Sunday, February 20, 2011

മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍: അന്വേഷണം വേണം

തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങള്‍ക്ക് പണം നല്‍കി പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ കുറ്റസമ്മതമായി കണ്ട് നിയമപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്നത് നഗ്നമായ അഴിമതിയാണ്. പണം നല്‍കി തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിപ്പിക്കുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് സമ്പാദിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും വിരുദ്ധമായ അത്തരമൊരു കൃത്യം നടത്തിയെന്ന് കേന്ദ്രമന്ത്രിതന്നെ സമ്മതിക്കുന്നത് ഗൌരവമുള്ള കാര്യമാണ്. തെരഞ്ഞെടുപ്പ് അഴിമതിമാത്രമായി അതിനെ ചുരുക്കിക്കാണാനാകില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പിലും 'പെയ്ഡ് ന്യൂസ്' വന്‍തോതില്‍ അരങ്ങേറിയിരുന്നു. അതിനുംമുമ്പ് ആന്ധ്രപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസ് ഉണ്ടായിരുന്നതായി അവിടത്തെ വനിതാ പത്രപ്രവര്‍ത്തകസംഘടന പരാതിയായി ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷനും പ്രസ് കൌണ്‍സിലും എഡിറ്റേഴ്സ് ഗില്‍ഡും ഇത്തരം പ്രവണതകളെ ശക്തമായി വിമര്‍ശിച്ചു. എന്നാല്‍, പ്രസ് കൌണ്‍സില്‍ പ്രത്യേക സമിതിയെ ഉപയോഗിച്ച് പെയ്ഡ് ന്യൂസിനെക്കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാനും അതില്‍ വെള്ളംചേര്‍ക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

മുല്ലപ്പള്ളിക്കുവേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അനധികൃതമായി പണം വന്നതായും ഒരുപങ്ക് യൂത്ത് കോണ്‍ഗ്രസുകാരന്‍ തട്ടിയെടുത്തതായും വാര്‍ത്ത വന്നിരുന്നു. അത്തരത്തില്‍ എത്ര പണം തെരഞ്ഞെടുപ്പ് വിജയത്തിനായി രാജ്യത്ത് ഒഴുക്കി എന്നും അതില്‍ എത്ര മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. അവിഹിതവും നിയമവിരുദ്ധവുമായ മാര്‍ഗത്തിലൂടെ പണം കൈകാര്യംചെയ്തു എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ വെളിപ്പെടുത്തിയിരിക്കെ കുറ്റകൃത്യം അതീവ ഗൌരവമാര്‍ജിക്കുന്നു. ഉചിതമായ അന്വേഷണത്തിനും നടപടികള്‍ക്കും ബന്ധപ്പെട്ടവര്‍ തയ്യാറാകണം- ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 200211

1 comment:

  1. തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങള്‍ക്ക് പണം നല്‍കി പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ കുറ്റസമ്മതമായി കണ്ട് നിയമപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

    ReplyDelete