രണ്ടു ജഡ്ജിമാര്‍ക്ക് ലക്ഷങ്ങള്‍ എണ്ണിക്കൊടുത്താണ് കുഞ്ഞാലിക്കുട്ടിയുടെ പേര് പെണ്‍വാണിഭക്കേസില്‍നിന്ന് ഒഴിവാക്കിയതെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നു. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ഒരു സുപ്രീംകോടതി ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയെന്ന് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും എംപിയുമായ ഒരാള്‍ വെളിപ്പെടുത്തുന്നു. ജുഡീഷ്യറി എന്നത് വിശ്വാസ്യത തകര്‍ന്ന് ജീര്‍ണിച്ച ഒന്നാണെന്നു പറഞ്ഞുനടക്കുന്നത് കേന്ദ്ര ഭരണകക്ഷിനേതൃത്വവും അതിന്റെ പാര്‍ശ്വവര്‍ത്തികളുമാകുമ്പോള്‍ പ്രശ്നം അതീവ ഗൌരവരൂപം പ്രാപിക്കുകയാണ്.
കേരളത്തില്‍ ഇതിനുമുമ്പും ഇത്തരം വിവാദങ്ങളുണ്ടായിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേസില്‍ അവയ്ക്ക് അനുകൂലമായി വിധി പറഞ്ഞ ജഡ്ജി അതേകക്ഷികളുടെ ആതിഥ്യം സ്വീകരിച്ച് ഉല്ലാസനൌകയില്‍ ആഹ്ളാദസഞ്ചാരം നടത്തിയ കഥ അതിലൊന്ന്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി പറയുന്നത്, ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങികളാണ് എന്നത്രേ. ജഡ്ജിമാരെ തിണ്ണനിരങ്ങികളാക്കി കോണ്‍ഗ്രസ് കാലാകാലങ്ങളില്‍ അനുകൂലവിധികള്‍ സമ്പാദിച്ചിട്ടുണ്ടെന്ന അര്‍ഥവുമുണ്ടതിന്. ഭരണകക്ഷിയുടെ ഇഷ്ടക്കാരായി ന്യായാധിപന്മാരെ അവരോധിക്കുക, ആ നിയമനത്തിന് പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങുക, നീതിയും ന്യായവും സംരക്ഷിക്കേണ്ട ന്യായാസനങ്ങളെ തിണ്ണനിരങ്ങികളുടെ പദവിയിലേക്ക് താഴ്ത്തി ആനന്ദം കണ്ടെത്തുക- അറപ്പുതോന്നിക്കുന്ന അവസ്ഥയാണ് സുധാകരനിലൂടെ അനാവൃതമായത്. ഇപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് അനുകൂലമായ വിധി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍നിന്ന് ലഭിക്കാത്തതാണ് രോഷഹേതു. ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ഒഴിവാക്കിയ ഹൈക്കോടതിവിധി സുപ്രീംകോടതിയും ശരിവച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ഉണ്ടാകുമായിരുന്നില്ല.
സ്വയം ജീര്‍ണിച്ച കോണ്‍ഗ്രസ് ജനാധിപത്യത്തിന്റെ എല്ലാ ആധാരശിലകളെയും അഴുക്കുചാലിലേക്ക് തള്ളുകയാണ്. കുതിരക്കച്ചവടത്തിലൂടെയും ചാക്കിട്ടുപിടിത്തങ്ങളിലൂടെയും പാര്‍ലമെന്റിനെ. ഏകപക്ഷീയവും നശീകരണസ്വഭാവമുള്ളതുമായ തീരുമാനങ്ങളിലൂടെയും അഴിമതിയിലൂടെയും എക്സിക്യൂട്ടീവിനെ. ജഡ്ജിമാര്‍ക്ക് തിണ്ണനിരങ്ങി സ്ഥാനം നല്‍കി ജുഡീഷ്യറിയെ. സ്വാധീനങ്ങള്‍ക്ക് കീഴ്പെടുത്തിയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഉപയോഗിച്ചും പണം നല്‍കിയും നാലാംസ്തംഭമായ മാധ്യമങ്ങളെ. ജുഡീഷ്യറി പലപ്പോഴും എക്സിക്യൂട്ടീവിന്റെ തെറ്റായ തീരുമാനങ്ങള്‍ തിരുത്തിയിട്ടുണ്ട്. നിലനില്‍ക്കുന്ന വ്യവസ്ഥയെ പരിപാലിക്കുക എന്ന വര്‍ഗപരമായ കടമ നിര്‍വഹിക്കുമ്പോള്‍ത്തന്നെ, ഒറ്റപ്പെട്ട അപവാദങ്ങളുണ്ടെങ്കിലും പൊതുവെ സുധീരമായ വിധിപ്രഖ്യാപനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടേത്. ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് സുധാകരന്‍ മഴുവെറിഞ്ഞിരിക്കുന്നത്.
സിപിഐ എം നേതാവ് ഇ പി ജയരാജനെ വധിക്കാന്‍ ആയുധവും പണവും നല്‍കി വാടകക്കൊലയാളികളെ അയച്ച കേസില്‍ നിയമനടപടി നേരിടുന്ന ആളാണ് കെ സുധാകരന്‍. നാല്‍പ്പാടി വാസു വധക്കേസില്‍ എഫ്ഐആറില്‍ ഒന്നാംപ്രതിയാണ് സുധാകരന്‍. സേവറി ഹോട്ടല്‍ നാണു അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ട കേസുകളിലും സുധാകരന്റെ പങ്കാളിത്തം ഗൌരവമായി ചര്‍ച്ചചെയ്യപ്പെട്ടതാണ്. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയകൊലപാതകങ്ങളുടെയും അക്രമരാഷ്ട്രീയത്തിന്റെയും നേതൃസ്ഥാനത്ത് നില്‍ക്കുന്ന സുധാകരന് ഇതുവരെ ഒരു കേസിലും ശിക്ഷ കിട്ടിയിട്ടില്ല.
കേരളത്തിന്റെ വനംമന്ത്രിയായിരുന്നു സുധാകരന്‍. അക്കാലത്തെ പല അഴിമതിക്കഥകളും പിന്നീട് കെട്ടുപോയി. സര്‍ക്കാര്‍ കേസ് വാദിക്കാതെ തോറ്റുകൊടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ വനഭൂമികള്‍ അന്യാധീനപ്പെടുന്ന അവസ്ഥയായിരുന്നു യുഡിഎഫ് ഭരണകാലത്ത്. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിന് നായനാര്‍സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് യുഡിഎഫ് സര്‍ക്കാര്‍ നിയമമാക്കി മാറ്റിയപ്പോള്‍ ഏറ്റെടുത്ത ഭൂമിയില്‍ നല്ല പങ്കും മുന്‍ ഉടമസ്ഥര്‍ക്ക് തിരികെ കൊടുക്കുന്നതിനുള്ള വ്യവസ്ഥയാണുണ്ടാക്കിയത്. അനധികൃത ചന്ദനത്തൈലം വാറ്റുകേന്ദ്രങ്ങളിലേക്ക് ചന്ദനത്തടി എത്തിക്കുന്നതിന്റെ ഏജന്‍സിപ്പണിയാണ് അന്ന് സുധാകരന്റെ വനംവകുപ്പ് ചെയ്തത്.
ഗ്രാസിം കമ്പനിയിലെ തടിലേലവുമായി ബന്ധപ്പെട്ട് സുധാകരന്റെ അറിവോടെ അഴിമതി നടന്നു. ഗ്രാസിം കമ്പനി 2003 ജൂണില്‍ അടച്ചുപൂട്ടുമ്പോള്‍ വനത്തില്‍നിന്ന് അധികമായി വെട്ടിയെടുത്ത ഒരുലക്ഷത്തി മുപ്പത്തൊന്നായിരം ട തടിയും മുളയും ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ തടി പള്‍പ്പ് ഉല്‍പ്പാദനത്തിനല്ല ഉപയോഗിക്കുന്നതെങ്കില്‍ കരാറിലെ 10-ാംവകുപ്പുപ്രകാരം തടിയുടെയും മുളയുടെയും മാര്‍ക്കറ്റുവില നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണ്. ഇതനുസരിച്ച് തടിയുടെ മാര്‍ക്കറ്റുവിലയായ 18 കോടിയില്‍പ്പരം രൂപ കമ്പനി ട്രഷറിയില്‍ അടയ്ക്കണമെന്ന് ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവ സര്‍ക്കാര്‍ ഏറ്റെടുത്ത് ലേലംചെയ്ത് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനിയെ അറിയിക്കുകയും കമ്പനി അതിന് സമ്മതം നല്‍കുകയും ചെയ്തു. തുടര്‍ന്ന് 18 കോടിയില്‍പ്പരം വിലയുണ്ടായിരുന്ന തടി വെറും 21 ലക്ഷം രൂപയ്ക്ക് ലേലംചെയ്തു.
നിയമസഭയില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ഈ പണംതന്നെ അധികമാണെന്നായിരുന്നു സുധാകരന്റെ മറുപടി. കോടതിയില്‍ പ്രശ്നമെത്തുകയും രണ്ടാമത് ലേലം നടത്തുന്നതിന് കോടതി ഉത്തരവിടുകയും ചെയ്തു. 98 ലക്ഷം രൂപയ്ക്കാണ് ലേലം നടന്നത്. ഇങ്ങനെ പുറത്തുവന്നതും വരാത്തതുമായ നിരവധി അഴിമതിക്കേസിലുമുണ്ട് സുധാകരന്റെ മുഖം. ഒന്നിലും ശിക്ഷകിട്ടാഞ്ഞത് കോടതിയെ സ്വാധീനിച്ചതുകൊണ്ടാണോ? എടക്കാട് മണ്ഡലത്തില്‍നിന്ന് ഒ ഭരതന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി സുധാകരന്‍ നേടിയ വിധിയും അത്തരത്തിലുള്ളതായിരുന്നുവോ?
ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍നിന്ന് ഒഴിവാകാന്‍ സുധാകരന്‍ മുട്ടാത്ത വാതിലുകളില്ല; പയറ്റാത്ത തന്ത്രങ്ങളില്ല. പക്ഷേ, ഇന്നും പ്രതിസ്ഥാനത്തുനിന്ന് ഒഴിവായതായി പറയാനാകില്ല. എന്തേ, സുധാകരന്റെ സ്വാധീനത്തിന് വഴങ്ങാത്ത ജഡ്ജിമാര്‍ ആന്ധ്രയിലുണ്ടെന്ന് സമ്മതിക്കരുതോ?
സുധാകരന്‍ വിടുവായനും താന്തോന്നിയുമായ രാഷ്ട്രീയനേതാവാണെന്ന് അവഗണിച്ചുതള്ളേണ്ടതിനേക്കാള്‍ കൂടുതല്‍ ഗൌരവമുണ്ട് ഈ പ്രശ്നത്തിന്. എങ്ങനെയുള്ള വ്യക്തിയായാലും അദ്ദേഹം ഇന്ന് പാര്‍ലമെന്റ് അംഗമാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രധാന നേതാവാണ്. ഏതു ജഡ്ജി, എന്തിന്, എവിടെവച്ച്, ആരില്‍നിന്ന് 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് സുധാകരനെക്കൊണ്ട് പറയിക്കേണ്ട ബാധ്യത ജുഡീഷ്യറിക്കും കോണ്‍ഗ്രസിനും ഇന്നാട്ടിലെ ജനങ്ങള്‍ക്കാകെയുമുണ്ട്. എന്തായിരുന്നു ആ ഇടപാടില്‍ സുധാകരന്റെ പങ്കാളിത്തം? 15 കൊല്ലം മുമ്പത്തെ 36 ലക്ഷം ഇന്നത്തെ പലകോടികളാണ്. ആ തുകയുടെ ഉറവിടമേത്? കൈക്കൂലിയാണെന്ന് അറിഞ്ഞിട്ടും കൊടുക്കാന്‍ സുധാകരന്‍ എന്തിന് കൂട്ടുനിന്നു; കൂട്ടുനിന്നില്ലെങ്കില്‍ അത്തരമൊരു കുറ്റകൃത്യം മറച്ചുവച്ച് കുറ്റവാളികളെ സംരക്ഷിച്ചതെന്തിന്? ഉത്തരം കിട്ടാന്‍ നിരവധി ചോദ്യമുണ്ട്.
പെണ്‍വാണിഭക്കാരെയും സ്ത്രീപീഡനക്കാരെയും കള്ളുകച്ചവടക്കാരെയും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ ബ്രോക്കര്‍മാരായി നില്‍ക്കുന്ന രാഷ്ട്രീയക്കാരെയും പണത്തിന്റെ ദുഃസ്വാധീനത്തിന് വഴങ്ങി നീതിയെയും നിയമത്തെയും വ്യഭിചരിക്കുന്ന കറുത്തഗൌണിനുള്ളിലെ കള്ളനാണയങ്ങളെയും തിരിച്ചറിഞ്ഞ് വിചാരണചെയ്യാനുള്ള കാലമായി. ഒരു കുളം വിഷമയമാക്കാന്‍ ഒരുതുള്ളി പാഷാണം മതി. പണക്കൊതിയും നീചമനസ്സും ജുഡീഷ്യറിയെ അപ്പാടെ മലിനപ്പെടുത്തിക്കൂടാ. പണവും കായികബലവുംകൊണ്ട് എന്തും സാധിക്കാമെന്നു കരുതുന്ന സുധാകരനെപ്പോലുള്ള രാഷ്ട്രീയപേക്കോലങ്ങളെയും അവര്‍ പ്രതിനിധാനംചെയ്യുന്ന ദുഷിച്ച രാഷ്ട്രീയത്തെയും തൊലിയുരിച്ചുകാട്ടാതെ എങ്ങനെ മുന്നോട്ടുപോകാനാകും?
പി എം മനോജ് ദേശാഭിമാനി 150211
പെണ്‍വാണിഭക്കാരെയും സ്ത്രീപീഡനക്കാരെയും കള്ളുകച്ചവടക്കാരെയും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ ബ്രോക്കര്‍മാരായി നില്‍ക്കുന്ന രാഷ്ട്രീയക്കാരെയും പണത്തിന്റെ ദുഃസ്വാധീനത്തിന് വഴങ്ങി നീതിയെയും നിയമത്തെയും വ്യഭിചരിക്കുന്ന കറുത്തഗൌണിനുള്ളിലെ കള്ളനാണയങ്ങളെയും തിരിച്ചറിഞ്ഞ് വിചാരണചെയ്യാനുള്ള കാലമായി. ഒരു കുളം വിഷമയമാക്കാന്‍ ഒരുതുള്ളി പാഷാണം മതി. പണക്കൊതിയും നീചമനസ്സും ജുഡീഷ്യറിയെ അപ്പാടെ മലിനപ്പെടുത്തിക്കൂടാ. പണവും കായികബലവുംകൊണ്ട് എന്തും സാധിക്കാമെന്നു കരുതുന്ന സുധാകരനെപ്പോലുള്ള രാഷ്ട്രീയപേക്കോലങ്ങളെയും അവര്‍ പ്രതിനിധാനംചെയ്യുന്ന ദുഷിച്ച രാഷ്ട്രീയത്തെയും തൊലിയുരിച്ചുകാട്ടാതെ എങ്ങനെ മുന്നോട്ടുപോകാനാകും?
ReplyDeletesuperb.....
ReplyDelete