ഐസ്‌ക്രീം കണ്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് അഥവാ കുട്ടികള്‍ക്ക് കൊതിയൂറും. മുതിര്‍ന്നവര്‍ക്ക് മാധുര്യം തോന്നും. പക്ഷേ ഐസ്‌ക്രീം എന്നു കേട്ടാല്‍ ഉറക്കം നഷ്ടപ്പെടുന്നവരും ചുട്ടുപൊള്ളുന്നവരുമുണ്ടെന്ന് കുറച്ചുകാലമേ ആയിട്ടുള്ളൂ കേരളക്കരക്കാര്‍ക്ക് മനസ്സിലായിട്ട്. ഇപ്പോള്‍ ആ അപൂര്‍വങ്ങളില്‍ അപൂര്‍വമായ, അവിശ്വസനീയമായ പൊള്ളുന്ന സത്യം കേരളം വീണ്ടും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഐസ്‌ക്രീമിന് കാഞ്ഞിരക്കുവിനേക്കാള്‍ കയ്‌പ്പോ എന്ന് ലീഗുകാരും കോണ്‍ഗ്രസുകാരും കടന്നല്‍കുത്തിയ മുഖഭാവത്തോടെ ചോദിക്കാതെ ചോദിക്കുന്നു.
പേരില്‍ ആദ്യം കുഞ്ഞും ഒടുവില്‍ കുട്ടിയുമുള്ളതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഐസ്‌ക്രീമിനോട് തീര്‍ത്താല്‍ തീരാത്ത ഭ്രമമമുണ്ടായിപ്പോയി. കുഞ്ഞുങ്ങള്‍ക്കാണല്ലോ ഐസ്‌ക്രീമില്‍ ഏറെ കമ്പം. പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നതൊക്കെ വെറുതേയാണ്. പേരിലാണ് എല്ലാമിരിക്കുന്നതെന്ന് ചെറുമക്കളെ താലോലിക്കാന്‍ അവസരം കൈവന്ന പ്രായത്തിലും കുഞ്ഞാലിക്കുട്ടി തെളിയിക്കുന്നു.
മലയാളികള്‍ ഉദ്വേഗത്തോടെ കഥകള്‍ കേള്‍ക്കുകയും ആകാംക്ഷയോടെ കാഴ്ചകള്‍ കാണുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേട്ട കഥകളല്ല, കേള്‍ക്കാനിരിക്കുന്ന കഥകളിലാണ് കാതലിരിക്കുന്നതെന്ന് പറഞ്ഞുകേള്‍ക്കുന്നു. കാണാനിരിക്കുന്ന കാഴ്ചകളിലാണ് കമ്പമേറുകയെന്നും പറയുന്നു. കാതലേറിയ കഥകള്‍ കേള്‍ക്കാനും കമ്പമേറിയ കാഴ്ചകള്‍ക്കായും പാവം പ്രജ കാത്തിരക്കുന്നു.
ഒരുമയുണ്ടെങ്കില്‍ ഒലക്കമേലും കിടക്കാം എന്ന ചൊല്ല് പ്രാബല്യത്തിലുണ്ടായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയ്ക്കും ഭാര്യാ സഹോദരീ ഭര്‍ത്താവ് റൗഫിനും ശയിക്കാന്‍ ഒലക്കയുടെ പകുതി മതിയായിരുന്നു. പക്ഷേ ആ ചൊല്ലിന് ഇപ്പോള്‍ വേണ്ടത്ര ഗരിമയില്ലാതായതുകൊണ്ട് ഒരുമയില്ലാതാവുകയും ഒലക്കമേലെന്നല്ല വീതിയേറിയ കട്ടിലില്‍ പോലും കിടക്കാനാവാതാവുകയും വന്നു.
ഇരുമെയ്യാണെങ്കിലും ഒറ്റക്കരളായി ജീവിച്ച് വികൃതികളും പരാക്രമങ്ങളും അട്ടിമറികളും സംയുക്തസംരഭമായി നടപ്പില്‍വരുത്തുകയും ചെയ്ത സമ്മോഹനകാലം കൈവിട്ടുപോയി. എനിക്കുള്ളതെല്ലാം നിനക്കുള്ളതെന്നും നിനക്കുള്ളതെല്ലാം എനിക്കുള്ളതെന്നും ഒരുമിച്ച് പാടി നടന്ന ബിനാമി വസന്തവും കൊഴിഞ്ഞുപോയി. അപ്പോഴാണ് ഐസ്‌ക്രീം വീണ്ടും പൊള്ളാന്‍ തുടങ്ങിയത്. ആ പൊള്ളുന്ന കാലത്ത് വധഭീഷണി കേട്ട് കുട്ടിയും കുഞ്ഞുമായ അലി ഞെട്ടിത്തരിച്ചു. വ്യാജ സി ഡി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് കേട്ട് പരിഭ്രാന്തനായി.
പറ്റിപ്പോയതൊക്കെയും ചെയ്തുപോയതില്‍ ചിലതം ഉള്ളിന്റെ ഉള്ളില്‍ നിന്ന് പുറത്തേയ്ക്കുവന്നു. അധികാരത്തിലിരുന്ന കാലത്ത്, അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പതിവുതാമസക്കാരനായി കഴിഞ്ഞുകൂടിയ ഭാര്യാസഹോദരീ ഭര്‍ത്താവിനുവേണ്ടി വഴിവിട്ട പലതും ചെയ്തുപോയി. ഇനി കൊന്നാലും ചെയ്യില്ല. ചെയ്തുപോയതിന്റെ കുറ്റബോധം കാരണം ഏറെനാളായി ഊണുമില്ല, ഉറക്കവുമില്ല. ജലപാനം തെല്ലുമില്ല. കാരണം ജനങ്ങളോടും നാടിനോടും അത്രമാത്രം പ്രതിജ്ഞാബദ്ധതയുണ്ട് കുഞ്ഞാണെങ്കിലും കുട്ടിയാണെങ്കിലും അലിക്ക്. ഭാര്യാസഹോദരീ ഭര്‍ത്താവിന് റബ്ബര്‍ ഫാക്ടറി തീവെച്ചതിലും പാകിസ്ഥാനില്‍ നിന്ന് കള്ളനോട്ട് കടത്തിയതിലുമൊക്കെ പങ്കുണ്ടെന്ന് വ്യാജ സി ഡി ഒരുങ്ങുകയും മംഗലാപുരത്തുനിന്ന് ക്വട്ടേഷന്‍ സംഘം ഫോണില്‍ പലയാവര്‍ത്തി വിളിക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞാലിക്കുട്ടിക്ക് അറിയാന്‍ കഴിഞ്ഞത്. തെറ്റുപറഞ്ഞിട്ടുകാര്യമില്ല. കാരണം ആള്‍ വെറുമൊരു കുട്ടിയാണല്ലോ.
പക്ഷേ ഭാര്യാസഹോരദീ ഭര്‍ത്താവ് ഒരു കുട്ടിയല്ലാത്തതുകൊണ്ട് വൈകുന്നേരം ഒരു പിടി കഥകള്‍ പറഞ്ഞു. ഐസ്‌ക്രീം കേസ് അട്ടിമറിച്ചകഥ, ഇരകള്‍ക്കും സാക്ഷികള്‍ക്കും കോടികള്‍ കൈമാറിയകഥ, ജഡ്ജിമാരെ വശീകരിച്ച കഥ, വ്യാജരേഖയുണ്ടാക്കിയകഥ. കഥ തുടരും എന്നുകൂടി റൗഫ് ഭീഷണിപ്പെടുത്തി. കഥ തുടരുമെന്ന് കേട്ടപ്പോള്‍ കുട്ടിക്ക് ഉള്‍വിളിയുണ്ടായി. ഭാര്യാസഹോദരീ ഭര്‍ത്താവ് ഒരു ഭീകരജീവിയാണ്.
ആ ഭീകരസത്വത്തെ ഇനിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് വിശേഷിപ്പിച്ച് നിഷ്‌കളങ്കനായ കുട്ടിയെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം കേണുകരഞ്ഞു.
'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ഒരായിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും' എന്ന സിനിമാ ഗാനശകലം പോലെയായിരുന്നു കുട്ടിയുടെ അനുഭവം. ഐസ്‌ക്രീം മധുരത്തിന്റെ കാലത്ത് കൂടെനിന്ന് ചിരിക്കുവാനും കൈകൊട്ടി പാടാനും ആയിരം പേരൊന്നുമല്ല, എത്രയോ ആയിരങ്ങളുണ്ടായിരുന്നു. കരയാന്‍ തുടങ്ങിയപ്പോള്‍ കൂടെ കരയാന്‍ നിഴലിനെപോലും കണ്ടുകിട്ടാതെ കരഞ്ഞപ്പോഴാണ് നല്ലവരില്‍ നല്ലവനായ കുഞ്ഞൂഞ്ഞ് താങ്ങായും തണലായും സ്വന്തം നിഴല്‍ തന്നെയായും രംഗത്തുവന്നത്.
മുന്നണി നേതാവായാല്‍ ഇങ്ങനെ വേണം. കൂടെകിടക്കുന്നവനേ രാപ്പനി അറിയൂ എന്നു പറയുന്നത് എത്ര ശരിയാണ്. മോചനയാത്രയുടെ ക്ഷീണകാലമാണ്, പനി വിടാതെ പിന്തുടരുന്നുമുണ്ട്. എന്നിട്ടും ഉമ്മന്‍ചാണ്ടി പാവം പാവം കുട്ടിയുടെ രാപ്പനി അറിഞ്ഞു. പത്രക്കാരെ വിളിച്ചുവരുത്തി മുഖത്തുനോക്കി ആര്‍ജവത്തോടെ പറഞ്ഞു! 'കുഞ്ഞാലിക്കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു'. വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. കുഞ്ഞാലിക്കുട്ടി സന്തോഷംകൊണ്ട് വിതുമ്പിപ്പോയി.
അച്ഛനെയും അമ്മയെയും കൊന്ന മകന്‍ കോടതിമുറിയില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ജഡ്ജിയോട് കുറ്റം ഏറ്റുപറഞ്ഞു. പക്ഷേ ഒന്നുകൂടി പ്രതി പറഞ്ഞത്രേ; ഞാന്‍ അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്. അതുകൊണ്ട് തന്നെ മോചിപ്പിക്കണം. കുഞ്ഞാലിക്കുട്ടിയും തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നു. കൂടെ കരയാന്‍ ആരുമില്ലാത്ത നിലയില്‍ അനാഥനുമായിരിക്കുന്നു. സ്വന്തം പാര്‍ട്ടി നേതാവുതന്നെ സ്വന്തം ചാനലിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. അതിനാല്‍ കുറ്റവിമുക്തനാക്കാവുന്നതാണ്, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കാവുന്നതാണ്. എല്ലാം വെറുമൊരു മായ എന്നു പറഞ്ഞതുപോലെ എല്ലാം വെറും ഗൂഢാലോചനയാണ് ചെന്നിത്തലയ്ക്ക്.
കേരളത്തെ മോചിപ്പിക്കുവാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാണിയും ആദിയായവരും റോഡിലിറങ്ങിയത്. ഇപ്പോള്‍ മോചിപ്പിക്കുവാനിറങ്ങിയവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ തടവറയിലാണ്. കേരളത്തിന്റെ മോചനം പിന്നെ; ഇനി അവരവരുടെ മോചനം എന്ന അവരുടെ എക്കാലത്തെയും മുദ്രാവാക്യം ചാണ്ടിമാരും കുഞ്ഞാലിമാരും ഗദ്ഗദസ്വരത്തില്‍ മുഴക്കുന്നത് കേരളം കേള്‍ക്കുന്നുണ്ട്.
ദിഗംബരന്‍ ജനയുഗം 310111
പക്ഷേ ഭാര്യാസഹോരദീ ഭര്‍ത്താവ് ഒരു കുട്ടിയല്ലാത്തതുകൊണ്ട് വൈകുന്നേരം ഒരു പിടി കഥകള്‍ പറഞ്ഞു. ഐസ്‌ക്രീം കേസ് അട്ടിമറിച്ചകഥ, ഇരകള്‍ക്കും സാക്ഷികള്‍ക്കും കോടികള്‍ കൈമാറിയകഥ, ജഡ്ജിമാരെ വശീകരിച്ച കഥ, വ്യാജരേഖയുണ്ടാക്കിയകഥ. കഥ തുടരും എന്നുകൂടി റൗഫ് ഭീഷണിപ്പെടുത്തി. കഥ തുടരുമെന്ന് കേട്ടപ്പോള്‍ കുട്ടിക്ക് ഉള്‍വിളിയുണ്ടായി. ഭാര്യാസഹോദരീ ഭര്‍ത്താവ് ഒരു ഭീകരജീവിയാണ്.
ReplyDeleteആ ഭീകരസത്വത്തെ ഇനിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് വിശേഷിപ്പിച്ച് നിഷ്‌കളങ്കനായ കുട്ടിയെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം കേണുകരഞ്ഞു.