Tuesday, February 8, 2011

അമ്പരപ്പിക്കുന്ന രണ്ടുലക്ഷം കോടി

ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ ഇന്ത്യാരാജ്യത്തിന് നഷ്ടമാക്കിയ 2ജി സ്പെക്ട്രം ഇടപാടിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പരിപൂര്‍ണമായി അലങ്കോലപ്പെട്ടു. ഇനി ബജറ്റ് സമ്മേളനമാണ്. അത് സുഗമമായി നടത്തണം; സ്തംഭിപ്പിക്കരുത് എന്ന അഭ്യര്‍ഥനയുമായി മുതിര്‍ന്ന കേന്ദ്ര മന്ത്രി പ്രണബ് മുഖര്‍ജി രാഷ്ട്രീയ പാര്‍ടികളുടെ യോഗം വിളിച്ചിരിക്കുന്നു. അത് നടക്കാന്‍ ഒരു ദിവസംമാത്രം അവശേഷിക്കെ വന്ന വാര്‍ത്ത രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ മറ്റൊരു കൂറ്റന്‍ ഇടപാട് സിഎജി കണ്ടെത്തി എന്നാണ്. നമ്മുടെ അഭിമാന സ്ഥാപനമായ ഐഎസ്ആര്‍ഒ ആണ് ഈ ഇടപാടിലെ കക്ഷി. ഐഎസ്ആര്‍ഒയുടെ വാണിജ്യസ്ഥാപനമാണ് ആന്‍ട്രിക്സ്. ആന്‍ട്രിക്സും ഐഎസ്ആര്‍ഒയില്‍നിന്ന് വിരമിച്ച എം ജി ചന്ദ്രശേഖര്‍ ചെയര്‍മാനായുള്ള സ്വകാര്യസ്ഥാപനമായ ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയും ഉണ്ടാക്കിയ കരാറിലൂടെയാണ് ഖജനാവിന് ഹിമാലയന്‍ നഷ്ടം വന്നിരിക്കുന്നത്. ദ ഹിന്ദു പത്രം നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശേഖരിച്ചുവരികയാണെന്ന് ദ ഹിന്ദുവും അനുബന്ധ പ്രസിദ്ധീകരണമായ ബിസിനസ് ലൈനും റിപ്പോര്‍ട്ട് ചെയ്യുന്നു.

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സ്ഥാനം നഷ്ടപ്പെട്ടതും അറസ്റ്ചെയ്യപ്പെട്ടതും ടെലികോം മന്ത്രിയായിരുന്ന എ രാജയാണ്. പ്രധാനമന്ത്രി അറിഞ്ഞതും സമ്മതിച്ചതുമായ ഇടപാടായിരുന്നിട്ടുകൂടി വകുപ്പുമന്ത്രി എന്ന നിലയില്‍ രാജയ്ക്കുമേല്‍ എല്ലാ ഉത്തരവാദിത്തവും വന്നുചേര്‍ന്നു. ഇവിടെ ബഹിരാകാശ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനാണ്. മന്‍മോഹന്‍ സിങ്ങിനെ നേരിട്ടു ബാധിക്കുന്നതാണ് ഈ ഇടപാടെന്നര്‍ഥം. രണ്ടുലക്ഷം കോടി എന്നത് പ്രാഥമികമായ കണക്കാണ്. യഥാര്‍ഥ നഷ്ടം അതിനേക്കാള്‍ വര്‍ധിച്ചേക്കും എന്നാണ് സൂചന.
2005ലാണ് ദേവാസ് മള്‍ട്ടിമീഡിയയുമായി സ്പെക്ട്രം കരാറുണ്ടാക്കിയത്. രാജ്യത്താകമാനം സംപ്രേഷണം നടത്താന്‍ ദൂരദര്‍ശന്‍ ഉപയോഗിച്ച 2500 മെഗാഹേര്‍ട്സ് ബ്രോഡ്ബാന്‍ഡ് സ്പെക്ട്രത്തിലെ 70 മെഗാഹേര്‍ട്സ് ഉപയോഗിക്കാനാണ് ദേവാസിന് കരാര്‍ നല്‍കിയത്. എസ് ബാന്‍ഡ് സ്പെക്ട്രം ഇങ്ങനെ അനുവദിക്കുമ്പോള്‍ മത്സര ടെന്‍ഡര്‍ ക്ഷണിച്ചില്ല. വ്യവസ്ഥാപിത മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഗൌനിച്ചില്ല. വാണിജ്യാടിസ്ഥാനത്തിലുള്ള രണ്ട് ഉപഗ്രഹങ്ങള്‍ക്കായി പൊതുമുതല്‍ ദുരുപയോഗം ചെയ്യപ്പെട്ടു. ഐഎസ്ആര്‍ഒ നേരത്തെ ഉണ്ടാക്കിയ വാണിജ്യക്കരാറുകളില്‍നിന്നാകെ വ്യതിചലിച്ചുള്ളതാണ് ദേവാസുമായുണ്ടാക്കിയ കരാര്‍ എന്നും സിഎജി വിലയിരുത്തുന്നുണ്ട്.

2010ല്‍ 3 ജി മൊബൈല്‍ സര്‍വീസുകള്‍ക്കായി 15 മെഗാഹേര്‍ട്സ് മാത്രം ലേലംചെയ്തപ്പോള്‍ 67,719 കോടി രൂപയാണ് ലഭിച്ചത്. ഇവിടെ, ദേവാസിന് ഇരുപതു വര്‍ഷത്തേക്ക് 70 മെഗാഹേര്‍ട്സ് നിയന്ത്രണണമില്ലാതെ ഉപയോഗിക്കാനുള്ള അധികാരമാണ് കരാറിന്റെ ഭാഗമായി നല്‍കിയത്. രാജ്യത്തിന്റെ ഖജനാവിലേക്ക് വരേണ്ടിയിരുന്ന വന്‍തുക സ്വകാര്യ കമ്പനികളുടെ ലാഭമായി മാറുകയാണിവിടെ. 2ജി സ്പെക്ട്രം ഇടപാട് ഇന്നലെവരെ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായാണ് പരിഗണിക്കപ്പെട്ടത്. അതിനേക്കാള്‍ വലുത് അതേ മേഖലയില്‍തന്നെ നടന്നു എന്നത് തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്ന അറിവാണ്. ചില കേന്ദ്രങ്ങളില്‍നിന്ന് വിയോജിപ്പുകള്‍ വന്നിട്ടും കൂട്ടാക്കാതെ ഈ കരാറുമായി മുന്നോട്ടുപോവുകയായിരുന്നു മന്‍മോഹന്‍ സര്‍ക്കാര്‍. ദേവാസ് അധ്യക്ഷന്‍ എം ജി ചന്ദ്രശേഖര്‍ അമേരിക്കയ്ക്ക് ഭൂ-ബഹിരാകാശ വിവരങ്ങള്‍ ശേഖരിച്ചുനല്‍കുന്ന ജിയോഐ എന്ന സംഘടനയുടെ ഏഷ്യന്‍ വില്‍പന ഡിവിഷന്റെ ഏഷ്യന്‍ മേധാവിയായിരുന്നയാളാണ് എന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

'എല്ലാവര്‍ക്കും സമ്പത്തുണ്ടാക്കാനാണ് ആഗ്രഹമെന്നും അഴിമതി അരങ്ങുവാഴുകയാണെന്നും' ഈയിടെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. അതിനു ചുവടുപിടിച്ച്, മന്‍മോഹന്‍ സിങ് പറഞ്ഞത്, 'സദ്ഭരണത്തെ അട്ടിമറിക്കുന്നതാണ് അഴിമതി'എന്നാണ്. അങ്ങനെ ഒരുവശത്ത് അഴിമതിക്കെതിരെ മൈതാന പ്രസംഗം നടത്തുന്നവരാണ് സങ്കല്‍പ്പാതീതമായ അഴിമതികളിലൂടെ രാജ്യത്തെ മുച്ചൂടും മുടിക്കുന്നത്. ഇവിടെ, എസ് ബാന്‍ഡ് അനുവദിച്ചതിലെ അഴിമതിയുടെ നേരിയ വിവരങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.

2ജി സ്പെക്ട്രം അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന ആവശ്യം തള്ളിക്കളഞ്ഞതുകാരണമാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സ്തംഭിച്ചത്. ആദ്യം രാജയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍പോലും വിസമ്മതിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍. അഴിമതി ഇല്ല എന്നു പറഞ്ഞു. അഴിമതിയുടെ തെളിവും എ രാജയുടെ പങ്കാളിത്തവും അക്കമിട്ടു നിരത്തിയ സിഎജിയെ അധിക്ഷേപിച്ചു. സാങ്കല്‍പ്പികമായ സംഖ്യയാണെന്ന് കപില്‍ സിബലിനെക്കൊണ്ട് പറയിച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങളും തെളിവുകളും പുറങ്കാലുകൊണ്ട് തട്ടിമാറ്റി അഹന്തയോടെ അഴിമതി മൂടിവയ്ക്കാനുള്ള നീക്കമാണ് യുപിഎയില്‍നിന്നുണ്ടായത്. കോടതി ഇടപെടല്‍കൂടി വന്നപ്പോഴാണ്, പിടിച്ചുനില്‍ക്കാനാവാതെ രാജയെ കൈയൊഴിയേണ്ടിവന്നത്. പ്രധാനമന്ത്രി ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ രാജ ഇന്ന് സിബിഐയുടെ കസ്റഡിയിലാണ്. പ്രതിപക്ഷം ലോക്സഭയിലും പുറത്തും നടത്തിയ പ്രക്ഷോഭത്തിന്റെ സാധുത അക്ഷരാര്‍ഥത്തില്‍ തെളിയിക്കുന്ന അനുഭവമാണിത്.

അഴിമതി രാജാണ് അരങ്ങേറുന്നത്. രാജ്യത്തെ ഊറ്റിയെടുത്ത കോടാനുകോടികളാണ് തെരഞ്ഞെടുപ്പിലെ പണാധിപത്യമായും വിദേശബാങ്കുകളിലെ രഹസ്യ നിക്ഷേപങ്ങളായും മാറുന്നത്. കോണ്‍ഗ്രസാണ് പ്രതിക്കൂട്ടില്‍. പ്രതിരോധ ഇടപാടുകളിലും സ്പെക്ട്രം അനുവദിക്കുന്നതിലും കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലും എന്തിന്, കാര്‍ഗില്‍ ധീരന്‍മാര്‍ക്കായുള്ള ഭവന നിര്‍മാണത്തില്‍പോലും പോക്കറ്റടിക്കാരന്റെ മനസ്സോടെ കൈയിട്ടുവാരുന്ന യുപിഎ സര്‍ക്കാര്‍ നാടിന് ഭാരവും അപമാനവുമായി മാറിയിരിക്കുന്നു. അമ്പരപ്പിക്കുന്ന ഈ അഴിമതികള്‍ അന്വേഷിച്ച് കുറ്റവാളികള്‍ എത്ര ഉന്നതരായാലും ശിക്ഷിച്ചേ തീരൂ. പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്താനുള്ള ഉപാധിയും ഉചിതമായ അന്വേഷണപ്രഖ്യാപനമാകണം. കൊള്ളക്കാര്‍ക്ക് സ്വൈരവിഹാരത്തിന് അനുമതി നല്‍കി പാര്‍ലമെന്റ് സുഗമമായി സമ്മേളിച്ചിട്ടെന്തുകാര്യം.

ദേശാഭിമാനി മുഖപ്രസംഗം 080211

1 comment:

  1. അഴിമതി രാജാണ് അരങ്ങേറുന്നത്. രാജ്യത്തെ ഊറ്റിയെടുത്ത കോടാനുകോടികളാണ് തെരഞ്ഞെടുപ്പിലെ പണാധിപത്യമായും വിദേശബാങ്കുകളിലെ രഹസ്യ നിക്ഷേപങ്ങളായും മാറുന്നത്. കോണ്‍ഗ്രസാണ് പ്രതിക്കൂട്ടില്‍. പ്രതിരോധ ഇടപാടുകളിലും സ്പെക്ട്രം അനുവദിക്കുന്നതിലും കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിലും എന്തിന്, കാര്‍ഗില്‍ ധീരന്‍മാര്‍ക്കായുള്ള ഭവന നിര്‍മാണത്തില്‍പോലും പോക്കറ്റടിക്കാരന്റെ മനസ്സോടെ കൈയിട്ടുവാരുന്ന യുപിഎ സര്‍ക്കാര്‍ നാടിന് ഭാരവും അപമാനവുമായി മാറിയിരിക്കുന്നു. അമ്പരപ്പിക്കുന്ന ഈ അഴിമതികള്‍ അന്വേഷിച്ച് കുറ്റവാളികള്‍ എത്ര ഉന്നതരായാലും ശിക്ഷിച്ചേ തീരൂ. പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടത്താനുള്ള ഉപാധിയും ഉചിതമായ അന്വേഷണപ്രഖ്യാപനമാകണം. കൊള്ളക്കാര്‍ക്ക് സ്വൈരവിഹാരത്തിന് അനുമതി നല്‍കി പാര്‍ലമെന്റ് സുഗമമായി സമ്മേളിച്ചിട്ടെന്തുകാര്യം.

    ReplyDelete