Sunday, December 26, 2010

രാജ്യം ഭീകരവാദികളുടെ ലക്ഷ്യകേന്ദ്രം: ആന്റണി

മിനിക്കോയ്: ഇന്ത്യ ഇപ്പോഴും ഭീകരവാദികളുടെ ലക്ഷ്യകേന്ദ്രമാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. ദിവസമെന്നോണം ഭീകരാക്രമണഭീഷണി ലഭിക്കുന്നുണ്ടെന്നും പലതും കൈകാര്യംചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മിനിക്കോയ് ദ്വീപില്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍ ഉദ്ഘാടനംചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപ് അടക്കമുള്ള ദ്വീപസമൂഹങ്ങളെ കാക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണ്. അടുത്തകാലത്ത് ലക്ഷദ്വീപിനു സമീപം 14 കടല്‍ക്കൊള്ളശ്രമങ്ങള്‍ നടന്നു. മുംബൈ ഭീകരാക്രമണത്തിനുശേഷം തീരസുരക്ഷ അതീവ പ്രാധാന്യത്തോടെയാണു കാണുന്നതിന്റെ ഭാഗമായാണ് കോസ്റ്റ്ഗാര്‍ഡ് പ്രവര്‍ത്തനം ലക്ഷദ്വീപിലേക്ക് വ്യാപിപ്പിക്കുന്നത്. കടല്‍ക്കൊള്ളയടക്കമുള്ള ഭീഷണി ചെറുക്കാന്‍ വിവിധ ദ്വീപുകളിലായി ഏഴ് റഡാറുകള്‍ സ്ഥാപിക്കും. അടുത്തവര്‍ഷത്തോടെ നാവികസേനയുടെ യൂണിറ്റും ഇവിടെ ആരംഭിക്കും- അദ്ദേഹം പറഞ്ഞു. നേരത്തെ കവരത്തിയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ജില്ലാ ആസ്ഥാനം ഉദ്ഘാടനംചെയ്തശേഷമാണ് അദ്ദേഹം മിനിക്കോയില്‍ എത്തിയത്. ദ്വീപസമൂഹത്തെ മറ്റു പ്രദേശങ്ങളോട് കിടപിടിക്കാന്‍കഴിയുന്ന രീതിയില്‍ വികസനത്തിനു സഹായിക്കും. വികസനത്തിന് ആദ്യം വേണ്ടത് സുരക്ഷയാണ്. ലക്ഷദ്വീപ് 24 മണിക്കൂറും നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സുരക്ഷിതവലയത്തിലാകുമെന്നും അദ്ദഹം വ്യക്തമാക്കി.

കോസ്റ്റ്ഗാര്‍ഡ് ഡിജി വൈസ് അഡ്മിറല്‍ അനില്‍ ചോപ്ര സ്വാഗതം പറഞ്ഞു. ഹംദുള്ള സയിദ് എംപി, പ്രതിരോധ സെക്രട്ടറി പ്രദീപ്കുമാര്‍, നാവികസേന ദക്ഷിണമേഖലാ മേധാവി വൈസ് അഡ്മിറല്‍ കെ എന്‍ സുശീല്‍കുമാര്‍, കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ ഐജി എസ് പി എസ് ബസ്ര, ലക്ഷദ്വീപ് അഡിമിനിസ്ട്രേറ്റീവ് ഓഫീസര്‍ ജെ കെ ദാദു, മിനിക്കോയ് ഡെപ്യൂട്ടി കലക്ടര്‍ രാജേഷ്കുമാര്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. കോസ്റ്റ്ഗാര്‍ഡിന്റെ ഗാര്‍ഡ് ഓഫ് ഓണറും മന്ത്രി സ്വീകരിച്ചു.
(ഡി ദിലീപ്)

deshabhimani 251210

1 comment:

  1. ഇന്ത്യ ഇപ്പോഴും ഭീകരവാദികളുടെ ലക്ഷ്യകേന്ദ്രമാണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി

    ReplyDelete