Friday, February 18, 2011

കരണം മറിഞ്ഞ് സുധാകരന്‍

കൊട്ടാരക്കരയിലെ പരാമര്‍ശം കോടതിയലക്ഷ്യമല്ലെന്നും ജുഡീഷ്യറിക്കെതിരെയല്ല, ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കെതിരെയാണ് താന്‍ പറഞ്ഞതെന്നും ജുഡീഷ്യറിയെയും ജുഡീഷ്യല്‍ ഓഫിസര്‍മാരെയും രണ്ടായി കാണണമെന്നും കെ സുധാകരന്‍ എം പി. കൊട്ടാരക്കരയിലെ പ്രസംഗം തെറ്റിദ്ധാരണാജനകമായി രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ബാര്‍ ലൈസന്‍സ് കേസില്‍ അനുകൂല വിധി സമ്പാദിക്കാന്‍  36 ലക്ഷം രൂപ സുപ്രിംകോടതിയിലെ ഒരു ജഡ്ജിക്ക് ബാറുടമകള്‍ നല്‍കിയതിന് താന്‍
സാക്ഷിയാണെന്നായിരുന്നു സുധാകരന്‍ കൊട്ടാരക്കരയില്‍ പ്രസംഗിച്ചത്. അദ്ദേഹം ഈ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുധാകരനെതിരെ കേസെടുത്തിട്ടുമുണ്ട്. ഇതേക്കുറിച്ച് വിശദീകരിക്കാനാണ് സുധാകരന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അഴിമതി ഇത്രയും കാലം പുറത്തുപറയാതിരുന്നതെന്തെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു മറുപടി. അഴിമതിക്കാരായ ജഡ്ജിമാരും ഇവിടെയുണ്ട്. എന്നാല്‍ മഹാഭൂരിപക്ഷം ജഡ്ജിമാരും ആദരണീയരാണ്. കൊട്ടാരക്കരയിലെ പ്രസംഗത്തില്‍ ബാലകൃഷ്ണപ്പിള്ളയെ ശിക്ഷിച്ച കോടതിക്കെതിരെയോ കോടതിവിധിക്കെതിരെയോ താന്‍ ഒന്നും പറഞ്ഞിട്ടില്ല. പ്രസംഗം കോടതിയലക്ഷ്യമല്ലെന്നും കോടതിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ജുഡീഷ്യറിയോടുള്ള ബഹുമാനം മൂലമാണ് ജഡ്ജിയുടെ പേര് വെളിപ്പെടുത്താത്തത്. അതേസമയം പണം നല്‍കിയതിന് ഇടനിലക്കാരന്‍ ആയി സുധാകരന്‍ പ്രവര്‍ത്തിച്ചിരുന്നെന്ന ബാറുടമയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ സുധാകരന്‍ തയ്യാറായില്ല. പകരം തനിക്കെതിരെ പ്രതികരിച്ച ജോസ് ഇല്ലിക്കല്‍ വിവിധ കേസുകളില്‍ പ്രതിയാണെന്നായിരുന്നു മറുപടി. പണം കൊടുത്തതിന് സാക്ഷിയായത് എങ്ങനെയെന്ന ചോദ്യത്തിനും എല്ലാം പറയേണ്ടിടത്ത് പറയുമെന്നായിരുന്നു മറുപടി.

നേതാക്കന്മാരുടെ പ്രസംഗം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഭാഷ്യമല്ല. കൊട്ടാരക്കരയിലെ പ്രസംഗം തന്റേത് മാത്രമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും സുധാകരന്‍ പറഞ്ഞു. ജുഡീഷ്യറി ഓഫിസര്‍മാര്‍ അഴിമതിക്കാരാകുന്നത് ജുഡീഷ്യറിയെത്തന്നെയല്ലേ ബാധിക്കുന്നതെന്ന ചോദ്യത്തിനും ജുഡീഷ്യറി ഓഫിസര്‍മാര്‍ ജുഡീഷ്യറിയല്ലെന്ന മറുപടിയാണുണ്ടായത്. പ്രസംഗവുമായി ബന്ധപ്പെട്ട്് ആരും വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധി, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

janayugom 180211

3 comments:

  1. പണം നല്‍കിയതിന് ഇടനിലക്കാരന്‍ ആയി സുധാകരന്‍ പ്രവര്‍ത്തിച്ചിരുന്നെന്ന ബാറുടമയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ സുധാകരന്‍ തയ്യാറായില്ല. പകരം തനിക്കെതിരെ പ്രതികരിച്ച ജോസ് ഇല്ലിക്കല്‍ വിവിധ കേസുകളില്‍ പ്രതിയാണെന്നായിരുന്നു മറുപടി. പണം കൊടുത്തതിന് സാക്ഷിയായത് എങ്ങനെയെന്ന ചോദ്യത്തിനും എല്ലാം പറയേണ്ടിടത്ത് പറയുമെന്നായിരുന്നു മറുപടി.

    ReplyDelete
  2. കൊട്ടാരക്കര പ്രസംഗം വിവാദമായതില്‍ കെ സുധാകരന്‍ എംപിയുടെ ക്ഷോഭം മാധ്യമപ്രവര്‍ത്തകരോട്. 'എന്നോട് ചോദ്യം ചോദിക്കാന്‍ മാധ്യമങ്ങള്‍ക്ക് എന്ത് അവകാശമെന്ന' മുഖവുരയോടെയാണ് സുധാകരന്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകനെ ഇടയ്ക്ക് ശുംഭനെന്നും വിളിച്ചു. ജഡ്ജിമാരെ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങിയെന്നു വിളിച്ചത് ശരിയാണെന്നും ഇതു നാടന്‍ പദപ്രയോഗമാണെന്നുമായിരുന്നു വിശദീകരണം. എം വി ജയരാജന്റെ ശുംഭന്‍ പ്രയോഗം നാടന്‍ പദപ്രയോഗമല്ലേയെന്ന ചോദ്യത്തിനു മറുപടി മാധ്യമപ്രവര്‍ത്തകനെ ശുംഭനെന്നു വിളിച്ചായിരുന്നു. ബാറുടമകള്‍ മോശക്കാരല്ലെന്നും ഇടയ്ക്ക് പ്രതികരിച്ചു. സിപിഐ എം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്റെ കൈ ആര്‍എസ്എസുകാര്‍ വെട്ടിയത് ഗാന്ധിജിക്കൊപ്പം ഉപ്പുകുറുക്കാന്‍ പോയപ്പോഴല്ലെന്നു പരിഹസിച്ച സുധാകരന്‍ ബിജെപി നേതാവ് കെ ടി ജയകൃഷ്ണന്‍ വധക്കേസ് പ്രതികളുടെ ശിക്ഷ ഇളവുചെയ്ത സുപ്രീംകോടതി ജഡ്ജിമാരെയും രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നതിന് സാക്ഷിയായിട്ടും ജനപ്രതിനിധിയായ താങ്കള്‍ ഇത്രയുംകാലം പുറത്തുപറയാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. 'എന്നെക്കൊണ്ട് നിങ്ങള്‍ പറയിപ്പിക്കാന്‍ നോക്കേണ്ടെന്നും ഞാന്‍ ഒന്നും തുറന്നുപറയില്ലെ'ന്നുമായിരുന്നു നിലപാട്.

    ReplyDelete
  3. ഇത് പോലെ കൊടുത്തതും കൊടുപ്പിച്ചതുമായ കൈകൂലികളുടെ നടുക്കണ്ടം തിന്നു വളര്‍ന്ന സുധാകരന് ഇതല്ല ഇതിലപ്പുറവും കളവു പറയാനും കരണം മറിയാനും ഒരു വിഷമവുമില്ല

    ReplyDelete