Monday, February 21, 2011

യു എസ് താലിബാന്‍ രഹസ്യ ചര്‍ച്ച തുടങ്ങി

ന്യൂയോര്‍ക്: താലിബാന്‍ തീവ്രവാദികളെ സായുധമായി നേരിടുന്നതില്‍ പരാജയപ്പെട്ട അമേരിക്ക സൗഹൃദാശയ സംവാദത്തിലൂടെ കീഴടക്കാന്‍ ശ്രമം ആരംഭിച്ചു. വര്‍ഷങ്ങളായി അഫ്ഗാന്‍ മലയിടുക്കുകളില്‍ അമേരിക്കയും അമേരിക്കയുടെ സൗഹൃദരാഷ്ട്രങ്ങളും നാറ്റോയും സംയുക്തമായി തീവ്രവാദവേട്ട തുടങ്ങിയെങ്കിലും താലിബാന്റെ പ്രമുഖ നേതാക്കളെ ആരേയും പിടികൂടാനോ വധിയ്ക്കാനോ സാധിച്ചിരുന്നില്ല. അഫ്ഗാനിലെ ഒളിപ്പോര്‍മുറയും കടുത്ത തീവ്രവാദസംഘമായ അല്‍ക്വയ്ദയുടെ സാന്നിധ്യവും താലിബാന്‍ അതിക്രമങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. അമേരിക്കയുടെ വേട്ടയാടല്‍ താലിബാന്റെ ശക്തി വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

താലിബാന്‍ തീവ്രവാദികളെ തുരത്താനെന്ന പേരില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ പലപ്പോഴും സാധാരണ മനുഷ്യരെയാണ് കൊന്നടുക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനം അമേരിക്ക അഫ്ഗാനിലെ ഒരു ഗ്രാമം മുഴുവനായി തന്നെ ബോംബിട്ട് നശിപ്പിച്ചിരുന്നു. എന്നിട്ടും താലിബാന്‍ ശക്തി വര്‍ധിക്കുകയാണുണ്ടായത്.

ഇതിനെ തുടര്‍ന്നാണ് താലിബാന്റെ മുതിര്‍ന്ന നേതാക്കളുമായി യു എസ് നേരിട്ട് ചര്‍ച്ചയാരംഭിച്ചത്. അഫ്ഗാന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയപരിഹാരം മാത്രമേയുള്ളൂവെന്ന് യു എസ് വിദേശ സെക്രട്ടറി ഹിലരി ക്ലിന്റന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഒബാമ ഭരണകൂടം താലിബാനു മായി നേരിട്ട് രഹസ്യ ചര്‍ച്ചയാരംഭിച്ചതായി 'ന്യൂയോര്‍കര്‍' മാസികയാണ് റിപ്പോര്‍ട്ട് ചെയ്തത്. പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ് സ്റ്റീവ് കോളാണ് തന്റെ പംക്തിയില്‍ ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

അഫ്ഗാനിലെ സമാധാന പുനസ്ഥാപനത്തിന് തയാറുള്ളത് ഏതൊക്കെ നേതാക്കന്മാരാണെന്നും അവരുടെ ഉപാധികള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുകയാണത്രേ യു എസി ന്റെ ലക്ഷ്യം. ഹിലരിയുടെ ഏഷ്യാ സൊസൈറ്റിയിലെ പ്രസംഗവും ഇതിനെ സാധൂകരിക്കുന്നതായിരുന്നു.
അഫ്ഗാനില്‍ യു എസ് സൈനികരുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നത് താലിബാനെ ദുര്‍ബലപ്പെടുത്താനും അല്‍ഖാഇദയില്‍നിന്ന് അടര്‍ത്തി മാറ്റാനുമാണെന്നാണ് ഹിലരി വിശദീകരിച്ചിരുന്നത്. അല്‍ഖാഇദയുമായുള്ള ബന്ധം താലിബാന്‍ വിച്ഛേദിക്കാത്ത പക്ഷം അതിന്റെ ഗുരുതര പ്രത്യാഘാതം അഭിമുഖീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുമെന്നും ഹിലരി മുന്നറിയിപ്പ് നല്‍കി. അക്രമപാത വെടിയാനും അഫ്ഗാന്‍ ഭരണഘടനമാനിക്കാനും സന്നദ്ധമായാല്‍ താലിബാന് സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം ലഭിക്കുമെന്നും അവര്‍ പറഞ്ഞു

ജനയുഗം 210211

2 comments:

  1. താലിബാന്‍ തീവ്രവാദികളെ സായുധമായി നേരിടുന്നതില്‍ പരാജയപ്പെട്ട അമേരിക്ക സൗഹൃദാശയ സംവാദത്തിലൂടെ കീഴടക്കാന്‍ ശ്രമം ആരംഭിച്ചു. വര്‍ഷങ്ങളായി അഫ്ഗാന്‍ മലയിടുക്കുകളില്‍ അമേരിക്കയും അമേരിക്കയുടെ സൗഹൃദരാഷ്ട്രങ്ങളും നാറ്റോയും സംയുക്തമായി തീവ്രവാദവേട്ട തുടങ്ങിയെങ്കിലും താലിബാന്റെ പ്രമുഖ നേതാക്കളെ ആരേയും പിടികൂടാനോ വധിയ്ക്കാനോ സാധിച്ചിരുന്നില്ല. അഫ്ഗാനിലെ ഒളിപ്പോര്‍മുറയും കടുത്ത തീവ്രവാദസംഘമായ അല്‍ക്വയ്ദയുടെ സാന്നിധ്യവും താലിബാന്‍ അതിക്രമങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. അമേരിക്കയുടെ വേട്ടയാടല്‍ താലിബാന്റെ ശക്തി വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

    ReplyDelete
  2. ഇതിലും ഗുരുതരമായി എന്തെങ്കിലും ചെയ്യാന്‍ ബാക്കി ഉണ്ടോ ഇനി അവിടെ

    ReplyDelete