Friday, February 4, 2011

സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റി: 296 കുടുംബങ്ങള്‍ക്ക്കൂടി ഒരേക്കര്‍ വീതം ഭൂമി

ഇരിട്ടി: രാജ്യത്തിന് മാതൃകയാവുന്ന ആറളം ആദിവാസി മാതൃകാ പുനരധിവാസി പദ്ധതിക്ക് കരുത്ത് പകര്‍ന്ന് 296 കുടുംബങ്ങള്‍ക്ക് കൂടി ഒരേക്കര്‍ വീതം ഭൂമി മന്ത്രി കെ പി രാജേന്ദ്രന്‍ വിതരണം ചെയ്തു. വളയഞ്ചാലില്‍ സംഘടിപ്പിച്ച ചടങ്ങ് ആദിവാസി ജനസമൂഹത്തിന്റെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ കെ ശൈലജ എംഎല്‍എ അധ്യക്ഷയായി. സംസ്ഥാനത്ത് വീടും വീട് നിര്‍മിക്കാനൊരു തുണ്ട് ഭൂമിയും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് നാലു സെന്റ് സ്ഥലമെങ്കിലും നല്‍കണമെന്ന ഉറച്ച നിലപാടിലാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.

ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കണമെന്ന ചരിത്രപരമായ ചുമതലയും സര്‍ക്കാര്‍ നിറവേറ്റുകയാണ്. ആറളത്ത് വയനാട് ജില്ലയിലെ ഭൂരഹിത ആദിവാസികള്‍ക്ക് കൂടി ഭൂമി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇതും നടപ്പാക്കും. ഈ മാസം വയനാട് ചേരുന്ന ഉന്നതതല യോഗം വയനാട്ടിലെ ആദിവാസികള്‍ക്ക് ആറളത്ത് ഭൂമി നല്‍കാനുള്ള തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ചെങ്ങറ സമരത്തിന്റെ ഒത്തു തീര്‍പ്പ് വ്യവസ്ഥ പ്രകാരം കാസര്‍കോട്ട് ഭൂരഹിതരെ മാതൃകാ പരമായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ 11.5 കോടിയുടെ പദ്ധിതി നടപ്പാക്കും മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ നാമധേയത്തിലാവും ഈ പദ്ധതി. ആറളത്ത് ഭൂമി ലഭിച്ച ആദിവാസികളാകെ സ്വന്തം സ്ഥലത്ത് താമസിച്ച് സ്ഥലം അന്യാധീനപ്പെടാതെ പരിരക്ഷിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

വിളവെടുപ്പിന് മാത്രം സ്ഥലത്ത് വരികയെന്ന രീതി ചില കുടുംബങ്ങളെങ്കിലും സ്വീകരിക്കുന്നു. ഇത് കീഴാള വര്‍ഗത്തിന്റെ കിടപ്പാടം കൈമോശം വരുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ആറളം ഫാമിങ് കോര്‍പ്പറേഷന്‍ മുഖേന തൊഴിലും സര്‍ക്കാര്‍ നേതൃത്വത്തില്‍ മറ്റ് സഹായ പദ്ധതികളും ആറളത്ത് ലഭിക്കും- മന്ത്രി അറിയിച്ചു.

കരിക്കോട്ടക്കരി രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ രാജന്‍- രജനി, കണിച്ചാറിലെ ചെമ്പന്‍- ചണ്ണ, ഗോപാലന്‍- സീത, പായത്തെ രാഘവന്‍- ചെമ്പി ദമ്പതികള്‍ക്കാണ് മന്ത്രി ചടങ്ങില്‍ ഒരേക്കര്‍ വീതം ഭൂമിയുടെ ഉഭയങ്ങളും പ്ളോട്ട് നമ്പറും രേഖപ്പെടുത്തിയ പട്ടയങ്ങള്‍ നല്‍കി മൂന്നാംഘട്ട ഭൂവിതരണം ഉദ്ഘാടനം ചെയ്തത്. കൈവശക്കാരായ ദമ്പതികളുടെ ഫോട്ടോകള്‍ പതിച്ച പട്ടയങ്ങള്‍ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പറ്റാത്ത വ്യവസ്ഥയിലാണ് ഇത്തവണയും ആറളത്തെ ഭൂവിതരണം. ഇതോടെ ആറളത്ത് 2631 കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയായി.

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ശ്രീധരന്‍, അഡ്വ. എം രാജന്‍, പഞ്ചായത്ത് പ്രസിഡന്റ് വി ടി തോമസ്, ജില്ലാ പഞ്ചായത്തംഗം കെ ജെ ജോസഫ്, കെ വേലായുധന്‍, റഹ്യാനത്ത് സുബി, മാര്‍ഗരറ്റ് ജോസ്, പി കെ ഷൈമ, പി കെ കരുണാകരന്‍, കെ ടി ജോസ്, ബി ഡി ബിന്റോ, വത്സന്‍ അത്തിക്കല്‍, ഊരുമൂപ്പന്മാരായ ചെമ്മരന്‍, മധു, വിജയന്‍, നാരായന്‍, ഗോപി, കുങ്കന്‍, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ വി കെ ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സി കെ പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.

നിലയ്ക്കല്‍ വികസനത്തിന് 600 കോടിയുടെ പദ്ധതി

പത്തനംതിട്ട: ശബരില തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൌകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ശബരിമലയുടെ ബേസ് ക്യാമ്പ് എന്ന നിലയില്‍ തിരുപ്പതി മാതൃകയില്‍ പദ്ധതി നടപ്പാക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. 600 കോടിയുടെ പദ്ധതി മൂന്നോ നാലോ ഘട്ടങ്ങളായി പൂര്‍ത്തിയാക്കും. 50 വര്‍ഷത്തെ വികസനം മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനമാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 60 കോടിയുടെ നിര്‍മാണമാണ് നടക്കുക. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമാണ് ആദ്യഘട്ട വികസനത്തിന്റെ ഭാഗമായി ക്രമീകരിക്കുക. അടുത്ത തീര്‍ഥാടനകാലത്തിന് മുമ്പ് ഇതിന്റെ ഒരു ഭാഗം പൂര്‍ത്തിയാക്കും.

അതി വിപുലമായ ബസ്സ്റ്റാന്‍ഡ്, പാര്‍ക്കിങ് സൌകര്യം, ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക വിശ്രമകേന്ദ്രം, റസ്റ്റോറന്റുകള്‍, ഡോര്‍മിറ്ററികള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, ഷോപ്പിങ് കോംപ്ളക്സ് എന്നിവ ഉണ്ടാകും. ബസ് ടെര്‍മിനല്‍ രാജ്യാന്തര നിലവാരത്തിലുള്ളതാകും. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ പൂര്‍ണമായും കെഎസ്ആര്‍ടിസി സര്‍വീസ് ഉപയോഗപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലാകും എല്ലാ നിര്‍മാണവും നടപ്പാക്കുക. നിലവില്‍ വാഹനപാര്‍ക്കിങ്ങിനുള്ള സ്ഥലമെന്ന നിലയിലാണ് നിലയ്ക്കലിനെ പരിഗണിക്കുന്നത്. വലിയ വാഹനങ്ങളടക്കം 10,000ത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ഇവിടെ നിര്‍ത്താന്‍ സാധിക്കുന്നത്. ഇതിന്റെ മൂന്നിരട്ടിയോളം വാഹനങ്ങള്‍ നിര്‍ത്തുന്നതിന് ബഹുനില പാര്‍ക്കിങ് സംവിധാനമാണ് ഒരുക്കുക.

എം പി ഫണ്ട് അനുവദിച്ചെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം: സിപിഐ എം

കൊയിലാണ്ടി: സംസ്കൃത സര്‍വകലാശാലയുടെ നമ്പ്രത്തുകര പ്രാദേശിക കേന്ദ്രത്തിന് കെട്ടിടം പണിയാന്‍ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടപെട്ട് അഞ്ച് കോടി രൂപ അനുവദിച്ചതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് സിപിഐ എം ഏരിയാ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അങ്ങനെ ഒരു തുകയും യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷന്‍ അനുവദിച്ചിട്ടില്ല.
സര്‍വകലാശാലാ അധികൃതര്‍ കെട്ടിടനിര്‍മാണത്തിന് 50 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചിരുന്നു. യൂണിവേഴ്സിറ്റി അധികൃതര്‍ മന്ത്രിക്ക് നല്‍കിയ കത്ത് മന്ത്രി യുജിസിക്ക് അയച്ചു. പ്രസ്തുത കത്തിനുള്ള മറുപടിയില്‍ 11-ാം പദ്ധതിയുടെ വിദഗ്ധസമിതി അഞ്ച് കോടി ഇതിനകം സംസ്കൃത സര്‍വകലാശാലക്ക് വികസനസഹായമായി നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് പുതുതായി തുക അനുവദിക്കുന്നതിന് 12-ാം പദ്ധതി കാലയളവില്‍ സര്‍വകലാശാലക്ക് ആവശ്യപ്പെടാവുന്നതാണെന്നും മറുപടി നല്‍കി. ഈ മറുപടിക്കത്ത് തെറ്റിദ്ധരിച്ച് പ്രാദേശിക കേന്ദ്രത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു എന്ന് പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കുകയായിരുന്നു.

സംസ്കൃത സര്‍വകലാശാല അതിന്റെ എട്ട് പ്രാദേശിക കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് കൊയിലാണ്ടിക്കാണ്. എന്നാല്‍ ഈ തുകകൊണ്ട് കെട്ടിടം പൂര്‍ത്തിയാക്കാനാവില്ല. അതുകൊണ്ടാണ് കീഴരിയൂര്‍ പഞ്ചായത്തും നഗരസഭയും എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ സമീപിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കങ്ങള്‍ക്കപ്പുറം വികസനകാര്യങ്ങളില്‍ ജനപ്രതിനിധികളും പ്രാദേശിക ഭരണസ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും ഒന്നിച്ചുനില്‍ക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

ദേശാഭിമാനി 040211

1 comment:

  1. രാജ്യത്തിന് മാതൃകയാവുന്ന ആറളം ആദിവാസി മാതൃകാ പുനരധിവാസി പദ്ധതിക്ക് കരുത്ത് പകര്‍ന്ന് 296 കുടുംബങ്ങള്‍ക്ക് കൂടി ഒരേക്കര്‍ വീതം ഭൂമി മന്ത്രി കെ പി രാജേന്ദ്രന്‍ വിതരണം ചെയ്തു. വളയഞ്ചാലില്‍ സംഘടിപ്പിച്ച ചടങ്ങ് ആദിവാസി ജനസമൂഹത്തിന്റെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ കെ ശൈലജ എംഎല്‍എ അധ്യക്ഷയായി. സംസ്ഥാനത്ത് വീടും വീട് നിര്‍മിക്കാനൊരു തുണ്ട് ഭൂമിയും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് നാലു സെന്റ് സ്ഥലമെങ്കിലും നല്‍കണമെന്ന ഉറച്ച നിലപാടിലാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.

    ReplyDelete