Monday, February 21, 2011

പോരാളിയുടെ ക്യാമറക്കാഴ്ചകള്‍ക്ക് പൊതുസമൂഹത്തിന്റെ ഹൃദയാഭിവാദ്യം

കൊല്ലം: അഗ്നിച്ചിറകുമായി നരാധമന്‍മാര്‍ക്ക് മേലെ പറന്ന് ലൈംഗികചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് ഹൃദയം പറിച്ചുനല്‍കിയ പോരാളി ഡോ. സുനിതാകൃഷ്ണന്റെ പോരാട്ടവഴികളിലെ ക്യാമറക്കാഴ്ചകള്‍ സ്ത്രീ-പുരുഷ മനസ്സുകള്‍ ഹൃദയത്തിലേറ്റുന്നു. കടപ്പാക്കട സ്പോര്‍ട്സ് ക്ളബ്ബിന്റെ 70-ാം വാര്‍ഷികമായ യുവ 70ന്റെ ഭാഗമായി വനിതാവേദി സ്നേഹിതയുടെ നേതൃത്വത്തിലാണ് ഡോ. സുനിതാകൃഷ്ണന്റെ ജീവിതപന്ഥാവ് അനാവരണം ചെയ്യുന്ന 'സ്ത്രീ സ്വാഭിമാനം' എന്ന ചിത്രപ്രദര്‍ശനം ആരംഭിച്ചത്. വ്യഭിചാര തെരുവിലേക്ക് വലിച്ചെറിയപ്പെട്ട പാവം പെണ്‍കുട്ടികളുടെ അമ്മയും വല്യേട്ടത്തിയും അധ്യാപികയുമൊക്കെയായ സുനിത ചുവന്നതെരുവുകളിലെ കണ്ണീരിന്റെ വഴികളിലൂടെ നടത്തിയ പോരാട്ടയാത്രകളുടെ നേര്‍സാക്ഷ്യങ്ങളാണ് ചിത്രങ്ങള്‍.

പാലക്കാടന്‍ മണ്ണിന്റെ പൈതൃകം പേറുന്ന സുനിതയുടെ ജീവിതം 16 വയസ്സില്‍ മനുഷ്യമൃഗങ്ങളാല്‍ പിച്ചിച്ചീന്തപ്പെട്ടിട്ടും മനസ്സിലെ അണയാത്ത കനലുകള്‍ സ്വയം ഊതി കത്തിച്ച് പോരാട്ടത്തിന്റെ വഴികള്‍ തെരഞ്ഞെടുത്ത ഉറച്ചമനസ്സുള്ള സുനിത ചിത്രങ്ങളിലൂടെ അതിജീവനത്തിന്റെ ഭാഷ ചൊല്ലിക്കൊടുക്കുന്നു. സ്വയം നിശ്ചയിച്ച വഴിയിലൂടെ സഞ്ചരിച്ച് ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയശേഷം ലൈംഗികചൂഷണത്തിന് ഇരയായവര്‍ക്കൊപ്പം താമസിക്കാന്‍ തീരുമാനിക്കുന്ന സുനിത സമാനതകളില്ലാത്ത പോരാട്ടവഴിയാണ് തെരഞ്ഞെടുത്തത്. ഇരകളെ മനുഷ്യപിശാചുകളില്‍നിന്ന് മോചിപ്പിക്കാന്‍ ഒരു പെണ്‍കുട്ടി കാട്ടുന്ന ധൈര്യം, രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നേരിട്ട ക്രൂരമര്‍ദനങ്ങള്‍, ലൈംഗികചൂഷണത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും ബോധവല്‍ക്കരിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും സുനിത നടത്തുന്ന ശ്രമങ്ങള്‍ എന്നിവ ചിത്രങ്ങളില്‍ വായിച്ചെടുക്കാം.

ഹൈദരാബാദില്‍വച്ച് ജീവകാരുണ്യപ്രവര്‍ത്തകനായ ബദര്‍ ജോസ് വെട്ടിച്ചെട്ടിലുമായി ചേര്‍ന്ന് സ്ഥാപിച്ച 'പ്രജ്വല' എന്ന സ്ഥാപനം ന ടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍, നിര്‍ബന്ധിത വ്യഭിചാരത്തിന് വിധേയരായവരുടെ മക്കള്‍, അമ്മമാരുടെ വഴി തെരഞ്ഞെടുക്കാതെ മുഖ്യധാരയിലെത്തിക്കാന്‍ നടത്തുന്ന സ്കൂളുകള്‍ ഇങ്ങനെ ചുരുങ്ങിയ ജീവിതകാലത്തിനിടയില്‍ സുനിത നടത്തിയ മനുഷ്യസ്നേഹത്തിന്റെ നേര്‍ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ദേശാഭിമാനി 210211

2 comments:

  1. ഗ്നിച്ചിറകുമായി നരാധമന്‍മാര്‍ക്ക് മേലെ പറന്ന് ലൈംഗികചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് ഹൃദയം പറിച്ചുനല്‍കിയ പോരാളി ഡോ. സുനിതാകൃഷ്ണന്റെ പോരാട്ടവഴികളിലെ ക്യാമറക്കാഴ്ചകള്‍ സ്ത്രീ-പുരുഷ മനസ്സുകള്‍ ഹൃദയത്തിലേറ്റുന്നു. കടപ്പാക്കട സ്പോര്‍ട്സ് ക്ളബ്ബിന്റെ 70-ാം വാര്‍ഷികമായ യുവ 70ന്റെ ഭാഗമായി വനിതാവേദി സ്നേഹിതയുടെ നേതൃത്വത്തിലാണ് ഡോ. സുനിതാകൃഷ്ണന്റെ ജീവിതപന്ഥാവ് അനാവരണം ചെയ്യുന്ന 'സ്ത്രീ സ്വാഭിമാനം' എന്ന ചിത്രപ്രദര്‍ശനം ആരംഭിച്ചത്. വ്യഭിചാര തെരുവിലേക്ക് വലിച്ചെറിയപ്പെട്ട പാവം പെണ്‍കുട്ടികളുടെ അമ്മയും വല്യേട്ടത്തിയും അധ്യാപികയുമൊക്കെയായ സുനിത ചുവന്നതെരുവുകളിലെ കണ്ണീരിന്റെ വഴികളിലൂടെ നടത്തിയ പോരാട്ടയാത്രകളുടെ നേര്‍സാക്ഷ്യങ്ങളാണ് ചിത്രങ്ങള്‍.

    ReplyDelete
  2. ല്ലാം സഹിച്ച് നിശബ്ദരായിരിക്കുന്ന നിങ്ങളുടെ നിസംഗതയാണ് ഞാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സെക്സ് മാഫിയയേയും ഗുണ്ടകളെയും പീഡനങ്ങളെയും സഹിക്കാം. പക്ഷേ, നിങ്ങളുടെ ഈ നിസംഗത മാത്രം സഹിക്കാന്‍ കഴിയില്ല. ഡോ. സുനിതാകൃഷ്ണന്‍ വികാരഭരിതയായി പറഞ്ഞു. ടു ജി സ്പെക്ട്രം അഴിമതിയും മാംസകച്ചവടവും ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമവും കണ്ടിട്ട് പ്രതികരിക്കാതിരുന്ന നിങ്ങളാണ് എന്റെ വെല്ലുവിളി. നിങ്ങള്‍ നിസംഗത വെടിഞ്ഞ് നിശബ്ദതയെ ഭഞ്ജിക്കുമ്പോള്‍ അതാകും എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡ്. ലൈംഗികചൂഷണത്തിന് ഇരയാകുന്ന കുട്ടികളുടെയും യുവതികളുടെയും സമാനതകളില്ലാത്ത വേദന ഹൃദയത്തില്‍പേറി സുനിതാകൃഷ്ണന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. കടപ്പാക്കട സ്പോര്‍ട്സ് ക്ളബ്ബില്‍ വി ഗംഗാധരന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വി ഗംഗാധരന്‍ അവാര്‍ഡ് ആരോഗ്യമന്ത്രി പി കെ ശ്രീമതിയില്‍നിന്ന് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. സുനിതാകൃഷ്ണന്‍. പ്രശസ്തിപത്രം കവി ഒ എന്‍ വി കുറുപ്പ് ചടങ്ങില്‍ സുനിതാകൃഷ്ണന് സമ്മാനിച്ചു. കേരളത്തില്‍ ലൈംഗികചൂഷണത്തിന് ഇരയാകുന്നവരെ പുനരധിവസിപ്പിക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും ഡോ. സുനിതാകൃഷ്ണന്‍ പറഞ്ഞു.

    ReplyDelete