Monday, December 20, 2010

ലോക യുവജനസമ്മേളനം 'ഏഷ്യന്‍ ഡേ'യില്‍ 75 സെമിനാര്‍

ജൊഹന്നസ്ബര്‍ഗ്: പതിനേഴാമത് ലോക യുവജനസമ്മേളനം അഞ്ചാംനാള്‍ പിന്നിട്ടത് ഏഷ്യന്‍രാജ്യങ്ങളുടെ പ്രത്യേക സമ്മേളനത്തോടെ. 'ഏഷ്യന്‍ ഡേ'യില്‍ സംഘടിപ്പിച്ച സാമ്രാജ്യത്വത്തിനെതിരെയുള്ള ആഗോളയുവത്വത്തിന്റെ കൂട്ടായ്മയില്‍ എഴുപത്തഞ്ചിലധികം വിഷയത്തില്‍ സെമിനാറുകള്‍ നടന്നു. 142 രാജ്യത്തെ യുവജന- വിദ്യാര്‍ഥിപ്രതിനിധികള്‍ അഭിപ്രായം പങ്കുവച്ചു.കലയും സംസ്കാരവും സംഗീതവും ഒത്തുചേരുന്ന കൂട്ടായ്മയില്‍ സമരവീര്യത്തിന്റെ കനലുകളും പരസ്പരം കൈമാറി. സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് വേള്‍ഡ് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ പ്രസിഡന്റ് തിയാഗോ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
ആഫ്രിക്കന്‍ നാഷണല്‍ സോഷ്യലിസ്റ്റ് യൂത്ത് യൂണിയന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഒത്തുചേരല്‍ സംഘടിപ്പിച്ചത്. 'സാമ്രാജ്യത്വത്തെ പരാജയപ്പെടുത്താന്‍ സമാധാനത്തിനും സാമൂഹ്യമാറ്റത്തിനും വേണ്ടിയുള്ള യുവജനകൂട്ടായ്മ' എന്നതാണ് മുദ്രാവാക്യം. ജനാധിപത്യാവകാശം, മനുഷ്യാവകാശം, സ്വാതന്ത്ര്യം, കുട്ടികളുടെയും സ്ത്രീകളുടെയും അവകാശം, എല്ലാവര്‍ക്കും പാര്‍പ്പിടം, സാമ്രാജ്യത്വത്തിനെതിരായ ആഗോളമുന്നേറ്റം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. വിവിധ രാജ്യങ്ങളുടെ പാര്‍ലമെന്റ് അംഗങ്ങള്‍ വിവിധ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്ത്യയില്‍നിന്ന് കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എം ബി രാജേഷ്, പി കെ ബിജു എന്നിവരുണ്ട്. സാമ്രാജ്യത്വവിരുദ്ധ മുന്നേറ്റത്തിന്റെ ഒത്തുചേരലില്‍ എം ബി രാജേഷ് വിഷയം അവതരിപ്പിച്ചു. ഇന്ത്യന്‍ പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണനും സെക്രട്ടറി തപസ് സിന്‍ഹയും ലോകത്തെ വിവിധ രാജ്യങ്ങളുടെ യുവജനസംഘടനാ നേതാക്കളുമായി പ്രത്യേകചര്‍ച്ച നടത്തി. ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി എ സക്കീര്‍ഹുസൈന്‍, എച്ച് സലാം, കെ എസ് സുനില്‍കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം സ്വരാജ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ശിവദാസന്‍, ധന്യ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ആന്ധ്ര, ബംഗാള്‍ കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ഭോപാല്‍: സമുദ്രജീവികളുടെ വിലപോലും ലഭിച്ചില്ല- ശ്രീരാമകൃഷ്ണന്‍

ജോഹന്നസ്ബര്‍ഗ്: സമുദ്രജീവികളുടെ വിലപോലും അമേരിക്കന്‍ സാമ്രാജ്യത്വവും യൂണിയന്‍ കാര്‍ബൈഡ് കമ്പനിയും ഭോപാല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ ലോകയുവജന മേളയില്‍ പറഞ്ഞു. ഏഷ്യന്‍ ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ഭോപാല്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം. എണ്ണച്ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് മെക്സിക്കന്‍ ഉള്‍ക്കടലിലെ സമുദ്രജീവികളുടെ ജീവനു നല്‍കിയ വിലപോലും ഭോപാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് അമേരിക്ക നല്‍കിയിട്ടില്ല. കോടതിവിധി ഉണ്ടായിട്ടും ദുരന്തബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാത്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഉടമകളെ രക്ഷിക്കുകയാണ്് അമേരിക്കയെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഭോപാലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സമ്മേളനത്തില്‍ പങ്കുചേര്‍ന്നു. എഐവൈഎഫ് നേതാവ് ജിനു ഉമ്മന്‍ അധ്യക്ഷനായി. ദക്ഷിണാഫ്രിക്ക സോഷ്യലിസ്റ്റ് യൂത്ത് യൂണിയന്‍ സെക്രട്ടറി മാറോപ്പിനെ, പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി കസ്തൂരി എന്നിവരും സംസാരിച്ചു.

സമ്മേളനത്തിന്റെ വെബ് സൈറ്റ്

ദേശാഭിമാനി 201210

1 comment:

  1. പതിനേഴാമത് ലോക യുവജനസമ്മേളനം അഞ്ചാംനാള്‍ പിന്നിട്ടത് ഏഷ്യന്‍രാജ്യങ്ങളുടെ പ്രത്യേക സമ്മേളനത്തോടെ. 'ഏഷ്യന്‍ ഡേ'യില്‍ സംഘടിപ്പിച്ച സാമ്രാജ്യത്വത്തിനെതിരെയുള്ള ആഗോളയുവത്വത്തിന്റെ കൂട്ടായ്മയില്‍ എഴുപത്തഞ്ചിലധികം വിഷയത്തില്‍ സെമിനാറുകള്‍ നടന്നു. 142 രാജ്യത്തെ യുവജന- വിദ്യാര്‍ഥിപ്രതിനിധികള്‍ അഭിപ്രായം പങ്കുവച്ചു.കലയും സംസ്കാരവും സംഗീതവും ഒത്തുചേരുന്ന കൂട്ടായ്മയില്‍ സമരവീര്യത്തിന്റെ കനലുകളും പരസ്പരം കൈമാറി. സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് വേള്‍ഡ് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ പ്രസിഡന്റ് തിയാഗോ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

    ReplyDelete