Tuesday, February 1, 2011

യുഡിഎഫ് യോഗം മാറ്റി

കുഞ്ഞാലിക്കുട്ടിപ്രശ്നം യുഡിഎഫ് യോഗം മാറ്റി

കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഒരു രൂപവുമില്ലാത്തതിനാല്‍ ചൊവ്വാഴ്ച ചേരാനിരുന്ന യുഡിഎഫ് ഉന്നതാധികാരസമിതിയോഗം മാറ്റി. യുഡിഎഫ് ഭരണത്തിലെ അഴിമതിയുടെ ആഴം വെളിപ്പെടുത്തുന്ന തെളിവുകള്‍ ജനമധ്യത്തിലേക്ക് പ്രവഹിക്കുന്നതുകണ്ട് പകച്ചുനില്‍ക്കുകയാണ് നേതൃത്വം. കൂടുതല്‍ വെളിപ്പെടുത്തല്‍ വരുംദിവസങ്ങളില്‍ ഉണ്ടായേക്കുമെന്ന ആശങ്കയുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രക്കിടയില്‍ ചടയമംഗലത്ത് ചേരാനിരുന്ന യുഡിഎഫ് യോഗം മാറ്റിയത്. ജനങ്ങളെ അഭിമുഖീകരിക്കുക ബുദ്ധിമുട്ടായതോടെയാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് ജാഥപോലും പനിയുടെ പേരുപറഞ്ഞ് രണ്ടുദിവസം ഉപേക്ഷിച്ചത്.

രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 40 ലക്ഷം കോഴ നല്‍കി എന്നതടക്കമുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് ആലോചിക്കാനാണ് യുഡിഎഫ് യോഗം ചേരാന്‍ നിശ്ചയിച്ചത്. കുഞ്ഞാലിക്കുട്ടികൂടി പങ്കെടുക്കുന്ന യോഗത്തില്‍ ലീഗ് നേതാവിനെ തള്ളുന്ന തീരുമാനമെടുക്കാന്‍ മുന്നണിനേതൃത്വത്തിന് കഴിയില്ല. കുഞ്ഞാലിക്കുട്ടിക്കുപിന്നില്‍ ഉറച്ചുനില്‍ക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതിനാല്‍ അതിനനുസൃതമായ നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. എന്നാല്‍, കോണ്‍ഗ്രസിലടക്കം ഇതിനെതിരായ അഭിപ്രായമുള്ള നേതാക്കളുണ്ട്. ഇവര്‍ ഇടപെട്ടതോടെയാണ് മുന്നണിയോഗം തീയതി നിശ്ചയിക്കാതെ മാറ്റിയത്.

ചൊവ്വാഴ്ച വീണ്ടും തുടങ്ങുന്ന ഉമ്മന്‍ചാണ്ടിയുടെ ജാഥയില്‍ കുഞ്ഞാലിക്കുട്ടിയെ പങ്കെടുപ്പിക്കുന്നതില്‍ മുന്നണിയിലെ ഒരുവിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍, ഫെബ്രുവരി അഞ്ചിന് മലപ്പുറത്ത് ജാഥയെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി ഉണ്ടാകുമെന്ന് ലീഗ് നേതൃത്വം തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഐസ്ക്രീം കേസില്‍ പുറത്തുവന്ന വിവരങ്ങള്‍ മുസ്ളിംലീഗിനെയും സംഘടനാപരമായി ഉലച്ചിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിക്കെതിരായ ഇന്ത്യാവിഷന്‍ വാര്‍ത്ത 15 കൊല്ലം മുമ്പുള്ള സംഭവം പൊടിതട്ടിയെടുത്തതാണെന്നാണ് ഇ അഹമ്മദ് പറഞ്ഞത്. നാലുമാസവും ആറുമാസവുമൊക്കെ ഇതിനായി ചിലര്‍ പ്രവര്‍ത്തിച്ചെന്നും എല്ലാം കെട്ടിച്ചമച്ചതാണെന്നും അഹമ്മദ് പറഞ്ഞു. മുനീറിനെതിരെ സംഘടനാപരമായ നടപടിയെടുക്കാന്‍ ഭയപ്പെട്ട നേതൃത്വം, ഇന്ത്യാവിഷന്‍ ചാനലിനെതിരെ കോണ്‍ഗ്രസുമായി ചേര്‍ന്ന് നീക്കങ്ങള്‍ ആരംഭിച്ചതിന്റെ സൂചനയുണ്ട്. എഐസിസി അംഗമായി പി വി ഗംഗാധരനെക്കൊണ്ട് ചാനലിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍ സ്ഥാനവും രാജിവയ്പ്പിച്ച് പ്രസ്താവന ഇറക്കിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ്. മുസ്ളിം ലീഗില്‍ മുനീറിന് ഇനിയുള്ള ദിവസങ്ങള്‍ സുഖകരമായിരിക്കില്ല എന്നതിന്റെ സൂചനകള്‍ വേണ്ടത്രയുണ്ട്.
(ആര്‍ എസ് ബാബു)

ചാനല്‍ ഓഹരികള്‍ പിന്‍വലിക്കും; മുനീറിനെതിരെ മുസ്ളിം ലീഗ്

മലപ്പുറം: എം കെ മുനീറിനെതിരെ മുസ്ളിംലീഗ് പരസ്യമായി രംഗത്ത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരാണ് മുനീറിനെതിരെ പ്രതിഷേധവുമായി വന്നത്. ചിലയിടത്ത് പ്രകടനവും യോഗവുമുണ്ടായി. മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരന്‍കൂടിയായ അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായ മുസ്ളിംലീഗ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റിയാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. മുസ്ളിംലീഗ് പാര്‍ടിയെയും നേതാക്കളെയും താറടിച്ചുകാണിക്കുന്ന ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍സ്ഥാനം എം കെ മുനീര്‍ രാജിവയ്ക്കണമെന്ന് പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. ക്രിമിനലിന്റെ ചൊല്‍പ്പടിക്കൊപ്പംനിന്ന് ജഢാവസ്ഥയിലായ ചാനലിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന വൃത്തികെട്ട നാടകങ്ങളാണ് അരങ്ങേറുന്നത്. ഈ അതിരുവിട്ട കളിക്ക് ചാനല്‍ കനത്ത വിലനല്‍കേണ്ടിവരും. നിസ്വാര്‍ഥരായ നേതാക്കളുടെ ത്യാഗംകൊണ്ട് വളര്‍ന്ന മുസ്ളിംലീഗിനെ തകര്‍ക്കാന്‍ കെട്ടിപ്പടച്ച ഈ കുപ്രചാരണങ്ങള്‍ക്ക് കഴിയില്ല. ഇത് തിരിച്ചറിയാന്‍ മുസ്ളിംലീഗ് അണികള്‍ക്കും പ്രബുദ്ധരായ കേരള ജനതക്കും വിവേകമുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ ലീഗ് ഓഫീസില്‍ നടന്ന സംഗമം മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി വി മുസ്തഫ ഉദ്ഘാടനംചെയ്തു. മന്നയില്‍ അബൂബക്കര്‍ അധ്യക്ഷനായി. അതിനിടെ മഞ്ചേരി സി എച്ച് സെന്റര്‍ മെഡിക്കല്‍ കോംപ്ളക്സ് ശിലാസ്ഥാപന ചടങ്ങില്‍നിന്ന് ഡോ. എം കെ മുനീര്‍ വിട്ടുനിന്നു. മുനീറിന്റെ അസാന്നിധ്യത്തില്‍ നേതാക്കള്‍ ഇന്ത്യാവിഷനെതിരെ ശക്തമായി പ്രതികരിച്ചു. മുസ്ളിംലീഗിനും സമുദായത്തിനുംവേണ്ടി പടപൊരുതാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചാനലിനായി ഗള്‍ഫ് നാടുകളില്‍നിന്ന് കോടിക്കണക്കിന് ഷെയറുകള്‍ പിരിച്ചെടുത്തത്. ഇന്ന് ഈ ചാനലിന്റെ പ്രവര്‍ത്തനത്തില്‍ ലജ്ജിക്കുകയാണെന്ന് കെഎംസിസി ഭാരവാഹികള്‍ ചടങ്ങില്‍ പറഞ്ഞു. ചാനലിന്റെ ഓഹരി പിന്‍വലിക്കുന്നതുള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ ലീഗ് നേതാക്കളും കെഎംസിസി പ്രവര്‍ത്തകരും കോഴിക്കോട് ലീഗ് ഹൌസില്‍ ബുധനാഴ്ച പാല്‍ 11ന് യോഗം ചേരുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗിലെ അഖിലേന്ത്യാ, സംസ്ഥാന, ജില്ലാ നേതൃത്വത്തിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ടൌഹാളിലെ ചടങ്ങിലാണ് ഇന്ത്യാവിഷനെതിരെ രൂക്ഷവിമര്‍ശം.

മുനീര്‍ വിട്ടുവീഴ്ചയ്ക്കില്ല; നിസ്സഹായരായി നേതൃത്വം

കോഴിക്കാട് / മലപ്പുറം: കുഞ്ഞാലിക്കുട്ടിക്കെതിരായ ഇന്ത്യാവിഷന്‍ വാര്‍ത്തകളില്‍ തനിക്ക് പങ്കില്ലെന്നും അതുകൊണ്ടുതന്നെ ചാനലിന്റെ ചെയര്‍മാന്‍സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നുമുള്ള നിലപാടില്‍ എം കെ മുനീര്‍ ഉറച്ചുനിന്നപ്പോള്‍ മുസ്ളിംലീഗ് നേതൃത്വം നിസ്സഹായരായി. മുനീറിന്റെ അറിവോടെയാണ് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടതെന്ന് ബോധ്യമുണ്ടെങ്കിലും മുനീറിനെതിരെ ഒരുനടപടിക്കും കോഴിക്കോട്ട് തിങ്കളാഴ്ച ചേര്‍ന്ന ലീഗ് സെക്രട്ടറിയറ്റ് യോഗം തയ്യാറായില്ല. പ്രതിസന്ധിഘട്ടത്തില്‍ മുനീറിനെതിരെ നടപടിയെടുക്കുന്നത് കൂടുതല്‍ ദോഷംചെയ്യുമെന്ന അഭിപ്രായത്തിലാണ് യോഗം എത്തിയത്. കുഞ്ഞാലിക്കുട്ടിയാണ് യോഗത്തില്‍ വിഷയം അവതരിപ്പിച്ചത്. തന്നെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും പതിനഞ്ചുവര്‍ഷമായി ഒരേ പ്രശ്നത്തില്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം വികരാധീനനായി പറഞ്ഞു. പാര്‍ടിയുടെ താല്‍പ്പര്യത്തിനുവേണ്ടി ആവശ്യമെങ്കില്‍ നേതൃസ്ഥാനത്തുനിന്ന് താന്‍ മാറിനില്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, യോഗം അത് സ്വീകരിച്ചില്ല.

കുഞ്ഞാലിക്കുട്ടിക്കുശേഷം സംസാരിച്ച കെ എന്‍ എ ഖാദര്‍ രൂക്ഷമായി മുനീറിനെ വിമര്‍ശിച്ചു. മുനീര്‍ അറിയാതെ ചാനലില്‍ വാര്‍ത്ത വരില്ലെന്ന് ഖാദര്‍ വാദിച്ചു. മുനീര്‍ ചെയര്‍മാന്‍സ്ഥാനത്ത് ഇനിയും തുടരുന്നത് പാര്‍ടിക്ക് വലിയ ദോഷംചെയ്യുമെന്നും മുനീറിന്റെ വാദങ്ങളൊന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും ഖാദര്‍ പറഞ്ഞു. മിക്ക അംഗങ്ങളും കുഞ്ഞാലിക്കുട്ടിയെ പ്രതിരോധിച്ചും മുനീറിനെ കുറ്റപ്പെടുത്തിയുമാണ് സംസാരിച്ചത്. രാവിലെ പത്രസമ്മേളനത്തില്‍ അവതരിപ്പിച്ച വാദങ്ങള്‍തന്നെയാണ് ഇതിനൊക്കെ മറുപടിയായി മുനീര്‍ യോഗത്തില്‍ നിരത്തിയത്. വാര്‍ത്തകളില്‍ താന്‍ ഇടപെടാറില്ല. വാര്‍ത്ത സൃഷ്ടിക്കുന്നത് അറിഞ്ഞിട്ടില്ല. ചെയര്‍മാന്‍സ്ഥാനം വേണമെങ്കില്‍ ഒഴിയാം. പക്ഷേ അതുകൊണ്ട് പാര്‍ടിക്ക് ഒരു പ്രയോജനവുമുണ്ടാകില്ല. ചാനല്‍ കൂടുതല്‍ തീവ്രമായി പാര്‍ടിയെ എതിര്‍ക്കുന്നതിനാണ് അത് ഇടയാക്കുക. ഭാവിയില്‍ പാര്‍ടിക്ക് എതിരെ ഇത്തരം വാര്‍ത്തകള്‍ വരുന്നത് തടയാന്‍ താന്‍ ശ്രമിക്കാമെന്ന ഉറപ്പും മുനീര്‍ യോഗത്തില്‍ നല്‍കി.

ഈ ഘട്ടത്തില്‍ ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഇടപെട്ട് മുനീറിന്റെ രാജിക്കാര്യം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും പാര്‍ടിക്കെതിരായ ആക്രമണം ഒറ്റക്കെട്ടായി നേരിടാനാണ് ശ്രദ്ധിക്കേണ്ടതെന്നും പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു. തുടര്‍ന്ന് പുതിയ വെളിപ്പെടുത്തലുകള്‍ പാര്‍ടിക്കെതിരായ ഗൂഢാലോചനയാണെന്ന പ്രമേയം അംഗീകരിച്ച് യോഗം പിരിഞ്ഞു.

യോഗത്തില്‍ മുനീര്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു. അദ്ദേഹത്തെ സഹായിക്കാന്‍ ഒരാള്‍പോലും യോഗത്തിലുണ്ടായില്ല. രാവിലെ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മുനീര്‍ വാര്‍ത്താസമ്മേളനം വിളിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യാവിഷന്‍ വാര്‍ത്ത അപ്പാടെ നിരാകരിക്കുന്നതിന് അദ്ദേഹം തയ്യാറായില്ല എന്നത് ശ്രദ്ധേയമായി. കുഞ്ഞാലിക്കുട്ടിക്ക് എതിരെ വന്ന വാര്‍ത്തകള്‍ നൂറ് ശതമാനവും ശരിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള പാര്‍ടി നിലപാട് അദ്ദേഹം അംഗീകരിച്ചില്ല.

ഇന്ത്യാവിഷനില്‍ നിന്നും പി വി ഗംഗാധരന്‍ രാജിവെച്ചു

കോഴിക്കോട്: ഐസ്ക്രീംപാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാരെപ്പോലും പി കെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ചുവെന്ന ഇന്ത്യാവിഷന്‍ ചാനല്‍ വെളിപ്പെടുത്തലിലും തുടര്‍ സംഭവങ്ങളിലും പ്രതിഷേധിച്ച് ചാനലിന്റെ ഡയറക്ടര്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍സ്ഥാനവും പി വി ഗംഗാധരന്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് യുഡിഎഫിന് ക്ഷീണമുണ്ടാക്കുന്ന ഈ പ്രവൃത്തി ചാനല്‍ ചെയ്തത് ഉത്തരവാദപ്പെട്ട എഐസിസി മെമ്പര്‍ എന്ന നിലയില്‍ തനിക്ക് അംഗീകരിക്കാനാവില്ലെന്ന് ചാനല്‍ ചെയര്‍മാന്‍ എം കെ മുനീറിനയച്ച രാജിക്കത്തില്‍ പി വി ഗംഗാധരന്‍ പറഞ്ഞു. നിലവിലില്ലാത്ത ഒരു കേസ് കുത്തിപ്പൊക്കി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയാണ് ഇന്ത്യാവിഷന്‍ ചാനല്‍. കേസ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജന്‍ഡയും വ്യക്തിവിരോധവുമുണ്ട്. കേസില്‍ ഒരുകാലത്തും പ്രതിയായിരുന്നിട്ടില്ലാത്ത യുഡിഎഫിന്റെ സമുന്നതനേതാവിനെ വ്യക്തിഹത്യ ചെയ്യുക എന്ന അജന്‍ഡ ഇന്ത്യാവിഷനുണ്ട്- പി വി ഗംഗാധരന്‍ പറഞ്ഞു. അതേസമയം ചാനലില്‍ നിന്നും കൂടുതല്‍ ഡയറക്ടര്‍മാര്‍ രാജിവെയ്ക്കാന്‍ ഇടയുണ്ടെന്ന് സൂചനയുണ്ട്.

deshabhimani 010211

1 comment:

  1. കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഒരു രൂപവുമില്ലാത്തതിനാല്‍ ചൊവ്വാഴ്ച ചേരാനിരുന്ന യുഡിഎഫ് ഉന്നതാധികാരസമിതിയോഗം മാറ്റി. യുഡിഎഫ് ഭരണത്തിലെ അഴിമതിയുടെ ആഴം വെളിപ്പെടുത്തുന്ന തെളിവുകള്‍ ജനമധ്യത്തിലേക്ക് പ്രവഹിക്കുന്നതുകണ്ട് പകച്ചുനില്‍ക്കുകയാണ് നേതൃത്വം. കൂടുതല്‍ വെളിപ്പെടുത്തല്‍ വരുംദിവസങ്ങളില്‍ ഉണ്ടായേക്കുമെന്ന ആശങ്കയുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രക്കിടയില്‍ ചടയമംഗലത്ത് ചേരാനിരുന്ന യുഡിഎഫ് യോഗം മാറ്റിയത്. ജനങ്ങളെ അഭിമുഖീകരിക്കുക ബുദ്ധിമുട്ടായതോടെയാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് ജാഥപോലും പനിയുടെ പേരുപറഞ്ഞ് രണ്ടുദിവസം ഉപേക്ഷിച്ചത്.

    ReplyDelete