുഴുവന്‍ ദൂരീകരിച്ചെന്ന് വ്യാഖ്യാനിക്കാനാകുംവിധം താങ്കളുടെ കത്ത് ലഭിച്ചെന്നായിരുന്നു പ്രധാനമന്ത്രി രാജയ്ക്ക് അയച്ച അവസാനത്തെ കത്ത്. വില്‍പ്പനയുമായി മുന്നോട്ടു പോകുന്നതില്‍ തെറ്റില്ലെന്ന വ്യക്തമായ സന്ദേശമായിരുന്നു ഈ കത്ത്. അതിന് ഒരാഴ്ച കഴിഞ്ഞാണ് ലൈസന്‍സ് അനുവദിച്ചത്. രണ്ടാംതലമുറ സ്പെക്ട്രം അനുവദിക്കുന്നതിന്റെ ഒരോഘട്ടത്തിലും എല്ലാ കാര്യങ്ങളും ചെയ്തത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് രാജയുടെ വാദഗതി ശരിവയ്ക്കുന്നതാണ് ഈ കത്തുകള്‍.
(വി ബി പരമേശ്വരന്‍)

ഹിന്ദു വാര്‍ത്ത ഇവിടെ

കത്തുകളുടെ പി.ഡി.എഫ് ഇവിടെ

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരാനുള്ള നിര്‍ദേശം പ്രതിപക്ഷം തള്ളി

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററിസമിതി അന്വേഷണം വേണമോ എന്ന കാര്യം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രതിപക്ഷം തള്ളി. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് ജെപിസി രൂപീകരിക്കാമെന്ന നിര്‍ദേശം നേരത്തേതന്നെ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നെന്നും പ്രതിപക്ഷം അത് നിരാകരിച്ചതാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പുതുതായി ഒന്നുമില്ലെന്ന് സിപിഐ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. ജെപിസിയെക്കുറിച്ച് ചര്‍ച്ചയല്ല, മറിച്ച് ജെപിസി രൂപീകരിക്കുകയാണ് വേണ്ടതെന്ന് ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. സ്പെക്ട്രം അഴിമതിയെക്കുറിച്ച് പാര്‍ലമെന്റില്‍ നേരത്തേതന്നെ ചര്‍ച്ച നടന്നതിനാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്ന് ബിജെപി വക്താവ് നിര്‍മല സീതാരാമനും പറഞ്ഞു.

ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് പ്രത്യേക സമ്മേളനത്തിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. പബ്ളിക് അക്കൌണ്ട് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം പ്രതിപക്ഷം തള്ളിയ ഘട്ടത്തിലാണ് മുഖര്‍ജി പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് നാലോ അഞ്ചോ ദിവസം പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാമെന്ന് പറഞ്ഞത്. എന്നാല്‍, ഈ നിര്‍ദേശം പ്രതിപക്ഷം തള്ളിയതോടെ ക്ഷുഭിതനായ മുഖര്‍ജി പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തിയ പ്രതിപക്ഷം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

ദേശാഭിമാനി 241210

1 comment:

  1. സ്പെക്ട്രം വില്‍പ്പനയിലെ ക്രമക്കേടുകളെക്കുറിച്ച് തുടക്കംമുതല്‍തന്നെ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നെന്ന് തെളിവ്. മുന്‍ ടെലികോംമന്ത്രി രാജയുമായി നടത്തിയ കത്തിടപാടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്പെക്ട്രം വില്‍പ്പനയുടെ സുതാര്യതയെക്കുറിച്ച് പല ഘട്ടത്തിലും സംശയം പ്രകടിപ്പിച്ച പ്രധാനമന്ത്രി അവസാനം അവ അംഗീകരിക്കുയായിരുന്നെന്ന് മൂന്നു മാസം നീണ്ട കത്തിടപാടുകള്‍ വ്യക്തമാക്കുന്നു. 'ദ് ഹിന്ദു' ദിനപത്രമാണ് കത്തുകള്‍ പൂര്‍ണമായും പ്രസിദ്ധീകരിച്ചത്. കോര്‍പറേറ്റ് യുദ്ധത്തില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുത്തോ എന്ന സംശയവും ഈ കത്തുകള്‍ ഉയര്‍ത്തുന്നു. ധനമന്ത്രി പ്രണബ്മുഖര്‍ജിക്കും ടെലികോം വില്‍പ്പനയിലെ ക്രമക്കേടുകള്‍ അറിയാമെന്ന് കത്തുകള്‍ വ്യക്തമാക്കുന്നു.

    ReplyDelete