Monday, February 21, 2011

അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തണം

സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതിയായ മുന്‍ കേന്ദ്രമന്ത്രി എ രാജ കഴിഞ്ഞ ചില ആഴ്ചകളിലായി ജയിലിലാണ്. ഇടമലയാര്‍ അഴിമതിക്കേസില്‍ കുറ്റവാളിയാണ് എന്ന സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് കേരളത്തില്‍ വളരെക്കാലം പല മന്ത്രിസഭകളിലും അംഗമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയും ജയിലിലായി.

സമീപകാലത്ത് പുറത്തുവന്ന പല അഴിമതിക്കേസുകളും അക്ഷരാര്‍ഥത്തില്‍ നാടിനെ ഞെട്ടിച്ചു. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തിന്റെ അടിത്തറതന്നെ തകരുകയാണ്. അഴിമതിയും കോഴയും കള്ളപ്പണവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ന് അരങ്ങു തകര്‍ക്കുകയാണ്. ഇവയ്‌ക്കെതിരെ ദേശവ്യാപകമായി ജനങ്ങളെ അണിനിരത്തി പോരാട്ടം നടത്തുകയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഇടതുപക്ഷ-പുരോഗമന ശക്തികളും.

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും അവയുടെ കൂടപ്പിറപ്പായ സ്വകാര്യവല്‍ക്കരണത്തിന്റെയും ഈ കാലഘട്ടത്തില്‍ ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യന്‍ കുത്തക മുതലാളിമാരും അവര്‍ക്കു ദാസ്യവേല ചെയ്യുന്ന രാഷ്ട്രീയക്കാരും ചേര്‍ന്ന് സാമ്രാജ്യത്വത്തിന്റെ കാര്‍മികത്വത്തില്‍ സൃഷ്ടിക്കപ്പെട്ട സ്‌ഫോടനാത്മകമായ ഒരവസ്ഥാവിശേഷം ഇന്ന് ലോകമെമ്പാടും ഭീകര പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കു വഴിവയ്ക്കുന്നു. കേട്ടുകേഴ്‌വിയില്ലാത്ത അഴിമതിയുടെയും കോഴയുടെയും പുതിയ അധ്യായങ്ങള്‍ രചിക്കുന്നു. മയക്കുമരുന്നും കള്ളക്കച്ചവടവും കൂടി ഇവയോടു ചേര്‍ത്ത് ഏകാധിപതികള്‍ രാഷ്ട്രീയാധികാരം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു, ജനാധിപത്യത്തെ കുരുതി പെയ്തുകൊണ്ട്. ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും ഈ ശക്തികള്‍ ജനാധിപത്യത്തെ പലയിടത്തും കശാപ്പു ചെയ്തു. ഇറ്റലിയില്‍ ഇതു സ്ഥിരമായി രാഷ്ട്രീയ അനിശ്ചിതത്വത്തിനു വഴിവയ്ക്കുന്നു. മ്യാന്‍മാറില്‍ (ബര്‍മ്മയില്‍) ഈ ശക്തികള്‍ പട്ടാള ഭരണത്തെ അരക്കിട്ടുറപ്പിച്ചു, ജനാധിപത്യത്തെ കശാപ്പു ചെയ്തുകൊണ്ട്. ഈ ശക്തികള്‍ ഇന്തോനേഷ്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലും ജനാധിപത്യത്തിനു നേരേ സമീപകാലത്ത് ഭീഷണിയുയര്‍ത്തി.

ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയിലാകെയും കേരളത്തിലും സമീപകാലത്തുയര്‍ന്നുവന്ന വന്‍ അഴിമതിക്കേസുകളും അവയുടെ പിന്നിലുള്ള രാഷ്ട്രീയത്തേയും വിലയിരുത്തുവാന്‍. ഇത്തരത്തിലുള്ള രാഷ്ട്രീയ അഴിമതികള്‍ ജനാധിപത്യത്തിനു നേരെയുള്ള ഭീഷണി എന്നതിനു പുറമെ, ജനങ്ങള്‍ക്കവകാശപ്പെട്ട രാജ്യത്തിന്റെ സമ്പത്ത് കൊള്ള ചെയ്ത് ജനജീവിതം കൂടുതല്‍ ദരിദ്രമാക്കുന്നതിനും ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണമേന്‍മയുള്ള ജീവിതസാഹചര്യങ്ങള്‍ നിഷേധിക്കുന്നതിനും വഴിവയ്ക്കുന്നു.

അതുകൊണ്ട് അഴിമതിയ്‌ക്കെതിരെയുള്ള സമരത്തിന് അതിയായ പ്രാധാന്യമുണ്ട്. അത് ജനാധിപത്യ സംരക്ഷണത്തിനും ജനങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും രാജ്യത്തിന്റെ സര്‍വതോമുഖമായ പുരോഗതിയുറപ്പു വരുത്തുന്നതിനും ആ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനുമുള്ള ഈ കാലഘട്ടത്തിലെ സുപ്രധാനമായ ഒരു സമരമാണ്. ജനാധിപത്യത്തിന്റെ സുസ്ഥിരമായ നിലനില്‍പിനും വേണ്ടിയുള്ള അനുപേക്ഷണീയമായ സമരം.

സ്വിറ്റ്‌സര്‍ലന്റിലെ ബാങ്കുകളിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലെ ബാങ്കുകളിലും രഹസ്യ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. അവയ്ക്ക് നികുതി നല്‍കിയാല്‍ മതി. ആര്, എവിടെ നിന്ന് നിക്ഷേപിച്ചു, എങ്ങനെ ലഭിച്ച പണമാണ് ഇത്തരം ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് എന്ന കാര്യം മറ്റാര്‍ക്കും അറിയാന്‍ സാധാരണഗതിയില്‍ മാര്‍ഗമില്ല. അത് അവര്‍ അതീവരഹസ്യമായി സൂക്ഷിക്കും എന്ന ഉറപ്പ് ഇത്തരം നിക്ഷേപകര്‍ക്കു പ്രോത്സാഹനവുമാണ്.

ഇന്ത്യയിലെ കോര്‍പ്പറേറ്റ് കോടീശ്വരന്‍മാര്‍, ആയുധക്കച്ചവടക്കാര്‍, മയക്കുമരുന്ന് മാഫിയകള്‍, രാഷ്ട്രീയത്തിലെ അഴിമതിത്താപ്പാനകള്‍, കയറ്റിറക്കുമതി കമ്പനികള്‍, ഹവാലാ ഇടപാടുകാര്‍ തുടങ്ങിയവരുടെ വഴിവിട്ട കള്ളപ്പണ സമ്പാദ്യങ്ങള്‍ തുടങ്ങിയവ ഈ ബാങ്കുകളിലെ ഇരുണ്ട അറകളില്‍ രഹസ്യമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.

ഈ രഹസ്യ നിക്ഷേപങ്ങള്‍ എല്ലാവര്‍ക്കും ഒരു ഭീഷണിയാണ്. അതുകൊണ്ട് ഈ നിക്ഷേപങ്ങളുടെ രഹസ്യസ്വഭാവം മാറ്റണമെന്ന ശക്തിയായ സമ്മര്‍ദ്ദം സാര്‍വദേശീയമായി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ബാങ്കിംഗ് രഹസ്യത്തിലേയ്ക്ക് താക്കോല്‍ദ്വാരത്തിലൂടെ നോക്കിക്കാണാനുള്ള ഒരു സൗകര്യം ഇന്നു സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നു താല്‍പര്യമുള്ളവര്‍ സൃഷ്ടിക്കുന്ന കൂടുതല്‍ വലിയ സമ്മര്‍ദ്ദത്തിനു മുന്നില്‍ ആ രഹസ്യത്തിന്റെ കറുത്ത ആവരണം ഇന്ന് ക്രമേണ നീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഈ പുതിയ സാഹചര്യം പൂര്‍ണമായുപയോഗിച്ച് വന്‍കിട സാമ്പത്തിക കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് തന്റേടത്തോടെ നടപടികളെടുക്കുന്നില്ല. ദുരൂഹമായ സാഹചര്യങ്ങളിലാണ് സാങ്കേതിക ന്യായങ്ങളുന്നയിച്ചുകൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ്  ഉരുണ്ടുകളിക്കുന്നത്. ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രസ്താവിച്ചു; സ്വിസ് ബാങ്ക് യൂറോപ്യന്‍ ബാങ്കുകളിലെ രഹസ്യ നിക്ഷേപകര്‍ ആരാണെന്നു തങ്ങള്‍ക്കറിയാം. എന്നാല്‍ ചില ഉടമ്പടി ബാധ്യതകളുടെ അടിസ്ഥാനത്തില്‍ അവരുടെ പേരു വെളിപ്പെടുത്താന്‍ തനിക്കാവില്ല എന്ന ന്യായമാണദ്ദേഹം പറഞ്ഞത്. അതു പല സംശയങ്ങള്‍ക്കും വഴിവയ്ക്കുന്നു. കുപ്രസിദ്ധമായ ബൊഫോഴ്‌സ് ഇടപാടിലെ ഇടനിലക്കാര്‍ ക്വത്ത്‌റോച്ചി, വിന്‍ച്ഛദ്ദ തുടങ്ങിയവര്‍ ആ ഇടപാടില്‍ തരപ്പെടുത്തിയ കള്ളപ്പണം നിക്ഷേപിച്ചത് ഈ ബാങ്കുകളിലാണ്. ഇതില്‍ ഇന്ത്യയിലെ കോടീശ്വരന്‍മാര്‍ക്ക് കള്ളപ്പണത്തിന്റെ അക്കൗണ്ടുകളുണ്ട്. എന്തിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇത്തരം രഹസ്യ അക്കൗണ്ട് വിദേശ ബാങ്കുകളിലുണ്ടെന്ന ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം ഗൗരവമുള്ളതാണ്.

ഇത്തരം വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തെപ്പറ്റി സമീപകാലത്തു ചില സുപ്രധാന വെളിപ്പെടുത്തലുകളുണ്ടായി. ഇവയെക്കുറിച്ചന്വേഷിച്ച് ഈ പണം ഇന്ത്യയിലെത്തിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും സി പി ഐ അംഗങ്ങള്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായാവശ്യപ്പെട്ടു. മറുപടി പറഞ്ഞ ഗവണ്‍മെന്റ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഈയിടെ ഇതുസംബന്ധമായ ഒരു കേസില്‍ സുപ്രിംകോടതി ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തി. ഈ നാടിനെ കൊള്ളചെയ്ത് ചിലര്‍ പണം വിദേശത്തുകൊണ്ടുപോയി നിക്ഷേപിച്ചിരിക്കുന്നത് ഗൗരവമേറിയ കുറ്റമാണെന്നും ആ പണം ഉടന്‍ തിരിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കണമെന്നും സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. അതിനും ഒഴുക്കന്‍ മറുപടിയായിരുന്നു സര്‍ക്കാര്‍ നല്‍കിയത്. തങ്ങള്‍ അതിനുശ്രമിക്കുന്നുണ്ടെന്നും കുറേ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ആ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ കഴിയാത്ത ഉടമ്പടി ബാധ്യതകളുണ്ടെന്നും കുറ്റവാളികളെ ക്രമേണ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും കേന്ദ്രം പറഞ്ഞു.

ഈ രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളെപ്പറ്റി കഴിഞ്ഞ രണ്ടു വര്‍ഷമായി കേള്‍ക്കുന്ന കഥകള്‍ ആരെയും ഞെട്ടിപ്പിക്കുന്നവയാണ്. ഈ നിക്ഷേപത്തിന്റെ ആകത്തുക കേന്ദ്ര ബജറ്റില്‍ വകകൊള്ളിക്കുന്ന മൊത്തവരുമാനത്തേക്കാള്‍ വലുതാണത്രെ.

കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ കണക്ക് ഈ നിക്ഷേപത്തുക 72 ലക്ഷം കോടി രൂപ വരുമെന്നാണ്. എന്നാല്‍ അനൗദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത് ഈ തുക 280 ലക്ഷം കോടി രൂപയുടേതാണ് എന്നാണ്. ഇതിന്റെ അര്‍ഥം ഈ തുക ഇന്നത്തെ ജനസംഖ്യയനുസരിച്ചു വിഭജിച്ചാല്‍ ഓരോ ഇന്ത്യക്കാരനും ശരാശരി രണ്ടേകാല്‍ ലക്ഷം രൂപ ലഭിക്കുമെന്നതാണ്.

ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരുടെ 94 ശതമാനം പേര്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരാണ്. ഇവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്ന മുറവിളി കൂടുതല്‍  ശക്തിപ്രാപിക്കുന്നുണ്ടിപ്പോള്‍. അത്തരം ഒരു പദ്ധതി അനുപേക്ഷണീയമാണെന്ന് സര്‍ക്കാരും സമ്മതിക്കും. പക്ഷേ അതിനു പണമില്ല. അത്തരം പദ്ധതി തുടക്കംകുറിക്കാനാവശ്യമായ തുക ഒരു ലക്ഷം കോടി രൂപയാണ്. അതില്ലാത്തതുകൊണ്ട് ആ പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഇന്ത്യയിലെ ഗ്രാമങ്ങളിലാകെ റോഡുകള്‍ നിര്‍മിക്കുന്നതിനും സ്‌കൂളുകള്‍ പ്രവൃത്തിപ്പിക്കുന്നതിനും പ്രാധമികാരോഗ്യ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിനും മെച്ചപ്പെട്ട കുടിവെള്ളം ഉറപ്പാക്കുന്നതിനും വൈദ്യുതി ലഭ്യമാക്കുന്നതിനും വീടില്ലാത്തവര്‍ക്ക് വീടുനല്‍കുന്നതിനും പാവപ്പെട്ടവര്‍ക്കു പോഷകാഹാരം ഉറപ്പുവരുത്തുന്നതിനും ജലസേചന സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനും അധ്യാപകരേയും ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യ മേഖലക്കാവശ്യമായ ജീവനക്കാരെ ഏര്‍പ്പെടുത്തുന്നതിനുമൊക്കെക്കൂടി കൂടിവന്നാല്‍ വേണ്ടിവരുന്നു ആകെ ചെലവ് 25-30 ലക്ഷം കോടി രൂപയാണ്.

സോണിയാഗാന്ധി വാഗ്ദാനം ചെയ്തതും, ഇതുവരെ നടപ്പാക്കപ്പെടാത്തതുമായ ഭക്ഷ്യസുരക്ഷാ പദ്ധതി-ഇന്ത്യയിലെ 82 ശതമാനം കുടുംബങ്ങള്‍ക്ക് മാസംതോറും 35 കിലോ ഭക്ഷ്യധാന്യങ്ങള്‍, ഗോതമ്പിന് കിലോയ്ക്ക് രണ്ട് രൂപവച്ചും, അരി കിലോയ്ക്ക് മൂന്ന് രൂപവച്ചും ലഭ്യമാക്കുന്ന നിയമാധിഷ്ടിത ഭക്ഷ്യസുരക്ഷാ പദ്ധതിനടപ്പാക്കാന്‍ അഞ്ചുവര്‍ഷത്തേക്ക് വേണ്ടിവരുന്ന തുക കേവലം നാലരലക്ഷം കോടി രൂപമാത്രം.

കേന്ദ്ര സര്‍ക്കാരിന്റെ കൈയ്യില്‍ വേണ്ടത്ര പണമില്ലാത്തതുകൊണ്ട് മതിയായ ഗോഡൗണ്‍ സൗകര്യങ്ങള്‍ ഇല്ല. അതുകൊണ്ട് നമ്മുടെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കോടിക്കണക്കിനു ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വെയിലും മഴയും കൊണ്ട് നശിച്ചു വെണ്ണീറാകുന്നു. എലിക്കും പക്ഷിക്കും ആഹാരമാകുന്നു. ഭക്ഷണമില്ലാതെ ഇന്ത്യയിലെ പിന്നോക്ക ഗ്രാമങ്ങളിലെ മനുഷ്യര്‍ പട്ടിണികിടന്നു മരിക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ പച്ചക്കറിയും പഴങ്ങളും ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. എന്നാല്‍ ഇവയില്‍ പകുതിയിലേറെയും നശിച്ചുപോകുന്നു. കാരണം അവ സംഭരിക്കാനാവശ്യമായ ശീതീകരണ സംവിധാനങ്ങളുള്ള ഗോഡൗണുകളുടെ ശൃംഖല ഇന്ത്യയ്ക്ക് ഇന്നും ഇല്ല.

ഈ ഇല്ലായ്മകളില്‍ നമ്മുടെ നാടും ജനങ്ങളും ദാരിദ്ര്യത്തിലേയ്ക്കും പട്ടിണിയിലേയ്ക്കും തള്ളിനീക്കപ്പെടുന്നു.

ഈ പശ്ചാത്തലത്തിലാണ് വിദേശ ബാങ്കുകളില്‍ അധോലോക നായകര്‍ രാജ്യത്തെ കൊള്ളയടിച്ച് നിക്ഷേപിച്ചിരിക്കുന്ന 280 ലക്ഷം കോടി രൂപയുടെ പ്രാധാന്യം മനസ്സിലാക്കാന്‍. അതു തിരിച്ച് ഇന്ത്യയില്‍ കൊണ്ടുവന്നാല്‍ ഇന്ത്യയ്ക്ക് സാമ്പത്തികാഭിവൃദ്ധിയും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഗുണമേന്‍മയുള്ള ജീവിതവും പ്രദാനം ചെയ്യുവാന്‍ ഈ കൊള്ളപ്പണത്തിന്റെ ചെറിയൊരംശം മാത്രം മതി.

ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് രണ്ട് ലക്ഷം കോടി രൂപയുടെ എസ് ബാന്‍ഡ് സ്‌പെക്ട്രം അഴിമതി. ഇത് പ്രധാനമന്ത്രിയുടെ മൂക്കിനു താഴെ ഐ എസ് ആര്‍ ഒയിലാണ് നടന്നത്. പ്രധാനമന്ത്രിയുടെ മൗനാനുവാദത്തോടെ എ രാജ നടത്തിയ 2 ജി സ്‌പെക്ട്രം അഴിമതിയില്‍പ്പെട്ടത് 1,76,000 കോടി രൂപ. കോമണ്‍വെല്‍ത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയും കൂട്ടുകാരും ചേര്‍ന്ന് കൊള്ളയടിച്ചത് 75,000 കോടി രൂപ. യു പിയില്‍ നടന്ന ഭക്ഷ്യ കുംഭകോണം 2,00,000 കോടിയുടേതാണ്. ആദര്‍ശ് ഫ്‌ളാറ്റ്, ഐ പി എല്‍ കുംഭകോണം തുടങ്ങിയവ എത്ര കോടിയുടേതാണെന്നിനിയും തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല.

നാടിന്റെയും ജനങ്ങളുടെയും സമ്പത്താണ് ചിലര്‍ കൊള്ളയടിച്ചത്. ഇത് നാടിനെ ദരിദ്രമാക്കുന്നു,  ജനങ്ങളെ പാപ്പരാക്കുന്നു. ഈ സമ്പത്ത് നാടിന്റെ ഐശ്വര്യത്തിനും ജനങ്ങളുടെ ജീവിതാഭിവൃദ്ധിക്കും ഉതകിയിരുന്നുവെങ്കില്‍ നാടിന്റെ മുഖച്ഛായ മാറിയേനേ, ജനജീവിതം മറ്റൊന്നായേനേ.

കേന്ദ്രം ഭരിക്കുന്നവര്‍ അങ്ങനെ ചിന്തിക്കുന്നില്ല. അവര്‍ ഈ കൊള്ളയില്‍ പങ്കുപറ്റാന്‍ ശ്രമിക്കുന്നു. നാടിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിയില്‍ അവര്‍ക്കത്രയേ താല്‍പര്യമുള്ളൂ. അവര്‍ തുടരുന്ന നിയോലിബറല്‍ നയങ്ങള്‍ ഈ വഴിയിലൂടെത്തന്നെ ഇനിയും നാടിനെ നയിക്കും. അതുകൊണ്ട് ഈ നയത്തിനെതിരെയുള്ള യോജിച്ച ജനകീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും വളര്‍ത്തി ശക്തമാക്കുക എന്ന കടമ ഇന്നു സുപ്രധാനമാണ്.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 210211

2 comments:

  1. നാടിന്റെയും ജനങ്ങളുടെയും സമ്പത്താണ് ചിലര്‍ കൊള്ളയടിച്ചത്. ഇത് നാടിനെ ദരിദ്രമാക്കുന്നു, ജനങ്ങളെ പാപ്പരാക്കുന്നു. ഈ സമ്പത്ത് നാടിന്റെ ഐശ്വര്യത്തിനും ജനങ്ങളുടെ ജീവിതാഭിവൃദ്ധിക്കും ഉതകിയിരുന്നുവെങ്കില്‍ നാടിന്റെ മുഖച്ഛായ മാറിയേനേ, ജനജീവിതം മറ്റൊന്നായേനേ.

    കേന്ദ്രം ഭരിക്കുന്നവര്‍ അങ്ങനെ ചിന്തിക്കുന്നില്ല. അവര്‍ ഈ കൊള്ളയില്‍ പങ്കുപറ്റാന്‍ ശ്രമിക്കുന്നു. നാടിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിയില്‍ അവര്‍ക്കത്രയേ താല്‍പര്യമുള്ളൂ. അവര്‍ തുടരുന്ന നിയോലിബറല്‍ നയങ്ങള്‍ ഈ വഴിയിലൂടെത്തന്നെ ഇനിയും നാടിനെ നയിക്കും. അതുകൊണ്ട് ഈ നയത്തിനെതിരെയുള്ള യോജിച്ച ജനകീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും വളര്‍ത്തി ശക്തമാക്കുക എന്ന കടമ ഇന്നു സുപ്രധാനമാണ്.

    ReplyDelete
  2. അഴിമതിപ്പണവും കള്ളപ്പണവും കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. എല്ലാ സംസ്ഥാനങ്ങളിലും പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയോഗം തീരുമാനിച്ചു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് അഞ്ചുമുതല്‍ 15 വരെ രാജ്യവ്യാപകമായി ഒപ്പുശേഖരിക്കും. ഒരുകോടി ഒപ്പ് മാര്‍ച്ച് 23ന് രാഷ്ട്രപതിക്ക് കൈമാറും. തൊഴിലില്ലായ്മയ്ക്കെതിരായും അഴിമതിപ്പണവും കള്ളപ്പണവും കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന-ജില്ലാ അടിസ്ഥാനത്തില്‍ അന്ന് യുവജനമാര്‍ച്ചുകള്‍ സംഘടിപ്പിക്കും. ഇരുപത്തൊന്നു ലക്ഷം കോടി വരുന്ന കള്ളപ്പണം കണ്ടുകെട്ടി 13 ലക്ഷം കോടിയോളമുള്ള വിദേശകടം വീട്ടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ബാക്കി പണം തൊഴിലവസരം സൃഷ്ടിക്കാനും വ്യവസായനിക്ഷേപത്തിനും വിനിയോഗിക്കണം. ഇന്ത്യയുടെ വിദേശകടത്തിന്റെ ഇരട്ടിയോളം വരുന്ന തുക കള്ളപ്പണമായി വിദേശബാങ്കുകളിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍തന്നെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ അറിയാമെങ്കിലും അത് വെളിപ്പെടുത്താനാകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ടുണീഷ്യയില്‍ തുടങ്ങി വടക്കേ ആഫ്രിക്കയിലും പശ്ചിമേഷ്യയിലും പടരുന്ന ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമ്മേളനങ്ങള്‍ വിളിക്കും. ചെന്നൈയിലും മുംബൈയിലും മാര്‍ച്ചില്‍ ഐക്യദാര്‍ഢ്യ സമ്മേളനം ചേരും. മെമ്പര്‍ഷിപ് പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ജാര്‍ഖണ്ഡിലും ഹിമാചല്‍പ്രദേശിലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ യോഗം അഭിവാദ്യംചെയ്തു. ഡിവൈഎഫ്ഐ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി തപസ് സിന്‍ഹ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

    ReplyDelete