Monday, January 31, 2011

ഉമ്മന്‍ ചാണ്ടിയോട് ചിന്തിക്കുന്ന മലയാളിയുടെ ചോദ്യങ്ങള്‍

നമ്മുടെ ഈ കേരളത്തെ മോചിപ്പിക്കാന്‍ ഏതോ ദൈവപുത്രന്‍ കാസര്‍ഗോഡുനിന്ന് പുറപ്പെട്ടതായി മാധ്യമങ്ങള്‍ ഉദ്ഘോഷിക്കുന്നു! ചിന്തിക്കുന്ന ഒരു ശരാശരി മലയാളി അറിയാതെ ചോദിച്ചുപോകുന്നു: "ആരില്‍നിന്നാണ് അങ്ങ് ഞങ്ങളെ മോചിപ്പിക്കാന്‍ പോകുന്നത്? എന്തില്‍നിന്ന് എന്തിലേക്കാണ് മോചനം?''

    കര്‍ഷകജനതയെ ആത്മഹത്യാമുനമ്പില്‍നിന്ന് ഹരിത സാന്ദ്വനങ്ങളിലേക്കാനയിച്ച ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് എങ്ങോട്ടാണ് മോചിപ്പിക്കുക? കൃഷിയിറക്കാന്‍ കുറഞ്ഞ പലിശക്കും പലിശയില്ലാതെയും വായ്പാ സൌകര്യവും, ഉല്‍പന്നത്തിന് മര്യാദവിലയും (ഒരു കിലോ നെല്ലിന് 14 രൂപ) ലഭിക്കുന്ന ഈ കേരളത്തില്‍നിന്ന് ഞങ്ങളെ എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? കടംവീട്ടാന്‍ കഴിയാതെ വന്നാല്‍ നിയമപ്രാബല്യമുള്ള കടാശ്വാസക്കമ്മീഷന്റെ സംരക്ഷണം ഞങ്ങള്‍ക്ക് മറ്റെവിടെയാണ് ലഭ്യമാവുക? കര്‍ഷകനെ അവന്റെ ഇല്ലായ്മയുടെ വലയില്‍ കുരുക്കി ഹുണ്ടികക്കച്ചവടക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും നിസ്സഹായരായ ഇരകളാക്കി മാറ്റുന്ന 'നവലിബറല്‍ ലോക'ത്തേയ്ക്കോ? എല്ലാവിധ പിന്തുണകളില്‍നിന്നും സബ്സിഡികളില്‍നിന്നും കര്‍ഷകനെ "മോചിപ്പിച്ച'' മന്‍മോഹന്‍സിങ് ഭരണത്തിലേയ്ക്കോ? നവലിബറല്‍ നയങ്ങളുടെ കര്‍ഷക ഉന്മൂലന പരിപാടി കേരളത്തിലും നടപ്പിലാക്കാന്‍ വ്യഗ്രത പൂണ്ടു നടക്കുന്ന ശ്രീ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലേയ്ക്കോ? കൊക്കോകോളയില്‍ 'കുരുഡാന്‍' കലക്കിക്കുടിച്ച് സകുടുംബം 'മോക്ഷം' പ്രാപിച്ചിരുന്ന പഴയ യുഡിഎഫ് ഭരണകാലത്തേയ്ക്കോ?

    ആയിരക്കണക്കിനു ന്യായവില ഷാപ്പുകളുണ്ട്, കേരളത്തില്‍, പൊതുകമ്പോളത്തെ അപേക്ഷിച്ച് ഈ ന്യായവില ഷാപ്പുകളിലെ വിലക്കുറവ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ബോധ്യമുള്ള കാര്യമാണല്ലോ! മാതൃകാപരമെന്ന് കേന്ദ്ര സര്‍ക്കാര്‍പോലും പ്രശംസിച്ച ശക്തമായ പൊതുവിതരണസമ്പ്രദായം നിലവിലുള്ള ഈ കേരളത്തിലാണ് നാം ജീവിക്കുന്നത്.

    കിലോവിന് 2 രൂപ വിലയ്ക്ക് 35 കി. ഗ്രാം ധാന്യം 42 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന ഒരു നാട് - ഓണത്തിനും പെരുന്നാളിനും ക്രിസ്മസ്സിനും ഓരോ സ്കൂള്‍ കുട്ടിക്കും 5 കിലോ വീതം സൌജന്യമായി അരി കിട്ടുന്ന ഒരു നാട്. ഇവിടെനിന്ന് ഞങ്ങളെ എങ്ങോട്ടാണ് അങ്ങ് മോചിപ്പിക്കുന്നത്? ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത 84 കോടി ജനങ്ങളെ (കോണ്‍ഗ്രസ് എംപിയായിരുന്ന അര്‍ജ്ജുന്‍ സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ട്) അവരുടെ വരുമാന വര്‍ധനവാണ് വിലക്കയറ്റത്തിനു കാരണമെന്ന സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്ന മന്‍മോഹന്‍ജിയുടെ ഭരണത്തിലേയ്ക്കോ? അനുദിനം പെട്രോള്‍ വില വര്‍ധനവിലൂടെ എരിതീയില്‍ എണ്ണ കോരി ഒഴിക്കുന്ന 'യുപിഎ സ്വര്‍ഗ'ത്തിലേക്കോ? മനോമോഹന നയങ്ങള്‍ക്ക് ഹലേലുയ്യ പാടുന്ന ചാണ്ടിജീ, അങ്ങ് ഞങ്ങളെ ഏതു സ്വര്‍ഗത്തിലേക്കാണ് മോചിപ്പിക്കുന്നത്? പെട്രോള്‍ വില വര്‍ധന ന്യായീകരിക്കാന്‍ അങ്ങുപോലും തുനിയുന്നില്ലല്ലോ?

    ഇന്ത്യയില്‍ മറ്റെവിടെയും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നു ഈ കേരളത്തില്‍. യുഡിഎഫ് ഭരണകാലത്ത് ഫാക്ടറി അടച്ചുപൂട്ടി തൊഴില്‍ നഷ്ടപ്പെട്ട ചെറുപ്പക്കാരന്‍ പെങ്ങളുടെ കല്യാണം നടത്താന്‍ വൃക്ക മുറിച്ചുവിറ്റു. ആ ചെറുപ്പക്കാരന്‍ ഇന്നു ജോലിക്കു തിരികെ കയറിയിരിക്കുന്നു. പൊതുമേഖലയുടെ ഈ പൂക്കാലത്തില്‍നിന്ന് ഓഹരിവില്‍പനയിലൂടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ചുളുവില്‍ ചോര്‍ത്തിക്കൊടുക്കുന്ന കൊള്ളയുടെ, കൊടും ലോകത്തേയ്ക്കോ?

    സ്വകാര്യവല്‍ക്കരിക്കാതെ, ഫ്രാഞ്ചൈസികളായി ശിഥിലീകരിക്കാതെ തന്നെ പൊതുമേഖലയില്‍ വൈദ്യുതി ഉല്‍പാദനവും വിതരണവും നിലനിര്‍ത്തുകയും 'കറന്റ് കട്ടി'ല്ലാതെ ഗുണമേന്മയുള്ള വൈദ്യുതി നല്‍കിപ്പോരുകയും ചെയ്യുന്ന കേരള നാട്ടില്‍നിന്ന് ഞങ്ങളെ ഏത് ഇരുട്ടിലേക്കാണ് അങ്ങ് ആനയിക്കുന്നത്?

    ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ടുനിന്ന് തുടങ്ങി സമ്പൂര്‍ണ വൈദ്യുതി സംസ്ഥാനത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന ഈ കേരളത്തിന്റെ കുതികാല്‍വെട്ടി ഏതു നരകത്തിലേക്ക് തള്ളിയിടാം എന്നാണ് അങ്ങയുടെ വാഗ്ദാനം? വൈദ്യുതിബോര്‍ഡുകളെ ഫ്രാഞ്ചൈസികളായി വേര്‍പിരിച്ചും സ്വകാര്യവത്കരിച്ചും എന്‍റോണ്‍പോലുള്ള വിദേശക്കമ്പനികള്‍ക്ക് അടിയറവെച്ചും തകര്‍ക്കുന്ന ഊര്‍ജ്ജനയത്തിലേയ്ക്കോ? മൂന്നിലൊന്നോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്താത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അപാരാന്ധകാരത്തിലേയ്ക്കോ? 'പീക്ക് അവറി'ല്‍ രണ്ടു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ മോചനത്തിനുവേണ്ടി നിങ്ങളെങ്ങനെ കുഴലൂതും, പ്രിയപ്പെട്ട മാധ്യമപ്രഭുക്കളേ!

    ഡോക്ടര്‍മാരും, മരുന്നും, നഴ്സുമാരുമുള്ള സജീവമായ സര്‍ക്കാര്‍ ആശുപത്രികള്‍. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുവരെയുള്ള സാമൂഹ്യാരോഗ്യ സുരക്ഷാസംവിധാനം. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ മാതൃകാപരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസ. ഈ കേരളത്തേക്കാള്‍ ആരോഗ്യമുള്ള മറ്റേതു ജനതയുണ്ട് ചാണ്ടിജീ, അങ്ങയുടെ പാര്‍ടി ഭരിക്കുന്ന ഈ വിശാല ഭാരതത്തില്‍?

    ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം വരെ സാര്‍വത്രികവും സൌജന്യവുമായ കേരളത്തില്‍ എല്ലാ പഞ്ചായത്തിലും ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന ലക്ഷ്യം സാധിച്ചുകഴിഞ്ഞു. പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ വിദ്യാലയങ്ങള്‍ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. വിദ്യാഭ്യാസക്കച്ചവടക്കാരും 'നീതി' പീഠങ്ങളും ഇടങ്കോലിട്ടെങ്കിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവന്ന് പരമാവധി സാമൂഹ്യനീതി പരിരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇടപെടല്‍...! ഈ സാക്ഷര കേരളത്തെ അങ്ങ് എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? 8-ാം തരം വരെയുള്ള വിദ്യാഭ്യാസം മൌലികാവകാശമായി പ്രഖ്യാപിച്ചതിനുശേഷവും സ്കൂളില്ലാത്ത അഞ്ചിലൊന്നു ഗ്രാമങ്ങളും സ്കൂള്‍ കാണാത്ത തെരുവുകുട്ടികളും നിറഞ്ഞ ഭാരതഭൂമിയില്‍ വിദ്യാഭ്യാസവിഹിതം അരശതമാനംപോലും വര്‍ധിപ്പിക്കാത്ത ബാലശാപങ്ങളുടെ ദുരന്തഭൂമിയിലേക്കോ? വിദേശ സര്‍വകലാശാലകളെ ക്ഷണിച്ചുവരുത്തി കുടിയിരുത്തി നമ്മുടെ മസ്തിഷ്കങ്ങളെ പണയപ്പെടുത്തുന്ന കൊടുംവഞ്ചനയിലേക്കോ?

    വര്‍ഗീയത ചുരമാന്തുന്നുണ്ടെങ്കിലും കലാപങ്ങള്‍ തടയപ്പെടുന്ന, മതസൌഹാര്‍ദ്ദം നിലനില്‍ക്കുന്ന സമാധാനജീവിതം പുലരുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. ഒരു പാഠത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കലാപമഴിച്ചുവിട്ട് അങ്ങയോടൊപ്പമുള്ളവര്‍ ഒരധ്യാപകനെ ചവിട്ടിക്കൊന്നതും, തന്റെ പിശകിന് മാപ്പിരന്ന ഒരധ്യാപകന്റെ കൈപ്പത്തി അറുത്തെറിഞ്ഞ് റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) മതത്തെ അപമാനിച്ചതും (അവരും ഇപ്പോള്‍ അങ്ങയുടെ താവളത്തിലാണല്ലോ! അവരുടെ വോട്ടു വേണ്ടെന്നു പറയാനുള്ള ധിക്കാരം എനിക്കില്ലെന്ന് അങ്ങ് വിനയഭാവത്തോടെ കുമ്പിടുന്നത് അവരുടെ മുന്നിലാണല്ലോ!) ഒഴിച്ചാല്‍ മറ്റൊരു വര്‍ഗീയ - ഭീകരവാദസംഭവങ്ങളും നടക്കാത്ത ഈ കേരളത്തിലാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലും, രാഹുല്‍ഗാന്ധിയും സ്വൈരമായി രണ്ടുദിവസം ചിലവിടാന്‍ തെരഞ്ഞെടുത്തത്. ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നത് എങ്ങോട്ടാണ്? കലാപങ്ങളുടെയും സ്ഫോടനങ്ങളുടെയും കുരുതിക്കളങ്ങളിലേയ്ക്കോ? ജീവിതസമാധാനത്തില്‍നിന്ന് മാറാടുകളുടെ കലാപഭീതികളിലേയ്ക്കോ? തൊടുപുഴയിലെ കൈവെട്ടു ഭീകരതയിലേയ്ക്കോ?

    കേരള മോചനത്തിനായി നിത്യവും തൊണ്ടകീറി വശംകെട്ട മാധ്യമ പ്രവര്‍ത്തകരെങ്കിലും നാക്കനക്കുമോ? കേരളത്തിലെ മന്ത്രിമാരെക്കുറിച്ച് വ്യക്തമായ ഒരഴിമതിയാരോപണവും നാളിതുവരെ ഉന്നയിക്കാന്‍ മോചനയാത്രക്കാര്‍ക്കോ, മാധ്യമപ്രവര്‍ത്തകര്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ കേരളത്തെ എങ്ങോട്ടാണ് നമ്മുടെ പ്രതിപക്ഷ നേതാവ് നയിക്കുന്നത്? ക്രിക്കറ്റ് കളിയും കോമണ്‍വെല്‍ത്ത് ഗെയിംസും അഴിമതിയരങ്ങാക്കിയ, അഴിമതി 'ആദര്‍ശ' സൌധമാക്കിയ, 2 ജി സ്പെക്ട്രത്തിലൂടെ 176000 കോടിയുടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്കു ചോര്‍ത്തിക്കൊടുത്ത പകല്‍ക്കൊള്ളയുടെ ഭൂമികയിലേക്കോ?

    കര്‍ഷകത്തൊഴിലാളികള്‍ ചോദിക്കുന്നു: 300 രൂപ പെന്‍ഷന്‍ നല്‍കിയ, പെന്‍ഷന്‍ അഡ്വാന്‍സ് നല്‍കിയ ഈ ഭരണത്തില്‍നിന്ന് പെന്‍ഷന്‍ കുടിശ്ശികയുടെ ഭൂതകാലത്തിലേക്കാണോ ഞങ്ങളെ നയിക്കുന്നത്? പെന്‍ഷന്‍ വാങ്ങുന്നവര്‍, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍, ശമ്പളവര്‍ധന നേടിയ ജീവനക്കാര്‍ എല്ലാവരുടെ ചുണ്ടത്തും ചോദ്യങ്ങളുണ്ട്. എല്ലാവരും വിരലുയര്‍ത്തുന്നുണ്ട്! അങ്ങേയ്ക്കു കഴിയില്ലെങ്കില്‍ അങ്ങയുടെ പൂര്‍ണകായ ചിത്രത്തോടു കൊരുത്തിട്ടിരിക്കുന്ന അനേകം ശിരസ്സുകളുണ്ടല്ലോ, മോചനയാത്ര വിളംബരം ചെയ്യുന്ന പോസ്റ്ററില്‍! മാണിസാറിന്റെയും എം വി ആറിന്റെയും ഗൌരിയമ്മയുടെയും, തങ്ങളുപ്പാപ്പയുടെയും ചെന്നിത്തലയുടെയും കുഞ്ഞിത്തലകള്‍! (അഹോ! അങ്ങെത്ര വിനീതന്‍!) തലയില്‍ ആള്‍താമസമുള്ള ആരെങ്കിലും ഞങ്ങള്‍ക്കു മറുപടി നല്‍കുമോ? ഇന്നുവരെ മിനിമം കൂലി നിയമമുണ്ടാക്കാന്‍ സമയം കിട്ടാത്ത മന്‍മോഹന്‍ജിയുടെ ഭരണത്തിരക്കിലേക്കാണോ ഞങ്ങളുടെ മോചനം?

    വംഗനാട്ടിലെ ഇടതുപക്ഷഭരണം അവസാനിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരോട് ഡോ. അമര്‍ത്യാസെന്‍ ചോദിച്ചു: (അമര്‍ത്യാസെന്‍ കമ്യൂണിസ്റ്റല്ല!) ഇടതുപക്ഷത്തെ തോല്‍പിച്ച് നിങ്ങള്‍ ആരെയാണ് ജയിപ്പിക്കാന്‍ പോകുന്നത്? മുപ്പതുവര്‍ഷംകൊണ്ട് നാം നേടിയതെല്ലാം തകര്‍ന്നുകാണാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടോ?

    ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് സ്തുതിപാഠകരോളം ബുദ്ധി കാണില്ല എന്നായിരിക്കും മാധ്യമ പ്രവര്‍ത്തകരുടെ ചിരി...! ഒടുവില്‍ നിങ്ങള്‍ അലറിവിളിച്ച് ഒരു "വിമോചിത കേരളം'' വന്നാല്‍ അതിന്റെ ചേലെന്തായിരിക്കുമെന്ന് അമര്‍ത്യാസെന്നിനോടൊപ്പം ഒരു നിമിഷം ശാന്തമായി ആലോചിക്കാം, സ്വകാര്യമായി, നിശ്ശബ്ദമായി...

    പണ്ടൊരു വിമോചനസമരം നടന്നു! അതിലൂടെ കേരളം "വിമോചിക്ക''പ്പെട്ടപ്പോള്‍ എന്തൊക്കെയാണ് നാം നേടിയത്...! ആ 'നേട്ട'ങ്ങളുടെ ഓര്‍മ്മകളില്‍ നടുങ്ങി, ഒരു നിമിഷം...!

    എങ്കിലും അന്നൊഴുകിയെത്തിയ അമേരിക്കന്‍ ഡോളറിന്റെ കഥ, ആസൂത്രകരും അനുഭവിച്ചവരും ഒരുപോലെ ഏറ്റുപറഞ്ഞു. ഇന്നും ഈ മോചനയാത്രയും സഫലമാവുകയാണെങ്കില്‍ ഡോളര്‍ക്കിഴികള്‍ തീര്‍ച്ചയായും വന്നെത്തും! യാത്ര ചെയ്തവര്‍ക്കു മാത്രമല്ല; മുന്നില്‍ കുഴലൂതിയവര്‍ക്കും!

    പക്ഷേ, ഞങ്ങള്‍ക്കോ? അതെ; അതു മന്ദബുദ്ധികളുടെ ചോദ്യമായി, നിങ്ങള്‍ക്കവഗണിക്കാം!

ടി കെ നാരായണദാസ് ചിന്ത വാരിക 040211

1 comment:

  1. നമ്മുടെ ഈ കേരളത്തെ മോചിപ്പിക്കാന്‍ ഏതോ ദൈവപുത്രന്‍ കാസര്‍ഗോഡുനിന്ന് പുറപ്പെട്ടതായി മാധ്യമങ്ങള്‍ ഉദ്ഘോഷിക്കുന്നു! ചിന്തിക്കുന്ന ഒരു ശരാശരി മലയാളി അറിയാതെ ചോദിച്ചുപോകുന്നു: "ആരില്‍നിന്നാണ് അങ്ങ് ഞങ്ങളെ മോചിപ്പിക്കാന്‍ പോകുന്നത്? എന്തില്‍നിന്ന് എന്തിലേക്കാണ് മോചനം?''

    ReplyDelete