പാമ്പാടി: പി ജെ ജോസഫ് രാഷ്ട്രീയ വ്യഭിചാരിയാണെന്നും യുഡിഎഫിന്റെ ഇമേജ് ദിവസംപ്രതി താഴോട്ടുപോവുകയാണെന്നന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാമ്പാടി ശിവദര്‍ശന മഹാദേവക്ഷേത്രത്തിലെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോസഫിനെതിരെയുള്ള പെണ്‍വാണിഭക്കേസ് മദ്രാസ് കോടതിയില്‍നിന്നും കോയമ്പത്തൂരിലേക്ക് മാറ്റാന്‍ കൈകൂലി നല്‍കിയിട്ടുണ്ട്. പീഡനത്തിനിരയായ സ്ത്രീക്ക് പണംനല്‍കിയാണ് അപ്പീല്‍ നല്‍കേണ്ട സമയത്ത് വിദേശത്തേയ്ക്ക് മാറ്റിയത്. അന്ന് കേസന്വേഷിച്ച ഐജി സന്ധ്യ രേഖപ്പെടുത്തിയ ജോസഫിന്റെ മൊഴികളുടെ രേഖ തന്റെ കൈയിലുണ്ട്. അന്നേ ജോസഫിനെതിരെ കേസെടുക്കേണ്ടതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരില്‍ പങ്കാളിയായി നാലു കൊല്ലംകൂടെനിന്ന് എല്ലാ ആനുകൂല്യവും തട്ടിയെടുത്തശേഷം മാണിയുടെ കൂടെ കൂടിയത് നല്ല ഉദ്ദേശംവച്ചല്ല.
രാജ്യം കൊള്ളയടിച്ച കുറ്റത്തിന് അഴിയെണ്ണുമ്പോഴൂം പിള്ള നല്ലപിള്ള ചമയാനുള്ള ശ്രമമാണ് നടത്തുന്നത്. പിള്ളയെ വെള്ളപൂശാന്‍ വന്ന കെ സുധാകരന്‍ വെള്ളത്തിലായി. വിവരമുണ്ടായിരുന്നെങ്കില്‍ സുധാകരന്‍ ഈ പണിക്ക് വരില്ലായിരുന്നു. ജയില്‍ മോചിതനാകുമ്പോള്‍ സ്വീകരണം നല്‍കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ജയിലിലേക്ക് പോകുമ്പോള്‍ സ്വീകരണം നല്‍കുന്നത് രാജ്യത്ത് ആദ്യമായാണ്. പിള്ള മന്ത്രിയായപ്പോള്‍ നടത്തിയ ഏക ഭരണപരിഷ്കാരം വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് മാസപ്പടി വാങ്ങാന്‍ അനുമതി നല്‍കിയെന്നുള്ളതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വേദി ബഹിഷ്കരിച്ചു ഉമ്മന്‍ചാണ്ടിയും മാണിയും ഇടയുന്നു
കോട്ടയം: തൊടുപുഴയിലെ തമ്മില്‍ത്തല്ലും സ്ഥാനാര്‍ഥി പ്രഖ്യാപന വിവാദവും യുഡിഎഫ് നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാക്കി. ഞായറാഴ്ച ഒരുമിച്ച് പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങില്‍നിന്ന് മാണി എത്തുംമുമ്പ് ഉമ്മന്‍ചാണ്ടി ഇറങ്ങിപ്പോയി. ഞായറാഴ്ച കുറവിലങ്ങാട്ട് സ്വാതന്ത്യ്രസമരസേനാനിയും മുന്‍കോണ്‍ഗ്രസ് നേതാവുമായ മാത്യു എം പാറ്റാനിയുടെ അന്‍പതാം അനുസ്മരണ ചടങ്ങിലാണ് നേതൃത്വത്തിലെ ഭിന്നത പ്രകടമായത്. ഉദ്ഘാടകനായ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മുഖ്യപ്രഭാഷകനായ കെ എം മാണി വേദിയില്‍ എത്തുന്നതിന് അല്‍പം മുമ്പ് വേദിവിട്ടു.
തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പാര്‍ടി ചെയര്‍മാന്‍ കെ എം മാണിക്ക് കടുത്ത പ്രതിഷേധമുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആരെങ്കിലും പ്രതിഷേധിക്കുമോയെന്ന് മാണി വാര്‍ത്താ മാധ്യമങ്ങളിലൂടെ നടത്തിയ വെല്ലുവിളി പ്രതിപക്ഷനേതാവാവിനെയും ചൊടിപ്പിച്ചു. കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ അണിയറനീക്കം നടത്തിയത് പി ജെ ജോസഫിന്റെ നിത്യവൈരിയായ പി ടി തോമസ് എംപിയോട് അടുപ്പമുള്ളവരാണെന്ന് ആക്ഷേപമുണ്ട്. ഇടുക്കി എംപി പി ടി തോമസും കോട്ടയം ഡിസിസി പ്രസിസന്റ് കെസി ജോസഫ് എംഎല്‍എയുമടക്കമുള്ള ഉമ്മന്‍ചാണ്ടി വിഭാഗമാണ് ജോസഫിന്റെ ലയനത്തെ ഏറ്റവും ശക്തമായി എതിര്‍ത്തത്. തൊടുപുഴയില്‍ പി ജെ ജോസഫിനെ പരാജയപ്പെടുത്താന്‍ നീക്കമുണ്ടായാല്‍ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കുത്തക അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് എം വിചാരിച്ചാലും ആവുമെന്ന വെല്ലുവിളിയാണ് മാണി മാധ്യമങ്ങളിലൂടെ നടത്തിയത്.
തൊടുപുഴയിലെ തല്ലിനു കാരണം ജോസഫിന്റെ യുഡിഎഫ് പ്രവേശം
ഇടുക്കി: പി ജെ ജോസഫ് വളഞ്ഞവഴിയിലൂടെ യുഡിഎഫില്‍ എത്തിയതുമുതല്‍ പുകയുന്ന പ്രശ്നങ്ങളുടെ പൊട്ടിത്തെറിയാണ് ശനിയാഴ്ച തൊടുപുഴയിലുണ്ടായത്. സംസ്ഥാനത്ത് യുഡിഎഫിലെ ബന്ധങ്ങളില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന സംഭവങ്ങളാണ് തുടര്‍ന്നും അരങ്ങേറുന്നത്. പ്രതികരണങ്ങളിലും പ്രസ്താവനകളിലുമായി വിഴുപ്പലക്കല്‍ ഞായറാഴ്ചയും തുടര്‍ന്നു.
ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വം ജോസഫിന്റെ വരവിനെ ഒരിക്കലും അനുകൂലിച്ചിരുന്നില്ല. അവസരം കിട്ടുമ്പോഴൊക്കെ അദ്ദേഹത്തെ അപമാനിക്കാനും ഡിസിസി നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെ യൂത്ത്- കെ.എസ്.യു പ്രവര്‍ത്തകര്‍ മുതിര്‍ന്നു. പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജോസഫിന് പൊതുപരിപാടികള്‍കൊടുത്തില്ല. ഇതില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് തൊടുപുഴയില്‍ എത്തിയപ്പോള്‍ മാങ്കുളത്തേക്ക് ജോസഫ് മുങ്ങി. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും മുന്‍ജോസഫ് ഗ്രൂപ്പുകാരനുമായ നേതാവിനെയടക്കം പലരെയും കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചു. തൊടുപുഴ സീറ്റ് മോഹിക്കുന്ന കോണ്‍ഗ്രസ് ഭാരവാഹികളാണ് ജോസഫിനെ എതിര്‍ക്കുന്നത്. നേരത്തെ പരാജയപ്പെട്ട പി ടി തോമസ് എംപിയായതോടെ തൊടുപുഴ മണ്ഡലം പലര്‍ക്കും വാഗ്ദാനം ചെയ്തു.
കേരള കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ പി ജെ ജോസഫ് രാഷ്ട്രീയത്തിലെ ദുര്‍ഗന്ധമാണെന്ന് കെ.എസ്.യു പ്രമേയം പാസാക്കി. അടുത്തിടെ ജോസഫിന് തൊടുപുഴ സീറ്റ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ക്കും കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റ് റോയി കെ പൌലോസ് കത്ത് നല്‍കി. ഇങ്ങനെ കരുക്കള്‍ നീക്കുമ്പോഴാണ് മാണിയുടെ പ്രഖ്യാപനമുണ്ടായത്. കോണ്‍ഗ്രസിന്റെ നിലപാടുകളെ എതിര്‍ക്കാന്‍ തന്നെയാണ് കേരള കോണ്‍ഗ്രസ് നീക്കം.
(പി എസ് തോമസ്)
തൊടുപുഴ സീറ്റ് തങ്ങളുടേത്: ജോസഫ്
തൊടുപുഴ: തൊടുപുഴ സീറ്റ് തങ്ങളുടേതുതന്നെയാണെന്നും പാര്‍ടി നിര്‍ദേശിച്ചാല്‍ അവിടെ മത്സരിക്കാന്‍ തയ്യാറാണെന്നും പി ജെ ജോസഫ് തുറന്നടിച്ചു. തന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി തൊടുപുഴയില്‍ തെരുവുയുദ്ധവും യുഡിഎഫില്‍ കലഹവുമുണ്ടായ സാഹചര്യത്തില്‍ പുറപ്പുഴയിലെ വസതിയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് ഈ രീതിയില്‍ ആക്രമണവുമായി മുന്നോട്ടുപോകാനാവില്ല. ശനിയാഴ്ചത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍ സാധാരണ പ്രവര്‍ത്തകരുടെ വികാരപ്രകടനമല്ല. തൊടുപുഴയിലെ ചില നേതാക്കള്‍ക്കാണ് പ്രതിഷേധം. തൊടുപുഴ സീറ്റ് തങ്ങളുടേതായതിനാല്‍ അതനുസരിച്ചുള്ള ഫോര്‍മുല നേരത്തെ രൂപപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ്- മാണി പോര് കോട്ടയത്തേക്കും
കോട്ടയം: മാണിയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് തൊടുപുഴയില്‍ തുടങ്ങിയ കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് തെരുവുയുദ്ധം കോട്ടയത്തേക്കും വ്യാപിക്കുന്നു. കടുത്തുരുത്തിയില്‍ കെ എം മാണിക്കും മോന്‍സ് ജോസഫിനുമെതിരെ മുദ്രാവാക്യം മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തുടര്‍ന്ന് പി ജെ ജോസഫിന്റെ കോലം കത്തിച്ചു. പി ജെ ജോസഫും കൂട്ടരും പിന്‍വാതിലിലൂടെ യുഡിഎഫിലെത്തിയതുമുതല്‍ പുകയുന്ന അസ്വാരസ്യങ്ങളുടെ ആദ്യ പൊട്ടിത്തെറിയാണ് ശനിയാഴ്ച തൊടുപുഴയിലുണ്ടായത്. ഇത് സംസ്ഥാനത്താകെ യുഡിഎഫിലെ ബന്ധങ്ങള്‍ക്ക് തകര്‍ച്ചയുണ്ടാക്കുന്നതാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍മൂലം സീറ്റ് ലഭിക്കാത്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കേരളകോണ്‍ഗ്രസുകളുടെ ലയനം അപ്രതീക്ഷിത പ്രഹരമായിരുന്നു. തൊടുപുഴ സംഭവത്തിന് ശേഷം യുഡിഎഫ് നേതാക്കള്‍ പ്രതികരണങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ഞായറാഴ്ചയും വിഴുപ്പലക്കുകള്‍ തുടര്‍ന്നു. ഇരുപക്ഷത്തേയും ജില്ലാസംസ്ഥാന നേതൃത്വങ്ങളുടെ മൌനാനുവാദത്തോടെയാണ് ഇതെന്ന് സൂചനയുണ്ട്.
തൊടുപുഴയില്‍ മാണി ഗ്രൂപ്പുകാര്‍ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് കടുത്തുരുത്തിയില്‍ കോലം കത്തിച്ചത്. കടുത്തുരുത്തി സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം മാര്‍ക്കറ്റ് ജങ്ഷന്‍ വഴി സെന്‍ട്രല്‍ ജങ്ഷനില്‍ തിരിച്ചെത്തിയാണ് കോലം കത്തിച്ചത്. കേരള കോണ്‍ഗ്രസുകളുടെ ലയനത്തെ ആദ്യം തന്നെ ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. പുതിയ സംഭവവികാസങ്ങളോടെ കടുത്തുരുത്തിയിലെ യുഡിഎഫില്‍ ആശയക്കുഴപ്പം രൂക്ഷമായിരിക്കുന്നു.
പൂഞ്ഞാര്‍ പഞ്ചായത്തില്‍ പി സി ജോര്‍ജ് എംഎല്‍എയും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടങ്ങിയിട്ട് കാലങ്ങളായി. കടുത്തുരുത്തിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധപ്രകടനം ലക്ഷ്യമിടുന്നത് മോന്‍സ് ജോസഫ് എംഎല്‍എയെയാണ്. യുഡിഎഫില്‍ എത്തിയതുമുതല്‍ എംഎല്‍എയുടെ പരിപാടികളോട് കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം പുറം തിരിഞ്ഞു നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നയിച്ച കേരള മോചനയാത്രയുടെ പോസ്ററുകളില്‍ നിന്ന് രമേശ് ചെന്നിത്തലയുടെ ചിത്രം ഒഴിവാക്കി കെ എം മാണിയുടെ ചിത്രം ചേര്‍ത്തതിന് പ്രതികാരമായി കടുത്തുരുത്തിയിലെ സ്വീകരണത്തിന് അധ്യക്ഷനായ മോന്‍സ് ജോസഫിന്റെ ചിത്രം യുത്ത് കോണ്‍ഗ്രസുകാര്‍ കീറിക്കളഞ്ഞു.കൂടാതെ സ്വീകരണത്തിനിടെ എംഎല്‍എക്കു നേരെ കൈയേറ്റ ശ്രമവും ഉണ്ടായി.
ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ജോസഫിന്റെ മടങ്ങിവരവിനെ ഒരിക്കലും അനുകൂലിച്ചിരുന്നില്ല. കഴിഞ്ഞതവണ ജോസഫിനെതിരെ മത്സരിച്ച് പരാജയപ്പെട്ട പി ടി തോമസ് 2009ല്‍ എംപിയായതോടെ തൊടുപുഴ നിയമസഭാ മണ്ഡലം പലര്‍ക്കും വാഗ്ദാനം ചെയ്തിരുന്നു. ഇതു ലക്ഷ്യമാക്കി അടുത്തിടെ യുവജന സംഘടനകളെ ഉപയോഗിച്ച് ജോസഫിനെതിരെ പ്രസ്താവനകളും ഇറക്കി.
റാന്നിയിലും തിരുവല്ലയിലും മത്സരിക്കുമെന്ന്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ റാന്നി, തിരുവല്ല സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകരുതെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടു. ജില്ലയില്‍ ഏഴു മണ്ഡലങ്ങള്‍ നിലവിലുണ്ടായിരുന്നപ്പോള്‍ കല്ലൂപ്പാറയും റാന്നിയും കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു. മണ്ഡലങ്ങളുടെ എണ്ണം ഇപ്പോള്‍ അഞ്ചായി ചുരുങ്ങി. ഇല്ലാതായ കല്ലൂപ്പാറ മണ്ഡലത്തിലെ കൂടുതല്‍ പഞ്ചായത്തുകള്‍ റാന്നി മണ്ഡലത്തിലും ബാക്കി തിരുവല്ല മണ്ഡലത്തിലുമാണ്. മധ്യതിരുവിതാംകൂറിലെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സീറ്റുകളുടെ എണ്ണം കൂട്ടി യുഡിഎഫിലെ രണ്ടാം കക്ഷിയെന്ന സ്ഥാനം ഉറപ്പിക്കാനാണ് തീരുമാനം. മുന്നണിക്ക് ആളെ കൂട്ടാന്‍ മാത്രമായി കേരള കോണ്‍ഗ്രസും മല്‍സര സമയമാകുമ്പോള്‍ സീറ്റ് കോണ്‍ഗ്രസ് കൊണ്ടുപോകുന്ന നിലപാടും അംഗീകരിക്കേണ്ടെന്ന പ്രവര്‍ത്തകരുടെ ശക്തമായ സമ്മര്‍ദവും കൂടിയാണ് ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ ഉറച്ചനിലപാട് കൈക്കൊള്ളാന്‍ ഇടയായത്.
രണ്ടാം കക്ഷി: ലീഗിന്റെ നിലപാടെന്ത്? - കോടിയേരി
കൊച്ചി: യുഡിഎഫിലെ രണ്ടാം കക്ഷി തങ്ങളാണെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് മാണിയുടെ പ്രഖ്യാപനത്തോടുള്ള ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍കൂടിയായ കോടിയേരി. യുഡിഎഫിലെ രണ്ടാം കക്ഷി എന്ന സ്ഥാനം ലീഗ് മാണിക്ക് വിടുകൊടുത്തോ എന്ന് വ്യക്തമാക്കണം.
കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചശേഷമാണ് മാണി പ്രഖ്യാപനം നടത്തിയത്. അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് പറഞ്ഞ പി ജെ ജോസഫിനെ മാണി തൊടുപുഴയില്‍ സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചു. ഇടുക്കി ഡിസിസിയും ജില്ലാ യുഡിഎഫ് കവീനറും കെഎസ്യുവും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ജോസഫിനെ മത്സരിപ്പിക്കുമെന്നതില്‍ മാണി ഉറച്ചുനില്‍ക്കുന്നു. എതിര്‍പ്പു തുടര്‍ന്നാല്‍ യുഡിഎഫില്‍ തുടരാന്‍ പ്രയാസമാണെന്നാണ് മാണി പറഞ്ഞത്. ജോസഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തൊടുപുഴയില്‍ അടിയും പൊട്ടി. ഇതിന്റെപേരില്‍ മാണിയുമായുള്ള ബന്ധം വിഛേദിക്കുമോ എന്നും കോണ്‍ഗ്രസ് നേതൃത്വം പറയണം.
കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലേക്ക് പൊലീസ് നോക്കി എന്നാരോപിച്ചാണ് 1980ല്‍ നായനാര്‍ മന്ത്രിസഭയ്ക്കു നല്‍കിയിരുന്ന പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചത്. തൊടുപുഴയില്‍ കോണ്‍ഗ്രസുകാരെ മാണിയുടെ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചതിന്റെ പേരിലും ഇതേ നടപടി വേണ്ടതാണ്. രാജ്യത്താകെ ഇപ്പോള്‍ കോണ്‍ഗ്രസിന് എതിരായ രാഷ്ട്രീയ തരംഗം ആഞ്ഞടിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. കേന്ദ്ര ഭരണവും കോണ്‍ഗ്രസും ബിജെപിയും നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങളിലെ ഭരണവും അടിമുടി അഴിമതിയില്‍ മുങ്ങി. എന്നാല്‍ ഇടതുമുന്നണി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റ അഴിമതിയാരോപണംപോലും ഉയര്‍ന്നിട്ടില്ല. വന്‍ വികസനമുന്നേറ്റമുണ്ടാവുകയും ചെയ്തു. അഴിമതിയില്ലാത്ത ജനപക്ഷ വികസനം നടപ്പാക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനി 210211
പി ജെ ജോസഫ് രാഷ്ട്രീയ വ്യഭിചാരിയാണെന്നും യുഡിഎഫിന്റെ ഇമേജ് ദിവസംപ്രതി താഴോട്ടുപോവുകയാണെന്നന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ReplyDeleteജോസഫിന് സീറ്റു നല്‍കാതെ പറ്റിക്കാനുള്ള ശ്രമമാണ് മാണിയുടേതെന്ന് മന്ത്രി വി സുരേന്ദ്രന്‍പിള്ള പറഞ്ഞു. തൊടുപുഴയില്‍ ജോസഫ് മല്‍സരിക്കുമെന്ന് മാണി പറയുന്നത് ആത്മാര്‍ത്ഥമായല്ല. മുന്നണിയുടെ നടപടിക്രമങ്ങള്‍ നന്നായി അറിയുന്ന മാണി ഒരിക്കലും ഇങ്ങനെ ഒരു പരാമര്‍ശം നടത്തില്ല. ജോസഫിനെ മാറ്റി നിര്‍ത്താനുള്ള നീക്കമാണ് മാണി നടത്തുന്നത്. അതില്‍ ദുരൂഹതയുണ്ട്. ജോസഫ് ഗ്രൂപ്പ് മാണിയിലേക്ക് പോകുമ്പോള്‍ അപകടമാണെന്ന മുന്നറിയിപ്പ് അന്ന് ജോസഫ് ചെവിക്കൊണ്ടില്ല.ഇപ്പോള്‍ ജോസഫിനൊപ്പം പോയവര്‍ നാണക്കേട് അനുഭവിക്കുകയാണ്. മാണി ജോസഫിനെ കൂട്ടാതെ സോണിയയുമായി ചര്‍ച്ച നടത്തിയതിലും ദുരുഹതയുണ്ട് . മകന് കേന്ദ്രമന്ത്രിസ്ഥാനം ഒപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മാണി പോയത്. ജോസഫിന്റെ പേരിലുണ്ടായ ആകാശപീഡനം സംബന്ധിച്ച് ഇപ്പോഴും പരാതി കിട്ടിയാല്‍ പുനരന്വേഷണം നടത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ReplyDeleteജോസഫിനെ വെച്ച് യുഡിഎഫില്‍ വില പേശാനുള്ള തന്ത്രമാണ് മാണി നടത്തുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജോസഫിനെ മല്‍സരിപ്പിക്കണമെന്ന് മാണി ഒരിക്കലും ആഗ്രഹിക്കുന്നില്ല.ജോസഫിനെ കൊണ്ട് വില പേശുകയാണ്. അതിന്റെ പേരില്‍യുഡിഎഫില്‍ അടി പൊട്ടിക്കഴിഞ്ഞു. യുഡിഎഫ് ശിഥിലമായതായും കോടിയേരി പറഞ്ഞു. ബാലകൃഷ്ണപിള്ള മാണിയെക്കുറിച്ചു നടത്തിയ ആരോപണങ്ങള്‍ പരാതിയായി എഴുതി തന്നാല്‍ സര്‍ക്കാര്‍ അന്വേഷിക്കാം. എല്ലാവരും യുഡിഎഫില്‍ മാണിക്കെതിരെ തിരിയുകയാണ്. ഇങ്ങനെ ചവിട്ടും തൊഴിയും കൊണ്ട് നില്‍ക്കേണ്ടതുണ്ടോയെന്ന് മാണി തന്നെ തീരുമാനിക്കണമെന്നും കോടിയേരി പറഞ്ഞു.
ReplyDeleteനിയമസഭാതെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ പി ജെ ജോസഫ് മത്സരിക്കുമെന്ന കെ എം മാണിയുടെ ഏകപക്ഷീയ പ്രഖ്യാപനം മുന്നണി മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍. ഇക്കാര്യം യുഡിഎഫ് നേതൃയോഗം ചര്‍ച്ചചെയ്യുമെന്ന് ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ ചെയര്‍മാനായ ജനശ്രീ മിഷനുകീഴിലുള്ള ജനശ്രീ മൈക്രോഫിന്‍ 26ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ കേന്ദ്രമന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്യുമെന്ന് ഹസ്സന്‍ അറിയിച്ചു. ജനശ്രീ ഫിന്നിന് വിവിധ ബാങ്കുകളില്‍നിന്ന് 200 കോടി രൂപ വായ്പ ലഭിച്ചിട്ടുണ്ട്. ജനശ്രീക്ക് കീഴിലെ 10,000 സംഘങ്ങളില്‍നിന്ന് അഞ്ചു കോടിരൂപ ഇതിനുപുറമെ സമാഹരിച്ചു. ജനശ്രീ മൈക്രോഫിന്‍ രാജ്യത്താദ്യത്തെ സാമൂഹ്യ ഉടമസ്ഥതയിലുള്ള ബാങ്കിങ് ഇതര ഫിനാന്‍സ് കമ്പനിയാണെന്ന് ഹസ്സന്‍ പറഞ്ഞു. സെക്രട്ടറി ബി എസ് ബാലചന്ദ്രന്‍, ലതിക സുഭാഷ്, ഡോ. ആര്‍ പ്രഭ, സോളമന്‍ അലക്സ്, വിതുര ശശി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ReplyDelete