ജഡ്ജിമാര്‍ക്കെതിരെ നടപടി വേണം: പിണറായി
കണ്ണൂര്‍: ഐസ്ക്രീം പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് കൊള്ളരുതായ്മ കാണിച്ച ജഡ്ജിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ജഡ്ജിമാരായവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ കാലതാമസമില്ലാതെ ജുഡീഷ്യറി നടപടിയെടുക്കണം. കെഎസ്ടിഎ കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
ജഡ്ജിമാര്‍ വാങ്ങിയ ലക്ഷങ്ങളെക്കുറിച്ച് കൊടുത്തയാളും സാക്ഷിയായ വ്യക്തിയും കൃത്യമായി പറയുന്നുണ്ട്. ഇവിടെ ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട ബാധ്യത ജൂഡീഷ്യറിക്കുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീഭര്‍ത്താവ് കെ എ റൌഫ് ഉന്നയിച്ച മറ്റു കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ജൂഡീഷ്യറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഹൈക്കോടതിയാണ് തീരുമാനമെടുക്കേണ്ടത്. പി കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കാര്യം പുറത്തുകൊണ്ടുവന്നത് ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ ചെയര്‍മാനായ ചാനലും ബന്ധുവായ റൌഫുമാണ്. കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവുമധികം വേണ്ടപ്പെട്ടവരാണ് ഇരുവരും. മുനീര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ഇന്ത്യാവിഷന്‍ ചാനല്‍ പറയുന്നത് പൂര്‍ണമായി ശരിയല്ലെന്ന് മാത്രമാണ് പറഞ്ഞത്. ഇന്ത്യാവിഷന്‍ പറഞ്ഞ കാര്യം ശരിയാണെന്ന് പറയാനുള്ള ആര്‍ജവം മുനീര്‍ കാണിച്ചില്ല. ചാനലിന്റെ നയം തീരുമാനിക്കുന്നത് എഡിറ്റോറിയല്‍ ബോര്‍ഡാണെന്ന് പറയാനുള്ള തന്റേടം മുനീര്‍ കാണിച്ചിട്ടുമുണ്ട്.
യുഡിഎഫ് ജീര്‍ണതയുടെ കൂടാരമാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇത് യുഡിഎഫിലെ പാര്‍ടികളില്‍ മാത്രമേ സംഭവിക്കൂവെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ് യുഡിഎഫ് ജാഥ നിര്‍ത്തിവയ്ക്കേണ്ടി വന്നത്. കേരളം ഒരു പാട് ജാഥകള്‍ കണ്ടിട്ടുണ്ട്. ഇതു പോലെ വഴിതെറ്റി സഞ്ചരിക്കുന്ന ജാഥ ഇതിനു മുമ്പുണ്ടായിട്ടില്ല. ജാഥ തിരുവനന്തപുരത്തെത്തും മുമ്പ് രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്ന ചെന്നിത്തലയുടെ പ്രവചനം ശരിയായി. തിരുവനന്തപുരത്ത് എത്തേണ്ടി വന്നില്ലെന്നുമാത്രം. റൌഫിനെ ഫ്രോഡ്, ഭീകരന്‍ എന്നിങ്ങനെയാണ് ലീഗ് നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. ഈ ഭീകരന്‍ എങ്ങനെ യുഡിഎഫ് ഭരണത്തില്‍ അധികാര ദല്ലാളായി. എവിടെയും കടന്നുചെല്ലാന്‍ പറ്റുന്ന വ്യക്തിയായി. തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പറയുന്നു. യുഡിഎഫ് ഭരണകാലത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ ഒരു ഐപ്പിന്റെ പേര് ചാനലില്‍ പറയുന്നുണ്ട്. ജഡ്ജിമാര്‍ക്ക് പൈസ വാങ്ങിക്കൊടുക്കാന്‍ ഇയാള്‍ എങ്ങനെ അധികാര കേന്ദ്രത്തിലെത്തി. യുഡിഎഫ് കാലത്തെ ജീര്‍ണത ഇനിയുമുണ്ടാകണമോ എന്നതാണ് ജനങ്ങള്‍ക്ക് മുന്നിലുള്ള ചോദ്യം. റൌഫും ഐപ്പുമാരും ഇനിയും വേണമോ. ജനങ്ങള്‍ ഇതിനകം ഇതിന് ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. അവിടെയാണ് എല്‍ഡിഎഫിന്റെ പ്രസക്തി വര്‍ധിക്കുന്നതെന്നും പിണറായി പറഞ്ഞു.
ചെന്നിത്തലയുടേത് ജനങ്ങളോടുള്ള വെല്ലുവിളി: സി കെ ചന്ദ്രപ്പന്‍
കാഞ്ഞങ്ങാട്: മന്ത്രിയായിരുന്നപ്പോള്‍ തന്നെ ഭയപ്പെടുത്തി ഭാര്യാസഹോദരീ ഭര്‍ത്താവ് റൗഫ് പല ആനുകൂല്യങ്ങളും നേടിയെടുത്തിട്ടുണ്ടെന്നും ബന്ധത്തിന്റേയും സ്‌നേഹത്തിന്റെയും അടിസ്ഥാനത്തില്‍ വഴിവിട്ട് സഹായങ്ങള്‍ നല്‍കിയെന്നും തുറന്നു പറഞ്ഞ് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്ന് സമ്മതിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് പറയുന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. സി പി ഐ കാഞ്ഞങ്ങാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റൗഫും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള തര്‍ക്കം മോഷ്ടിച്ച സ്വത്തുക്കള്‍ പങ്കിടുന്നതിനെച്ചൊല്ലിയുള്ളതാണ്. ഇത് ലീഗിന് തന്നെ ഭീഷണിയാണ്. കേരള മോചന യാത്രയില്‍ ഉമ്മന്‍ചാണ്ടിക്ക് പനിവന്നത് ഈ പ്രശ്‌നങ്ങള്‍ കൊണ്ടാണോ എന്നു സംശയിക്കേണ്ടിരിക്കുന്നു.
കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പി ഡി പി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമച്ചിരുന്നു. ഇതിന് 50 ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി നല്‍കിയതായി റൗഫ് വ്യക്തമാക്കിയിട്ടുണ്ട്. മലബാര്‍ സിമന്റ്‌സിലെ ജീവനക്കാരനെ കൊലപ്പെടുത്തിയതില്‍ കുഞ്ഞാലിക്കുട്ടിക്ക് പങ്കുണ്ടെന്നും ഇതു കൊണ്ടാണ് തനിക്ക് വധഭീഷണിയുണ്ടെന്ന് പറയുന്നതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളാണ് ഐസ്‌ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കിയതെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്.
ലീഗ് നേതാവ് എം കെ മുനീറിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഇ ടി മുഹമ്മദ് ബഷീറിനെ കുഞ്ഞാലിക്കുട്ടി തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയത് ലീഗിനകത്തെ അപചയത്തിന് വലിയ ഉദാഹരണമാണെന്നും സി കെ ചന്ദ്രപ്പന്‍ പറഞ്ഞു.
മുനീര്‍ രാജിക്കത്ത് നല്‍കി
മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കുകയാണെന്ന് കാണിച്ച് എം കെ മുനീര്‍ കത്ത് നല്‍കി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയാണ് കത്ത് കൈമാറിയത്. എന്നാല്‍ രാജി സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറായിട്ടില്ല. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവെക്കണമെന്ന നേതൃത്വത്തിന്റെ ആവശ്യം തള്ളിയാണ് മുനീര്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായത്. ചൊവ്വാഴ്ച വൈകിട്ട് പാണക്കാട്ടെ തറവാട്ടിലെത്തി തങ്ങളുമായി സംസാരിച്ചശേഷമാണ് രാജിക്കത്ത് നല്‍കിയത്. ഒന്നര മണിക്കൂര്‍നീണ്ട ചര്‍ച്ചക്കിടെ എത്തിയ മറ്റ് നേതാക്കള്‍ ഇടപെട്ടെങ്കിലും മുനീറിനെ പിന്തിരിപ്പിക്കാനായില്ല. ചര്‍ച്ചക്കുശേഷം പുറത്തിറങ്ങിയ മുനീര്‍ പറഞ്ഞത് എല്ലാം തങ്ങളെ അറിയിച്ചുവെന്നാണ്.
ഇതിന് തൊട്ടുപിന്നാലെ വാര്‍ത്താലേഖകരെ കണ്ട ഇ ടി മുഹമ്മദ് ബഷീര്‍ മുനീറിന്റെ രാജിവാര്‍ത്ത തള്ളിക്കളഞ്ഞു. മുനീര്‍ എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബഷീര്‍ രാജിവെച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. ഇന്ത്യാവിഷന്‍ ചാനലില്‍ കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യരുതെന്ന് ലീഗ് നേതൃത്വം ചാനല്‍ ചെയര്‍മാനായ മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ത്യശാസനംതള്ളി വാര്‍ത്തകള്‍ കൊടുക്കാന്‍ മുനീര്‍ അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങള്‍ മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെക്രട്ടറി പദം ഒഴിഞ്ഞ് പാര്‍ടിയെ വെല്ലുവിളിക്കാനാണ് മുനീര്‍ തയ്യാറായത്. രാജി പെട്ടെന്ന് സ്വീകരിക്കാനിടയില്ല.
രാജി നല്‍കി മുനീര്‍ വെല്ലുവിളിക്കുന്നു
മലപ്പുറം: സെക്രട്ടറി സ്ഥാനത്തുനിന്നും രാജിക്കത്ത് നല്‍കി എം കെ മുനീര്‍ മുസ്ളിംലീഗ് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കുന്നു. ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെക്കാനാണ് പാര്‍ടിയും പോഷകസംഘടനകളും മുനീറിനോട് ആവശ്യപ്പെട്ടിരുന്നത്. കുറച്ചുദിവസമായി തുടരുന്ന കനത്ത സമ്മര്‍ദവും അതിനായിരുന്നു. എന്നാല്‍ ഈ ആവശ്യം പാടേതള്ളിയ മുനീര്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ടിവി ചാനല്‍ ഉപയോഗിച്ചുള്ള യുദ്ധം തുടരുമെന്ന് പ്രഖ്യാപിക്കുന്നു. നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയാണ് മുനീര്‍ രാജിക്കത്ത് കൈമാറിയത്. ഇന്നത്തെ സാഹചര്യത്തില്‍ സി എച്ച് മുഹമ്മദ്കോയയുടെ മകന്‍ ലീഗില്‍നിന്നും രാജിവെക്കുന്നത് പാര്‍ടിക്ക് ഗുണകരമല്ലെന്ന് നേതൃത്വം കരുതുന്നു.ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പടനയിച്ച് രക്തസാക്ഷിയായെന്ന പരിവേഷവും മുനീറിന് കിട്ടും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മുനീറിന്റെ രാജി സ്വീകരിക്കുക നേതൃത്വത്തിന് എളുപ്പമല്ല. അതിനാലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കാര്യം പരിശോധിക്കാമെന്നുമാത്രം പറഞ്ഞ് മുനീറിനെ തിരിച്ചയച്ചത്.
ചാനലില്‍ വാര്‍ത്തവരുന്നത് തടയാന്‍ ശ്രമിച്ച് പരാജയപ്പെട്ട നേതാക്കള്‍ മുനീറിനെ സമ്മര്‍ദത്തിലാക്കാന്‍ പലവഴികളും പ്രയോഗിച്ചു. മുനീറുമായി ഒരു പ്രശ്നവുമില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ നേതൃത്വം ബഹുമുഖ ആക്രമണത്തിനാണ് തയ്യാറായത്. ആദ്യം എംഎസ്എഫ് പ്രവര്‍ത്തകരെ രംഗത്തിറക്കി. ചാനലിന്റെ ഓഹരി ഉടമകള്‍ വഴി പിന്‍മാറ്റ ഭീഷണിമുഴക്കി. പാര്‍ടി പരിപാടികളില്‍നിന്നും മാറ്റിനിര്‍ത്താന്‍ തുടങ്ങി. പാര്‍ടി പ്രവര്‍ത്തകരുടെ പേരില്‍ ഫോണിലൂടെ ഭീഷണിയും അസഭ്യവും തുടര്‍ന്നു. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ മുസ്ളിംലീഗ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധയോഗം ചേര്‍ന്നു. എല്ലാം ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയാനായിരുന്നു. എന്നാല്‍ അതിനുമാത്രം തയ്യാറല്ലെന്ന് മുനീര്‍ വ്യക്തമാക്കി. ഹൈദരലി തങ്ങളുമായി മുനീര്‍ നടത്തിയ കൂടിക്കാഴ്ച വൈകാരികമായിരുന്നു. തന്നെ പാര്‍ടിയില്‍ ഒറ്റപ്പെടുത്തി നിഷ്കാസിതനാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പരിഭവപ്പെട്ടു. ചെയര്‍മാന്‍ സ്ഥാനം ഒഴിയാതിരിക്കാനുള്ള കാരണങ്ങള്‍ അദ്ദേഹം നിരത്തി. എല്ലാം ക്ഷമയോടെ കേട്ട തങ്ങള്‍ പെട്ടെന്നൊരു തീരുമാനം എടുക്കരുതെന്ന് മുനീറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാം തങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞാണ് മുനീര്‍ കോഴിക്കോട്ടേക്ക് മടങ്ങിയത്.
ഐസ്ക്രീം കേസ് പുനരന്വേഷിക്കണം: നാഷണല്‍ യൂത്ത് ലീഗ്
കോഴിക്കോട്: പുതിയ വെളിപ്പെടുത്തലുകളുടെയും തെളിവുകളുടെയും വെളിച്ചത്തില്‍ ഐസ്ക്രീം കേസ് പുനരന്വേഷിക്കണമെന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി എന്ന അധികാരം ഉപയോഗിച്ച് ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും അവിഹിതമായി അധികാര സൌകര്യങ്ങള്‍ നല്‍കിയെന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ സത്യപ്രതിജ്ഞാ ലംഘനവും രാജ്യവിരുദ്ധവുമാണ്. റൌഫിനെ കൂടാതെ മറ്റാര്‍ക്കൊക്കെ അവിഹിതത്തിന്റെ പങ്കുനല്‍കിയെന്നുകൂടി അദ്ദേഹം വ്യക്തമാക്കണം. രാഷ്ട്രീയരംഗത്തെ ജീര്‍ണതകള്‍ക്കെതിരെ ജനവികാരമുണര്‍ത്തുന്നതിന് രണ്ടു മേഖലാജാഥകള്‍ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അഷ്റഫ് പുറവൂര്‍, ജനറല്‍ സെക്രട്ടറി പുളിക്കല്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ പറഞ്ഞു.
ലീഗ് നിലപാട് സ്ത്രീകളോടുള്ള വെല്ലുവിളി: പിഡിപി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ആരോപണ വിധേയനായ പി കെ കുഞ്ഞാലിക്കുട്ടിക്കു പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പിഡിപി ആരോപിച്ചു. യാഥാര്‍ഥ്യം പുറത്തുവരുന്നതുവരെ കുഞ്ഞാലിക്കുട്ടിയെ ജനറല്‍സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താന്‍ ലീഗ്നേതൃത്വം തയ്യാറാകണം. പൊന്നാനി തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫിന്റെ പിന്തുണ പിന്‍വലിച്ച് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന്് തങ്ങള്‍ക്ക് ലീഗ്നേതൃത്വം 50 ലക്ഷം രൂപ വാഗ്ദാനംചെയ്തു. ഇക്കാര്യം മഅ്ദനി അടക്കമുള്ളവര്‍ സ്ഥിരീകരിച്ചതാണ്. ഇത്തരം വാഗ്ദാനങ്ങള്‍ പല ഘട്ടങ്ങളിലും ലഭിച്ചിരുന്നു. ഐസ്ക്രീം കേസില്‍ മഅ്ദനി വ്യക്തമായ നിലപാടെടുത്തതിന്റെ പേരിലാണ് കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അദ്ദേഹത്തെ കുടുക്കിയതെന്നും പിഡിപി വക്താവ് സുബൈര്‍ സബാഹി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
ഇന്ത്യാവിഷന്‍ ഓഹരി ഉടമകളുടെ യോഗം ഇന്ന്
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പെവാണിഭ വാര്‍ത്തകള്‍ കൊടുത്ത ഇന്ത്യാവിഷന്‍ ചാനലിനെതിരെ എന്തു ചെയ്യണമെന്ന് ആലോചിക്കാന്‍ മുസ്ലിം ലീഗ് പോഷകസംഘടനയായ കേരള മുസ്ളിം കള്‍ചറല്‍ സെന്ററിന്റെ (കെഎംസിസി) ആഭിമുഖ്യത്തില്‍ ഓഹരിഉടമകള്‍ ബുധനാഴ്ച കോഴിക്കോട്ട് യോഗം ചേരുന്നു. ലീഗ് നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് യോഗം. പാര്‍ടി നേതൃത്വവുമായി അടുപ്പമുള്ള ഡയറക്ടര്‍മാരെ രാജിവെപ്പിച്ച് എം കെ മുനീറിനെ കുഴപ്പത്തിലാക്കാനും ശ്രമമുണ്ട്. മുനീര്‍ ഗള്‍ഫില്‍ പര്യടനംനടത്തി നിരവധി പ്രവാസികളെ ചാനലില്‍ പങ്കാളിയാക്കിയിരുന്നു. വന്‍ തുകയാണ് പലരും നിക്ഷേപിച്ചത്. ഇന്നത്തെ നിലയില്‍ മുന്നോട്ടുപോകാനാവില്ലെന്ന് കെഎംസിസി ദുബായ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇ ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. ഇപ്പോഴത്തെ മാനേജ്മെന്റ് മാറണമെന്നാണ് ആഗ്രഹം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതിനോട് ഓഹരി ഉടമകള്‍ക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ഓഹരി പിന്‍വലിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഓഹരി കൈമാറാന്‍ കഴിയും. കടത്തില്‍ മുങ്ങിയ ചാനലിന്റെ ഓഹരി വാങ്ങാന്‍ ആരും തയാറാകില്ല. ഈ സാഹചര്യത്തില്‍ ഏത് വിധത്തിലുള്ള നടപടി വേണമെന്ന് യോഗത്തില്‍ തീരുമാനിക്കുമെന്ന് ഇബ്രാഹിം പറഞ്ഞു.
ദേശാഭിമാനി/ജനയുഗം വാര്‍ത്ത
യുഡിഎഫ് ജീര്‍ണതയുടെ കൂടാരമാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇത് യുഡിഎഫിലെ പാര്‍ടികളില്‍ മാത്രമേ സംഭവിക്കൂവെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ് യുഡിഎഫ് ജാഥ നിര്‍ത്തിവയ്ക്കേണ്ടി വന്നത്. കേരളം ഒരു പാട് ജാഥകള്‍ കണ്ടിട്ടുണ്ട്. ഇതു പോലെ വഴിതെറ്റി സഞ്ചരിക്കുന്ന ജാഥ ഇതിനു മുമ്പുണ്ടായിട്ടില്ല. ജാഥ തിരുവനന്തപുരത്തെത്തും മുമ്പ് രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്ന ചെന്നിത്തലയുടെ പ്രവചനം ശരിയായി. തിരുവനന്തപുരത്ത് എത്തേണ്ടി വന്നില്ലെന്നുമാത്രം
ReplyDelete