Wednesday, December 22, 2010

ഉന്നതവിദ്യാഭ്യാസ രംഗം ജനാധിപത്യവല്‍ക്കരിക്കണം

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ജനാധിപത്യവല്‍ക്കരണത്തിന് അവസരമുണ്ടാകണമെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. എ ഐ എസ് എഫ് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവല്‍ക്കരണം വഴി അധ്യാപകനും വിദ്യാര്‍ഥിക്കും എന്ത് പഠിപ്പിക്കണമെന്നും പഠിക്കണമെന്നും തിരഞ്ഞെടുക്കാന്‍ അവസരങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ നാല് വര്‍ഷക്കാലമായി കേരളം ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കപ്പെട്ടിട്ടുണ്ട്. കേരളം വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണ് എന്നാല്‍ മേന്മയുടെ കാര്യത്തില്‍ നാം പിന്നോക്കമാണെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബുദ്ധിപരമായി കേരളത്തിലെ വിദ്യാര്‍ഥികള്‍ മുന്നിലാണെങ്കിലും ധൈഷ്ണികമായ തിളക്കം കാട്ടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഈ അര്‍ഥത്തില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം നിശ്ചലാവസ്ഥയിലാണ്. അക്കാഡമിക് സ്വാതന്ത്ര്യം വഴി മാത്രമേ വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് വിദ്യാഭ്യാസരംഗത്ത് ഘടനാപരമായ മാറ്റം അനിവാര്യമാണ്. മനസുകളെ കെട്ടുപാടുകളില്‍ നിന്നും സ്വതന്ത്രമാക്കുക വഴി ഇതു നേടിയെടുക്കാനാകും.

ഇന്ത്യയില്‍ അഫിലിയേറ്റഡ് വിദ്യാഭ്യാസ സമ്പ്രദായം കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ്. നിങ്ങള്‍ എന്തു പഠിക്കണമെന്ന് സ്ഥാപനം തീരുമാനിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്ത് പഠിക്കണമെന്ന് അധ്യാപകനും വിദ്യാര്‍ഥിക്കും ഒരുമിച്ച് തീരുമാനിക്കാനുള്ള അവസരമാണ് വേണ്ടത്. വിദേശ സര്‍വകലാശാലകള്‍ നമ്മുടെ സംസ്‌കാരത്തില്‍ നിന്നും അന്യമായ വിദ്യാഭ്യാസം പകര്‍ന്ന് തരുമെന്നതിനാലാണ് താനടക്കമുള്ളവര്‍ അതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറിവ് സ്വയം സമ്പാദിക്കാനുള്ള അവസരമാണ് വിദ്യാഭ്യാസം. ഘടനാപരമായ മാറ്റങ്ങള്‍ വഴി വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസ്‌ക്ലബ് ഹാളില്‍ നടന്ന സെമിനാറില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് കെ ഷാജഹാന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍, ജോയിന്റ് സെക്രട്ടറി കെ പി സന്ദീപ്, എന്‍ അരുണ്‍ എന്നിവര്‍ സംസാരിച്ചു.

janayugom 221210

1 comment:

  1. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ജനാധിപത്യവല്‍ക്കരണത്തിന് അവസരമുണ്ടാകണമെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. എ ഐ എസ് എഫ് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവല്‍ക്കരണം വഴി അധ്യാപകനും വിദ്യാര്‍ഥിക്കും എന്ത് പഠിപ്പിക്കണമെന്നും പഠിക്കണമെന്നും തിരഞ്ഞെടുക്കാന്‍ അവസരങ്ങള്‍ ലഭ്യമാകും. കഴിഞ്ഞ നാല് വര്‍ഷക്കാലമായി കേരളം ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കപ്പെട്ടിട്ടുണ്ട്. കേരളം വിദ്യാഭ്യാസപരമായി ഏറെ മുന്നിലാണ് എന്നാല്‍ മേന്മയുടെ കാര്യത്തില്‍ നാം പിന്നോക്കമാണെന്ന് വിദ്യാഭ്യാസ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബുദ്ധിപരമായി കേരളത്തിലെ വിദ്യാര്‍ഥികള്‍ മുന്നിലാണെങ്കിലും ധൈഷ്ണികമായ തിളക്കം കാട്ടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഈ അര്‍ഥത്തില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം നിശ്ചലാവസ്ഥയിലാണ്. അക്കാഡമിക് സ്വാതന്ത്ര്യം വഴി മാത്രമേ വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് വിദ്യാഭ്യാസരംഗത്ത് ഘടനാപരമായ മാറ്റം അനിവാര്യമാണ്. മനസുകളെ കെട്ടുപാടുകളില്‍ നിന്നും സ്വതന്ത്രമാക്കുക വഴി ഇതു നേടിയെടുക്കാനാകും.

    ReplyDelete