Sunday, February 20, 2011

ലിബിയ, ബഹറിന്‍, യമന്‍, ഈജിപ്ത്, അള്‍ജീരിയ...തുടരുന്ന പോരാട്ടങ്ങള്‍

ലിബിയയില്‍ 84 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി/സന/അള്‍ജിയേഴ്സ്: ലിബിയ, യെമന്‍, അള്‍ജീരിയ എന്നിവിടങ്ങളില്‍ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. ലിബിയയില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒമാനില്‍ ശനിയാഴ്ച ഒരാള്‍ കൊല്ലപ്പെട്ടു. ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്ന ലിബിയയില്‍ മൂന്നു ദിവസത്തിനിടെ സുരക്ഷാ സേന 84 പേരെ കൊലപ്പെടുത്തിയെന്ന് ഒരു മനുഷ്യാവകാശ സംഘടനയാണ് വെളിപ്പെടുത്തിയത്. ആശുപത്രികളിലും മറ്റും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കി.

ലിബിയയില്‍ എങ്ങും ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. കിഴക്കന്‍ ലിബിയയിലെ ബെംഗാസി, ബെയ്ഡ, അജ്ദാബിയ, സാവിയ, ദെര്‍ന എന്നീ നഗരങ്ങളില്‍ ആയിരക്കണക്കിനു പ്രക്ഷോഭകരാണ് വെള്ളിയാഴ്ച ഒത്തുകൂടിയത്. ബെംഗാസിയില്‍ പ്രക്ഷോഭകരുടെ കൂട്ടത്തിലേക്ക് കടന്ന് സേന അക്രമം നടത്തി. പ്രക്ഷോഭകര്‍ക്കുനേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനം തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം സമാധാനപരമായി റാലി നടത്തിയവര്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ നാലിടത്തായി 49 പേര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു.

ഭരണാധികാരി മു അമ്മര്‍ ഗദ്ദാഫി ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. പ്രക്ഷോഭകര്‍ക്കു നേരെ സേന വെടിവയ്പ് നടത്തുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ പേര്‍ മരിച്ചത്. യെമനില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഇരുപത്തൊന്നുകാരന്‍ വെടിയേറ്റു മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യെമന്‍ തലസ്ഥാനമായ സനയില്‍ സര്‍ക്കാര്‍ അനുകൂലികളും സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. സര്‍ക്കാര്‍ അനുകൂലികള്‍ നടത്തിയ വെടിവയ്പില്‍ ബസ്സം യാസീന്‍ അബ്ദു എന്ന സര്‍വകലാശാലാ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. പ്രതിഷേധവുമായി ആയിരങ്ങള്‍ ശനിയാഴ്ച മാര്‍ച്ച് നടത്തി. ജനാധിപത്യ ആവശ്യവുമായി പ്രക്ഷോഭം നടത്തുന്ന ആയിരങ്ങള്‍ അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ നടത്താനിരുന്ന റാലി സുരക്ഷാസേന തടഞ്ഞു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനവും ശക്തമാക്കുകയാണ്. പ്രക്ഷോഭകര്‍ നഗരങ്ങളിലേക്കു കടക്കുന്നതു തടയാന്‍ റോഡുകള്‍ മുഴുവന്‍ അടച്ചു.

ബഹറൈനില്‍ പട്ടാളത്തെ പിന്‍വലിച്ചു

മനാമ: തലസ്ഥാനത്തെ തെരുവുകളില്‍നിന്നു പിന്മാറാന്‍ ബഹറൈന്‍ ഭരണനേതൃത്വം സൈന്യത്തോട് ഉത്തരവിട്ടു. ഭരണമാറ്റം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുടെ പ്രധാന ആവശ്യമായിരുന്നു ഇത്. എന്നാല്‍, പൊലീസിനെ ഉപയോഗിച്ച് പ്രക്ഷോഭകരെ നേരിടുന്നത് തുടരുന്നു. രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമാദ് അല്‍ ഖലീഫയാണ് സൈനിക പിന്മാറ്റത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് സൈനിക ടാങ്കുകളും കവചിത വാഹനങ്ങളും തെരുവുകളില്‍നിന്ന് പുറത്തേക്ക് നീങ്ങിത്തുടങ്ങി. സൈന്യത്തിന്റെ പിന്മാറ്റം ആഘോഷിക്കാന്‍ ഒത്തുകൂടിയവര്‍ക്കുനേരെ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. 10 പേരെ കസ്റഡിയില്‍ എടുത്തു. ക്രമസമാധാനപാലനം പൊലീസ് നോക്കുമെന്ന് രാജകുമാരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് രാജകുമാരനെയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കായി രാജാവ് ഹമാദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നിര്‍ദേശം പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന മുഖ്യപ്രതിപക്ഷമായ അല്‍ വെഫാഖ് തള്ളിയിരുന്നു. സൈന്യം പിന്മാറണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. എന്നാല്‍, പിന്മാറ്റ ഉത്തരവ് വന്നിട്ടും ചര്‍ച്ചയ്ക്ക് അനുകൂലമായ പ്രതികരണം പ്രതിപക്ഷത്തില്‍ നിന്നുണ്ടായിട്ടില്ല. പേള്‍ സ്ക്വയറില്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റാലി നടത്തിയവര്‍ക്കു നേരെ സൈന്യം വെടിവച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ആശുപത്രികളും മറ്റും പ്രക്ഷോഭത്തില്‍ പരിക്കേറ്റവരെ കൊണ്ടു നിറയുകയാണ്.

പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രംഗത്തുവന്നു. ഹമാദ് ബിന്‍ രാജാവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. പ്രക്ഷോഭകരെ സമാധാനപരമായി നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, പ്രതിപക്ഷ പ്രക്ഷോഭകര്‍ക്ക് ഇറാനും സിറിയയുമാണ് പരിശീലനം നല്‍കുന്നതെന്ന് ബഹറൈന്‍ അമേരിക്കയോടു പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തി. മുതിര്‍ന്ന അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരോട് രാജാവ് ഹമാദ് ബിന്‍ ആണ് ഇക്കാര്യം പറഞ്ഞത്. 2008ലാണ് ഇതെന്നും വിക്കിലീക്സ് പറയുന്നു.

ബഹറൈനില്‍ രാജവാഴ്ച അവസാനിപ്പിക്കും

മനാമ/ട്രിപോളി/സന/അള്‍ജിയേഴ്സ്: അറബ് മേഖലയിലെ ജനാധിപത്യപ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളില്‍ കത്തിപ്പടരുന്നു. ബഹ്റൈനില്‍ പ്രധാനമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭം രാജഭരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുള്ള ജനമുന്നേറ്റമായി വളര്‍ന്നു. കഴിഞ്ഞദിവസം പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാരചടങ്ങുകള്‍ ഭരണകൂടത്തിനെതിരായ വികാരപ്രകടനങ്ങളുടെ വേദിയായി. സ്ത്രീകളടക്കം പതിനായിരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ശനിയാഴ്ച ലക്ഷംപേരുടെ റാലി നടക്കും.

അള്‍ജീരിയ, യമന്‍, മൊറൊക്കോ, ലിബിയ, ഇറാഖ് എന്നിവിടങ്ങളിലും ജനാധിപത്യഅവകാശങ്ങളും തൊഴിലും ഭക്ഷണവും പാര്‍പ്പിടവും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാണ്. യമനില്‍ തലസ്ഥാനമായ സനായിലും തൈസിലും പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ലിബിയയില്‍ കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ എണ്ണം 50 കവിഞ്ഞു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ആവശ്യപ്പെട്ട് ഇറാഖിലും പ്രകടനങ്ങള്‍ നടന്നതാണ് ശ്രദ്ധേയമായ മറ്റൊരുസംഭവവികാസം.

ഗള്‍ഫില്‍ അമേരിക്കയുടെ തന്ത്രപ്രധാനപങ്കാളിയായ ബഹ്റൈനില്‍ ജനാധിപത്യപ്രക്ഷോഭകര്‍ 'ഖലീഫ ഭരണം' അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ദ്വീപ് രാജ്യമായ ബഹ്റൈന്‍ 1783 മുതല്‍ ഭരിക്കുന്നത് ഖലീഫരാജവംശമാണ്. നിലവില്‍ ഹമദ് രാജാവാണ് ഭരണാധിപന്‍. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി ബിന്‍ സല്‍മാനെ നീക്കണമെന്നും പാര്‍ലമെന്റിന് കൂടുതല്‍ അവകാശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍, പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രമിച്ചതോടെ ജനങ്ങളില്‍ അമര്‍ഷം വളര്‍ന്നു. ഇതുവരെ ഏഴ് പേരാണ് പൊലീസ് അതിക്രമങ്ങള്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ നടത്തിയത് കൂട്ടക്കൊലയാണെന്ന് രാജ്യത്തെ പ്രമുഖ മതപണ്ഡിതന്‍ ഷേക് ഈസ ക്വാസിം പറഞ്ഞു. "വിജയംവരെ വിപ്ളവം'' എന്ന മുദ്രാവാക്യം എഴുതിയ പ്ളാക്കാര്‍ഡുകളും വഹിച്ചാണ് സ്ത്രീകള്‍ സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തത്.

തൊഴിലില്ലായ്മ 20 ശതമാനമായി ഉയര്‍ന്ന ബഹ്റൈനില്‍ യുവാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും വിദേശസെക്രട്ടറി ഹിലരി ക്ളിന്റണും പ്രതിരോധസെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സും ബഹ്റൈന്‍ ഭരണാധികാരികളുമായി ടെലിഫോണില്‍ സംസാരിച്ചു. പ്രക്ഷോഭത്തിന് നേരെ ബലപ്രയോഗം നടത്തരുതെന്ന് ചൂണ്ടിക്കാട്ടിയതായി വൈറ്റ് ഹൌസ് വക്താവ് ജേ കാര്‍ണി പറഞ്ഞു.

ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ പ്രക്ഷോഭകരും പൊലീസുമായി കനത്ത ഏറ്റുമുട്ടലുണ്ടായി. അഭിഭാഷകര്‍ ഉള്‍പ്പടെയുള്ള പ്രക്ഷോഭകര്‍ മുഖ്യകോടതി ഉപരോധിച്ചു. പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സാദ്ദി നഗരത്തില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. യമനിലെ തൈസില്‍ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് പൊട്ടി പ്രക്ഷോഭകരില്‍ ഒരാള്‍ മരിച്ചു. അള്‍ജീരിയന്‍ നഗരങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ജോര്‍ദാന്‍തലസ്ഥാനമായ അമ്മാനില്‍ പൊലീസ് അതിക്രമത്തില്‍ എട്ട് പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. മൊറൊക്കോയില്‍ ഞായറാഴ്ച പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്ന് പ്രതിപക്ഷം അറിയിച്ചു.

ഭീതി അകലുന്നില്ല; മനാമ തെരുവുകള്‍ വിജനം

മനാമ: രാത്രികാലങ്ങളില്‍പോലും ഉണര്‍ന്ന മനാമയില്‍ ഇപ്പോള്‍ പകല്‍പോലും ജനത്തിരക്കില്ല. തെരുവുകളില്‍ ആളുകള്‍ വിരളം. ഗതഗതക്കുരുക്കോ ചീറിപ്പായുന്ന വാഹനങ്ങളോ ഇല്ല. സൈനികവാഹനങ്ങള്‍ക്കുപുറമേ അങ്ങിങ്ങായി കുറച്ച് വാഹനങ്ങള്‍ മാത്രം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ആകാശത്ത് വട്ടമിടുന്ന ഹെലികോപ്റ്ററുകള്‍ മാത്രമാണ് നിശ്ശബ്ദതയ്ക്ക് അപവാദം. ബഹറൈനില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍സമൂഹം സുരക്ഷിതരാണെങ്കിലും ആശങ്കയും അനിശ്ചിതത്വവും പ്രകടമാണ്. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നും അനാവശ്യയാത്ര ഒഴിവാക്കണമെന്നും ഇന്ത്യന്‍ എംബസി ശനിയാഴ്ച ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുനല്‍കി. ശനിയാഴ്ചയും ഓഫീസുകളില്‍ ഹാജര്‍നില കുറഞ്ഞു.

മലയാളി കച്ചവടക്കാരുടെ കേന്ദ്രമായ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നെങ്കിലും വ്യാപാരം നന്നേ കുറവായിരുന്നെന്ന് കച്ചവടക്കാര്‍ പറഞ്ഞു. പച്ചക്കറി ഉള്‍പ്പെടെ സാധനങ്ങള്‍ക്ക് വിലകൂടി. രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം സ്റ്റോക്ക് കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാല്‍ക്ഷാമവും രൂക്ഷമായി. ഏറ്റവും പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് പേള്‍ റൌണ്ട് എബൌട്ടിനു സമീപമാണ്. ഈ മാര്‍ക്കറ്റുകളിലേക്ക് പോകാന്‍ ജനം മടിക്കുകയാണ്. സൈന്യം പിന്മാറിയതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടോടെ വീണ്ടും പ്രക്ഷോഭകര്‍ പേള്‍ റൌണ്ട് എബൌട്ട് കേന്ദ്രീകരിച്ചുതുടങ്ങി. പ്രമുഖ കമ്പനികള്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി പാസ്പോര്‍ട്ട് റീ എന്‍ട്രി അടിച്ചുനല്‍കുന്നു. തന്റെ കമ്പനിയിലെ എല്ലാവര്‍ക്കും പാസ്പോര്‍ട്ട് തിരിച്ചുനല്‍കിയതായി കാസര്‍കോട് കുമ്പള സ്വദേശി മഹേഷ് പറഞ്ഞു. അവധിക്കുപോയവര്‍ മടങ്ങിവരവ് നീട്ടുന്നുണ്ടെന്ന് ട്രാവല്‍ ഏജന്റായ സൈനല്‍ അറിയിച്ചു. പുതിയ വിസ ലഭിച്ചവരും വരവ് നീട്ടിവയ്ക്കുന്നുണ്ട്. അതേസമയം, രാജ്യത്തെ പ്രമുഖ ഗവര്‍ണറേറ്റായ മുഹറഖില്‍ ജനജീവിതം സാധാരണ നിലയിലാണ്. പൊതുവേ ശാന്തിയുടെ ദ്വീപെന്നറിയപ്പെടുന്ന ഇവിടെ ഒരു പ്രശ്നവുമില്ല. മലയാളികളുടെ ആദ്യ കുടിയേറ്റകേന്ദ്രമായ ഇവിടം മലയാളികളുടെ പ്രധാന ആവാസകേന്ദ്രമാണ്.
(പി എ യാസിന്‍)

ഈജിപ്തില്‍ സമരം ശക്തമായി തുടരുന്നു

കെയ്റോ: സമരം നിരോധിച്ച് പട്ടാളനേതൃത്വം ഉത്തരവിട്ടെങ്കിലും ഈജിപ്തില്‍ തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭം തുടരുന്നു. മെച്ചപ്പെട്ട വേതനവും ജീവിതസാഹചര്യവും ആവശ്യപ്പെട്ട് എല്ലാ മേഖലയിലും സമരം നടക്കുകയാണ്. ഫാക്ടറിത്തൊഴിലാളികളും ടെക്സ്റൈല്‍, ബാങ്ക്, റെയില്‍വേ, വിമാനഗതാഗതം, ഖനി, വിനോദസഞ്ചാരം, മുനിസിപ്പല്‍ മേഖലകളും സമരത്തിന് ഇറങ്ങിയിരിക്കയാണ്. സമരം അനുവദിക്കില്ലെന്ന് വെള്ളിയാഴ്ചയാണ് സൈനിക കൌസില്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന സമരങ്ങള്‍ പൊറുക്കാനാകില്ലെന്ന് കൌസില്‍ പറഞ്ഞു. ഇടക്കാല മന്ത്രിസഭ ചെറിയ തോതില്‍ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്ന് സൈനികനേതൃത്വം അറിയിച്ചു. അഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മൂന്നോ നാലോ മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തും. പഴയ സര്‍ക്കാരില്‍ ഉള്‍പ്പെടുന്നവരെ മാറ്റണമെന്ന് പ്രക്ഷോഭകര്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

യമനില്‍ വീണ്ടും ഏറ്റുമുട്ടല്‍

സനാ/ട്രിപോളി: യമനില്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേഹിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ലിബിയയിലും ജനകീയപ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. യമന്‍ തലസ്ഥാനമായ സനയില്‍ തുടര്‍ച്ചയായ ആറാം നാളിലും ആയിരങ്ങള്‍ അണിനിരന്ന റാലി നടന്നു. സര്‍വകലാശാലാ വിദ്യാര്‍ഥികളും പങ്കെടുത്തു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും ആകാശത്തേക്ക് വെടിവയ്പും നടത്തി.

ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി എന്നിവയ്ക്കെതിരായി ആരംഭിച്ച പ്രക്ഷോഭം സലേഹിന്റെ 32 വര്‍ഷമായി നീളുന്ന ദുര്‍ഭരണത്തിനെതിരായ ജനമുന്നേറ്റമായി മാറി. ഇതിനിടെ, 40 വര്‍ഷമായി കേണല്‍ ഗദ്ദാഫിയുടെ ഭരണത്തിലുള്ള ലിബിയയിലും പ്രക്ഷോഭം ആരംഭിച്ചു. ഗദ്ദാഫിസര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു അഭിഭാഷകനെ അറസ്റ്ചെയ്തതിനെത്തുടര്‍ന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയില്‍ പ്രതിഷേധപ്രകടനം നടത്തിയവര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍വാതകവും റബര്‍ വെടിയുണ്ടയും പ്രയോഗിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. നിരവധിയാളുകളെ അറസ്റ് ചെയ്തു.

ദേശാഭിമാനി

1 comment:

  1. ലിബിയ, യെമന്‍, അള്‍ജീരിയ എന്നിവിടങ്ങളില്‍ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. ലിബിയയില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഒമാനില്‍ ശനിയാഴ്ച ഒരാള്‍ കൊല്ലപ്പെട്ടു. ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്ന ലിബിയയില്‍ മൂന്നു ദിവസത്തിനിടെ സുരക്ഷാ സേന 84 പേരെ കൊലപ്പെടുത്തിയെന്ന് ഒരു മനുഷ്യാവകാശ സംഘടനയാണ് വെളിപ്പെടുത്തിയത്. ആശുപത്രികളിലും മറ്റും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കി.

    ReplyDelete