Sunday, February 20, 2011

പീഡനശേഷം കുഞ്ഞാലിക്കുട്ടി ദുബായിലേക്ക് നാടുകടത്തി

ഐസ്ക്രീം കേസില്‍ സാക്ഷിമൊഴി: പീഡനശേഷം കുഞ്ഞാലിക്കുട്ടി ദുബായിലേക്ക് നാടുകടത്തി
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനുശേഷം മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തന്നെ ദുബായിലേക്ക് അയച്ചെന്ന് പീഡനത്തിന് ഇരയായ റോസ്ലിന്റെ വെളിപ്പെടുത്തല്‍. കേസിലെ സാക്ഷിയായ റോസ്ലിന്റെ മൊഴിയടങ്ങിയ സിഡിയിലാണ് സുപ്രധാനമായ ഈ വെളിപ്പെടുത്തലുള്ളത്. ഐസ്ക്രീം കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി പറയുന്നതിന്റെ തുടര്‍ച്ചയായാണ് നാടുകടത്തിയ കാര്യം റോസ്ലിന്‍ പരാമര്‍ശിക്കുന്നത്. കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് റോസ്ലിന്റെ മൊഴികള്‍.

1997ല്‍ പീഡനവാര്‍ത്ത പുറത്തായതോടെ റോസ്ലിന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരുപറഞ്ഞിരുന്നു. തുടര്‍ന്ന് പണവും സ്വാധീനവും ഉപയോഗിച്ച് മൊഴിമാറ്റി. കോടതിയില്‍ മൊഴി നിഷേധിച്ചതിനു തുടര്‍ച്ചയായാണ് ദുബായില്‍ ജോലി ശരിയാക്കി കൊടുത്തത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്നു കരുതുന്ന ബാബുവാണ് ദുബായില്‍ എല്ലാ സൌകര്യവും ഒരുക്കിയതെന്നും പറഞ്ഞിട്ടുണ്ട്. പെവാണിഭം സംബന്ധിച്ച് ഇന്ത്യാവിഷന്റെ സിഡിയിലും റോസ്ലിന്റെ മൊഴിയുണ്ടെന്നാണ് സൂചന. റോസ്ലിന്റെ വെളിപ്പെടുത്തലില്‍നിന്ന്:

"ദുബായിലെ കരാമയിലേക്കാണ് അയച്ചത്. എന്റെ സുഹൃത്ത് വഴിയാണ് ഐസ്ക്രീം പാര്‍ലര്‍ നടത്തിപ്പുകാരി ശ്രീദേവിയുടെ അടുത്തുവന്നത്. അന്ന് ജോലി ആവശ്യമുണ്ടായിരുന്നു. ശ്രീദേവിച്ചേച്ചി ഓരോ സ്ഥലത്തും കൊണ്ടുപോയി. പിന്നീട് അവിടത്തെ കാര്യങ്ങള്‍ കുറച്ചൊക്കെ മനസ്സിലാക്കി. ശ്രീദേവിയാണ് കുഞ്ഞാലിക്കുട്ടിയുടെ അടുത്തുകൊണ്ടുപോയത്. ഒരു രാത്രി മുഴുവന്‍ അവിടെ നിന്നു. രാവിലെ ട്രെയിനിലാണ് തിരികെ മടങ്ങിവന്നത്. കേസ് വന്നപ്പോള്‍ പേരു പറയാതിരുന്നത് പേടിച്ചിട്ടാണ്. പിന്നീട് പേരു പറയേണ്ടെന്ന് അവര്‍ പറഞ്ഞു. കേസിന്റെ ഒരാഴ്ച മുമ്പ് ഞങ്ങളെ വിളിപ്പിച്ചു. റൌഫും വക്കീലും ഉണ്ടായിരുന്നു. കോടതിയില്‍ ചോദിക്കുമ്പോള്‍ 'ഇല്ലാ ഇല്ലാ' എന്നു പറയണമെന്ന് പഠിപ്പിച്ചു. കോടതിയില്‍ പോകുന്നതിന്റെ തലേന്ന് പകുതി പണം തന്നു. തിരികെ വന്നശേഷം ബാക്കി പണവും. റൌഫിന്റെ കാറിലാണ് കോടതിയില്‍ പോയത്. കോടതിയില്‍ ചോദ്യത്തിന് 'ഇല്ലാ' എന്നു പറഞ്ഞു.

പിന്നീട് നാലു മാസത്തിനുശേഷം ഗള്‍ഫില്‍ കൊണ്ടുപോയി. ബാബുവാണ് ഗള്‍ഫില്‍ എല്ലാം ശരിയാക്കി തന്നത്. ബാബുവിനെ കുഞ്ഞാലിക്കുട്ടി ബന്ധപ്പെടാറുണ്ടെന്നാണ് അറിവ്. മൂന്നുവര്‍ഷം ഗള്‍ഫില്‍ നിന്നു. മാസാമാസം ശമ്പളം കൂടാതെ 10,000 രൂപയും തന്നിരുന്നു. വലിയ വാഗ്ദാനം തന്നാണ് കൊണ്ടുപോയത്. 45,000 രൂപ തരാമെന്നായിരുന്നു വാഗ്ദാനം. ഇത് ലഭിക്കാതിരുന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചിരുന്നു. പണം ഷെരീഫ് വഴി തരാമെന്നും പറഞ്ഞു. റൌഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ തെറ്റിയതോടെ ഷെരീഫ് വഴിയായിരുന്നു ഇടപാടുകള്‍. ഞങ്ങളില്‍ കൂടുതല്‍ പണം ലഭിച്ചത് റജീനയ്ക്കാണ്. റൌഫാണ് വീടുവാങ്ങി കൊടുത്തത് ''.

കേസില്‍ മൊഴിമാറ്റാന്‍ നടന്ന ആസൂത്രിത ഇടപെടലിനെക്കുറിച്ചും റോസ്ലിന്‍ വെളിപ്പെടുത്തുന്നുണ്ട്. അഭിഭാഷകന്‍ പഠിപ്പിച്ച കാര്യങ്ങളാണ് സാക്ഷികള്‍ കോടതിയില്‍ പറഞ്ഞതെന്ന് റൌഫ് പറഞ്ഞിരുന്നു. ചാലപ്പുറത്ത് വീട്ടിലിരുത്തിയാണ് സാക്ഷികളെ പഠിപ്പിച്ചതെന്നും പറയുന്നു.

(പി വി ജീജോ)

ദേശാഭിമാനി 200211

1 comment:

  1. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനുശേഷം മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തന്നെ ദുബായിലേക്ക് അയച്ചെന്ന് പീഡനത്തിന് ഇരയായ റോസ്ലിന്റെ വെളിപ്പെടുത്തല്‍. കേസിലെ സാക്ഷിയായ റോസ്ലിന്റെ മൊഴിയടങ്ങിയ സിഡിയിലാണ് സുപ്രധാനമായ ഈ വെളിപ്പെടുത്തലുള്ളത്. ഐസ്ക്രീം കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി പറയുന്നതിന്റെ തുടര്‍ച്ചയായാണ് നാടുകടത്തിയ കാര്യം റോസ്ലിന്‍ പരാമര്‍ശിക്കുന്നത്. കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് റോസ്ലിന്റെ മൊഴികള്‍.

    ReplyDelete