Friday, February 4, 2011

വന്‍ ഐടി കുതിപ്പ്

ഭൂമി രജിസ്ട്രേഷന്‍ ഉടന്‍; ടീകോം പ്രതിനിധികള്‍ എത്തും

കാക്കനാട്ട് സംസ്ഥാനസര്‍ക്കാരിന്റെ കൈവശമുള്ള 246 ഏക്കര്‍ ഭൂമി സ്മാര്‍ട്ട് സിറ്റിക്ക് കൈമാറാന്‍ ഉടന്‍ നടപടി തുടങ്ങും. പദ്ധതിക്കുവേണ്ടി രൂപീകരിച്ച പ്രത്യേക ഉദ്ദേശ്യ സംവിധാന(എസ്പിവി)ത്തിന് സ്റാമ്പ്-രജിസ്ട്രേഷന്‍ നികുതികള്‍ ഒഴിവാക്കി ഒരാഴ്ചയ്ക്കകം സ്ഥലം സര്‍ക്കാര്‍ രജിസ്റര്‍ ചെയ്തു നല്‍കും. രജിസ്ട്രേഷനായി ദുബായ് ടെക്നോളജി ആന്‍ഡ് മീഡിയ ഫ്രീസോ (ടീകോം) പ്രതിനിധികള്‍ അടുത്തദിവസം എത്തും. 246 ഏക്കറില്‍ സ്വകാര്യ ഉടമകളില്‍നിന്ന് ഏറ്റെടുത്ത 133 ഏക്കറും കെഎസ്ഇബിയുടെ കൈവശമുണ്ടായിരുന്ന ബ്രഹ്മപുരത്തെ നൂറേക്കറും കിന്‍ഫ്രയുടെ കൈവശമുള്ള പത്തേക്കറുമാണ് ഉള്‍പ്പെടുന്നത്. മുപ്പത് ദിവസത്തിനകം മാസ്റര്‍ പ്ളാന്‍ തയ്യാറാക്കേണ്ട ചുമതല ടീകോമിനാണ്. മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ ബ്രിട്ടനിലെ കോളിന്‍ ബുക്കാന്‍ എന്ന കമ്പനിയെ ടീകോം നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

സ്മാര്‍ട്ട് സിറ്റിയിലെ 246 ഏക്കറിലുള്ള 29.5 ഏക്കറാണ് ഐടി ഇതര സൌകര്യങ്ങള്‍ ഒരുക്കാന്‍ സ്വതന്ത്രാവകാശത്തോടെ ടീകോമിനു നല്‍കുന്നത്. പ്രത്യേക സാമ്പത്തികമേഖലയില്‍ത്തന്നെ ഉള്‍പ്പെടുന്ന ഈ സ്ഥലത്താണ് ക്ളബ്, ഷോപ്പിങ് മാള്‍, പാര്‍പ്പിട സൌകര്യങ്ങള്‍, കളിസ്ഥലം, ഹോട്ടല്‍ തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കുക. ഈ ഭൂമി വില്‍ക്കാന്‍ അവകാശം നല്‍കിയിട്ടില്ല. പദ്ധതിപ്രദേശത്തേക്ക് ഗതാഗതസൌകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഇന്‍ഫോപാര്‍ക്കിലേക്കുള്ള റോഡ് സ്മാര്‍ട്ട് സിറ്റിക്ക് ഉപയോഗിക്കാം. പുറമെ ഇന്‍ഫോപാര്‍ക്ക് 20 കോടി മുടക്കി നിര്‍മിച്ച നാലുവരി പാതയുമുണ്ടാകും. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിലെ ചിറ്റേത്തുകരയില്‍നിന്നാണ് 1.87 കിലോമീറ്റര്‍ റോഡ് തുടങ്ങുന്നത്.

ഭൂമിവില്‍ക്കാതെ ലാഭം നേടാമെന്ന് ബോധ്യപ്പെടുത്തി: യൂസുഫലി

ഭൂമിവില്‍പ്പനയില്ലാതെ തന്നെ പദ്ധതി ലാഭകരമാകുമെന്ന് ടീകോം അധികൃതരെ ബോധ്യപ്പെടുത്താനായതാണ് സ്മാര്‍ട് സിറ്റി ചര്‍ച്ച വിജയിക്കാന്‍ കാരണമെന്ന് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍കൂടിയായ പ്രമുഖ പ്രവാസിവ്യവസായി എം എ യൂസുഫലി പറഞ്ഞു. പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട് സിറ്റി ഭൂമിയിലെ സ്വതന്ത്രാവകാശമെന്ന ആവശ്യത്തിലൂടെ ഭൂമിവില്‍പ്പനയാണ് നേരത്തെ ടീകോം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, പുതിയ കരാറില്‍ സ്വതന്ത്രാവകാശഭൂമിയില്‍ വില്‍പ്പനാവകാശം വേണ്ടെന്ന നിലയിലേക്ക് അവര്‍ എത്തി- സംസ്ഥാനസര്‍ക്കാരും ദുബായ് സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥംവഹിച്ച യൂസുഫലി പറഞ്ഞു.

പദ്ധതിക്ക് ഏറ്റവും അനുയോജ്യമായിടം കേരളവും കൊച്ചിയുമാണെന്ന് ദുബായ് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനായി. ഇന്ത്യയിലെ ഇതര ഐടി വ്യവസായനഗരങ്ങളിലെയും കൊച്ചിയിലെയും ജീവിതച്ചെലവുകള്‍ തമ്മിലുള്ള അന്തരവും കേരളത്തിന്റെ ഐടി മേഖലയിലെ കര്‍മശേഷിയും ബോധ്യപ്പെടുത്താനായി. മുഖ്യമന്ത്രി ഏല്‍പ്പിച്ച മധ്യസ്ഥ ചുമതലയുടെ നിര്‍വഹണത്തിന് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് അംഗം എന്ന പദവിയും തുണയായി. ഈ പദവിയാണ് ദുബായ് സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് പദ്ധതിയുടെ പ്രധാന അസംസ്കൃതവസ്തുവെന്നും പെകുട്ടികള്‍ ഉള്‍പ്പടെ വളരെ കാര്യക്ഷമതയുള്ള ജോലിക്കാര്‍ കേരളത്തിലുണ്ടെന്നുമുള്ള കാര്യം ദുബായ് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനായി.

അടിസ്ഥാനക്കരാറില്‍ മാറ്റം വരുത്താതെയാണ് പുതിയകരാര്‍ അംഗീകരിച്ചത്. ഭൂമിയില്‍ വില്‍പ്പനാവകാശം നല്‍കാനാവില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ നയപരമായ തീരുമാനം അവര്‍ അംഗീകരിക്കുകയായിരുന്നു. വില്‍പ്പനാവകാശം വേണ്ടെന്ന് ഒപ്പിട്ടു നല്‍കി. ഇനി എത്രയുംവേഗം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഇതിനുള്ള പ്രാപ്തി സര്‍ക്കാരിനുണ്ട്. തന്റെ ഉപദേശം തേടിയാല്‍ നല്‍കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ടീകോം സിഇഒ ഫരീദ് അബ്ദുറഹ്മാനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് അത് അവരുടെ കാര്യമാണെന്നായിരുന്നു മറുപടി. പ്രസ്ക്ളബ് പ്രസിഡന്റ് ബാലചന്ദ്രന്‍ പൂവത്തുങ്കല്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍ ശ്രീനാഥ് നന്ദി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി: ഉമ്മന്‍ചാണ്ടി മാപ്പുപറയണം - ഡിവൈഎഫ്ഐ

സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ കേരളത്തെ തെറ്റിദ്ധരിപ്പിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് എംപിയും സെക്രട്ടറി ടി വി രാജേഷും ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കുട്ടിയാണ് സ്മാര്‍ട്ട് സിറ്റിയെന്ന പ്രതിപക്ഷനേതാവിന്റെ വാദം പരിഹാസ്യമാണ്. യുഡിഎഫിന്റെ സ്മാര്‍ട്ട് സിറ്റി ചാപിള്ളയായിരുന്നു. കേരളത്തിന്റെ ഐടി വികസനത്തിനു തുരങ്കംവയ്ക്കുന്ന വ്യവസ്ഥകളായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒപ്പുവച്ച കരാറിലുണ്ടായിരുന്നത്. യുഡിഎഫിന്റെ സ്മാര്‍ട്ട് സിറ്റി കരാര്‍ റിയല്‍ എസ്റേറ്റ് ഏര്‍പ്പാടായിരുന്നെന്ന് വ്യക്തമായതാണ്.

സംസ്ഥാനത്തിന്റെ ഉത്തമതാല്‍പ്പര്യവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്ന വ്യവസ്ഥകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കരാറിലുള്ളത്. 12 ശതമാനം ഭൂമിയുടെ സ്വതന്ത്ര വില്‍പ്പനാവകാശ വാദമുയര്‍ത്തി പദ്ധതി വൈകിപ്പിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്കാണ്. സര്‍ക്കാരിന്റെ ദൃഢമായ നിലപാടിനും അസാധാരണമായ ഇച്ഛാശക്തിക്കും മുന്നില്‍ അവര്‍ കീഴടങ്ങി. സംസ്ഥാനത്തിന്റെ ഐടിമേഖലയില്‍ വലിയ വളര്‍ച്ചയ്ക്കാണ് കഴിഞ്ഞ നാലരവര്‍ഷം സാക്ഷ്യംവഹിച്ചത്. എട്ട് ഐടി പാര്‍ക്ക് ആരംഭിച്ചു. ഈ മേഖലയിലെ കൂടുതല്‍ വികസനത്തിന് എട്ട് ഐടി ടെക്നോലോഡ്ജിനും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനം തുടങ്ങി. ടെക്നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും വികസിപ്പിച്ചു. രണ്ട് ഐടി പാര്‍ക്കില്‍നിന്നാണ് കഴിഞ്ഞ നാലരവര്‍ഷത്തെ മികവുറ്റ വളര്‍ച്ച. സ്മാര്‍ട്ട്സിറ്റികൂടി യാഥാര്‍ഥ്യമാകുന്നത് കേരളത്തിന്റെ ഭാവിവികസനത്തിനും തൊഴിലവസരങ്ങളുടെ കുതിച്ചുചാട്ടത്തിനും സഹായിക്കും.

വന്‍ ഐടി കുതിപ്പ്

സ്മാര്‍ട്ട്സിറ്റി കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ ഐടിമേഖലയില്‍ വരുന്നത് വലിയ മുന്നേറ്റം. സ്മാര്‍ട്ട്സിറ്റി പദ്ധതി വൈകിയെന്നും തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ ഭൂവിസ്തൃതിമാത്രം എല്‍ഡിഎഫ് ഭരണകാലത്ത് അഞ്ചിരട്ടിയിലേറെ വര്‍ധിച്ചു. നാലരവര്‍ഷംമുമ്പ് 150 ഏക്കര്‍ ഭൂമിയാണ് ടെക്നോപാര്‍ക്കിനു സ്വന്തമായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 800 ഏക്കറിലധികമാണ്. ടെക്നോപാര്‍ക്കില്‍മാത്രം 200 ഐടി സ്ഥാപനമാണുള്ളത്. 22,000ല്‍ അധികം പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ മെര്‍വിന്‍ അലക്സാണ്ടര്‍ പറഞ്ഞു. എല്‍ഡിഎഫ് അധികാരമേറ്റശേഷമാണ് ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പൂര്‍ത്തിയായത്. ഇപ്പോള്‍ മൂന്നാംഘട്ട വികസനപ്രവര്‍ത്തനത്തിന് തുടക്കമിടുകയും ചെയ്തു. മൂന്നാംഘട്ടത്തിനായി 29 കോടി മുതല്‍മുടക്കി 70 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പത്തുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. ഇതിന് 240 കോടിയാണ് മുതല്‍മുടക്ക്. ഇന്‍ഫോസിസ്, ടിസിഎസ്, ഐബിഎം, വിപ്രോ തുടങ്ങി പ്രമുഖ ഐടി കമ്പനികളെല്ലാം കേരളത്തെ അവരുടെ പ്രമുഖ പ്രവര്‍ത്തനമേഖലയാക്കി മാറ്റിക്കഴിഞ്ഞു. ഐടി കയറ്റുമതിയില്‍ ബംഗളൂരുവിനും ഹൈദരാബാദിനും ഒപ്പം മത്സരിക്കാന്‍ ഒരുങ്ങുകയാണ് കേരളം.

തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ നവീകരണത്തിനും വികസനത്തിനുമായി 282 കോടി മുതല്‍മുടക്കില്‍ 450 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഈ പ്രദേശം പ്രത്യേക സാമ്പത്തികമേഖലയായി അനുവദിച്ചിട്ടുണ്ട്. ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഐടികമ്പനികള്‍ക്ക് സൌകര്യമൊരുക്കുന്ന ഇവിടെ ഒരുലക്ഷം പേര്‍ക്ക് നേരിട്ടും നാലുലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ഏഴുവര്‍ഷംകൊണ്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ഇവിടെ ഒന്നാംഘട്ടപ്രവര്‍ത്തനം 2012 ജൂലൈയില്‍ ആരംഭിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ രണ്ടാംഘട്ട വികസനത്തിനായി 170 കോടി മുതല്‍മുടക്കിലാണ് 150 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. 20,000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ലഭിക്കുന്ന ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചു. ഇവിടെ 20 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഐടി സംരംഭത്തിന് സൌകര്യമൊരുക്കുന്നതിന് ഏറ്റെടുത്തത്. തൃശൂരിലെ കൊരട്ടി ഇന്‍ഫോപാര്‍ക്കും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. ഇവിടെ 30 ഏക്കര്‍ ഭൂമിയില്‍ ആദ്യഘട്ടത്തില്‍ 40,000 ചതുരശ്ര അടി സ്ഥലത്തും രണ്ടാംഘട്ടത്തില്‍ 33,000 ചതുരശ്ര അടി സ്ഥലത്തും മൂന്നാംഘട്ടത്തില്‍ രണ്ടുലക്ഷം ചതുരശ്ര അടി സ്ഥലത്തുമാണ് നിര്‍മാണം. മലബാര്‍മേഖലയിലും ഐടി വികസനത്തിന് കോഴിക്കോട് സൈബര്‍ സൊസൈറ്റിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
(ടി എന്‍ സീന)

ദേശാഭിമാനി 040211

1 comment:

  1. സ്മാര്‍ട്ട്സിറ്റി കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ ഐടിമേഖലയില്‍ വരുന്നത് വലിയ മുന്നേറ്റം. സ്മാര്‍ട്ട്സിറ്റി പദ്ധതി വൈകിയെന്നും തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ ഭൂവിസ്തൃതിമാത്രം എല്‍ഡിഎഫ് ഭരണകാലത്ത് അഞ്ചിരട്ടിയിലേറെ വര്‍ധിച്ചു. നാലരവര്‍ഷംമുമ്പ് 150 ഏക്കര്‍ ഭൂമിയാണ് ടെക്നോപാര്‍ക്കിനു സ്വന്തമായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 800 ഏക്കറിലധികമാണ്. ടെക്നോപാര്‍ക്കില്‍മാത്രം 200 ഐടി സ്ഥാപനമാണുള്ളത്. 22,000ല്‍ അധികം പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ മെര്‍വിന്‍ അലക്സാണ്ടര്‍ പറഞ്ഞു. എല്‍ഡിഎഫ് അധികാരമേറ്റശേഷമാണ് ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനം പൂര്‍ത്തിയായത്. ഇപ്പോള്‍ മൂന്നാംഘട്ട വികസനപ്രവര്‍ത്തനത്തിന് തുടക്കമിടുകയും ചെയ്തു. മൂന്നാംഘട്ടത്തിനായി 29 കോടി മുതല്‍മുടക്കി 70 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പത്തുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. ഇതിന് 240 കോടിയാണ് മുതല്‍മുടക്ക്. ഇന്‍ഫോസിസ്, ടിസിഎസ്, ഐബിഎം, വിപ്രോ തുടങ്ങി പ്രമുഖ ഐടി കമ്പനികളെല്ലാം കേരളത്തെ അവരുടെ പ്രമുഖ പ്രവര്‍ത്തനമേഖലയാക്കി മാറ്റിക്കഴിഞ്ഞു. ഐടി കയറ്റുമതിയില്‍ ബംഗളൂരുവിനും ഹൈദരാബാദിനും ഒപ്പം മത്സരിക്കാന്‍ ഒരുങ്ങുകയാണ് കേരളം.

    ReplyDelete