ആലപ്പുഴ: അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് പുന്നപ്ര മില്‍മയില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അഞ്ചുദിവസമായിനടന്നുവന്ന പണിമുടക്ക് പിന്‍വലിച്ചു. ഭക്ഷ്യ-മൃഗസംരക്ഷണമന്ത്രി സി ദിവാകരന്റെ തിരുവനന്തപുരത്തെ ചേംബറില്‍ ചൊവ്വാഴ്ച യൂണിയന്‍ പ്രതിനിധികള്‍, മില്‍മാ മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് ഒത്തുതീര്‍പ്പായത്. സമരം ഒത്തുതീര്‍ന്നതിനാല്‍ ബുധനാഴ്ച മുതല്‍ പാല്‍വിതരണം തുടങ്ങും. സ്ഥലം എംഎല്‍എകൂടിയായ സഹകരണമന്ത്രി ജി സുധാകരന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. എ എ ഷുക്കൂര്‍ എംഎല്‍എയും പങ്കെടുത്തു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഉന്നയിച്ച അടിയന്തരാവശ്യങ്ങള്‍ ന്യായമാണെന്നും മന്ത്രിമാര്‍ വിലയിരുത്തി. ഇക്കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ മില്‍മാ മാനേജ്മെന്റിനോട് ആവശ്യപ്പെടുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. മറ്റാവശ്യങ്ങള്‍ ജനുവരി ആറിന് മില്‍മാ മാനേജ്മെന്റും തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. വി കെ ബൈജു, എന്‍ ഡി വിദ്യാനന്ദന്‍ (സിഐടിയു), സി രാധാകൃഷ്ണന്‍ (എഐടിയുസി), സജീവ് ജനാര്‍ദ്ദനന്‍ (ഐഎന്‍ടിയുസി) എന്നിവര്‍ സംഘടനകളെ പ്രതിനിധീകരിച്ചു.
2006 നവംബര്‍ ഒന്നിന് സ്ഥിരപ്പെട്ട ജീവനക്കാര്‍ക്ക് 2006ലെ ശമ്പളപരിഷ്കരണ ആനുകൂല്യം നല്‍കുക, പ്രൊമോഷന്‍ പോളിസി മില്‍മയിലും നടപ്പാക്കുക, അര്‍ഹതപ്പെട്ട മുഴുവന്‍ ജീവനക്കാര്‍ക്കും പ്രൊമോഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. ടെക്നീഷ്യന്മാരുള്‍പ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് 300ലേറെ ഒഴിവുകളാണ് നിലവിലുള്ളത്. ഒഴിവുകള്‍ നികത്താതെ ദിവസവേതനാടിസ്ഥാനത്തില്‍ ഇഷ്ടക്കാരെ നിയമിക്കുകയാണ് മില്‍മ മാനേജ്മെന്റ്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് സീനിയോറിട്ടി ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആറുമാസമാണ് ഇവര്‍ക്കു നിയമനം നല്‍കുന്നത്. മാനേജ്മെന്റിന് താല്‍പര്യമുള്ള ഇവരിലേറെപേരും ആറുമാസം കഴിഞ്ഞും ജോലിയില്‍ തുടരുന്നു. ടെക്നീഷ്യന്മാരുടെയും ഓഫീസ് ജീവനക്കാരുടെയും നിയമനങ്ങള്‍ക്കും നടപടിയില്ല. അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്നില്ല. ആനുകൂല്യങ്ങള്‍ തടയുന്നു. ജീവനക്കാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് 2007 ജൂലൈ 14ന് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുകയോ സ്ഥിരപ്പെടുത്തിയ 73 പേര്‍ക്ക് ആറുശതമാനം ഫിറ്റ്മെന്റ് ബെനിഫിറ്റ് നല്‍കുകയോ ചെയ്തില്ല. പണിമുടക്ക് ആരംഭിക്കുമെന്ന് ആഴ്ചകള്‍ക്കുമുമ്പ് തൊഴിലാളി നേതാക്കള്‍ നോട്ടീസ് നല്‍കി. പണിമുടക്ക് ഒഴിവാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചില്ല. സമരത്തെ തുടര്‍ന്നു ജില്ലയില്‍ അരൂര്‍ മുതല്‍ ഓച്ചിറ വരെയും ചങ്ങനാശേരി, തിരുവല്ല, മാവേലിക്കരയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും പുന്നപ്ര മില്‍മയില്‍നിന്നുള്ള പാല്‍ വിതരണം താറുമാറായിരുന്നു. പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ പാലാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്യുന്നത്. പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ച മന്ത്രിമാരായ സി ദിവാകരന്‍, ജി സുധാകരന്‍ എന്നിവരെ സംയുക്തസമരസമിതി അഭിനന്ദിച്ചു.
deshabhimani 301210
No comments:
Post a Comment