Wednesday, December 22, 2010

പാലിനെ കണ്ണടച്ച് വിശ്വസിക്കരുത്; ശ്രദ്ധിക്കാന്‍ കാര്യങ്ങളേറെ

കൊല്ലം: പാലിനൊപ്പം പഴവും കഴിക്കണമെന്ന് പറയുന്നതില്‍ എന്തെങ്കിലും ശാസ്ത്രമുണ്ടോ. വിപണിയില്‍ ലഭ്യമായ കവര്‍ പാല്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ. പാല്‍ സമീകൃത ആഹാരമാണെങ്കിലും സമ്പൂര്‍ണമാകണമെങ്കില്‍ ശ്രദ്ധിക്കാന്‍ നിരവധിയുണ്ടെന്ന് വിദഗ്ധര്‍. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച 'പാല്‍ ഉപഭോക്തൃ മുഖാമുഖം' പരിപാടിയിലാണ് പാല്‍ ഉപഭോക്താക്കള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കിയത്. ക്ഷീരവികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.

പാല്‍ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷംചെയ്യും. എല്ലാത്തരം അണുക്കളുടെയും ഇഷ്ടകേന്ദ്രമാണെന്നതിനാല്‍ നന്നായി തിളപ്പിച്ചശേഷം മാത്രമെ പാല്‍ ഉപയോഗിക്കാവൂ. കവര്‍പാലുകള്‍ വാങ്ങുമ്പോള്‍ ഗുണമേന്മ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പാലില്‍ പൊടിയോ മറ്റു മാലിന്യങ്ങളോ കലര്‍ന്നിട്ടുണ്ടോയെന്ന് അറിയാന്‍ കവര്‍ സുതാര്യമായിരിക്കണം. കവറിനു പുറത്ത് പായ്ക്ക് ചെയ്ത തീയതി ഉപഭോക്താവ് കര്‍ശനമായി പരിശോധിക്കണം. പാല്‍ ഒരു ദിവസത്തിലധികം കേടുകൂടാതെ ഇരിക്കുന്നുവെങ്കില്‍ അതില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടാകും. പാല്‍ വാങ്ങി വൈകാതെ ഉപയോഗിക്കണം. അല്ലെങ്കില്‍ ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിക്കണം. പാല്‍ വാങ്ങാനും സൂക്ഷിക്കാനും പ്ളാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല. സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങളാണ് ഉത്തമം. തൈര് ഉണ്ടാക്കാന്‍ നന്നായി തിളപ്പിച്ച പാല്‍ ഉപയോഗിക്കണം. പാല്‍ ശേഖരിച്ചുവയ്ക്കുന്ന പാത്രം ഇടയ്ക്ക് വെയിലില്‍ ഉണക്കുന്നത് അണുവിമുക്തമാകാന്‍ ഉപകരിക്കും.

മുഖാമുഖം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനംചെയ്തു. ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍, ക്ഷീരവികസന ഓഫീസര്‍ ശിബി ചക്രവര്‍ത്തി എന്നിവര്‍ ക്ളാസ് നയിച്ചു. ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ സതീശന്‍ മോഡറേറ്ററായി. പാല്‍ പരിശോധനാരീതികള്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജി ശ്രീകണ്ഠന്‍നായര്‍ വിശദീകരിച്ചു.

ദേശാഭിമാനി 221210

1 comment:

  1. പാല്‍ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷംചെയ്യും. എല്ലാത്തരം അണുക്കളുടെയും ഇഷ്ടകേന്ദ്രമാണെന്നതിനാല്‍ നന്നായി തിളപ്പിച്ചശേഷം മാത്രമെ പാല്‍ ഉപയോഗിക്കാവൂ. കവര്‍പാലുകള്‍ വാങ്ങുമ്പോള്‍ ഗുണമേന്മ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പാലില്‍ പൊടിയോ മറ്റു മാലിന്യങ്ങളോ കലര്‍ന്നിട്ടുണ്ടോയെന്ന് അറിയാന്‍ കവര്‍ സുതാര്യമായിരിക്കണം. കവറിനു പുറത്ത് പായ്ക്ക് ചെയ്ത തീയതി ഉപഭോക്താവ് കര്‍ശനമായി പരിശോധിക്കണം. പാല്‍ ഒരു ദിവസത്തിലധികം കേടുകൂടാതെ ഇരിക്കുന്നുവെങ്കില്‍ അതില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടാകും. പാല്‍ വാങ്ങി വൈകാതെ ഉപയോഗിക്കണം. അല്ലെങ്കില്‍ ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിക്കണം. പാല്‍ വാങ്ങാനും സൂക്ഷിക്കാനും പ്ളാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല. സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രങ്ങളാണ് ഉത്തമം. തൈര് ഉണ്ടാക്കാന്‍ നന്നായി തിളപ്പിച്ച പാല്‍ ഉപയോഗിക്കണം. പാല്‍ ശേഖരിച്ചുവയ്ക്കുന്ന പാത്രം ഇടയ്ക്ക് വെയിലില്‍ ഉണക്കുന്നത് അണുവിമുക്തമാകാന്‍ ഉപകരിക്കും.

    ReplyDelete