വീഴ്ചയില്‍ ഖേദം, രാജിയില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തന്റെ ഭരണകാലത്തെ ക്രമക്കേടുകളുടെ കാര്യത്തില്‍ ഏറെ ഖേദമുണ്ടെങ്കിലും രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2ജി ഇടപാടില്‍ വീഴ്ച സംഭവിച്ചെന്നും സര്‍ക്കാരിനെ നയിക്കുന്ന വ്യക്തിയെന്ന നിലയില്‍ അഴിമതിക്ക് താന്‍തന്നെയാണ് ഉത്തരവാദിയെന്നും അദ്ദേഹം സമ്മതിച്ചു. 2ജി സ്പെക്ട്രം ഇടപാടിന്റെ വിശദാംശങ്ങള്‍ തനിക്കോ മന്ത്രിസഭയ്ക്കോ അറിയില്ലായിരുന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്പെക്ട്രം വിതരണത്തില്‍ നിലവിലുള്ള നയം തുടരാമെന്ന ടെലികോംമന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് ധനമന്ത്രാലയംകൂടി യോജിച്ചതുകൊണ്ടാണ് താന്‍ ഇടപെടാതിരുന്നത്. അഴിമതിയുടെ കാര്യത്തില്‍ ജെപിസിയല്ല, ഏത് സമിതി മുമ്പാകെയും ഹാജരാകാന്‍ തയ്യാറാണെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.
രണ്ടാം യുപിഎ സര്‍ക്കാരിലും രാജയെ മന്ത്രിയായി ഉള്‍പ്പെടുത്തിയത് ആ ഘട്ടത്തില്‍ തെറ്റായി തോന്നിയില്ല. കൂട്ടുകക്ഷി സര്‍ക്കാരാകുമ്പോള്‍ പല പരിമിതിയുമുണ്ട്. സഖ്യകക്ഷികളുടെ അഭിപ്രായം തേടേണ്ടതുണ്ട്. ഇത്തരമൊരു സര്‍ക്കാരിനെ നയിക്കാന്‍ പല വിട്ടുവീഴ്ചയും ചെയ്യേണ്ടി വരും. സ്പെക്ട്രം, കോമവെല്‍ത്ത്, ആദര്‍ശ് ഇടപാട് തുടങ്ങിയ അഴിമതിയാണ് ഏതാനും മാസമായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍, ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികവഴി അഴിമതിമാത്രമാണ് രാജ്യത്ത് നടക്കുന്നതെന്ന പ്രതീതി ഉളവായിട്ടുണ്ട്. മോശംകാര്യങ്ങളില്‍മാത്രം മാധ്യമങ്ങള്‍ ശ്രദ്ധയൂന്നുന്നത് നന്നല്ല. അഴിമതി ആരോപണങ്ങള്‍ ഏറെ ഉയര്‍ന്നെങ്കിലും രാജിവയ്ക്കാന്‍ ഒരിക്കലും തോന്നിയിട്ടില്ല. തനിക്കൊരു ജോലി ചെയ്തുതീര്‍ക്കേണ്ടതുണ്ട്. പകുതിവഴിയില്‍ ഉപേക്ഷിച്ചുപോകാന്‍ തീരുമാനിച്ചിട്ടില്ല. പണപ്പെരുപ്പവും ഭക്ഷ്യവിലക്കയറ്റവും അടുത്തകാലത്ത് വലിയപ്രശ്നമായി എന്നത് വാസ്തവമാണ്. കടുത്ത നടപടി സ്വീകരിച്ചിരുന്നെങ്കില്‍ വിലക്കയറ്റം കുറെക്കൂടി പിടിച്ചുനിര്‍ത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇത് സാമ്പത്തികവളര്‍ച്ചയെ ബാധിക്കും. സമ്പദ്വ്യവസ്ഥ നല്ല നിലയിലാണ്. എട്ടര ശതമാനം വളര്‍ച്ച നടപ്പുസാമ്പത്തികവര്‍ഷം കൈവരിക്കും. പാര്‍ലമെന്റ് നടപടി എന്തുകൊണ്ട് മുടങ്ങുന്നെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ബജറ്റ് സമ്മേളനത്തിനുശേഷം മന്ത്രിസഭ വീണ്ടും അഴിച്ചുപണിയും- മന്‍മോഹന്‍സിങ് പറഞ്ഞു.
അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചുരുക്കം ദൃശ്യമാധ്യമപ്രവര്‍ത്തകരെമാത്രം വിളിച്ച് വാര്‍ത്താസമ്മേളനം നടത്തിയതെങ്കിലും സ്പെക്ട്രം അഴിമതിയുടെയും മറ്റ് അഴിമതികളുടെയും കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്ന പരാമര്‍ശങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്. ഇടപാടില്‍ ധനമന്ത്രാലയത്തിന്റെ പങ്ക് പരസ്യപ്പെടുത്തിയ പ്രധാനമന്ത്രി അന്നത്തെ ധനമന്ത്രി പി ചിദംബരത്തെയാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്. ഇടപാടില്‍ താന്‍ നിരപരാധിയാണെന്നും ടെലികോംമന്ത്രാലയവും ധനമന്ത്രാലയവുമാണ് കുറ്റക്കാരെന്ന വാദവുമാണ് മന്‍മോഹന്‍സിങ് മുന്നോട്ടുവച്ചത്. ആര്‍ക്കൊക്കെയാണ് സ്പെക്ട്രം ലൈസന്‍സ് ലഭിച്ചതെന്നോ, ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണനയെന്ന തത്വം എങ്ങനെയാണ് നടപ്പാക്കിയതെന്നോ തനിക്കറിയില്ലായിരുന്നെന്നും പ്രധാനമന്ത്രി പറയുന്നു.
സ്പെക്ട്രം: ഓഹരി മറിച്ചു വിറ്റത് അറിഞ്ഞിരുന്നു - പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ലഭിച്ച ചില കമ്പനികള്‍ ഓഹരിമറിച്ചുവിറ്റത് അറിഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പറഞ്ഞു. പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ കൈയൊഴിയുന്നതിന്റെ ഭാഗമായാണ് വില്‍പ്പനയെന്നാണ് തന്നോട് പറഞ്ഞതെന്നും സേവനങ്ങള്‍ ആരംഭിക്കുന്നതിന് ഇത്തരം പണസമ്പാദനം സാധാരണയായതിനാല്‍ ഇടപെടണമെന്ന് തനിക്ക് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പെക്ട്രം ഇടപാട്, തന്നെയോ മന്ത്രിസഭയെയോ അറിയിച്ചിരുന്നില്ല. ടെലികോംമന്ത്രിയുടെമാത്രം തീരുമാനമായിരുന്നു ഇത്. നിലവിലുള്ള നയം തുടരുന്ന കാര്യത്തില്‍ ടെലികോം- ധനമന്ത്രാലയങ്ങള്‍ ധാരണയിലെത്തിയതിനാല്‍ ഇടപെടേണ്ടതില്ലെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു. 2007 നവംബറില്‍ രാജയ്ക്ക് അയച്ച കത്തില്‍ സ്പെക്ട്രം ലേലം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്നുമാത്രമാണ് താന്‍ ആവശ്യപ്പെട്ടത്. തന്റെ ഇടപാടുകള്‍ സുതാര്യമാണെന്ന് അറിയിച്ച് രാജ അന്നുതന്നെ മറുപടി അയച്ചു. ലേലം വേണമെന്ന് ട്രായിയും ടെലികോം കമീഷനും നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. 2ജിയുടെ കാര്യത്തില്‍ നിലവിലുള്ള നയം തുടരുകയാണ് വേണ്ടതെന്നും ആവശ്യമെങ്കില്‍ 3ജി സ്പെക്ട്രത്തിന്റെ കാര്യത്തില്‍ ലേലമാകാമെന്നും അദേഹം അഭിപ്രായപ്പെട്ടു.
2ജി സ്പെക്ട്രത്തിന് കൂടുതല്‍ വില ലഭിക്കണമെന്ന നിലപാട് ധനമന്ത്രാലയം തുടക്കത്തില്‍ സ്വീകരിച്ചിരുന്നു. പിന്നീട് പഴയ നയംതന്നെ തുടര്‍ന്നാല്‍ മതിയെന്ന ടെലികോംവകുപ്പിന്റെ നിലപാടിനോട് യോജിച്ചു. ധനമന്ത്രാലയത്തിന്റെയും ടെലികോംവകുപ്പിന്റെയും യോജിച്ച നിലപാട്, ട്രായിയുടെയും ടെലികോം കമീഷന്റെയും നിലപാടുകള്‍, ഇതെല്ലാം ഒരേപോലെയായ സാഹചര്യത്തിലാണ് ലേലത്തിനുവേണ്ടി നിര്‍ബന്ധം പിടിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചത്. ജെപിസി മുമ്പാകെ ഹാജരാകാന്‍ താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും ജെപിസിക്ക് എതിരാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്- മന്‍മോഹന്‍സിങ് പറഞ്ഞു.
സാമ്പത്തിക പരിഷ്കാരം തുടരും
ന്യൂഡല്‍ഹി: സാമ്പത്തികപരിഷ്കാര നടപടിയുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. വരുന്ന ബജറ്റില്‍ പരിഷ്കരണ അജന്‍ഡയുടെ കൂടുതല്‍ വ്യക്തമായ ചിത്രം ഉരുത്തിരിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു. ചരക്കു-സേവന നികുതിപോലെ വഴിത്തിരിവാകുന്ന പരിഷ്കരണ നടപടി നടപ്പാക്കുന്നതില്‍ പ്രതിപക്ഷം തടസ്സം നില്‍ക്കുകയാണ്. പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ കൂടുതല്‍ പശ്ചാത്തലസൌകര്യ നിക്ഷേപമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും മന്‍മോഹന്‍ പറഞ്ഞു.
പിന്‍വാതില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന്
ന്യൂഡല്‍ഹി: വിവാദമായ എസ് ബാന്‍ഡ് കരാര്‍ റദ്ദാക്കാന്‍ ബഹിരാകാശ കമീഷന്‍ തീരുമാനിച്ചശേഷവും പ്രധാനമന്ത്രി കാര്യാലയവുമായി ദേവാസ് ചര്‍ച്ച നടത്തിയെന്ന ആക്ഷേപങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിരാകരിച്ചു. പിന്‍വാതില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി കാര്യാലയവുമായി അടുത്ത കാലത്തും ചര്‍ച്ചകള്‍ നടത്തിയെന്ന് ദേവാസ് മള്‍ട്ടിമീഡിയ കമ്പനിയുടെ പ്രസിഡന്റ് രാമചന്ദ്രന്‍ വിശ്വനാഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കരാര്‍ റദ്ദാക്കാന്‍ ബഹിരാകാശ കമീഷന്‍ എടുത്ത തീരുമാനത്തെ മറികടക്കാന്‍ പ്രധാനമന്ത്രി കാര്യാലയം ശ്രമിച്ചിട്ടില്ല. കരാര്‍ റദ്ദാക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ ബഹിരാകാശ കമീഷന്‍ എടുത്ത തീരുമാനം നടപ്പാക്കുന്നതിനുള്ള കൂടിയാലോചനകള്‍ നിയമമന്ത്രാലയവുമായും മറ്റും നടന്നുവരികയാണ്. കരാര്‍ റദ്ദാക്കുന്നതിന് കഴിഞ്ഞ നവംബറില്‍തന്നെ പ്രധാനമന്ത്രി കാര്യാലയത്തിന് ക്യാബിനറ്റ് നോട്ട് ലഭിച്ചിരുന്നു. ഇത് സമഗ്രമാക്കുന്നതിന് അപ്പോള്‍ത്തന്നെ നിരവധി കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ബഹിരാകാശ വകുപ്പ് തന്നെ ആറുവട്ടം കുറിപ്പില്‍ മാറ്റം വരുത്തിയിരുന്നു- പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശവകുപ്പ് പ്രധാനമന്ത്രി കാര്യാലയത്തിന് കീഴിലാണെങ്കിലും കരാര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ പരിഗണനയ്ക്കായി ബഹിരാകാശസെക്രട്ടറി കെ രാധാകൃഷ്ണന്‍ തയ്യാറാക്കിയ 19 പേജുള്ള കുറിപ്പിലാണ് കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന ഏറ്റുപറച്ചില്‍. ആന്‍ട്രിക്സ്- ദേവാസ് കരാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. ഫോര്‍ജ് അഡ്വൈസേഴ്സ് എന്ന അമേരിക്കന്‍ സ്ഥാപനമാണ് 2003 ല്‍ ജിസാറ്റ് ഉപഗ്രഹങ്ങളിലെ ട്രാന്‍സ്പോണ്ടറുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതെന്ന വെളിപ്പെടുത്തലും രാധാകൃഷ്ണന്റെ കുറിപ്പിലുണ്ട്. 2004 ല്‍ ദേവാസ് എന്ന കമ്പനി രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്തത് ഈ സ്ഥാപനമാണ്.
ഉത്തരവാദിത്തം ചിദംബരത്തിന്റെ തലയില്‍വച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിയുടെ ഉത്തരവാദിത്തം ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെയും മുന്‍ ടെലികോംമന്ത്രി രാജയുടെയും തലയിലിട്ട് രക്ഷപ്പെടാന്‍ പ്രധാനമന്ത്രിയുടെ ശ്രമം. അഴിമതികളില്‍ തനിക്കും പങ്കുണ്ടെന്ന് സമ്മതിക്കേണ്ടി വന്ന പ്രധാനമന്ത്രി തന്നെക്കാള്‍ വലിയ കുറ്റക്കാര്‍ അന്നത്തെ ധനമന്ത്രി പി ചിദംബരവും ടെലികോംമന്ത്രി എ രാജയും ആണെന്ന് സൂചിപ്പിച്ചു. സ്വവസതിയില്‍ ടെലിവിഷന്‍കാരെമാത്രം ക്ഷണിച്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ചിദംബരത്തിന്റെ പേരും എടുത്തിട്ടത്. ആദ്യംവരുന്നവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കുന്ന പദ്ധതി ധനമന്ത്രിയും ടെലികോംമന്ത്രിയും അംഗീകരിച്ചതുകൊണ്ടാണ് ലേലംവേണമെന്ന് താന്‍ ശഠിക്കാതിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതായത് ചിദംബരംകൂടി അംഗീകരിച്ച പദ്ധതിയായതിനാലാണ് താനും കണ്ണടച്ചതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അവസാനഘട്ടത്തില്‍ അഴിമതി നടക്കുന്നുവെന്ന് അറിയാമായിരുന്നിട്ടും അത് തടയാന്‍ ഒരു നടപടിയും അദ്ദേഹം സ്വീകരിച്ചില്ലെന്നും ഇതോടെ വ്യക്തമായി.
ജെപിസി അന്വേഷണത്തെ താനല്ല എതിര്‍ക്കുന്നതെന്ന വെളിപ്പെടുത്തലും പ്രധാനമന്ത്രി നടത്തി. ആരാണ് ജെപിസി അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. പ്രധാനമന്ത്രിയല്ലെങ്കില്‍ കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ജെപിസി അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന സംശയമാണ് ഉയരുന്നത്. പിഎസിക്ക് മുമ്പില്‍ ഹാജരാകാമെന്ന് നേരത്തേ പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് ജെപിസിക്ക് മുമ്പിലും ഹാജരാകാമെന്നാണ.് അതിന് നേരത്തെ പ്രധാനമന്ത്രി തയ്യാറായിരുന്നെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം തടസ്സപ്പെടില്ലായിരുന്നു. അതായത് പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടാനുള്ള പൂര്‍ണ ഉത്തരവാദിത്തം യുപിഎ സര്‍ക്കാരിനു തന്നെയാണെന്ന് ഇതോടെ വ്യക്തമായി. സ്പെക്ട്രം അഴിമതിയെ പൂര്‍ണമായും ന്യായീകരിക്കാനാണ് വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം പ്രധാനമന്ത്രി തയ്യാറായത്. വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ മുഴുവന്‍ അഴിമതിയെക്കുറിച്ചായിരുന്നു. മലയാളം ടെലിവിഷന്‍ ചാനലിനെ പ്രതിനിധാനംചെയ്ത വ്യക്തിമാത്രമാണ് സര്‍ക്കാരിന്റെ അഴിമതിയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചത്.
(വി ബി പരമേശ്വരന്‍)
deshabhimani 170211
2ജി സ്പെക്ട്രം ലഭിച്ച ചില കമ്പനികള്‍ ഓഹരിമറിച്ചുവിറ്റത് അറിഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പറഞ്ഞു. പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ കൈയൊഴിയുന്നതിന്റെ ഭാഗമായാണ് വില്‍പ്പനയെന്നാണ് തന്നോട് പറഞ്ഞതെന്നും സേവനങ്ങള്‍ ആരംഭിക്കുന്നതിന് ഇത്തരം പണസമ്പാദനം സാധാരണയായതിനാല്‍ ഇടപെടണമെന്ന് തനിക്ക് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും ചട്ടങ്ങള്‍ മറികടന്നതായി ടെലികോം കമ്പനികള്‍. സ്പെക്ട്രം ലൈസന്‍സ് കരസ്ഥമാക്കിയ എറ്റിസലാത്ത് കമ്പനിക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2003 മുതല്‍ അനുവര്‍ത്തിക്കുന്ന ആദ്യം വരുന്നവര്‍ക്ക് ലൈസന്‍സ് എന്ന നയം പലപ്പോഴും ലംഘിച്ചിട്ടുണ്ട്. അധിക പണം നല്‍കാതെതന്നെ നിരവധി കമ്പനികള്‍ കൂടുതല്‍ സ്പെക്ട്രം കൈക്കലാക്കിയിരുന്നു. ലേലം നല്‍കാത്തതിന്റെ പേരില്‍ തങ്ങളുടെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയാണെങ്കില്‍ 2003 മുതല്‍ അനുവദിച്ച എല്ലാ ലൈസന്‍സും റദ്ദാക്കണമെന്ന് സാല്‍വെ പറഞ്ഞു. ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ഡിവഷന്‍ ബെഞ്ചിനു മുന്നിലാണ് സ്പെക്ട്രം ലൈസന്‍സ് സംബന്ധിച്ച കേസുകളുടെ വാദം നടക്കുന്നത്. പ്രമുഖ കമ്പനികള്‍ക്കെല്ലാം ലേലമില്ലാതെ സര്‍ക്കാര്‍ അധിക സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്. അധിക സ്പെക്ട്രം അനുവദിക്കുന്നതിന് പണം ഈടാക്കണമെന്ന ട്രായ് നിര്‍ദേശം ടെലികോം മന്ത്രാലയം നടപ്പാക്കിയില്ലെന്നും സാല്‍വെ പറഞ്ഞു. രാജയുടെ കാലത്ത് നല്‍കിയ സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കമ്പനികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ReplyDelete