Thursday, December 30, 2010

ഭക്ഷ്യസുരക്ഷ നടപ്പാക്കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ സമിതി

കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ ബില്ലിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി. രാജ്യത്തെ 75 ശതമാനം കുടുംബങ്ങളെയും ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നായിരുന്നു, സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി നിര്‍ദേശിച്ചത്. ഇതിനെതിരെ നേരത്തെ ആസൂത്രണ കമ്മിഷന്‍ രംഗത്തവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ സമിതിയും നിര്‍ദേശങ്ങളെ തള്ളിപ്പറയുന്നത്.

എഴുപത്തഞ്ചു ശതമാനത്തിനും നിയമപരമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാവില്ലെന്ന്, പ്രധാനമന്ത്രിയുടെ ഉപദേശക സമിതി അധ്യക്ഷന്‍ സി രംഗരാജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പറയുന്നു. ഗ്രാമീണ മേഖലയില്‍ 46 ശതമാനത്തിനും നഗര മേഖലയില്‍ 28 ശതമാനത്തിനും മാത്രമേ നിയമപരമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവൂ. രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കണക്കിലെടുത്താണ് സമിതി ഈ നിഗമനത്തിലെത്തുന്നത്. സര്‍ക്കാരിന്റെ  ഇപ്പോഴത്തെ സംഭരണ തോത് അനുസരിച്ച് പൊതുവേ എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷയെന്ന ആശയം നടപ്പാക്കാനാവില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടുന്ന പക്ഷം രാജ്യത്തെ ജനസംഖ്യയില്‍ നല്ലൊരു പങ്കും നിര്‍ദിഷ്ട ഭക്ഷ്യസുരക്ഷാ നിയമത്തില്‍നിന്ന് പുറത്താവും. ഭക്ഷ്യ, കൃഷി, ധന  മന്ത്രാലയങ്ങളിലെയും ആസൂത്രണ കമ്മിഷന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് സമിതി അന്തിമ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

മുന്‍ഗണന നല്‍കേണ്ട വിഭാഗത്തിനു മാത്രമേ നിയമപരമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവൂ എന്നും മറ്റുള്ളവര്‍ക്ക് ലഭ്യമായ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്നുമാണ് സമിതി നിര്‍ദേശിക്കുന്നത്.

മുന്‍ഗണനാ വിഭാഗത്തിനും പൊതുവായ വിഭാഗത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെങ്കില്‍ 65 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ആവശ്യമായി വരിക. നിലവില്‍ സര്‍ക്കാരിന്റെ സംഭരണ ശേഷി 55 ദശലക്ഷം ടണ്ണാണ്.  മുന്‍ഗണനാവിഭാഗത്തിനു വേണ്ടി മാത്രം 44 മുതല്‍ 46 വരെ ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം വേണ്ടിവരും. ഇതുതന്നെ കണ്ടെത്താനാവുമെന്ന ഉറപ്പില്ലാത്ത സ്ഥിതിയില്‍ പൊതുവായ വിഭാഗത്തെകൂടി നിയമപരിധിയില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് സമിതി അഭിപ്രായപ്പെട്ടു.

പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്യണമന്ന ദേശീയ ഉപദേശക സമിതിയുടെ നിര്‍ദേശം പ്രധാനമന്ത്രിയുടെ സമിതി അംഗീകരിച്ചിട്ടുണ്ട്. അരി കിലോഗ്രാമിന് മൂന്നു രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും തിന ഒരു രൂപയ്ക്കും നല്‍കണമെന്ന നിര്‍ദേശവും സമിതി തത്വത്തില്‍ അംഗീകരിച്ചു. എന്നാല്‍ ഉപഭോക്തൃവില സൂചിക അനുസരിച്ച് ഇത് സമയാസമയം പുനപ്പരിശോധിക്കണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുവായ വിഭാഗത്തിനു നല്‍കുന്ന ധാന്യത്തിന് ഉപഭോക്തൃവില സൂചിക അനുസരിച്ചു കണക്കാക്കുന്ന വില ഈടാക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം ആദ്യ ആഴ്ചയില്‍ സമിതി  അന്തിമ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. നിലവില്‍ പൊതുവിതരണ സമ്പ്രദായ പ്രകാരം ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് മൂന്നു രൂപ നിരക്കിലും ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് ലഭ്യത അനുസരിച്ച് 8.30 രൂപയ്ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ അരി നല്‍കുന്നത്.

ജനയുഗം 301210

1 comment:

  1. കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ ബില്ലിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി. രാജ്യത്തെ 75 ശതമാനം കുടുംബങ്ങളെയും ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്നായിരുന്നു, സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതി നിര്‍ദേശിച്ചത്. ഇതിനെതിരെ നേരത്തെ ആസൂത്രണ കമ്മിഷന്‍ രംഗത്തവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നിയോഗിച്ച വിദഗ്ധ സമിതിയും നിര്‍ദേശങ്ങളെ തള്ളിപ്പറയുന്നത്.

    ReplyDelete