Friday, December 31, 2010

ഭക്ഷ്യ പണപ്പെരുപ്പം കുതിച്ചുയരുന്നു

പെട്രോള്‍ വില വര്‍ധിപ്പിച്ച ആഴ്ചയില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുതിച്ചുകയറി. ഡിസംബര്‍ 18ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യപണപ്പെരുപ്പനിരക്ക് 14.44 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ പത്ത് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബര്‍ 14നാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില മൂന്നുരൂപയിലേറെ വര്‍ധിപ്പിച്ചത്. തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പ നിരക്ക് 12.13 ശതമാനമായിരുന്നു. പെട്രോള്‍വില വര്‍ധിപ്പിച്ചതിന് ശേഷം 2.31 ശതമാനമാണ് വര്‍ധിച്ചത്. ഉള്ളിയടക്കമുള്ള പച്ചക്കറികള്‍, പയര്‍-പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില കുതിച്ചതാണ് ഭക്ഷ്യവിലക്കയറ്റം രൂക്ഷമാക്കിയതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില കയറുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭക്ഷ്യവിലക്കയറ്റം 21.19 ശതമാനമായിരുന്നു. വീണ്ടും ഈ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഉള്ളിവില വാര്‍ഷിക അടിസ്ഥാനത്തില്‍ 4.36 ശതമാനവും പ്രതിവാര അടിസ്ഥാനത്തില്‍ 3.49 ശതമാനവും വര്‍ധിച്ചെന്നാണ് കണക്ക്. പച്ചക്കറിക്ക് 5.78 ശതമാനം വില വര്‍ധിച്ചു. പഴങ്ങള്‍ക്ക് 19.01 ശതമാനവും പാലിന് 24.64 ശതമാനവും മത്സ്യമാംസാദികള്‍ക്ക് 31.21 ശതമാനവും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിലകയറി. അരിക്ക് 7.36 ശതമാനവും ഗോതമ്പിന് 8.32 ശതമാനവുമാണ് പൊതുവിപണയില്‍ വില ഉയര്‍ന്നത്.

ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധന അംഗീകരിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിശ്ചയിച്ചിരുന്ന മന്ത്രിസഭാ സമിതിയുടെ യോഗം രണ്ടുവട്ടം മാറ്റിവച്ചിരുന്നു. 2 ജി സ്പെക്ട്രം കുംഭകോണത്തിലെ സിഎജി അന്വേഷണത്തെ ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് വ്യാഴാഴ്ച ചേരാനിരുന്ന യോഗം നീട്ടിയത്. വിവിധ കക്ഷിനേതാക്കളില്‍നിന്ന് വിമര്‍ശനമുയര്‍ന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാക്കുമെന്ന് ഭയന്നാണ് യോഗം നീട്ടിയത്. ഡീസല്‍-പാചകവാതക വിലവര്‍ധന അനിവാര്യമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.

അവശ്യവസ്തുക്കളുടെ അവധി വ്യാപാരം അനുവദിച്ചത് പച്ചക്കറികളുടെയും മറ്റും വില കുതിച്ചുയരുന്നതിന് കാരണമാകുന്നു. 2008 നു ശേഷം ഉള്ളിക്ക് ഡല്‍ഹിയില്‍ മാത്രം 60 ശതമാനം വിലക്കയറ്റമുണ്ടായി. ഇപ്പോള്‍ 300 ശതമാനമായി വര്‍ധിച്ചു. എന്നിട്ടും ഉള്ളികയറ്റുമതി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. 2005-06 ല്‍ 7.8 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി 2009-10 ല്‍ 19 ലക്ഷം ടണ്ണായി. വിലക്കയറ്റത്തിന് ഇതും കാരണമായി. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മാത്രം കാര്‍ഷിക ഉല്‍പന്നങ്ങളുടെ അവധി വ്യപാരം 8,36,605 ലക്ഷം കോടി രൂപയുടേതായി ഉയര്‍ന്നു.

deshabhimani 311210

1 comment:

  1. പെട്രോള്‍ വില വര്‍ധിപ്പിച്ച ആഴ്ചയില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുതിച്ചുകയറി. ഡിസംബര്‍ 18ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യപണപ്പെരുപ്പനിരക്ക് 14.44 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ പത്ത് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബര്‍ 14നാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില മൂന്നുരൂപയിലേറെ വര്‍ധിപ്പിച്ചത്. തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പ നിരക്ക് 12.13 ശതമാനമായിരുന്നു. പെട്രോള്‍വില വര്‍ധിപ്പിച്ചതിന് ശേഷം 2.31 ശതമാനമാണ് വര്‍ധിച്ചത്. ഉള്ളിയടക്കമുള്ള പച്ചക്കറികള്‍, പയര്‍-പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില കുതിച്ചതാണ് ഭക്ഷ്യവിലക്കയറ്റം രൂക്ഷമാക്കിയതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില കയറുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭക്ഷ്യവിലക്കയറ്റം 21.19 ശതമാനമായിരുന്നു. വീണ്ടും ഈ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

    ReplyDelete