Tuesday, December 21, 2010

മന്‍മോഹന്റേത് പരോക്ഷ കുറ്റസമ്മതം

ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിയില്‍ ആവശ്യമെങ്കില്‍ പിഎസിക്ക് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിരവധി ചോദ്യമുയര്‍ത്തുന്നു. നിലവില്‍ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് പ്രധാനമന്ത്രിയെയോ മന്ത്രിമാരെയോ വിളിച്ചുവരുത്താന്‍ അധികാരമില്ല. അതുകൊണ്ടു തന്നെ പാര്‍ലമെന്റ് ഈ അധികാരങ്ങള്‍ പിഎസിക്ക് നല്‍കേണ്ടിവരും. അതിനു തയ്യാറാകുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് ജെപിസി അന്വേഷണത്തിന് വഴങ്ങിക്കൂടാ എന്ന ചോദ്യമാണ് സ്വാഭാവികമായും ഉയരുക.

പിഎസിക്ക് മുമ്പില്‍ ഹാജരാകാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സ്പെക്ട്രം അഴിമതിയിലെ പരോക്ഷ കുറ്റസമ്മതമാണ്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഇപ്പോഴെങ്കിലും വാ തുറക്കേണ്ടിവന്നിരിക്കയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലുടനീളം സ്പെക്ട്രം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി മൌനം പാലിക്കുകയായിരുന്നു. വര്‍ഗീയ കാര്‍ഡുയര്‍ത്തി യുപിഎ സര്‍ക്കാരിനെ അഴിമതിയാരോപണത്തില്‍ നിന്ന് രക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് ഇതിലൂടെ വിഫലമായത്.

എഐസിസി സമ്പൂര്‍ണ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തിയ വേളയില്‍ തന്നെ സോണിയ ഗാന്ധി അഴിമതിയെക്കുറിച്ച് സംസാരിച്ചിരുന്നു. അഴിമതി തടയാന്‍ അഞ്ചിന പരിപാടിയും അവര്‍ മുന്നോട്ടുവച്ചു. എന്നാല്‍, പിന്നീട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയമാകട്ടെ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെക്കുറിച്ചാണ് സംസാരിച്ചത്. സമ്മേളനം തുടങ്ങുംമുമ്പു തന്നെ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിയായ ദിഗ്വിജയ്സിങ്ങാണ് ഇതിനു ശ്രമംതുടങ്ങിയത്. ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പുപോലും തന്നെ വിളിച്ച് ഹിന്ദു തീവ്രവാദികളില്‍ നിന്ന് ഭീഷണിനേരിടുന്നതായി അറിയിച്ചെന്നാണ് രേഖകളുടെ പിന്‍ബലമില്ലാതെ ദിഗ്വിജയ്സിങ് പറഞ്ഞത്. എന്നാല്‍, വോട്ടു നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ രാഷ്ട്രീയപ്രമേയത്തില്‍ നിന്ന് ഹിന്ദുതീവ്രവാദമെന്ന പ്രയോഗം ഒഴിവാക്കിയെങ്കിലും തീവ്രവാദത്തില്‍ ഊന്നാനാണ് രാഷ്ട്രീയപ്രമേയം തയ്യാറായത്.
(വി ബി പരമേശ്വരന്‍)

ഒളിച്ചോടുന്നതെന്തിന്: പ്രതിപക്ഷം

ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഇടതുപക്ഷവും ബിജെപിയും രൂക്ഷമായി വിമര്‍ശിച്ചു. ആഴത്തിലുള്ള അന്വേഷണത്തിന് ജെപിസിതന്നെ വേണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്കു മുമ്പില്‍ പധാനമന്ത്രിക്ക് ഹാജരാകാമെങ്കില്‍ എന്തുകൊണ്ട് ജെപിസിക്കു മുമ്പില്‍ ഹാജരായിക്കൂടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചോദിച്ചു. ജെപിസി അന്വേഷണത്തില്‍നിന്ന് പ്രധാനമന്ത്രിയും സര്‍ക്കാരും ഒളിച്ചോടുന്നത് എന്തിനാണെന്നും കാരാട്ട് ചോദിച്ചു. ചില കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ ടെലികോംനയത്തെ ദുരുപയോഗിക്കുകയായിരുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. ഈ നയങ്ങള്‍ തിരുത്താതെ ഭാവിയില്‍ അഴിമതി തടയാനാകില്ല. ജെപിസിക്കു മാത്രമേ അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനാകൂ- രാജ പറഞ്ഞു. പിഎസിക്ക് പരിമിതമായ അധികാരങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അതിനാല്‍ ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരു ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം ജെപിസിയെ ഭയക്കുന്നത്? അന്വേഷണ ഏജന്‍സി പ്രധാനമന്ത്രി സ്വയം നിശ്ചയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശാഭിമാനി 211210

1 comment:

  1. സ്പെക്ട്രം അഴിമതിയില്‍ ആവശ്യമെങ്കില്‍ പിഎസിക്ക് മുമ്പില്‍ ഹാജരാകാന്‍ തയ്യാറാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിരവധി ചോദ്യമുയര്‍ത്തുന്നു. നിലവില്‍ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് പ്രധാനമന്ത്രിയെയോ മന്ത്രിമാരെയോ വിളിച്ചുവരുത്താന്‍ അധികാരമില്ല. അതുകൊണ്ടു തന്നെ പാര്‍ലമെന്റ് ഈ അധികാരങ്ങള്‍ പിഎസിക്ക് നല്‍കേണ്ടിവരും. അതിനു തയ്യാറാകുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് ജെപിസി അന്വേഷണത്തിന് വഴങ്ങിക്കൂടാ എന്ന ചോദ്യമാണ് സ്വാഭാവികമായും ഉയരുക.

    പിഎസിക്ക് മുമ്പില്‍ ഹാജരാകാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സ്പെക്ട്രം അഴിമതിയിലെ പരോക്ഷ കുറ്റസമ്മതമാണ്

    ReplyDelete