കോണ്‍ഗ്രസ് നേതൃത്വം പ്രതിക്കൂട്ടില്‍
കണ്ണൂര്‍: വഴിവിട്ട് ബാര്‍ ലൈസന്‍സ് നല്‍കാന്‍ എക്സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാലും അന്നത്തെ കെപിസിസി പ്രസിഡന്റ് വയലാര്‍ രവിയും പത്മജയും പത്തുലക്ഷം രൂപ വീതം വാങ്ങിയെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി. രഘുചന്ദ്രബാലും ഇടനിലക്കാരും ബാറുടമകളുമായി ചര്‍ച്ച നടത്തിയാണ് കൈക്കൂലിയുടെ നിരക്ക് നിശ്ചയിച്ചതെന്നാണ് കണ്ണൂരിലെ ബാറുടമ ജോസ് ഇല്ലിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബാറുടമകളെ സര്‍ക്കാരും കെപിസിസി നേതൃത്വവുമായി ബന്ധപ്പെടുത്തിയ മുഖ്യ ഇടനിലക്കാരനായിരുന്നു കെ സുധാകരന്‍. കണ്ണൂരിലെ ഗീത ബാറിന്റെ പാര്‍ട്നര്‍ കൃഷ്ണന്‍ മുഖേനയാണ് മറ്റ് ബാറുടമകള്‍ സുധാകരനുമായി ബന്ധപ്പെടുന്നത്. കൈക്കൂലി കരാര്‍ ഉറപ്പിച്ച ശേഷം മൂന്ന് കറുത്ത ബ്രീഫ് കേസുകളിലായാണ് ഇവര്‍ പണവുമായി കണ്ണൂരില്‍ നിന്ന് തിരിച്ചത്.
മുഖ്യമന്ത്രിയായിരുന്ന കരുണാകരനുള്ള 10 ലക്ഷം രൂപയുടെ പെട്ടി മകള്‍ പത്മജക്ക് എറണാകുളത്തെ വസതിയില്‍ വച്ചാണ് നല്‍കുന്നത്. പത്മജയെ കരാറുകാര്‍ക്ക് പരിചയപ്പെടുത്തിയതിന് കെ സി റോസക്കുട്ടിക്ക് അഞ്ചു ലക്ഷം രൂപ കൊടുത്തു. വയലാര്‍ രവി പണം ആവശ്യപ്പെട്ടത് കെപിസിസിക്ക് വേണ്ടിയായിരുന്നു. 10 ലക്ഷം രൂപ ചേര്‍ത്തലയിലെ വീട്ടില്‍വച്ചാണ് കൈമാറിയതെന്ന് ജോസ് ഇല്ലിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എക്സൈസ് മന്ത്രി രഘുചന്ദ്രബാലിനുള്ള 10 ലക്ഷം രൂപ തിരുവനന്തപുരത്തെ ഒരു വീട്ടില്‍ വച്ചാണ് നല്‍കിയത്. കൈക്കൂലി നല്‍കിയവര്‍ക്കെല്ലാം ബാര്‍ ലൈസന്‍സ് ലഭിച്ചു. ബാറുടമകളില്‍ ഒരാള്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചു. ഇയാള്‍ക്ക് ലൈസന്‍സ് കിട്ടിയതുമില്ല.
ജോസ് ഇല്ലിക്കലിന്റെ വെളിപ്പെടുത്തലില്‍ ആരോപണ വിധേയര്‍ പരിഭ്രാന്തരാണ്. കരുണാകരന്റെ മരണശേഷവും കുടുംബത്തെ വേട്ടയാടുന്നുവെന്നാണ് പത്മജ പറയുന്നത്. ജോസിനെതിരെ കേസുകൊടുക്കുമെന്ന് രഘുചന്ദ്രബാല്‍ പറയുന്നു. ജോസിനെ തെരഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുഷ്പരാജിന്റെ അനുഭവമാണ് അയാളെ കാത്തിരിക്കുന്നതെന്നും സുധാകരന്‍ ചില മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സുധാകരനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ കണ്ണൂര്‍ ഡിസിസി അംഗവും ഓട്ടോ തൊഴിലാളിയുമായ പുഷ്പരാജിന്റെ ഇരുകാലുകളും തല്ലിയൊടിക്കുകയും ഓട്ടോ കത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജോസിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ സുധാകരന്‍ തയ്യാറായില്ല.
(പി സുരേശന്‍)
കൈമറിഞ്ഞത് വന്‍ തുക
ബാര്‍ ലൈസന്‍സ് ഇടപാടില്‍ തെളിയുന്നത് കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതിയുടെ മറ്റൊരു ജീര്‍ണമുഖം. 1991-96 കാലത്തെ യുഡിഎഫ് ഭരണത്തില്‍ അരങ്ങേറിയ നിരവധി അഴിമതികളില്‍ ഒന്നുമാത്രമാണിത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ അന്നത്തെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കെപിസിസി പ്രസിഡന്റും പങ്കാളികളായ പങ്കുവയ്പിന്റെ കഥകളാണ് പുറത്തുവരുന്നത്. വിവിധ ജില്ലകളിലെ 21 ബാറുടമകളില്‍നിന്നാണ് നാല് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് 35 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. ഇന്നത്തെ നിലവാരമനുസരിച്ചാണെങ്കില്‍ ഇതു കോടികള്‍ വരും. അഴിമതിഭൂതത്തെ കുടംതുറന്നു വിട്ടതാകട്ടെ കെപിസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സുധാകരനും.
ഗീത ടൂറിസ്റ്ഹോം(കണ്ണൂര്‍), കീര്‍ത്തി ഹോട്ടല്‍സ്(കൂത്താട്ടുകുളം), ഹോട്ടല്‍ സീപാലസ്(മുണ്ടയ്ക്കല്‍,കൊല്ലം), ഹോട്ടല്‍ സമുദ്ര(കൊട്ടാരക്കര), ഹോട്ടല്‍ മഹാരാജ്(എരുമേലി), ഹോട്ടല്‍ സൂര്യ ബാര്‍(ഇരിട്ടി), ഹോട്ടല്‍ മിഥില(എരമല്ലൂര്‍, ആലപ്പുഴ), സ്വപ്ന ടൂറിസ്റ് ഹോം(അത്താണി, എറണാകുളം), മന്ന ടൂറിസ്റ് ഹോം(പെരുമ്പാവൂര്‍), കെ കെ ടൂറിസ്റ്ഹോം(പേരാവൂര്‍, കണ്ണൂര്‍), ഹോട്ടല്‍ ഷൈന്‍സ്(കൊല്ലം), ഹോട്ടല്‍ അളകനന്ദ(പാരിപ്പള്ളി, കൊല്ലം), മമ്പലപ്പാട്ട് ടൂറിസ്റ് ഹോം(ചിങ്ങവനം, കോട്ടയം), റോക് റോസ് ടൂറിസ്റ് ഹോം(വൈറ്റില, തൃശൂര്‍), ഹോട്ടല്‍ മമത(കുന്ദംകുളം), ഹോട്ടല്‍ കിങ്സ് വേ(ചങ്ങനാശേരി), ഹോട്ടല്‍ പുഷ്പക്(കൊണ്ടോട്ടി), ഹോട്ടല്‍ കാനായ്(ഉഴവൂര്‍, കോട്ടയം), ഹോട്ടല്‍ റോസ്(ഭരണങ്ങാനം, കോട്ടയം), ഹോട്ടല്‍ സമ്രാട്ട്(എടക്കര, മലപ്പുറം) എന്നിവര്‍ക്കാണ് അന്ന് ബാര്‍ലൈസന്‍സ് ലഭിച്ചത്.
1992 ഒക്ടോബറിലാണ് 21 ഹോട്ടലിന് അന്യായമായി ബാര്‍ലൈസന്‍സ് നല്‍കിയത്. ലൈസന്‍സ് അനുവദിച്ചപ്പോള്‍ കെ കരുണാകരനായിരുന്നു മുഖ്യമന്ത്രി. എക്സൈസ് കൈകാര്യം ചെയ്തത് ഐ ഗ്രൂപ്പുകാരനും കരുണാകരന്റെ വിശ്വസ്തനുമായിരുന്ന എം ആര്‍ രഘുചന്ദ്രബാലായിരുന്നു. ഇവരെയൊക്കെ നിയന്ത്രിച്ചിരുന്നതാകട്ടെ കേന്ദ്രവ്യോമയാന മന്ത്രിയായ അന്നത്തെ കെ പിസിസി പ്രസിഡന്റ് വയലാര്‍ രവിയും. ലൈസന്‍സ് ലഭിക്കാന്‍ കരുണാകരനും വയലാര്‍ രവിക്കും രഘുചന്ദ്രബാലിനും 10 ലക്ഷം വീതവും കോണ്‍ഗ്രസ് എംഎല്‍എ റോസക്കുട്ടിക്ക് 5 ലക്ഷവും കൈക്കൂലി നല്‍കിയെന്നാണ് പണം നല്‍കിയ കണ്ണൂര്‍ പുതിയതെരുവിലെ ഗീത ടൂറിസ്റ് ഹോം പാര്‍ട്ണറായിരുന്ന ജോസ് ഇല്ലിക്കല്‍ വെളിപ്പെടുത്തിയത്. കരുണാകരനുവേണ്ടി പണം വാങ്ങിയത് മകള്‍ പത്മജയാണെന്നും ബാറുടമ സാക്ഷ്യപ്പെടുത്തുന്നു.
അന്യായമായി നല്‍കിയ ലൈസന്‍സുകള്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും പോരാട്ടവും ശക്തമായതിനെത്തുടര്‍ന്ന് തൊട്ടുപിറ്റേ മാസംതന്നെ റദ്ദാക്കുകയായിരുന്നു. അതോടെ, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയ 30 ലക്ഷവും വെറുതെയായി. കാര്യം നടക്കാതെ വന്നപ്പോള്‍ റോസക്കുട്ടി 5 ലക്ഷം തിരിച്ചുനല്‍കിയെന്നും ബാറുടമ പറയുന്നു. ലൈസന്‍സ് റദ്ദാക്കിയതിനെതിരെ ബാറുടമകള്‍ നല്‍കിയ റിട്ട് ഹര്‍ജിയാകട്ടെ 1993 ഫെബ്രുവരി ഒന്നിന് ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചതും തുടര്‍ന്ന്, നേതാക്കള്‍ക്കും ജഡ്ജിക്കും കോഴ നല്‍കിയതും. ജസ്റിസുമാരായ എസ് രത്നവേല്‍ പാണ്ഡ്യന്‍, ആര്‍ എം സഹായ് എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് 1993 നവംബര്‍ അഞ്ചിനാണ് ബാറുടമകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
കൈക്കൂലി വാങ്ങിയ കാര്യം രഘുചന്ദ്രബാലും പത്മജയും നിഷേധിച്ചിരിക്കുന്നു. വിവാദം ഉണ്ടായപ്പോള്‍ ലൈസന്‍സ് റദ്ദാക്കിയെന്ന് രഘുചന്ദ്രബാല്‍ പറയുന്നു. വഴിവിട്ട ഇടപാടാണ് നടന്നതെന്ന് അദ്ദേഹം തുറന്നുസമ്മതിക്കുകയാണ്. വയലാര്‍ രവി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ജഡ്ജിക്ക് കോഴ നല്‍കിയ കാര്യം കൃത്യമായി ഓര്‍മിക്കുന്ന കെ സുധാകരന്‍ തന്റെ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതിലും ഇടനിലക്കാരനാവുക സ്വാഭാവികമാണ്. അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയ കൈക്കൂലിയുടെ കാര്യത്തിലും സുധാകരന്റെ പ്രതികരണം കേരളം പ്രതീക്ഷിക്കുന്നു.
സുധാകരന് കിട്ടിയത് എത്ര?
കണ്ണൂര്‍: ബാര്‍ ലൈസന്‍സ് തരപ്പെടുത്തുന്നതിന് ബാറുടമകളെ സര്‍ക്കാരും കെപിസിസി നേതൃത്വവുമായി ബന്ധപ്പെടുത്താനും പിന്നീട് സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നതിനുംഇടനിലക്കാരനായ കെ സുധാകരന് കിട്ടിയ പ്രതിഫലമെന്തെന്ന ചോദ്യം സജീവ ചര്‍ചയാകുന്നു. പത്മജയെ പരിചയപ്പെടുത്തിയ കെ സി റോസക്കുട്ടിക്ക് അഞ്ചു ലക്ഷം കിട്ടുമ്പോള്‍ ഈ ഇടപാടിന്റെ സൂത്രധാരനായ സുധാകരന് ലഭിച്ചത് വന്‍ തുകയാവും എന്നു വ്യക്തം. കണ്ണൂരിലെ ബാറുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സ്ഥിരം മധ്യസ്ഥനാണ് സുധാകരന്‍.
സുപ്രീംകോടതി ജഡ്ജിയുടെ അടുപ്പക്കാരനായ ധര്‍മപ്രകാശ്സുധാകരന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സുധാകരന്റെ ക്രിമിനല്‍, അധോലോക പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചെന്നൈയില്‍ വേണ്ട ഒത്താശ ചെയ്യുന്നത് ഇയാളാണ്. ജസ്റ്റിസ് പാണ്ഡ്യനുമായി ധര്‍മപ്രകാശിനുള്ള ബന്ധം നന്നായി മനസിലാക്കിയാണ് ബാര്‍ ലൈസന്‍സ് കേസില്‍ കൈക്കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട് സുധാകരന്‍ ബാറുടമകളെ ഇയാളുടെ അടുത്തേക്ക് അയച്ചത്. ജഡ്ജിയുടെ കൈക്കൂലി സംബന്ധിച്ച് ബാറുടമ പറയുന്ന കണക്കും സുധാകരന്റെ കണക്കും തമ്മില്‍ 10 ലക്ഷത്തിന്റെ വ്യത്യാസമുണ്ടെന്നതും ഇടപാടില്‍ സുധാകരനുണ്ടായ നേട്ടങ്ങളിഗലക്ക് വിരല്‍ചൂണ്ടുന്നു.
ബാര്‍ ലൈസന്‍സ് ഇടപാട് : കേസെടുക്കണം-പിണറായി
യുഡിഎഫ് ഭരണകാലത്ത് നടന്ന ബാര്‍ ലൈസന്‍സ് ഇടപാട് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണകാലത്തെ ജീര്‍ണതകളുടെ പ്രവാഹമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയും. മന്ത്രി ജി സുധാകരന്റെ നിയമസഭാ പ്രസംഗങ്ങളുടെ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു പിണറായി.
ബാര്‍ ലൈസന്‍സിനായി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നാണ് ബാറുടമകളില്‍ ഒരാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, മുന്നണിക്ക് നേതൃത്വം നല്‍കുന്ന കക്ഷിയുടെ നേതാവ് തുടങ്ങിയവര്‍ക്കെല്ലാം പണം കൊടുത്തു എന്ന് ബാര്‍ ഉടമ തന്നെ വെളിപ്പെടുത്തി. രണ്ട് വനിതകളും കാശു വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. എക്സൈസ് മന്ത്രിയായ രഘുചന്ദ്രബാല്‍ പത്തു ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് വെളിപ്പെടുത്തല്‍. അന്നത്തെ കെപിസിസി പ്രസിഡന്റും ലക്ഷങ്ങള്‍ വാങ്ങി. ഇപ്പോഴത്തെ കേന്ദ്രമന്ത്രിയാണദ്ദേഹം. കെപിസിസി പ്രസിഡന്റ് ബാര്‍ ഉടമയില്‍ നിന്ന് പണം വാങ്ങിയത് എന്തിനായിരുന്നു. കുറ്റകരമായ ഇടപാടാണിത്. പത്മജയും കാശു വാങ്ങിയെന്നാണ് ആരോപണം. വെറുതെയാരും കാശ് വാങ്ങില്ലല്ലോ. തെറ്റായ കാര്യങ്ങള്‍ക്കായി കരുണാകരനു വേണ്ടി പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അവരെയും പ്രതിയാക്കണം.
അന്ന് എംഎല്‍എ ആയിരുന്ന കെ സുധാകരനാണ് കൈക്കൂലി കൊടുക്കുന്നതിന് നേതൃത്വം നല്‍കിയത്. കുറ്റത്തിന്റെ ഗൌരവം അനുസരിച്ച് വകുപ്പ് ചേര്‍ത്ത് ഇവര്‍ക്കെല്ലാമെതിരെ കേസെടുക്കണം. കെ സുധാകരന്‍ പറയുന്നത് സുപ്രിംകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്നാണ്. അബ്കാരിക്കുവേണ്ടി ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ നിയമസഭാംഗം കൂട്ടു നിന്നു എന്നതും അതിന് നേതൃത്വം നല്‍കി എന്നതും അങ്ങേയറ്റം ഗൌരവമായ അവസ്ഥയാണ്. ആവേശം കയറി കെ സുധാകരന്‍ പറഞ്ഞ കാര്യം ഗൌരവമാക്കേണ്ടെന്ന ചെന്നിത്തലയുടെ ന്യായീകരണമൊന്നും വിലപ്പോവില്ല. നിയമവിരുദ്ധമായി ബാര്‍ലൈസന്‍സ് സമ്പാദിച്ചതെങ്ങനെയെന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നുവെന്നും പിണറായി പറഞ്ഞു.
മദ്യലോബിയുടെ ഇടനിലക്കാരനായ സുധാകരനെ കോണ്‍ഗ്രസ് പുറത്താക്കുമോ: പി ജയരാജന്‍
മദ്യലോബിയുടെ ഇടനിലക്കാരനായ കെ സുധാകരന്‍ എംപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറാവുമോയെന്ന് പി ജയരാജന്‍ ചോദിച്ചു. ജുഡീഷ്യറിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നവരെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് അദ്ദേഹം ആവശ്യപ്പെട്ടു. വയലാര്‍ രവി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങിയതിന്റെ കഥകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളത്?
കൊള്ളരുതായ്മകളുടെ കൂടാരമായി കോണ്‍ഗ്രസ് മാറി. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. യുഡിഎഫിന്റെ സമുന്നത നേതൃത്വം തന്നെ കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെട്ടുവെന്നതാണ് പുതിയ വാര്‍ത്ത. കെ എം മാണിക്കും ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. പരമോന്നത നീതിപീഠം തടവുശിക്ഷ വിധിച്ചയാള്‍ക്ക് സ്വീകരണം നല്‍കിയതിലൂടെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മനസിലായി. എല്‍ഡിഎഫിനെതിരെ കുറ്റപത്രവുമായി യാത്ര നടത്തിയ യുഡിഎഫ് ജനങ്ങളുടെ മുന്നില്‍ അപഹാസ്യരായി. ബാലകൃഷ്ണപിള്ളയോടൊപ്പം ശിക്ഷിക്കപ്പെട്ട സ്വന്തംപാര്‍ടിയിലെ നേതാവായ പി കെ സജീവനെ കൂടെനിര്‍ത്തിയാണ് കെ എം മാണി കുറ്റപത്രം സമര്‍പ്പിക്കാന്‍ പോയത്. യുഡിഎഫ് ഘടകകക്ഷിനേതാക്കളെല്ലാവരും സമൂഹത്തിന് മുന്നില്‍ ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുനയിലാണെന്നും ജയരാജന്‍ പറഞ്ഞു.
കെ സി റോസക്കുട്ടിക്കെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണം
കല്‍പ്പറ്റ: ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കണ്ണൂരിലെ ബാറുടമ മുന്‍ എംഎല്‍എ കെ സി റോസക്കുട്ടിക്കെതിരെ ഉയര്‍ത്തിയത് ഗുരുതരമായ ആരോപണം. സുപ്രീംകോടതി ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കെ സുധാകരന്‍ എംപിയുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ കോളിളക്കം എത്തിനില്‍ക്കുന്നത് ബാര്‍ലൈസന്‍സിന് ഇടനിലക്കാരിയായി കെ സി റോസക്കുട്ടി പ്രവര്‍ത്തിച്ചുവെന്ന പുതിയ വെളിപ്പെടുത്തലിലാണ്. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെ കെ സി റോസക്കുട്ടിക്ക് നിയമനടപടികള്‍ക്ക് വിധേയയാകേണ്ടിവരുമെന്നാണ് സൂചന.
കണ്ണൂര്‍ പുതിയതെരുവിലെ ഗീതബാറിന്റെ പാര്‍ട്ണറായിരുന്ന ജോസ് ഇല്ലിക്കലാണ് 21 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ കെ സി റോസക്കുട്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് വനിതാനേതാക്കള്‍ ഇടനിലക്കരായി പ്രവര്‍ത്തിച്ചുവെന്ന് വെളിപ്പെടുത്തിയത്. ഇതിന് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ അവര്‍ കൈപ്പറ്റിയെന്നും ബാര്‍ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കിയതിനാല്‍ തുക തിരികെ നല്‍കിയെന്നുമാണ് ജോസ് മാധ്യമങ്ങളോട് പറഞ്ഞത്. 2002ല്‍ കെ സി റോസക്കുട്ടി ബത്തേരി എംഎല്‍എ ആയിരിക്കെയാണ് സംസ്ഥാനത്ത് 21ബാറുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. കെപിസിസിക്ക് 10ലക്ഷവും അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് പത്മജ വഴി 10ലക്ഷവും കെ സി റോസക്കുട്ടിക്ക് അഞ്ച് ലക്ഷവും നല്‍കിയെന്നാണ് ആരോപണം.
കെപിസിസി ജനറല്‍ സെക്രട്ടറികൂടിയായ കെ സി റോസക്കുട്ടിക്ക് കെ കരുണാകരന്റെ വിശ്വസ്തയെന്ന നിലക്ക് അദ്ദേഹത്തിന്റെ ഭരണകാലത്ത് എല്ലാ മേഖലയിലും സ്വാധീനമുണ്ടായിരുന്നു. വയനാട്ടില്‍നിന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉയര്‍ന്ന സ്ഥാനം നേടിയ ഏക വനിതയാണ് റോസക്കുട്ടി. രാജീവ് ഗാന്ധി, സോണിയ, കരുണാകരന്‍ എന്നിവരുമായുള്ള അടുത്ത ബന്ധമാണ് അവരെ വളര്‍ത്തിയത്. ഇടയ്ക്ക് എ ഗ്രൂപ്പുകാരിയായും അറിയപ്പെട്ടു. പനമരം ഡിവിഷിനില്‍നിന്ന് ജില്ലാ കൌസിലിലേക്ക് മത്സരിച്ച് തോറ്റ അവര്‍ പിന്നീട് ബത്തേരി മണ്ഡലത്തില്‍നിന്ന് എംഎല്‍എയായി. അടുത്ത തവണ പി വി വര്‍ഗീസ് വൈദ്യരോട് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സീറ്റ് കിട്ടിയില്ല. തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സിറ്റീലേക്ക് റോസക്കുട്ടിയുടെ പേര് പറഞ്ഞ്കേട്ടുവെങ്കിലൂം അവസാന നിമിഷം തഴയപ്പെട്ടു. ഇത്തവണ നിയമസഭാ സീറ്റിന് ശ്രമിക്കുന്നതിനിടെയാണ് കോഴയാരോപണം. കോഴക്കേസ് ഉയര്‍ത്തിയ കെ സുധാകരനെതിരെയുള്ള അന്വേഷണം റോസക്കുട്ടിയിലേക്കും നീളുമെന്ന് വ്യക്തമാണ്.
ജോസ് ഇല്ലിക്കലിനെ അറിയില്ല: റോസക്കുട്ടി
കല്‍പ്പറ്റ: കണ്ണൂരിലെ ബാറുടമ ജോസ് ഇല്ലിക്കല്‍ എന്നൊരാളെ തനിക്ക് അറിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ സി റോസക്കുട്ടി പറഞ്ഞു. താന്‍ ഒരു ഇടനിലക്കാരിയായും പ്രവര്‍ത്തിച്ചിട്ടില്ല. ആരോപണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. വാങ്ങിയാലല്ലേ തിരിച്ചുകൊടുക്കേണ്ടത്. ആംരാപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കും. ജോസിനെതിരെ നിയമനടപടി സ്വീകരിക്കും.ആരോപണത്തെക്കുറിച്ച് കെപിസിസി നേതൃത്വത്തില്‍നിന്ന് ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും റോസക്കുട്ടി പറഞ്ഞു.
deshabhimani 170211
വഴിവിട്ട് ബാര്‍ ലൈസന്‍സ് നല്‍കാന്‍ എക്സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാലും അന്നത്തെ കെപിസിസി പ്രസിഡന്റ് വയലാര്‍ രവിയും പത്മജയും പത്തുലക്ഷം രൂപ വീതം വാങ്ങിയെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി. രഘുചന്ദ്രബാലും ഇടനിലക്കാരും ബാറുടമകളുമായി ചര്‍ച്ച നടത്തിയാണ് കൈക്കൂലിയുടെ നിരക്ക് നിശ്ചയിച്ചതെന്നാണ് കണ്ണൂരിലെ ബാറുടമ ജോസ് ഇല്ലിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബാറുടമകളെ സര്‍ക്കാരും കെപിസിസി നേതൃത്വവുമായി ബന്ധപ്പെടുത്തിയ മുഖ്യ ഇടനിലക്കാരനായിരുന്നു കെ സുധാകരന്‍. കണ്ണൂരിലെ ഗീത ബാറിന്റെ പാര്‍ട്നര്‍ കൃഷ്ണന്‍ മുഖേനയാണ് മറ്റ് ബാറുടമകള്‍ സുധാകരനുമായി ബന്ധപ്പെടുന്നത്. കൈക്കൂലി കരാര്‍ ഉറപ്പിച്ച ശേഷം മൂന്ന് കറുത്ത ബ്രീഫ് കേസുകളിലായാണ് ഇവര്‍ പണവുമായി കണ്ണൂരില്‍ നിന്ന് തിരിച്ചത്.
ReplyDeletenice article,
ReplyDelete