കണ്ണൂര്‍: ഉത്തരമലബാറിന്റെ വികസനപാതയില്‍ നാഴികക്കല്ലാകുന്ന പദ്ധതികള്‍ക്ക് തുടക്കമായി. ജനം ഉത്സവലഹരിയില്‍. വടക്കേ മലബാര്‍ ഒരിക്കലും കാണാത്തത്ര വികസനത്തിന്റെ കുത്തൊഴുക്കിനാണ് ജില്ല സാക്ഷ്യം വഹിക്കുന്നത്. പരമ്പരാഗത വ്യവസായത്തിന്റെ തകര്‍ച്ചയില്‍ പകച്ചുപോയ ജില്ല പുത്തന്‍ വ്യവസായ സ്വപ്നങ്ങളുമായി സൈബര്‍ ലോകത്തേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. പയ്യന്നൂര്‍ എരമം-കുറ്റൂരിലെ കണ്ണൂര്‍ സൈബര്‍പാര്‍ക്ക് ശിലാസ്ഥാപനം, മയ്യില്‍ ചട്ടുകപ്പാറയിലെ ടെക്നോ ക്യാമ്പസ് ഉദ്ഘാടനം എന്നിവ അതിന് നാന്ദികുറിക്കലായി മാറി. പിണറായിയിലെ ട്രാക്കോ കേബിള്‍ കമ്പനിയുടെ ഉദ്ഘാടനമായിരുന്നു മറ്റൊരു പരിപാടി. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികളുടെ പൂര്‍ത്തീകരണം ജനങ്ങളില്‍ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് മുളപ്പിക്കുന്നത്.
സാമ്രാജ്യത്വത്തിനും ജന്മിനാടുവാഴിത്തത്തിനും എതിരെ പോരാടിയവരുടെ നാടാണ് പയ്യന്നൂരും മയ്യിലും. പുരാതനരാജവംശത്തിന്റെ സ്മൃതിചിഹ്നങ്ങള്‍ അവശേഷിക്കുന്ന ഏഴിമലയുടെ സമീപത്താണ് എരമം-കുറ്റൂര്‍. ചരിത്രസമ്പന്നതയുടെയും പൈതൃകത്തിന്റെയും തട്ടകമായ ഈ പ്രദേശങ്ങളാണ് ഐടി വികസനത്തിന്റെ ചിറകില്‍ ആധുനികതയുടെ ഉയരം സ്വായത്തമാക്കുന്നത്.
എരമം കുറ്റൂരിലെ പുല്ലുപാറയിലെ ഉദ്ഘാടനവേദിയിലേക്ക് ശനിയാഴ്ച രാവിലെ മുതല്‍ വന്‍ജനപ്രവാഹമായിരുന്നു. വാഹനങ്ങളിലും നടന്നുമൊക്കെയായി ആബാലവൃദ്ധം ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വന്നെത്തി. ഉദ്ഘാടനമുഹൂര്‍ത്തമായപ്പോഴേക്കും പുല്ലുപാറ ജനസമുദ്രമായി. പരമ്പരാഗതവ്യവസായങ്ങള്‍ക്ക് വേരുണ്ടായിരുന്ന ഈ പ്രദേശങ്ങള്‍ ഇനി കാലത്തിന്റെ മാറ്റത്തിനൊപ്പം കുതിക്കും.
സൈബര്‍പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ ഉത്തരമലബാറിലെ പ്രമുഖ ഐടികേന്ദ്രമായി എരമം-കുറ്റൂര്‍ മാറും. പൂല്ലുപാറയിലെ 10.37 ഹെക്ടറിലാണ് പാര്‍ക്ക്. ഒന്നരലക്ഷം ചതുരശ്ര അടിയിലാണ് ഐടി ബില്‍ഡിങ്. ചുറ്റുമതില്‍, റോഡ്, സൈബര്‍ പാര്‍ക്ക് ഓഫീസ്, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ്, വൈദ്യുതി, ഹോട്ടല്‍, അനുബന്ധ സൌകര്യങ്ങള്‍ എന്നിവയും സൈബര്‍ പാര്‍ക്കില്‍ ഒരുക്കും. ഒരു വര്‍ഷത്തിനകം 2500 മുതല്‍ 5000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പാര്‍ക്കിനാവും. പ്രത്യേകസാമ്പത്തികമേഖലാ പദവിയുള്ളതിനാല്‍ അന്താരാഷ്ട്രതലത്തിലുള്ള കമ്പനികളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മയ്യില്‍-കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലാണ് ചട്ടുകപ്പാറയിലെ ടെക്നോക്യാമ്പസ്. കോഴിക്കോട് സൈബര്‍ പാര്‍ക്കിനാണ് പ്രവര്‍ത്തനച്ചുമതല. ചെറുകിട ഐടി സ്ഥാപനങ്ങള്‍ക്കാണ് സൌകര്യം ഒരുക്കുന്നത്. പത്തു വര്‍ഷത്തിനകം ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം.
വൈദ്യുത കേബിള്‍ അടക്കമുള്ള ഉപകരണങ്ങളാണ് ട്രാക്കോ കേബിള്‍ യൂണിറ്റില്‍ നിര്‍മിക്കുക. സംസ്ഥാനസര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലിലൂടെ മൂന്നുവര്‍ഷമായി ലാഭത്തിലാണ് ട്രാക്കോകമ്പനി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പൊതുമേഖലാസ്ഥാപനമാണ് പിണറായിയില്‍ പ്രവര്‍ത്തനക്ഷമമായത്. അഴീക്കലില്‍ മറ്റൊരു വ്യവസായസ്ഥാപനമായ വല ഫാക്ടറി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവയും യാഥാര്‍ഥ്യമാവുകയാണ്. ഒപ്പം കണ്ണൂര്‍ സൈബര്‍ സിറ്റിയായും മാറുന്നു.
ദേശാഭിമാനി 200211
ഉത്തരമലബാറിന്റെ വികസനപാതയില്‍ നാഴികക്കല്ലാകുന്ന പദ്ധതികള്‍ക്ക് തുടക്കമായി. ജനം ഉത്സവലഹരിയില്‍. വടക്കേ മലബാര്‍ ഒരിക്കലും കാണാത്തത്ര വികസനത്തിന്റെ കുത്തൊഴുക്കിനാണ് ജില്ല സാക്ഷ്യം വഹിക്കുന്നത്. പരമ്പരാഗത വ്യവസായത്തിന്റെ തകര്‍ച്ചയില്‍ പകച്ചുപോയ ജില്ല പുത്തന്‍ വ്യവസായ സ്വപ്നങ്ങളുമായി സൈബര്‍ ലോകത്തേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. പയ്യന്നൂര്‍ എരമം-കുറ്റൂരിലെ കണ്ണൂര്‍ സൈബര്‍പാര്‍ക്ക് ശിലാസ്ഥാപനം, മയ്യില്‍ ചട്ടുകപ്പാറയിലെ ടെക്നോ ക്യാമ്പസ് ഉദ്ഘാടനം എന്നിവ അതിന് നാന്ദികുറിക്കലായി മാറി. പിണറായിയിലെ ട്രാക്കോ കേബിള്‍ കമ്പനിയുടെ ഉദ്ഘാടനമായിരുന്നു മറ്റൊരു പരിപാടി. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികളുടെ പൂര്‍ത്തീകരണം ജനങ്ങളില്‍ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് മുളപ്പിക്കുന്നത്.
ReplyDelete