Tuesday, February 8, 2011

പ്രതിപക്ഷശ്രമം പെണ്‍‌വാണിഭക്കാരെ രക്ഷിക്കാന്‍: മുഖ്യമന്ത്രി

സ്വന്തം മുന്നണിയിലെ പ്രമുഖ നേതാവിനെ പെണ്‍‌വാണിഭക്കേസില്‍നിന്ന് രക്ഷിക്കാന്‍ പ്രതിപക്ഷം വ്യര്‍ഥവ്യായാമം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. പെകുട്ടികളെ പീഡിപ്പിച്ചവരെയെല്ലാം വിലങ്ങുവച്ച് നടത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്നതിന്റെ ബേജാറിലാണ് പ്രതിപക്ഷം. അവരുടെ ബേജാറിന്റെ അന്തിമരൂപമാണ് പുറത്തുവരുന്നത്.

കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്റിസ് മോഹന്‍കുമാര്‍ കമീഷനെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ശുദ്ധ അസംബന്ധമാണ്. സഭ നിര്‍ത്തിവച്ച് ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന ആര്യാടന്‍ മുഹമ്മദിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജസ്റിസ് മോഹന്‍കുമാര്‍ കമീഷനെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അത് സര്‍ക്കാരിനെ അറിയിക്കുമായിരുന്നു. ജസ്റിസ് മോഹന്‍കുമാറിന് ഉദ്യോഗക്കയറ്റം നല്‍കാനുള്ള തീരുമാനം താന്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്ത് അനുകൂലമായ വിധി സമ്പാദിച്ചു. മോഹന്‍കുമാറിന്റെ നിലപാടുകളെ ശക്തമായി ചോദ്യംചെയ്ത സ്ഥിതിയില്‍ താന്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ നേരത്തെതന്നെ അത് വ്യക്തമാക്കപ്പെടുമായിരുന്നു.

പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിനിയോഗിച്ചവരെല്ലാം ഒരു കുടക്കീഴിലെത്തി. തെറ്റ് ചെയ്തവര്‍ ആരായാലും കണക്കുപറയേണ്ടിവരും. അവരെ വിലങ്ങുവച്ച് നിരത്തില്‍ നടത്തിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കും. കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കുന്നതുകണ്ട് സന്തോഷിക്കാന്‍ ആര്യാടന്‍ മുഹമ്മദ് അടക്കമുള്ളവര്‍ക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയെ അപമാനിക്കുന്നു: കോടിയേരി

പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുന്ന മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. പെണ്‍‌വാണിഭക്കാര്‍ക്ക് കൈയാമം വീഴുമെന്ന പേടിയാണ് പ്രതിപക്ഷത്തിന്. കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്റിസ് മോഹന്‍കുമാര്‍ കമീഷനെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആര്യാടന്‍ മുഹമ്മദിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

യുഡിഎഫുകാര്‍ തലയില്‍ല്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായി. ജസ്റിസ് മോഹന്‍കുമാര്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എ കെ ആന്റണി സര്‍ക്കാരാണ് അംഗീകരിച്ചത്. അന്വേഷണത്തില്‍ അവിഹിതമായി ആരെങ്കിലും ഇടപെട്ടാല്‍ തടയാന്‍ പ്രാപ്തിയുള്ളയാളാണ് ജസ്റിസ് മോഹന്‍കുമാര്‍ എന്നാണ് കരുതുന്നത്. ഇതിനായി ഭരണപരമായ നടപടി ആവശ്യമാണെങ്കില്‍ സര്‍ക്കാരിനെ സമീപിക്കാമെന്നും അദ്ദേഹത്തിന് അറിയാം. കമീഷന്‍ ആര്‍ക്കുമെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉന്നയിച്ച ആക്ഷേപത്തിന് അടിസ്ഥാനമില്ല. പെണ്‍‌വാണിഭത്തിനും സ്ത്രീപീഡനത്തിനും നേതൃത്വം നല്‍കിയവരെ കൈയാമം വയ്ക്കുമെന്ന പേടിയില്‍ മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം. സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍നിന്നും വികസനമുന്നേറ്റത്തില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും പ്രതിപക്ഷം ആഗ്രഹിക്കുന്നെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ശശിയുടെ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് ശരിയായ നടപടിയല്ല: സിപിഐ എം

തിരു: പി ശശി പാര്‍ടി സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് ശരിയായ നടപടിയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ജസ്റിസ് മോഹന്‍കുമാര്‍ കമീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കത്തില്‍ ഉന്നയിച്ച ആക്ഷേപത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിയമസഭയില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. അതുതന്നെയാണ് പാര്‍ടി നിലപാടും. ഒരു പാര്‍ടി അംഗത്തിന് മറ്റൊരു പാര്‍ടി അംഗത്തിനെതിരെ വല്ല പരാതിയുമുണ്ടെങ്കില്‍ അത് ഉന്നയിച്ച് പരിഹാരം കാണേണ്ടത് പാര്‍ടിക്കുള്ളിലാണ്. പാര്‍ടിയില്‍ ഉന്നയിച്ച് പരിഹാരം കാണാന്‍ കഴിയാത്ത ഒരു പ്രശ്നവും പാര്‍ടിക്കകത്തില്ല. പാര്‍ടിയെ സ്നേഹിക്കുന്നവരും അച്ചടക്കബോധമുള്ളവരുമായ സഖാക്കള്‍ ഈ രീതിയാണ് അവലംബിക്കേണ്ടത്. ഒരു പാര്‍ടി അംഗത്തിനെതിരെ മറ്റൊരു അംഗം പരസ്യമായി ആരോപണമുന്നയിക്കുന്ന രീതി പാര്‍ടിക്ക് ഗുണം ചെയ്യുന്നതല്ല. മറിച്ച് അത് പാര്‍ടി ശത്രുക്കള്‍ക്ക് പാര്‍ടിയെ ആക്രമിക്കാന്‍ അവസരം നല്‍കുന്നതു കൂടിയാണ്. പാര്‍ടി അച്ചടക്കത്തിന്റെയും പാര്‍ടി രീതിയുടെയും ലംഘനം അനുവദിക്കുകയില്ലെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ദേശാഭിമാനി 080211

2 comments:

  1. സ്വന്തം മുന്നണിയിലെ പ്രമുഖ നേതാവിനെ പെണ്‍‌വാണിഭക്കേസില്‍നിന്ന് രക്ഷിക്കാന്‍ പ്രതിപക്ഷം വ്യര്‍ഥവ്യായാമം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. പെകുട്ടികളെ പീഡിപ്പിച്ചവരെയെല്ലാം വിലങ്ങുവച്ച് നടത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്നതിന്റെ ബേജാറിലാണ് പ്രതിപക്ഷം. അവരുടെ ബേജാറിന്റെ അന്തിമരൂപമാണ് പുറത്തുവരുന്നത്.

    ReplyDelete
  2. ജസ്റിസ് മോഹന്‍കുമാര്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എ കെ ആന്റണി സര്‍ക്കാരാണ് അംഗീകരിച്ചത്.. this is the same sort of reply from Mr Kunjalikkutty.. you guys did 15 years of search for his case, still no answer :) yea both are stinking :)

    ReplyDelete