Monday, December 27, 2010

അവശ്യസാധന വില ഇനിയും ഉയരും; റെയില്‍വേ ചരക്കുകൂലി കൂട്ടി

രാജ്യം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍ അവശ്യസാധനങ്ങളടക്കമുള്ളവയുടെ ചരക്കുകൂലി റെയില്‍വേ മന്ത്രാലയം വര്‍ധിപ്പിച്ചു. പഞ്ചസാര, ഉപ്പ്, എന്നിവയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സിമന്റ്, കല്‍ക്കരി, ഉരുക്ക്, ഇരുമ്പയിര്, കാസ്റ്റിക് പൊട്ടാഷ് തുടങ്ങിയവയുടെയും കടത്തുകൂലിയാണ് നാല് ശതമാനം വര്‍ധിപ്പിച്ചത്. വര്‍ധന തിങ്കളാഴ്ച നിലവില്‍വന്നു. പാര്‍ലമെന്റിനെ അവഗണിച്ചാണ് ഉത്തരവിറക്കിയത്. വിലക്കയറ്റത്തിനെതിരെ റെയില്‍മന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ 'പ്രതിഷേധ'ത്തിന് തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പുതിയ പ്രഹരം. ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവര്‍ധനയും കണക്കിലെടുത്താണ് നാലുവര്‍ഷം മുമ്പ് നിശ്ചയിച്ച ചരക്കുകൂലി വര്‍ധിപ്പിച്ചതെന്ന് റെയില്‍വേ വാദിക്കുന്നു.

പഞ്ചസാരയ്ക്കും ഉപ്പിനുമുള്ള കൂലിവര്‍ധന നിസ്സാരമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിച്ചു. നാല് ശതമാനം ചരക്കുകൂലി വര്‍ധന വിലക്കയറ്റവും പണപ്പെരുപ്പവും കൂടുതല്‍ രൂക്ഷമാക്കും. കടത്തുകൂലിയിലുണ്ടായ വര്‍ധന പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടും. കാലിത്തീറ്റ ഉല്‍പ്പാദനത്തിന് ആവശ്യമായ സാധനങ്ങളുടെ കടത്തുകൂലിയും നാല് ശതമാനം വര്‍ധിപ്പിച്ചത് പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വിലക്കയറ്റത്തിലേക്ക് നയിക്കും. കല്‍ക്കരിയുടെയും മറ്റ് ഇന്ധനങ്ങളുടെയും കടത്തുകൂലി വര്‍ധിക്കുന്നതോടെ ഊര്‍ജോല്‍പ്പാദനച്ചെലവും കൂടും. ചരക്കുകൂലിയിലുണ്ടായ വര്‍ധന അതത് ഉല്‍പ്പന്നങ്ങളുടെ വില മാത്രമാകില്ല ഉയര്‍ത്തുന്നതെന്നാണ് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിത്യോപയോഗസാധനങ്ങളുടെയാകെ വില കുതിച്ചുയരാന്‍ ഇതിടയാക്കും. പച്ചക്കറിവിലവര്‍ധനയ്ക്ക് ആക്കംകൂട്ടുന്നതാണ് ഈ തീരുമാനം. ഉള്ളിവിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ റെയില്‍വേയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. പെട്രോള്‍വില മൂന്നുരൂപയിലേറെ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ചരക്കുകൂലിയും വര്‍ധിപ്പിക്കുന്നത്.

ചെലവ് കുറവായതിനാല്‍അവശ്യസാധനങ്ങളുടെ ഏറ്റവും പ്രധാന കടത്തുമാര്‍ഗം റെയില്‍വേയാണ്. ചരക്കുകൂലിയില്‍ ഉണ്ടാകുന്ന ചെറിയ വര്‍ധനപോലും ചില്ലറവിപണിയില്‍ വിലക്കയറ്റമുണ്ടാക്കും. ചരക്കുകൂലി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും റെയില്‍വേ മന്ത്രാലയം പരിഗണിച്ചില്ല. അവശ്യസാധനങ്ങളുടെ കടത്തുകൂലി വര്‍ധിപ്പിച്ച റെയില്‍വേയുടെ നടപടിയില്‍ സിഐടിയു പ്രതിഷേധിച്ചു. പാര്‍ലമെന്റിനെ ഇരുട്ടിലാക്കി പിന്‍വാതിലിലൂടെ ചരക്കുകൂലി വര്‍ധിപ്പിച്ച നടപടി ഉപേക്ഷിക്കണമെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭനും ജനറല്‍ സെക്രട്ടറി തപന്‍ സെന്നും ആവശ്യപ്പെട്ടു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഇനിയും രൂക്ഷമാക്കാന്‍ ഇതിടയാക്കും. ഊര്‍ജമേഖലയിലും കെട്ടിടനിര്‍മാണമേഖലയിലും പ്രതിസന്ധിയുണ്ടാകും. കൊല്‍ക്കത്തയില്‍ വിലക്കയറ്റത്തിനെതിരെ റാലി നടത്താനൊരുങ്ങുന്ന മമത ബാനര്‍ജിയുടെ തനിനിറം വ്യക്തമാക്കുന്നതാണ് അവരുടെ മന്ത്രാലയത്തിന്റെ നടപടിയെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു.
(വിജേഷ് ചൂടല്‍)

deshabhimani 271210

2 comments:

  1. രാജ്യം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍ അവശ്യസാധനങ്ങളടക്കമുള്ളവയുടെ ചരക്കുകൂലി റെയില്‍വേ മന്ത്രാലയം വര്‍ധിപ്പിച്ചു. പഞ്ചസാര, ഉപ്പ്, എന്നിവയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സിമന്റ്, കല്‍ക്കരി, ഉരുക്ക്, ഇരുമ്പയിര്, കാസ്റ്റിക് പൊട്ടാഷ് തുടങ്ങിയവയുടെയും കടത്തുകൂലിയാണ് നാല് ശതമാനം വര്‍ധിപ്പിച്ചത്. വര്‍ധന തിങ്കളാഴ്ച നിലവില്‍വന്നു. പാര്‍ലമെന്റിനെ അവഗണിച്ചാണ് ഉത്തരവിറക്കിയത്. വിലക്കയറ്റത്തിനെതിരെ റെയില്‍മന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ 'പ്രതിഷേധ'ത്തിന് തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ പുതിയ പ്രഹരം. ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവര്‍ധനയും കണക്കിലെടുത്താണ് നാലുവര്‍ഷം മുമ്പ് നിശ്ചയിച്ച ചരക്കുകൂലി വര്‍ധിപ്പിച്ചതെന്ന് റെയില്‍വേ വാദിക്കുന്നു.

    ReplyDelete
  2. വിലക്കയറ്റത്തില്‍ ചരിത്രം സൃഷ്ടിച്ച് വെളുത്തുള്ളി. കിലോക്ക് 240 രൂപയാണ് വെളുത്തുള്ളി വില. ഒന്നരവര്‍ഷം മുമ്പ് കിലോക്ക് 10 രൂപക്ക് ലഭിച്ചിരുന്നതാണ്. കൃഷി നഷ്ടമായതിനെ തുടര്‍ന്ന് ഉല്പാദനം കുറഞ്ഞതോടെ വിലയും കൂടി. രണ്ടുമാസം മുമ്പ് കിലോക്ക് 160 ആയിരുന്നു. ലഭ്യതക്കുറവുകാരണം വില കുതിച്ചുയരുകയായിരുന്നു. ഒരു വെളുത്തുള്ളി മാത്രം വാങ്ങിക്കൊണ്ടു പോകുന്ന കാഴ്ചയും കടകളില്‍ കാണാം. 30 ഗ്രാമുള്ള ഒരു വെളുത്തുള്ളിക്ക് 10 രൂപയാകും. ഉള്ളിക്കു പിന്നാലെ തക്കാളിയും കുടുംബബജറ്റിന്റെ താളം തെറ്റിക്കുന്നു. ശനിയാഴ്ച 30 രൂപയായിരുന്ന തക്കാളിവില ഞായറാഴ്ച നാല്പതിനോടടുത്തു. വരുംദിവസങ്ങളില്‍ 50 കടക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിലക്കയറ്റ ഭീഷണിയുമായി ക്യാരറ്റുമുണ്ട്.ഒരു മാസം മുമ്പ് കിലോക്ക് 40 രൂപയായിരുന്ന ക്യാരറ്റിന് 48ഉം 50 രൂപയായിരുന്ന ക്യാപ്സിക്കത്തിന് 60ഉം 16 രൂപയായിരുന്ന വെള്ളരിക്കക്ക് 26ഉം ആയി വര്‍ധിച്ചു. വിലക്കയറ്റം അധികം ബാധിക്കാത്തത് വെണ്ടക്ക, മുരിങ്ങ, ബീറ്റ്റൂട്ട്, കാബേജ് എന്നിവക്കാണ്. പാവയ്ക്ക ഒരാഴ്ച മുമ്പ് 28 ആയിരുന്നത് 36 രൂപയായി. പുണൈ ഉള്ളിയുടെ വരവ് നിന്നതും വിലകൂടാന്‍ കാരണമായി. പുണൈയില്‍ നിന്ന് കൂടുതല്‍ വരുന്നതോടെ വില കുറയുമെന്നാണ് ചില്ലറ വില്‍പ്പനക്കാരുടെ പ്രതീക്ഷ. റോക്കറ്റു പോലെ ഉയര്‍ന്ന സവാളവിലയില്‍ നേരിയ ഇടിവു ണ്ടായിട്ടുണ്ട്്. ക്രിസ്മസിന് 65 രൂപയായിരുന്ന സവാളക്ക് ഇപ്പോള്‍ 60ആയി. കുമ്പളങ്ങക്ക് 26 ആയിരുന്നത് 17 ആയും കുറഞ്ഞു. ചെറിയ ഉള്ളി ഒരാഴ്ചമുമ്പ് 58 ആയിരുന്നത് 35 ആയിട്ടുണ്ട്.

    ReplyDelete