Saturday, February 19, 2011

പാമൊലിന്‍; കത്താന്‍ ഇനിയുമേറെ

പാമൊലിന്‍ കേസില്‍ തന്നെ ഒന്ന് പ്രതിയാക്കൂവെന്നായിരുന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കേള്‍ക്കുന്ന മാത്രയില്‍ ആരും അംഗീകരിച്ചുപോകുന്ന മട്ടിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. സര്‍ക്കാരിന്റെ ഒരു ഔദാര്യവും വേണ്ട; ഇനി വേണമെങ്കിലും പ്രതിയാക്കിക്കോ എന്ന രീതിയില്‍ നടത്തിയ അഭ്യര്‍ഥനയ്ക്കു പിന്നില്‍ പതിയിരുന്ന തന്ത്രം ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും തിരിച്ചറിഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ അവസരം ചോദിക്കണമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചപ്പോള്‍ പാമൊലിന്‍ ഇടപാടില്‍ അന്ന് ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി വഹിച്ച പങ്കിലേക്കാണ് ധനമന്ത്രി തോമസ് ഐസക് വിരല്‍ചൂണ്ടിയത്. ബജറ്റ് ചര്‍ച്ചയുടെ കൊട്ടിക്കലാശം എന്തുകൊണ്ടും ജോര്‍. പാമൊലിന്‍ കൊള്ളയ്ക്ക് ഉമ്മന്‍ചാണ്ടിയും കൂട്ടുനിന്നുവെന്ന് ഐസക് വെട്ടിത്തുറന്നുതന്നെയാണ് പറഞ്ഞത്. അതിന് ഉപോല്‍ബലകമായ ഫയലുകളും രേഖകളും കൈയില്‍ കരുതിയാണ് അദ്ദേഹമെത്തിയത്. സര്‍ക്കാരിന് പറയാനുള്ളത് കോടതിയില്‍ പറഞ്ഞോളാമെന്ന കോടിയേരിയുടെ വാക്കുകളിലും മറ്റ് ചിലത് വായിച്ചെടുക്കാന്‍ എളുപ്പമായിരുന്നു. അതോടെ താനൊരു പാവം നിരപരാധിയെന്ന ഉമ്മന്‍ചാണ്ടിയുടെ മുഖപടം അഴിഞ്ഞുവീഴുകയും ചെയ്തു. വാഗ്വാദത്തിന് തിരശീല വീണപ്പോള്‍ ഒരു കാര്യം വ്യക്തമായി. പാമൊലിന്‍ എണ്ണയില്‍ ഇനിയും കത്താന്‍ ഏറെയുണ്ട്.

ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രിമാര്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് നടാടെയല്ല. പക്ഷേ, ആര്യാടന്‍ മുഹമ്മദ്, കെ എം മാണി, വി ഡി സതീശന്‍ എന്നിവര്‍ക്ക് അതൊന്നും അത്ര പന്തിയല്ല. ഏത് ഹെഡ്ഡ്, നീക്കിബാക്കി എത്ര? ഇങ്ങനെ ചോദ്യങ്ങള്‍ നീണ്ടു. കണക്കും രാഷ്ട്രീയവും പാകത്തിന് ചേര്‍ത്ത് ധനമന്ത്രി മുന കൂര്‍പ്പിച്ചപ്പോള്‍ പ്രതിപക്ഷം വശംകെട്ടു. മന്ത്രിയുടെ വാക്കുകളില്‍: വില്ലാളി വീരന്മാരായിരുന്നവര്‍, ഇപ്പോള്‍ ഇരിക്കുന്ന ഇരിപ്പുകണ്ടാല്‍ പാവം തോന്നും.

സബ്ജക്ട് കമ്മിറ്റിയുടെ പരിഗണന കഴിഞ്ഞെത്തിയ പൊതുപാതകള്‍ (സംഘം ചേരലിനും ജാഥകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തല്‍) ബില്‍ മിനിറ്റുകള്‍ക്കുള്ളിലാണ് പാസായത്. വകുപ്പ് തിരിച്ചുള്ള ചര്‍ച്ചയിലും മൂന്നാം വായനയിലും ഇരുപക്ഷത്തുനിന്നും തലോടല്‍ ഏറ്റുവാങ്ങിയാണ് ബില്‍ കടന്നുപോയത്. കേരളീയരുടെ പൊതുവികാരമാണ് ബില്ലെന്ന് മന്ത്രി കോടിയേരിയും ആത്മസംയമനത്തോടെ നിയമത്തെ കാണണമെന്ന് പ്രതിപക്ഷ ഉപനേതാവ് ജി കാര്‍ത്തികേയനും വ്യക്തമാക്കി.

അഴിമതിക്കാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയാണ് പ്രധാനമന്ത്രിയെന്ന് ആനത്തലവട്ടം ആനന്ദന്‍. പ്രതിപക്ഷത്തിന്റെ ആക്ഷേപം ചേമ്പിലയില്‍ വീണ വെള്ളമാണെന്നും അദ്ദേഹത്തിന് ഉറപ്പ്. പ്രധാനമന്ത്രിയുടെ വിമാനം വെടിവച്ചുവീഴ്ത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ ആരോപിച്ച കോഗ്രസ് എംപിമാര്‍ ഇങ്ങനെ തരംതാഴാമോയെന്നും അദ്ദേഹം ചോദിച്ചു. ഭദ്രമായ സാമ്പത്തികസ്ഥിതിയുമായി നിലകൊള്ളുന്ന ധനമന്ത്രിയെയാണ് ബജറ്റില്‍ ദര്‍ശിക്കാന്‍ കഴിയുന്നതെന്ന് കെ വി കുഞ്ഞിരാമന്‍ ചൂണ്ടിക്കാട്ടി. അശ്വത്ഥാമാവിനെപ്പോലെ പുഴുത്ത് ജീര്‍ണിച്ച് ആര്‍ക്കുംവേണ്ടാതെ യുഡിഎഫ് മാറിക്കഴിഞ്ഞെന്ന് അദ്ദേഹത്തിന് തീര്‍ച്ച. കൃഷി, പശ്ചാത്തല വികസനം എന്നിവയിലൂന്നിയ പി ജെ ജോസഫ് ബജറ്റിനെ എതിര്‍ക്കാനോ അനുകൂലിക്കാനോ തുനിഞ്ഞില്ല. തോമസ് ഐസക് ധനമന്ത്രിയായി വീണ്ടും ആ കസേരയില്‍ എത്തണമെന്ന ആഗ്രഹം കെ അജിത്ത് മറച്ചുവച്ചില്ല. സ്വപ്നങ്ങള്‍ അലങ്കരിക്കുന്ന ബജറ്റ് കണ്ട് സ്വര്‍ഗം നാണിക്കുമെന്നാണ് കുട്ടി അഹമ്മദ് കുട്ടിയുടെ പരിഹാസം. സങ്കല്‍പ്പങ്ങളുടെയും സ്വപ്നങ്ങളുടെയും ലോകത്ത് ധനമന്ത്രി നില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. സര്‍ക്കാര്‍ചെയ്ത നല്ല കാര്യങ്ങള്‍ മനസിലാക്കുന്ന കാര്യത്തില്‍ കുട്ടി അഹമ്മദ് കുട്ടി ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാണ് മാത്യു ടി തോമസിന്റെ പക്ഷം. കെടിഡിഎഫ്സിയില്‍ പണ്ട് തസ്തികപോലും ഇല്ലാതെ നടത്തിയ നിയമനത്തെക്കുറിച്ച് പ്രതിപക്ഷത്തെ ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല.

കേന്ദ്രസര്‍ക്കാരിന്റെയും യുഡിഎഫിന്റെയും അഴിമതി നിരത്തിയ സി കെ പി പത്മനാഭന്‍ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. യുഡിഎഫിന്റെ ഭരണം ഓര്‍മയില്‍പ്പോലും ഞെട്ടലുളവാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തുനിന്ന് ഇടപെട്ട കെ ബാബുവിനെ സി കെ പി കശക്കിയെറിഞ്ഞു. പൂര്‍ണചന്ദ്രനെപ്പോലെ വികസനത്തിന്റെ പൂനിലാവ് പരത്തി നില്‍ക്കുന്ന ധനമന്ത്രിയെ വിമര്‍ശിക്കുന്നത് ശ്വാനന്മാരുടെ ഓരിയിടലായി കണ്ടാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബജറ്റില്‍ പൂഴിക്കടകന്‍ പ്രയോഗങ്ങളാണെന്നാണ് യു സി രാമന്റെ കണ്ടെത്തല്‍.
(കെ ശ്രീകണ്ഠന്‍)

ദേശാ‍ഭിമാനി 190211

1 comment:

  1. പാമൊലിന്‍ കേസില്‍ തന്നെ ഒന്ന് പ്രതിയാക്കൂവെന്നായിരുന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കേള്‍ക്കുന്ന മാത്രയില്‍ ആരും അംഗീകരിച്ചുപോകുന്ന മട്ടിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. സര്‍ക്കാരിന്റെ ഒരു ഔദാര്യവും വേണ്ട; ഇനി വേണമെങ്കിലും പ്രതിയാക്കിക്കോ എന്ന രീതിയില്‍ നടത്തിയ അഭ്യര്‍ഥനയ്ക്കു പിന്നില്‍ പതിയിരുന്ന തന്ത്രം ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും തിരിച്ചറിഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ അവസരം ചോദിക്കണമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചപ്പോള്‍ പാമൊലിന്‍ ഇടപാടില്‍ അന്ന് ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി വഹിച്ച പങ്കിലേക്കാണ് ധനമന്ത്രി തോമസ് ഐസക് വിരല്‍ചൂണ്ടിയത്. ബജറ്റ് ചര്‍ച്ചയുടെ കൊട്ടിക്കലാശം എന്തുകൊണ്ടും ജോര്‍. പാമൊലിന്‍ കൊള്ളയ്ക്ക് ഉമ്മന്‍ചാണ്ടിയും കൂട്ടുനിന്നുവെന്ന് ഐസക് വെട്ടിത്തുറന്നുതന്നെയാണ് പറഞ്ഞത്. അതിന് ഉപോല്‍ബലകമായ ഫയലുകളും രേഖകളും കൈയില്‍ കരുതിയാണ് അദ്ദേഹമെത്തിയത്. സര്‍ക്കാരിന് പറയാനുള്ളത് കോടതിയില്‍ പറഞ്ഞോളാമെന്ന കോടിയേരിയുടെ വാക്കുകളിലും മറ്റ് ചിലത് വായിച്ചെടുക്കാന്‍ എളുപ്പമായിരുന്നു. അതോടെ താനൊരു പാവം നിരപരാധിയെന്ന ഉമ്മന്‍ചാണ്ടിയുടെ മുഖപടം അഴിഞ്ഞുവീഴുകയും ചെയ്തു. വാഗ്വാദത്തിന് തിരശീല വീണപ്പോള്‍ ഒരു കാര്യം വ്യക്തമായി. പാമൊലിന്‍ എണ്ണയില്‍ ഇനിയും കത്താന്‍ ഏറെയുണ്ട്.

    ReplyDelete