പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അസാധാരണമായ രീതിയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംവാദം രണ്ടാം യുപിഎ സര്‍ക്കാരിനെതിരായി വന്ന അഴിമതി ആരോപണത്തിനൊന്നിനും മറുപടിയായിരുന്നില്ല. തന്റെ ഭരണകാലത്തെ ക്രമക്കേടുകളുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ് ഖേദിച്ചു; 2ജി ഇടപാടില്‍ വീഴ്ച സംഭവിച്ചെന്ന് ഏറ്റുപറഞ്ഞു; സര്‍ക്കാരിനെ നയിക്കുന്ന താന്‍തന്നെയാണ് എല്ലാറ്റിനും ഉത്തരവാദിയെന്ന് കുമ്പസരിച്ചു. പക്ഷേ, അഴിമതിക്കാരെ ശിക്ഷിക്കാനും രാജ്യത്തിന് നഷ്ടപ്പെട്ട കോടാനുകോടികള്‍ തിരിച്ചുപിടിക്കാനും തന്റെ മുന്നില്‍ എന്ത് മാന്ത്രിക ദണ്ഡാണുള്ളതെന്നു പറയാന്‍ മന്‍മോഹന് ത്രാണിയുണ്ടായില്ല. ഇന്ത്യാ രാജ്യത്തെ അഴിമതിയുടെ നാടാക്കിമാറ്റിയ ഭരണത്തെ നയിക്കുന്ന വ്യക്തി മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ നിസ്സഹായനായി നിന്ന്, അത്തരം കാര്യങ്ങള്‍ ഇനി നിങ്ങള്‍ പറയരുതേ എന്ന് അപേക്ഷിച്ച കാഴ്ച ശരാശരി ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തോട് ചേര്‍ത്തുവയ്ക്കാവുന്നതായിരുന്നില്ല.
അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എന്നപേരില്‍, തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകരെയാണ് പ്രധാനമന്ത്രി ക്ഷണിച്ചത്. രാജ്യം ഉറ്റുനോക്കുന്ന ഗൌരവമേറിയ വിഷയങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പറഞ്ഞുതീര്‍ക്കേണ്ട ആ സംവാദത്തില്‍, കേരളത്തില്‍ പോയപ്പോള്‍ അവിടത്തെ രാഷ്ട്രീയകാലാവസ്ഥയെക്കുറിച്ച് എന്തുതോന്നി, ലോകകപ്പില്‍ ഇന്ത്യ ജയിക്കുമോ, ആരാണ് ഇഷ്ടപ്പെട്ട കളിക്കാരന്‍ എന്നെല്ലാമുള്ള കൊച്ചുവര്‍ത്തമാനങ്ങളാണ് കേട്ടത്. അതില്‍നിന്നുതന്നെ ഒരുപരിധിവരെ ആസൂത്രിതമായ നാടകമായിരുന്നു പ്രധാനമന്ത്രിയുടേതെന്നു വ്യക്തം. കോര്‍പറേറ്റുകള്‍ക്കുവേണ്ടി അഹോരാത്രം ഭരിച്ച് തളരുന്ന പ്രധാനമന്ത്രിക്ക് കോര്‍പറേറ്റ് നിയന്ത്രിത മാധ്യമങ്ങളുടെ തലോടല്‍കിട്ടുന്നതിലും അത്ഭുതത്തിനവകാശമില്ല.
2ജി സ്പെക്ട്രം ഇടപാടിന്റെ വിശദാംശങ്ങള്‍ തനിക്കോ മന്ത്രിസഭയ്ക്കോ അറിയില്ലായിരുന്നെന്നും സ്പെക്ട്രംവിതരണത്തില്‍ നിലവിലുള്ള നയം തുടരാമെന്ന ടെലികോംമന്ത്രാലയത്തിന്റെ നിര്‍ദേശത്തോട് ധനമന്ത്രാലയംകൂടി യോജിച്ചതുകൊണ്ടാണ് താന്‍ ഇടപെടാതിരുന്നത് എന്നുമാണ് സ്വയം രക്ഷപ്പെടാന്‍ മന്‍മോഹന്‍ ഉയര്‍ത്തിയ ന്യായങ്ങള്‍. വഴിവിട്ട ഇടപാടിന് ചുക്കാന്‍പിടിച്ച എ രാജ ഇന്ന് മന്‍മോഹന്റെ മന്ത്രിസഭയിലില്ല- തിഹാര്‍ ജയിലിലാണ്. ആ ഇടപാടിന് ന്യായീകരണം നല്‍കിയ ധനമന്ത്രിയും മൌനസമ്മതം നല്‍കിയ മന്‍മോഹനും എല്ലാറ്റിന്റെയും മേല്‍നോട്ടം വഹിച്ച യുപിഎ നേതൃത്വവും എന്തേ കുറ്റക്കാരാകുന്നില്ല? അവരും വിചാരണയ്ക്ക് വിധേയരാകേണ്ടതല്ലേ. പത്രസമ്മേളനം നടത്തി ന്യായവാദങ്ങള്‍ നിരത്തിയതിന്റെ പിറ്റേദിവസം എസ് ബാന്‍ഡ് സ്പെക്ട്രം കരാര്‍ റദ്ദാക്കേണ്ടിവന്നപ്പോള്‍, അത് ഒരു വലിയ കുറ്റസമ്മതമാണെന്ന് മന്‍മോഹന് തോന്നേണ്ടതല്ലേ? റദ്ദാക്കേണ്ടിവന്ന അഴിമതിക്കരാറിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കാനാണോ ഭാവം? ആ കരാറിന് ചുക്കാന്‍പിടിച്ചവര്‍ ഇപ്പോഴും മന്ത്രിസഭയിലുണ്ടല്ലോ. ആ യാഥാര്‍ഥ്യം പകലുപോലെ തെളിഞ്ഞിരിക്കെ അഴിമതിക്കെതിരെ പ്രസംഗിക്കുന്നത് ലജ്ജാകരമാണെന്നെങ്കിലും വിപുലമായ ലോകപരിചയം അവകാശപ്പെടുന്ന പ്രധാനമന്ത്രിക്ക് തോന്നേണ്ടതല്ലേ. അങ്ങനെ തോന്നിയാല്‍ 'പാതിവഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ തീരുമാനിച്ചിട്ടില്ല' എന്ന വീമ്പുപറച്ചിലിന് എന്തടിസ്ഥാനം?
അഴിമതി തടയുന്നതിലും അഴിമതിക്കാരെ നിലയ്ക്കു നിര്‍ത്തുന്നതിലും കൂട്ടുകക്ഷി സര്‍ക്കാരായതിന്റെ പരിമിതി തടസ്സമെന്നാണ് മന്‍മോഹന്‍ പറയാതെ പറഞ്ഞുവച്ചത്. ഇത്തരമൊരു സര്‍ക്കാരിനെ നയിക്കാന്‍ പല വിട്ടുവീഴ്ചയും ചെയ്യേണ്ടിവരുമത്രേ. അങ്ങനെ ഘടകകക്ഷികളുടെ അഴിമതി പൊറുത്ത് നാണംകെട്ട് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് എന്തിനെന്നുംകൂടി അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് എന്ന മോന്തായം വളഞ്ഞതുകൊണ്ടാണ് ഘടകകക്ഷികള്‍ക്ക് എങ്ങോട്ടും വളയാനും ചായാനും കഴിയുന്നത്. കോമവെല്‍ത്ത് ഗെയിംസ് അഴിമതിയും പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട കൂറ്റന്‍ അഴിമതികളും കാര്‍ഗില്‍ യുദ്ധവീരന്മാരുടെ പേരില്‍ നടന്ന ആദര്‍ശ് ഫ്ളാറ്റ് ഇടപാടും ഏത് ഘടകകക്ഷിയുടെ തലയില്‍വച്ചാണ് കോണ്‍ഗ്രസിന് രക്ഷപ്പെടാനാവുക? ഇത്തരം അഴിമതിയൊന്നും കോണ്‍ഗ്രസ് കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തതല്ലല്ലോ. അഴിമതി പുറത്തുവരുമ്പോള്‍ എങ്ങനെയും അത് മൂടിവയ്ക്കുക എന്നതായിരുന്നില്ലേ മന്‍മോഹന്‍സിങ് ഭരണത്തിന്റെ സമീപനം? പാര്‍ലമെന്റ് നടപടി എന്തുകൊണ്ട് മുടങ്ങുന്നെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നു പറയുന്ന പ്രധാനമന്ത്രി, എന്തിന് രാജയെ ജയിലിലടച്ചു എന്നും മനസ്സിലാക്കാതെ വരുമോ?
രാജ്യത്തെ കൊള്ളയടിക്കുന്ന കൊടും കുറ്റവാളികള്‍ വിചാരണചെയ്യപ്പെടുന്നതിന് തടസ്സംപിടിക്കുന്ന സര്‍ക്കാര്‍നയത്തെക്കുറിച്ചും ഒരക്ഷരം മന്‍മോഹനില്‍നിന്ന് കേള്‍ക്കുകയുണ്ടായില്ല. അഴിമതിയുടെ പരമ്പരകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍, പിടിച്ചുനില്‍ക്കാനുള്ള ദയനീയമായ അഭ്യാസപ്രകടനം മാത്രമായി ചുരുങ്ങിപ്പോയി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിശദീകരണം. അദ്ദേഹം എല്ലാറ്റിനും മുന്നില്‍ നിസ്സഹായനാണ്- അഴിമതിക്കുമുന്നില്‍, വിലക്കയറ്റത്തിനുമുന്നില്‍, പണപ്പെരുപ്പത്തിനുമുന്നില്‍. 2ജി സ്പെക്ട്രം ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കില്ല എന്ന യുപിഎ സര്‍ക്കാരിന്റെ കടുംപിടിത്തംകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം തുടര്‍ച്ചയായി സ്തംഭിച്ചതെന്ന് മന്‍മോഹന്‍സിങ്ങൊഴികെ ഇന്നാട്ടിലെ എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ അദ്ദേഹം പറയുന്നു താന്‍ വേണമെങ്കില്‍ ജെപിസിക്കുമുന്നില്‍ ഹാജരാകാമെന്ന്. അങ്ങനെ വരുമ്പോള്‍ ഇന്നലെവരെ ജെപിസി പാടില്ല എന്ന് ശാഠ്യം പിടിച്ചതാരായിരുന്നു- മന്‍മോഹന്‍ പറയേണ്ടതല്ലേ.
നാട്ടിലെ പട്ടിണിപ്പാവങ്ങള്‍ക്ക് അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് നല്‍കാന്‍ വേണ്ടിവരുന്ന സബ്സിഡിത്തുകയുമായി സ്പെക്ട്രം ഇടപാടിലെ അഴിമതിപ്പണത്തെ താരതമ്യപ്പെടുത്തുക എന്ന ഒരു ഹീനകൃത്യംകൂടി ചെയ്തു തന്റെ പത്രസമ്മേളനത്തില്‍ മന്‍മോഹന്‍സിങ്. സ്പെക്ട്രം പടുവിലയ്ക്ക് കൊടുത്ത് കോടാനുകോടികള്‍ കൊയ്തവരെയും അധ്വാനിച്ച് കിട്ടുന്ന പണം മുഴുവന്‍ അരിവാങ്ങാന്‍ ഉപയോഗിക്കേണ്ടിവരുന്ന ദരിദ്ര ജനവിഭാഗങ്ങളെയും ഒരേ കണ്ണില്‍ കാണാനുള്ള ഈ ധാര്‍ഷ്ട്യംതന്നെയാണ് തന്റെയും താന്‍ ഉള്‍ക്കൊള്ളുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെയും കുഴപ്പം എന്ന യാഥാര്‍ഥ്യം തിരിച്ചറിയാനായില്ലെങ്കില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുപോകേണ്ടിവരില്ല- ജനങ്ങള്‍ അതിനുള്ള വഴിയൊരുക്കിക്കൊള്ളും. അതാണ് ചരിത്രാനുഭവം.
ദേശാഭിമാനി മുഖപ്രസംഗം
നാട്ടിലെ പട്ടിണിപ്പാവങ്ങള്‍ക്ക് അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് നല്‍കാന്‍ വേണ്ടിവരുന്ന സബ്സിഡിത്തുകയുമായി സ്പെക്ട്രം ഇടപാടിലെ അഴിമതിപ്പണത്തെ താരതമ്യപ്പെടുത്തുക എന്ന ഒരു ഹീനകൃത്യംകൂടി ചെയ്തു തന്റെ പത്രസമ്മേളനത്തില്‍ മന്‍മോഹന്‍സിങ്. സ്പെക്ട്രം പടുവിലയ്ക്ക് കൊടുത്ത് കോടാനുകോടികള്‍ കൊയ്തവരെയും അധ്വാനിച്ച് കിട്ടുന്ന പണം മുഴുവന്‍ അരിവാങ്ങാന്‍ ഉപയോഗിക്കേണ്ടിവരുന്ന ദരിദ്ര ജനവിഭാഗങ്ങളെയും ഒരേ കണ്ണില്‍ കാണാനുള്ള ഈ ധാര്‍ഷ്ട്യംതന്നെയാണ് തന്റെയും താന്‍ ഉള്‍ക്കൊള്ളുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെയും കുഴപ്പം എന്ന യാഥാര്‍ഥ്യം തിരിച്ചറിയാനായില്ലെങ്കില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുപോകേണ്ടിവരില്ല- ജനങ്ങള്‍ അതിനുള്ള വഴിയൊരുക്കിക്കൊള്ളും. അതാണ് ചരിത്രാനുഭവം
ReplyDelete