Monday, February 21, 2011

മെഡിക്കല്‍ കോളജിലെ തിരക്ക് വര്‍ധനയ്ക്ക് കാരണം അത്യാധുനിക ചികിത്സാ സൗകര്യം

റഫറല്‍ ആശുപത്രിയാക്കിയിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് പഠന റിപ്പോര്‍ട്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക ചികിത്സാ സംവിധാനവും ലഭിക്കുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

ബംഗലൂരു ആസ്ഥാനമായ ഡോക്‌ടേഴ്‌സ് ഗില്‍ഡ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിഞ്ഞതാണ് രോഗികളുടെ വര്‍ധനയ്ക്കുള്ള മുഖ്യകാരണം.  വിവിധ ചികിത്സാ വിഭാഗങ്ങളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ , അവശ്യ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍, വാര്‍ഡുകളുടെ നവീകരണം, ആധുനിക ചികിത്സാ ഉപകരണങ്ങളും ഇതിന് വഴിവച്ചതായും  റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് വര്‍ഷം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ പി വിഭാഗത്തില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതിന് എത്തുമായിരുന്നില്ല. ജൂനിയര്‍ ഡോക്ടര്‍മാരും  വിദ്യാര്‍ഥികളുമാണ് ഒപി വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക്  ചികിത്സ നിശ്ചയിച്ചിരുന്നത്. കൂടാതെ ഓരോ വിഭാഗത്തിലും പരമാവധി മൂന്ന് ഡോക്ടര്‍മാരാണ് ഒ പി വിഭാഗത്തില്‍ എത്തിയിരുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന എല്ലാ രോഗികള്‍ക്കും  ചികിത്സ ലഭിച്ചിരിന്നുമില്ല.  ആശുപത്രി മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുകള്‍ ലഭ്യമാണെങ്കിലും രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. ഈ മരുന്നുകള്‍ കാലവാധി കഴിയുമ്പോള്‍ നശിപ്പിക്കാറാണ് പതിവ്. 

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒ പി വിഭാഗങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചു. സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള എല്ലാവരുടേയും സേവനം ഒ പി വിഭാഗങ്ങളില്‍ ലഭ്യമാക്കി. രാവിലെ എട്ടിന് തന്നെ ഒ പി ആരംഭിക്കുമെന്നും ഉറപ്പാക്കി.  കൂടാതെ രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിന്  എല്ലാ നടപടികളും സ്വീകരിച്ചു.  പത്ത് ദിവസത്തിലൊരിക്കല്‍ ഡോക്ടര്‍മാര്‍ വകുപ്പ്തല യോഗം ചേര്‍ന്ന് ആവശ്യമായ മരുന്നുകള്‍, സ്റ്റോക്കുള്ള മരുന്നുകള്‍,  പുതുതായി ആവശ്യമായ മരുന്നുകള്‍, വിദഗ്ധ ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായി  റിപ്പോര്‍ട്ട് ആശുപത്രി സൂപ്രണ്ടിന് കൈമാറും.

ഇതിന്റെ അടിസ്ഥാനത്തില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങള്‍ സംബന്ധിച്ച ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍  ആശുപത്രി വികസന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു.  സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ വാര്‍ഡുകളിലും ആശുപത്രിയില്‍ ലഭ്യമായ മരുന്നുകളുടെ സ്റ്റോക്ക്, എക്‌സപയറി തിയതി തുടങ്ങിയ വിവരങ്ങള്‍ അടങ്ങുന്ന ചാര്‍ട്ട് സ്ഥാപിച്ചു. കൂടാതെ ഒ പി വിഭാഗത്തിലെത്തുന്ന എല്ലാ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കിയെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കണം ഒ പി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക മോണിറ്ററിംഗ് സമിതിയേയും നിയോഗിച്ചു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകളിലായി 560 രോഗികളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ പി വിഭാഗത്തില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് പ്രതിദിനം  2135 ആയി വര്‍ധിച്ചു. മെഡിക്കല്‍ കോളജില്‍  റഫറല്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയുടെ കാരണം  ലഭിക്കുന്ന ചികിത്സയുടെ നിലവാരം തന്നയെന്നും  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മെഡിസിന്‍ വിഭാഗത്തില്‍ ഒരു ദിവസം ശരാശരി 230 രോഗികളാണ് എത്തുന്നത്. ഓര്‍ത്തോ വിഭാഗത്തില്‍ 135, നേത്രരോഗ വിഭാഗത്തില്‍ 120, ഇ എന്‍ ടി വിഭാഗത്തില്‍ 176 എന്നിങ്ങനെ വര്‍ധിച്ചു. ഒ പിയില്‍ എത്തുന്നതില്‍  48 ശതമാനം രോഗികളെ വിവിധ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കുന്നു. അഞ്ച് വര്‍ഷം മുമ്പ് ആശുപത്രിയില്‍ എത്തുന്ന രോഗികളില്‍ പത്ത് ശതമാനം പേരെ മാത്രമാണ് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കിയിരുന്നത്.

സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിച്ച നടപടിയിലൂടെ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന അവസ്ഥയില്‍ കുറവുണ്ടായി. ഇതാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടുതല്‍ രോഗികള്‍ എത്താനുള്ള മുഖ്യകാരണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ആശുപത്രിയിലെ പേവാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള വാര്‍ഡുകളില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടുതല്‍ രോഗികള്‍ എത്താനുള്ള മറ്റൊരു കാരണമായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനറല്‍ വാര്‍ഡുകളില്‍ കിടക്കകള്‍ മാറ്റി സ്ഥാപിച്ചു.ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമാക്കി. കക്കൂസുകള്‍, കുളിമുറികള്‍ എന്നിവയുടെ ശോച്യാവസ്ഥ പരിഹരിച്ചു. വാര്‍ഡുകളില്‍ കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സ്മാരേയും നിയമിച്ചു. പേവാര്‍ഡുകളിലും സൗകര്യങ്ങള്‍ ലഭ്യമാക്കി. പേവാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
(കെ ആര്‍ ഹരി)

ജനയുഗം 210211

1 comment:

  1. റഫറല്‍ ആശുപത്രിയാക്കിയിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് പഠന റിപ്പോര്‍ട്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക ചികിത്സാ സംവിധാനവും ലഭിക്കുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

    ബംഗലൂരു ആസ്ഥാനമായ ഡോക്‌ടേഴ്‌സ് ഗില്‍ഡ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിഞ്ഞതാണ് രോഗികളുടെ വര്‍ധനയ്ക്കുള്ള മുഖ്യകാരണം. വിവിധ ചികിത്സാ വിഭാഗങ്ങളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ , അവശ്യ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍, വാര്‍ഡുകളുടെ നവീകരണം, ആധുനിക ചികിത്സാ ഉപകരണങ്ങളും ഇതിന് വഴിവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete