Friday, December 24, 2010

വിപ്ളവ സ്മരണകള്‍ക്ക് പ്രണാമമായി നിത്യസ്മാരകമുയര്‍ന്നു

പിണറായി: ഏഴുപതിറ്റാണ്ടിനപ്പുറത്തെ അനശ്വര സ്മരണകളുടെ മണ്ണിന് ഇനി നിത്യസ്മാരകത്തിന്റെ വെളിച്ചം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദരവോടെ സ്മരിക്കുന്ന ചുവന്ന ഗ്രാമത്തിന് തിലകക്കുറിയായി പാറപ്രം സമ്മേളന സ്മാരകം. നാടിന്റെ വിമോചന സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ധീരവിപ്ളവകാരികള്‍ സമ്മേളിച്ച മണ്ണില്‍ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം ഉയിര്‍ത്തെഴുന്നേറ്റു. പിണറായി- പാറപ്രം സമ്മേളനത്തിന്റെ 71ാം വാര്‍ഷികത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്മാരകം നാടിന് സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ചടങ്ങ് തുടങ്ങിയത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായ കാരാട്ട് വ്യാഴാഴ്ച രാവിലെ തന്നെ പാറപ്രത്തെ ചരിത്ര ഭൂമിയിലെത്തി. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ പ്രഥമ സമ്മേളനത്തിന് വേദിയായ പ്രദേശത്ത് കാരാട്ട് എത്തിയതോടെ നാട് ആവേശത്തേരിലേറി. ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരോട് കാരാട്ട്് സമ്മേളന അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. വൈകിട്ട് പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് സമ്മേളന സ്മാരകം കാരാട്ട് ഉദ്ഘാടനം ചെയ്തത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷനായി. പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് എന്നിവരുടെ ഫോട്ടോ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ അനാഛാദനം ചെയ്തു. കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ പതാക ഉയര്‍ത്തി. പിണറായി ഏരിയ സെക്രട്ടറി പി ബാലന്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി പതിനായിരങ്ങളുടെ പ്രകടനവും ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും നടന്നു. രഹസ്യ സമ്മേളനം നടന്ന പാറപ്രത്തെ സ്മാരക സ്തൂപത്തില്‍നിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം പുഞ്ചയില്‍ നാണു കൊളുത്തിയ ദീപശിഖ അത്ലറ്റുകള്‍ റിലേയായികൊണ്ടുവന്നു. ദീപശിഖ ഏരിയാസെക്രട്ടറി പി ബാലന്‍ ഏറ്റുവാങ്ങി സ്മാരകമന്ദിരത്തില്‍ സ്ഥാപിച്ചു. വൈകിട്ട് സംഘചേതനയുടെ നാടകം 'ഉണര്‍ത്തുപാട്ട്' അരങ്ങേറി.

സിപിഐ എം പിണറായി ഏരിയകമ്മിറ്റി ഓഫീസായാണ് മന്ദിരം പ്രവര്‍ത്തിക്കുക. ഇരുനൂറ്റമ്പതോളം പേര്‍ക്ക് ഇരിക്കാന്‍ സൌകര്യമുള്ള ഹാള്‍, ലൈബ്രറി, വര്‍ഗ- ബഹുജനസംഘടനകളുടെ ഓഫീസുകള്‍ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ജനനായകനെ വരവേല്‍ക്കാന്‍ ആവേശപൂര്‍വം ചരിത്രഭൂമി

പിണറായി: കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടിയുടെ പിറവി വിളംബരം ചെയ്ത ചരിത്രഭൂമിയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനെത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പാറപ്രത്തെ സമ്മേളനസ്മാരകം കാണാന്‍ വ്യാഴാഴ്ച രാവിലെയാണ് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടെത്തിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഏരിയസെക്രട്ടറി പി ബാലന്‍ എന്നിവര്‍ക്കൊപ്പമെത്തിയ കമ്യൂണിസ്റ്റ്തേരാളിക്ക് നാട് ആവേശകരമായ വരവേല്‍പ് നല്‍കി. പാറപ്രം സമ്മേളന സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഒരുനിമിഷം ആദ്യപഥികരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കാരാട്ട് പ്രണാമമര്‍പ്പിച്ചു. സ്മാരകത്തില്‍ അല്‍പനേരം ഇരുന്ന പ്രകാശ് കാരാട്ടിന് ആദ്യസമ്മേളനത്തില്‍ പങ്കെടുത്ത പി കൃഷ്ണപിള്ള, ഇ എംഎസ്, എ കെ ജി...തുടങ്ങി മുഴുവനാളുകളുടെയും പേരുവിവരം പിണറായി വിവരിച്ചുകൊടുത്തു. 'പാറപ്രത്തെ ചരിത്രഭൂമിയില്‍ വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കാരാട്ട് പറഞ്ഞു.

കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതാക്കള്‍ സമ്മേളിച്ച മണ്ണാണിത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടിയാകെ കമ്യൂണിസ്റ്റ്പാര്‍ടിയായി മാറിയ സമ്മേളനമാണ് അതീവരഹസ്യമായി ഇവിടെ ചേര്‍ന്നത്. കമ്യൂണിസ്റ്റ്പാര്‍ടിയുടെ ചരിത്രത്തിലെ സുപ്രധാന സമ്മേളനമാണിത്. കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് കമ്യൂണിസ്റ്റ്പാര്‍ടി രൂപീകരണത്തിന്റെ സന്ദേശം നല്‍കിയത് ഈ സമ്മേളനമായിരുന്നുവെന്ന്' കാരാട്ട് അനുസ്മരിച്ചു. മുദ്രാവാക്യം മുഴക്കിയും പുഷ്പഹാരം ചാര്‍ത്തിയും പടക്കംപൊട്ടിച്ചുമാണ് നേതാക്കളെ പാറപ്രം വരവേറ്റത്. ലോക്കല്‍സെക്രട്ടറി കെ കെ രാജീവന്‍, മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ടി കുഞ്ഞിരാമന്‍ എന്നിവര്‍ ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചു. ഏരിയാകമ്മിറ്റി അംഗങ്ങളായ കെ മനോഹരന്‍, ടി അനില്‍, കെ ശശിധരന്‍, വി ലീല എന്നിവരും നേതാക്കള്‍ക്കൊപ്പമുണ്ടായി.


വിലക്കയറ്റത്തിനു കാരണം അവധി വ്യാപാരനയം: കാരാട്ട്
പാറപ്രം(കണ്ണൂര്‍): ഉള്ളി ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമായത് കേന്ദ്രത്തിന്റെ അവധിവ്യാപാര നയങ്ങളാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാറപ്രം സമ്മേളനവാര്‍ഷികമായി നിര്‍മ്മിച്ച മന്ദിരം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പൂഴ്ത്തിവെപ്പും കരിഞ്ചന്തയുടെ പ്രോല്‍സാഹിപ്പിക്കുന്ന നയം തിരുത്തണം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണ് വില വര്‍ധനക്കു കാരണം. വിക്കിലീക്ക്സ് അമേരിക്കയെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അത്ഭുതപ്പെടേണ്ടതില്ല. അമേരിക്കയെക്കുറിച്ച് നല്ലതെന്തെങ്കിലും പറഞ്ഞാലേ അത്ഭുതമുള്ളു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ചരിത്രഭൂമിയില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിലെ തൊഴിലാളികള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം വിളംബരം ചെയ്ത ഈ മണ്ണില്‍ അഭിമാനത്തോടെയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, ഏരിയാസെക്രട്ടറി പി ബാലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി 241210

1 comment:

  1. ഏഴുപതിറ്റാണ്ടിനപ്പുറത്തെ അനശ്വര സ്മരണകളുടെ മണ്ണിന് ഇനി നിത്യസ്മാരകത്തിന്റെ വെളിച്ചം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദരവോടെ സ്മരിക്കുന്ന ചുവന്ന ഗ്രാമത്തിന് തിലകക്കുറിയായി പാറപ്രം സമ്മേളന സ്മാരകം. നാടിന്റെ വിമോചന സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ധീരവിപ്ളവകാരികള്‍ സമ്മേളിച്ച മണ്ണില്‍ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം ഉയിര്‍ത്തെഴുന്നേറ്റു. പിണറായി- പാറപ്രം സമ്മേളനത്തിന്റെ 71ാം വാര്‍ഷികത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്മാരകം നാടിന് സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ചടങ്ങ് തുടങ്ങിയത്.

    ReplyDelete