Saturday, February 5, 2011

സ്മാര്‍ട്ട് സിറ്റി: ഉമ്മന്‍ചാണ്ടിക്ക് അസ്വസ്ഥത മുഖ്യമന്ത്രി

സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാകുന്നതിലേ അസ്വസ്ഥതയാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്തംഭനത്തിലായിരുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനമായത് ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷത്തിനും സഹിക്കാനാവുന്നില്ല. ഇന്‍ഫോപാര്‍ക്ക് അടിയറ വയ്ക്കാനുള്ള തങ്ങളുടെ തീരുമാനമായിരുന്നു മിച്ചമെന്ന് ആവര്‍ത്തിച്ചുപറയാന്‍ ഉമ്മന്‍ചാണ്ടിക്ക് തെല്ലും നാണം തോന്നുന്നില്ല. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്ന് ഫരീദ് അബ്ദുറഹിമാനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളെ പ്രതിപക്ഷനേതാവായിരിക്കെ താന്‍ എതിര്‍ത്തതാണ്. അന്നത്തെ കരാറിലെ മിക്ക വ്യവസ്ഥയും സംസ്ഥാനതാല്‍പ്പര്യത്തിന് വിരുദ്ധമായിരുന്നു. അന്ന് എല്‍ഡിഎഫ് ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഇപ്പോഴത്തെ കരാര്‍. സംസ്ഥാനതാല്‍പ്പര്യം സംരക്ഷിച്ച് സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യമാണ് നിറവേറ്റിയിരിക്കുന്നത്. ടീകോമിന് പന്ത്രണ്ട് ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം നല്‍കിയത് അത് വില്‍ക്കില്ലെന്ന് ഉറപ്പാക്കിയാണ്. കരാറുണ്ടാക്കുമ്പോള്‍ എടുത്ത നിലപാടില്‍നിന്ന് ടീകോം പിന്മാറിയതാണ് തര്‍ക്കങ്ങള്‍ക്കുകാരണമായത്. കരാറുണ്ടാക്കിയ കാലത്തെ വ്യവസ്ഥകളിലേക്ക് തിരിച്ചുവരാന്‍ ഇപ്പോള്‍ ടീകോം തയ്യാറായി.

യുഡിഎഫ് കരാറാണ് മിച്ചമെന്ന് ഉമ്മന്‍ചാണ്ടി വാദിക്കുന്നു. ഇന്‍ഫോപാര്‍ക്ക് എന്ന പേരുപയോഗിക്കാനുള്ള സര്‍ക്കാരിന്റെ അവകാശംപോലും അടിയറ വയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചത്. അന്ന് വില്‍ക്കാന്‍ വച്ച ഇന്‍ഫോപാര്‍ക്കില്‍ മാത്രം ഇന്ന് 13,500 പേര്‍ ജോലി ചെയ്യുന്നു. ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന വിധത്തില്‍ ഇന്‍ഫോപാര്‍ക്ക് വികസിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് അവിടെ 3,500 പേരാണുണ്ടായിരുന്നത്. ഇതൊന്നും ഉമ്മന്‍ചാണ്ടിയുടെ കണ്ണ് തുറപ്പിക്കുന്നില്ല.

എല്‍ഡിഎഫ് സര്‍ക്കാരുണ്ടാക്കിയ വ്യവസ്ഥകള്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാണ്. കിന്‍ഫ്രയുടെ 13 ഏക്കറില്‍ സെസ് പദവി കിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഈ ഭൂമിക്ക് ഇടയിലൂടെ തോട് ഒഴുകുന്നു എന്നു പറഞ്ഞാണ് സെസ് പദവി തടഞ്ഞത്. എന്നാല്‍, ഇത്തരത്തിലുള്ള ഭൂമിക്കും സെസ് പദവി നല്‍കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് പുതിയ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. അതറിയാഞ്ഞിട്ടല്ല ഉമ്മന്‍ചാണ്ടിയുടെ ആരോപണം. സെസ് പദവി കിട്ടുന്നതിന് എങ്ങനെ പാരവയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ചിന്ത.

യുഡിഎഫ് ചെയ്തതുപോലെ കമ്പനികള്‍ക്ക് സൌജന്യം വാരിക്കോരി നല്‍കലല്ല വികസനം. തന്നെ വികസനവിരോധിയായി ചിത്രീകരിച്ചതിന് ഉമ്മന്‍ചാണ്ടി മാപ്പു പറയണം. വൈകിയാണെങ്കിലും കുറ്റമേറ്റുപറയുന്നത് അഭിനന്ദനാര്‍ഹമാണെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനദണ്ഡം. സര്‍ക്കാര്‍ നിര്‍ദേശത്തിനനുസരിച്ച് കെട്ടിടം പണി തുടങ്ങുമ്പോള്‍ ആശുപത്രിയും കിന്റര്‍ഗാര്‍ടനും അടക്കമുള്ള സൌകര്യങ്ങള്‍ക്കായാണ് സ്വതന്ത്രാവകാശമുള്ള ഭൂമി നല്‍കുന്നതെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ആവശ്യമായ അത്രയും പണം മുടക്കുമെന്ന് ദുബായ് സര്‍ക്കാര്‍ പ്രതിനിധിയായി എത്തിയ അഹമ്മദ് ഹുമൈദ് അല്‍ തായിര്‍ അറിയിച്ചിട്ടുണ്ട്.

ഐസ്ക്രീം പെണ്‍‌വാഭക്കേസില്‍ ഉള്‍പ്പെട്ടവരെ വിലങ്ങ് വയ്ക്കുമെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കി. പുതിയ വെളിപ്പെടുത്തലുകളുടെ സിഡി കിട്ടിയാല്‍ കൂടുതല്‍ അന്വേഷിക്കും. ജുഡീഷ്യറിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് വേണമോയെന്നും പരിശോധിക്കും. ഒളിക്യാമറയിലുള്ള കാര്യങ്ങളൊക്കെ പുറത്തുവരുന്ന മുറയ്ക്ക് നടപടിയുണ്ടാകും. മലബാര്‍സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍ക്കില്ല. പി ശശിക്കെതിരായ ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ കമീഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ദേശാഭിമാനി 050211

ഉമ്മന്‍‌ചാണ്ടിയും ഫ്രീഹോള്‍ഡും - കിരണ്‍ തോമസിന്റെ പോസ്റ്റ്

1 comment:

  1. സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാകുന്നതിലേ അസ്വസ്ഥതയാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്തംഭനത്തിലായിരുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനമായത് ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷത്തിനും സഹിക്കാനാവുന്നില്ല. ഇന്‍ഫോപാര്‍ക്ക് അടിയറ വയ്ക്കാനുള്ള തങ്ങളുടെ തീരുമാനമായിരുന്നു മിച്ചമെന്ന് ആവര്‍ത്തിച്ചുപറയാന്‍ ഉമ്മന്‍ചാണ്ടിക്ക് തെല്ലും നാണം തോന്നുന്നില്ല. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്ന് ഫരീദ് അബ്ദുറഹിമാനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete