Saturday, February 5, 2011

വാര്‍ത്തകള്‍ക്കുപിന്നില്‍ മുനീര്‍ ഉള്‍പ്പെട്ട സംഘം: കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുക്കാന്‍ ഉത്തരവ്

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുന്‍മന്ത്രിയും മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ മുഖ്യസാക്ഷിയായ റജീന നേരത്തെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫയല്‍ചെയ്ത സ്വകാര്യ ഹര്‍ജിയിലാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേട്ട്(രണ്ട്) എ എം ബഷീറിന്റെ ഉത്തരവ്.

1996ല്‍ നടക്കാവ് സ്വദേശിനിയും 16ല്‍ താഴെമാത്രം പ്രായവുമുണ്ടായിരുന്ന പെകുട്ടിയെ വന്‍തുക നല്‍കാമെന്ന് പറഞ്ഞ് മോഹിപ്പിച്ച് തിരുവനന്തപുരത്ത് പഴവങ്ങാടിയിലുള്ള നക്ഷത്രഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായി ഹര്‍ജിയില്‍ പറഞ്ഞു. ബലാല്‍സംഗം, കുറ്റകരമായ ഗൂഢാലോചന, പ്രായപൂര്‍ത്തിയാകാത്ത പെകുട്ടിയെ മോഹിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ച് അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. ലൈംഗിക പീഡനത്തിന് കുഞ്ഞാലിക്കുട്ടിക്കെതിരെ കേരളത്തില്‍ ആദ്യമായി രജിസ്റര്‍ചെയ്യുന്ന കേസായിരിക്കും ഇത്. സമാനകുറ്റത്തിന് നേരത്തെ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കിയിട്ടില്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചെങ്കിലും ഇല്ലെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. പൊതുപ്രവര്‍ത്തകനും വള്ളക്കടവ് സ്വദേശിയുമായ എഫ് പ്രദീപ് ലാല്‍ അഡ്വ. സാന്‍ടി ജോര്‍ജ് മുഖേനയാണ് ഹര്‍ജി നല്‍കിയത്. കുഞ്ഞാലിക്കുട്ടിയുടെ സഹായികളും അന്വേഷണത്തില്‍ പേരുവിവരം കണ്ടെത്തേണ്ടതുമായ രണ്ടുപേരെയും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. കെ എ റൌഫ്, സുഗതകുമാരി, പ്രൊഫ. മീനാക്ഷി തമ്പാന്‍ എന്നിവരടക്കം എട്ടുപേരുടെ സാക്ഷിപ്പട്ടികയും ഹാജരാക്കി.

വാര്‍ത്തകള്‍ക്കുപിന്നില്‍ മുനീര്‍ ഉള്‍പ്പെട്ട സംഘം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ ഉള്‍പ്പെട്ട ഗൂഢാലോചനാസംഘമാണ് തനിക്കെതിരായ വാര്‍ത്തകള്‍ക്കുപിന്നിലെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാഭക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഇന്ത്യാവിഷന്‍ വാര്‍ത്ത പുറത്തുവിട്ടത് ചാനല്‍ ചെയര്‍മാന്‍കൂടിയായ ഡോ. എം കെ മുനീറിന്റെ അറിവോടെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്ത നല്‍കരുതെന്ന് മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. നോക്കാമെന്നായിരുന്നു മറുപടി. പാര്‍ടിയിലെ ചിലരുടെ അതിമോഹമാണ് ഈ ഗൂഢാലോചനയ്ക്കുപിന്നില്‍. ഇതുമായി ബന്ധപ്പെട്ട് പാര്‍ടിക്കുള്ളില്‍ ചില തലകള്‍ ഉരുളും- വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗൂഢാലോചനയില്‍ യുഡിഎഫിലെ ഒരു കക്ഷിക്ക് പങ്കുള്ളതായും പറഞ്ഞു. മുനീറിനെതിരെ കടുത്ത വിമര്‍ശവും പ്രതിഷേധവും നിറഞ്ഞ അഭിമുഖം വെള്ളിയാഴ്ചയാണ് സംപ്രേഷണം ചെയ്തത്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള അസ്വസ്ഥതയും ആശങ്കയും വെളിവാക്കുന്നതാണ് അഭിമുഖം. അഭിമുഖത്തില്‍നിന്ന്: എല്‍ഡിഎഫിലെയും യുഡിഎഫിലെയും ഓരോ പാര്‍ടിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇവരും ഇന്ത്യാവിഷനിലെ ഉന്നതരും റൌഫും ഉള്‍പ്പെട്ട ഗൂഢാലോചനയാണ് അരങ്ങേറിയത്. ഇതിന്റെ തെളിവും വീഡിയോ ദൃശ്യവും തന്റെ പക്കലുണ്ട്. ഇത് ഉടന്‍ പുറത്തുവിടും. അതൊരു ബോംബായിരിക്കും. അത് എല്‍ഡിഎഫിനെയാണ് ബാധിക്കുക. ലീഗിലെ ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്കുപിന്നില്‍. പാര്‍ടിയില്‍ ചേരിയുണ്ട്. ഐസ്ക്രീമുമായി ബന്ധപ്പെട്ട വാര്‍ത്ത ചാനലില്‍ നല്‍കില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ഇ അഹമ്മദിനും മുനീര്‍ വാക്കുകൊടുത്തിട്ടും പാലിച്ചില്ല. പാണക്കാട് തങ്ങള്‍ക്ക് കൊടുത്ത വാക്ക് മുനീര്‍ ലംഘിച്ചു. പാര്‍ടിക്കുള്ളില്‍ ചില തലകള്‍ ഉരുളേണ്ടതുണ്ട്- കുഞ്ഞാലിക്കുട്ടി പറയുന്നു. കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ആരോപണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളോട് ആലോചിച്ച ശേഷം മറുപടി പറയാമെന്നും മുനീര്‍ പ്രതികരിച്ചു.

റജീനയെ ചോദ്യംചെയ്തു; രേഖകള്‍ പ്രത്യേകസംഘം പരിശോധിക്കും

കോഴിക്കോട്: ഐസ്ക്രീംപാര്‍ലര്‍ പെണ്‍‌വാഭക്കേസിലെ മുഖ്യസാക്ഷി റജീനയെ പൊലീസ് ചോദ്യംചെയ്തു. കേസുമായി ബന്ധപ്പെട്ട് മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരെക്കുറിച്ച് റജീന പൊലീസിന് മൊഴി നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൌഫിന്റെ വെളിപ്പെടുത്തലിലെ വസ്തുതകളും റജീന ശരിവെച്ചതായാണ് വിവരം. സ്വത്തുസമ്പാദനം, മാളികവീടും കാറുമടക്കം ആഡംബര ജീവിതം നയിക്കുന്നതിന് പിന്നിലെ വരുമാനസ്രോതസ് എന്നിവയെക്കുറിച്ച് പൊലീസ് സംഘം ആരാഞ്ഞു. പന്തീരാങ്കാവ് -മണക്കടവ് റൂട്ടില്‍ മുതുവനത്തറയിലെ വീട്ടിലായിരുന്നു ചോദ്യംചെയ്യല്‍. കോഴിക്കോട് സിറ്റി കട്രോള്‍ റൂം അസി. കമീഷണര്‍ ജയ്സണ്‍ കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യല്‍ നാല്മണിക്കൂര്‍ നീണ്ടു. പീഡനത്തിനിരയായ റജുലയടക്കമുള്ള പെണ്‍കുട്ടികളില്‍നിന്നും അടുത്തദിവസം വിവരങ്ങള്‍ ശേഖരിക്കും. കേസ് അന്വേഷണത്തിന് നിയോഗിച്ച പ്രത്യേകാന്വേഷക സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം പോള്‍ അടുത്തദിവസമെത്തി അന്വേഷണപുരോഗതി വിലയിരുത്തും.

ഇതിനിടെ, മുമ്പ് ജഡ്ജിമാരെ സ്വാധീനിച്ചും കോഴ നല്‍കിയും അട്ടിമറിച്ച ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാഭക്കേസിന്റെ കുറ്റപത്രത്തില്‍ മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഏഴിടത്ത് പരാമര്‍ശമുള്ളതായി കണ്ടെത്തി. കോടതിമാറ്റമടക്കം നടത്തി കേസ് അട്ടിമറിച്ചതായി വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിലാണ് ഇത് പ്രസക്തമാകുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരായ മൊഴി മാറ്റിപ്പറയിച്ചാണ് കേസ് അട്ടിമറിച്ചതെന്ന് റൌഫ് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും അടിസ്ഥാനമാക്കിയാണ് ഐസ്ക്രീം കേസ് അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിശ്ചയിച്ചത്. വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം രേഖകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് വരാതിരിക്കാനും പ്രതികളെ രക്ഷിക്കാനുമായി പണം കൊടുക്കുകയും വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തത് അന്വേഷണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായുള്ള പരാമര്‍ശങ്ങളടങ്ങിയ രേഖ കേസില്‍ ഏറെ നിര്‍ണായകമാകും.

ഈ പരാമര്‍ശങ്ങളടങ്ങിയ കുറ്റപത്രം പരിഗണിക്കെയാണ് ജഡ്ജിയെ മാറ്റാനും കോടതി മാറ്റാനുമായി നീക്കം ആരംഭിച്ചതെന്നായിരുന്നു റൌഫിന്റെ വെളിപ്പെടുത്തല്‍. കേസ് വിചാരണചെയ്ത കോഴിക്കോട് അസിസ്റന്റ് സെഷന്‍സ് ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസുകള്‍ പരിഗണിച്ച ജസ്റിസ് കെ ടി തങ്കപ്പന്‍ കോഴ വാങ്ങി ഈ ആവശ്യങ്ങള്‍ അനുവദിച്ചതായാണ് ആരോപണം. കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിച്ച ജസ്റിസ് കെ നാരായണക്കുറുപ്പും പണംപറ്റിയതായി വെളിപ്പെടുത്തലുണ്ടായി. ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ യുഡിഎഫ് കാലത്തെ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ സി പീറ്ററും രണ്ടു ജഡ്ജിമാരും കോഴ സ്വീകരിച്ചതായി വ്യക്തമാക്കിയിരുന്നു. പീറ്റര്‍ പറഞ്ഞത് ശരിവച്ച് ഇരുവര്‍ക്കും പണം നല്‍കിയാണ് വിധി സമ്പാദിച്ചതെന്ന് റൌഫും സൂചിപ്പിക്കയുണ്ടായി.

2005 ഒക്ടോബര്‍ ആറിന് കോഴിക്കോട് രണ്ടാം അസിസ്റന്റ് സെഷന്‍സ് കോടതിയില്‍ 16 പ്രതികള്‍ക്കെതിരെ നല്‍കിയ കുറ്റപത്രത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെപ്പറ്റി പറയുന്നത്. കോഴിക്കോട് വൈഎംസിഎ റോഡിലുള്ള കെടിസി ഫ്ളാറ്റ് നാലാംപ്രതി പി എ റഹ്മാന്‍ വേശ്യാലയമായി ഉപയോഗിച്ചെന്നും പെണ്‍കുട്ടികളായ ബേബി, റജുല, വിമല എന്നിവരെ ലൈംഗികചൂഷണം നടത്താന്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടി, രണ്ടാംപ്രതി അബ്ദുള്ള, മൂന്നാംപ്രതി കാദര്‍കുട്ടി, 13-ാംപ്രതിയും കുഞ്ഞാലിക്കുട്ടിയുടെ ഡ്രൈവറുമായിരുന്ന അരവിന്ദാക്ഷന്‍ എന്നിവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. ഇതുകൂടാതെ വേറെ ആറിടത്തും കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. കോഴിക്കോട് കോര്‍പറേഷന്‍ സ്റേഡിയത്തിനുസമീപമുള്ള വീട്, വൈഎംസിഎ റോഡിലെ ഫ്ളാറ്റ്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ 'സംഭവങ്ങള്‍' വിശദീകരിക്കുമ്പോഴും ലീഗ് ണെതാവിന്റെ പേര് സൂചിപ്പിച്ചിട്ടുണ്ട്. ഈ കുറ്റപത്രം അസിസ്റന്റ് സെഷന്‍സ് കോടതിയില്‍ വായിച്ചുകേട്ട ഉടന്‍ അന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് ഒഴിവാക്കാന്‍ ആവശ്യമുന്നയിച്ചു. എന്നാല്‍, തടസ്സവാദം ജഡ്ജി അംഗീകരിച്ചില്ല. കോടതിയില്‍ കേസ് തുടര്‍ന്നാല്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടുമെന്ന് ഉറപ്പായി. ഇതോടെയാണ് അട്ടിമറിക്കും അഴിമതിക്കുമുള്ള നീക്കങ്ങള്‍ അരങ്ങേറിയത്.
(പി വി ജീജോ)

നീതിന്യായരംഗത്തെ അഴിമതി അന്വേഷിക്കണമെന്ന് ജ. കൃഷ്ണയ്യര്‍

കൊച്ചി: ഇന്ത്യന്‍ നീതിന്യായരംഗത്തെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നീതിന്യായരംഗത്തെ അനീതിയെക്കുറിച്ച് മാധ്യമങ്ങളിലും തെരുവോരങ്ങളിലും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അന്വേഷണം ഒഴിച്ചുകൂടാനാവാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് പ്രസിദ്ധീകരണത്തിന് മാധ്യമങ്ങള്‍ക്കും നല്‍കി.

ജഡ്ജിമാരുടെ നിയമനത്തിന് കമീഷനെ നിയമിക്കണമെന്ന് കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സത്യസന്ധതയും നീതിബോധവും രാജ്യത്തോടുള്ള കൂറും വിലയിരുത്തിയശേഷമേ ജഡ്ജിമാരെ നിയമിക്കാവൂ. ഇത്തരത്തിലുള്ള കമീഷന്റെ തീരുമാനങ്ങള്‍ സുതാര്യവും ജനങ്ങള്‍ക്ക് പ്രാപ്യമായതുമായിരിക്കണം. കമീഷന്റെ നിയമനം വൈകുന്നത് രാജ്യത്തിനുതന്നെ ആപത്താകും. ജഡ്ജിമാരുടെ കൊളീജിയം നടത്തുന്ന നിയമനം ഇല്ലാതാക്കുന്നതിന് പ്രധാനമന്ത്രിയും പാര്‍ലമെന്റും മുന്‍കൈയെടുക്കണം. കത്തിന്റെ പകര്‍പ്പ് രാഷ്ട്രപതി, നിയമമന്ത്രി, ലോക്സഭാ സ്പീക്കര്‍ തുടങ്ങിയവര്‍ക്കും അയക്കുന്നുണ്ടെന്ന് സൂചിപ്പിച്ചും രാജ്യസ്നേഹത്തോടെയുള്ള പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ഥിച്ചുമാണ് കത്ത് അവസാനിപ്പിക്കുന്നത്.

ദേശാഭിമാനി 050211

3 comments:

  1. മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ ഉള്‍പ്പെട്ട ഗൂഢാലോചനാസംഘമാണ് തനിക്കെതിരായ വാര്‍ത്തകള്‍ക്കുപിന്നിലെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാഭക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഇന്ത്യാവിഷന്‍ വാര്‍ത്ത പുറത്തുവിട്ടത് ചാനല്‍ ചെയര്‍മാന്‍കൂടിയായ ഡോ. എം കെ മുനീറിന്റെ അറിവോടെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്ത നല്‍കരുതെന്ന് മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. നോക്കാമെന്നായിരുന്നു മറുപടി. പാര്‍ടിയിലെ ചിലരുടെ അതിമോഹമാണ് ഈ ഗൂഢാലോചനയ്ക്കുപിന്നില്‍. ഇതുമായി ബന്ധപ്പെട്ട് പാര്‍ടിക്കുള്ളില്‍ ചില തലകള്‍ ഉരുളും- വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    ReplyDelete
  2. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യവിഷന്‍ ചാനല്‍ പുറത്തുവിട്ട പുതിയ വെളിപ്പെടുത്തല്‍ ഡോ. എം കെ മുനീര്‍ അറിയാതെയാണെന്ന് മുസ്ളിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. ശനിയാഴ്ച രാവിലെ പാണക്കാട്ട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിനുശേഷമാണ് ബഷീര്‍ ഇക്കാര്യം പറഞ്ഞത്. മുനീറിന് നേരത്തെ ഇക്കാര്യം അറിയാമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി തുറന്നടിച്ചിരുന്നു. പാണക്കാട് തങ്ങള്‍ പറഞ്ഞിട്ടും മുനീര്‍ അനുസരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രശ്നം ലീഗിലെ ആഭ്യന്തര കലാപമായി നീങ്ങവെയാണ് ശനിയാഴ്ച അടിയന്തരമായി ലീഗ് നേതൃയോഗം ചേര്‍ന്നത്. കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തിന് മുനീറും മറുപടി പറയാന്‍ ഒരുങ്ങിയരിക്കുകയായിരുന്നു. തുടര്‍ന്നാണ് നേതൃത്വം ഉടനടി ഇടപെട്ടത്. തല്‍കാലം രണ്ടുപേരും നിയന്ത്രണം പാലിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം. അതോടൊപ്പം കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയുണ്ടെന്ന പുതിയ ആരോപണം ബഷീര്‍ ഉന്നയിക്കുകയും ചെയ്തു. പ്രശ്നം ഈ വഴിക്കുതിരിച്ചുവിട്ട് ആഭ്യന്തര കലാപം ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടല്‍. ലീഗ് യോഗം ഞായറാഴ്ചയും ചേരുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നാലെ വെളിപ്പെടുത്തുമെന്നും മുഹമ്മദ് ബഷീര്‍ തുടര്‍ന്നു. ഒരു ദിവസംകൂടി കാത്തിരിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതായി യോഗത്തിനുശേഷം മുനീര്‍ പറഞ്ഞു.

    ReplyDelete
  3. ഐസ്ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍ കേരളത്തില്‍ കത്തി നില്‍ക്കുന്ന വിഷയമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി പറഞ്ഞു. ഇതിന് പിന്നില്‍ ഉന്നതരുടെ ഗൂഡാലോചനയുണ്ട്. ഇതിനുള്ള തെളിവുമായി വരേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്ന് മാണി തുടര്‍ന്നു. ഈ വിഷയത്തില്‍ കേരള കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നും മാണി പറഞ്ഞു. റൌഫിനെ കുഞ്ഞാലിക്കുട്ടി വഴിവിട്ട് സഹായിച്ചത് തെറ്റായിപ്പോയി. മുസ്ളീം ലീഗ് ഒന്നാമത്തെ കക്ഷിയാണെന്ന് പറഞ്ഞാലും തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് മാണി പരിഹസിച്ചു.

    ReplyDelete