Tuesday, February 1, 2011

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ക്ഷേത്രവും സ്വത്തുവകകളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് മൂന്നുമാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്ന് ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍, കെ സുരേന്ദ്രമോഹന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്രനടത്തിപ്പ് ആചാരാനുഷ്ഠാനങ്ങള്‍ പ്രകാരംആയിരിക്കണം.സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റ് കല്ലറകളും നിലവറകളും പരിശോധിച്ച് അമൂല്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. ക്ഷേത്രപരിസരത്ത് മ്യൂസിയം സ്ഥാപിച്ച് ഇവ സൂക്ഷിക്കണം. ക്ഷേത്രത്തിലെ ആറാട്ടിനും മറ്റ് ആചാരാനുഷ്ഠാനങ്ങളിലും രാജകുടുംബാംഗങ്ങള്‍ക്ക് പങ്കെടുക്കാം. ക്ഷേത്രസുരക്ഷ പൊലീസിനു കൈമാറുകയോ നിലവിലെ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തുകയോ ചെയ്യാം. അമൂല്യവസ്തുക്കളും നിധികുംഭങ്ങളും ഉള്ളതിനാലാണ് നിര്‍ദേശം. കല്ലറകള്‍ തുറക്കാന്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കണം. പരിശോധനവേളയില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെയോ പ്രതിനിധികളുടെയോ സാന്നിധ്യം വേണം. സംഘം കല്ലറകള്‍ തുറന്നു പരിശോധിക്കുന്നതുവരെ രാജകുടുംബാംഗങ്ങള്‍ ഇവ തുറക്കാനോ സാധനങ്ങള്‍ നീക്കാനോ പാടില്ല.

രാജഭരണം അവസാനിച്ച സാഹചര്യത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും സ്വത്തുവകകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ പി പി സുന്ദര്‍രാജയും കല്ലറകള്‍ തുറക്കുന്നതു തടഞ്ഞുള്ള സബ് കോടതി വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ സംബന്ധിച്ച് രാജകുടുംബം നല്‍കിയ വിവരങ്ങള്‍ പൂര്‍ണമോവിശ്വാസയോഗ്യമോ അല്ലെന്ന് കോടതി പറഞ്ഞു. വിലപിടിപ്പുള്ള ശേഖരങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.

പത്മനാഭസ്വാമി ക്ഷേത്രം: സമാനമായ മൂന്ന് കേസുകൂടി

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് ഹൈക്കോടതിക്കുപുറമെ സമാനമായ മൂന്ന് കേസുകൂടി തിരുവനന്തപുരം കോടതികളില്‍ പരിഗണനയിലുണ്ട്. തിരുവനന്തപുരം ജില്ലയിലും സബ്കോടതികളിലുമായി മൂന്ന് കേസ് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയിലാണ് 2007ല്‍ ആദ്യമായി കേസ് നല്‍കിയത്. ക്ഷേത്രത്തിലെ ആറ് നിലവറ തുറക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ കേസ്. ഈ കേസ് പരിഗണിച്ച് കോടതി താല്‍ക്കാലിക സ്റേ നല്‍കിയിരുന്നു. കോടതി നിയോഗിച്ച രണ്ട് അഭിഭാഷക കമീഷണര്‍മാരും ഇരുവിഭാഗം അഭിഭാഷകരുടെയും സാന്നിധ്യത്തില്‍മാത്രമേ നിലവറ തുറക്കാന്‍ പാടുള്ളൂവെന്നാണ് താല്‍ക്കാലിക ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്സവസമയത്ത് സ്വര്‍ണാഭരണങ്ങള്‍ പുറത്തെടുക്കുന്നതും തിരിച്ചുവയ്ക്കുന്നതും. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും താല്‍ക്കാലിക ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ജില്ലാ കോടതിയില്‍ ക്ഷേത്രട്രസ്റ് നല്‍കിയ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനുപുറമെ ക്ഷേത്രഭരണത്തിന് ട്രസ്റ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു കേസും തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സബ്കോടതി പരിഗണനയിലുണ്ട്.

ഈ കേസുകള്‍ നിലനില്‍ക്കെയാണ് കോട്ടയ്ക്കകം പടിഞ്ഞാറെനട സ്വദേശി അഡ്വ. ടി പി സുന്ദരരാജന്‍ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസ് കോടതി അനുവദിച്ചത്. ക്ഷേത്രവസ്തുക്കള്‍ അന്യാധീനമാകുന്നതിനെതിരെ തൊഴിലാളി യൂണിയനുകള്‍ പലതവണ പരാതി ഉന്നയിച്ചിരുന്നു. ഇതുകൂടാതെ ഹിന്ദു റിലീജിയസ് എന്‍ഡോവ്മെന്റ് ആക്ടുപ്രകാരം ക്ഷേത്രഭരണത്തിന് സ്വതന്ത്രപരമായ ട്രസ്റ് വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതി വേണമെന്നുള്ള ആവശ്യം ദീര്‍ഘകാലമായിട്ടുണ്ടെങ്കിലും ഇതുവരെ എടുത്തിട്ടില്ല.

ദേശാഭിമാനി 010211

3 comments:

  1. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ക്ഷേത്രവും സ്വത്തുവകകളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് മൂന്നുമാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്ന് ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍, കെ സുരേന്ദ്രമോഹന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്രനടത്തിപ്പ് ആചാരാനുഷ്ഠാനങ്ങള്‍ പ്രകാരംആയിരിക്കണം.സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റ് കല്ലറകളും നിലവറകളും പരിശോധിച്ച് അമൂല്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. ക്ഷേത്രപരിസരത്ത് മ്യൂസിയം സ്ഥാപിച്ച് ഇവ സൂക്ഷിക്കണം. ക്ഷേത്രത്തിലെ ആറാട്ടിനും മറ്റ് ആചാരാനുഷ്ഠാനങ്ങളിലും രാജകുടുംബാംഗങ്ങള്‍ക്ക് പങ്കെടുക്കാം. ക്ഷേത്രസുരക്ഷ പൊലീസിനു കൈമാറുകയോ നിലവിലെ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തുകയോ ചെയ്യാം. അമൂല്യവസ്തുക്കളും നിധികുംഭങ്ങളും ഉള്ളതിനാലാണ് നിര്‍ദേശം. കല്ലറകള്‍ തുറക്കാന്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കണം. പരിശോധനവേളയില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെയോ പ്രതിനിധികളുടെയോ സാന്നിധ്യം വേണം. സംഘം കല്ലറകള്‍ തുറന്നു പരിശോധിക്കുന്നതുവരെ രാജകുടുംബാംഗങ്ങള്‍ ഇവ തുറക്കാനോ സാധനങ്ങള്‍ നീക്കാനോ പാടില്ല.

    ReplyDelete
  2. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധി പഠിച്ചശേഷം മറ്റ് നടപടികള്‍ എടുക്കുമെന്ന് ദേവസ്വംമന്ത്രി രാമചന്ദന്‍ കടന്നപ്പള്ളി പറഞ്ഞു. പരമ്പരാഗത ആചാരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ വി കെ ഹരികുമാര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ മുഴുവന്‍ അവകാശവും രാജകുടുംബത്തിനാണ്. ഹൈക്കോടതി വിധി പ്രതിഷേധാര്‍ഹമാണെന്ന് കിഴക്കേകോട്ട പൌരസമിതിയും വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ പ്രസ്താവനയില്‍ പറഞ്ഞു. ഹൈന്ദവ സംഘടനകളുടെ സംയുക്തസമിതി രൂപീകരിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ക്ഷത്രീയ ക്ഷേമസഭ അറിയിച്ചു. ക്ഷേത്രം രാജകുടുംബത്തിന്റേതല്ലെന്നും ഭക്തജനങ്ങളുടെയും വിശ്വാസികളുടെയുമാണെന്നും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയുടെ മുമ്പ് നല്‍കിയ താല്‍ക്കാലിക ഉത്തരവില്‍ പറയുന്നുണ്ട്. ക്ഷേത്രത്തിലെ കല്ലറകള്‍ തുറക്കുന്നത് വിലക്കണമെന്നുള്ള ഹര്‍ജി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുവായൂര്‍, കൂടല്‍ മാണിക്യം ക്ഷേത്രങ്ങളില്‍ ട്രസ്റ് രൂപീകരിച്ചതുപോലെ ഇവിടെയും ഭരണ സംവിധാനം ഒരുക്കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നുന്നത്. ക്ഷേത്ര അവകാശവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോടതികളില്‍ മൂന്ന് കേസ് നിലവിലുണ്ട്. ഹൈക്കോടതിവിധി വന്നതിന്റെ അടിസ്ഥാനത്തില്‍ ഇവ നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

    ReplyDelete
  3. പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കല്‍ സെമിനാര്‍ നിഗൂഢം: കടകംപള്ളി

    തിരു: പത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ കേസരി സ്മാരക ജേര്‍ണലിസ്റ് ട്രസ്റ് സെമിനാര്‍ സംഘടിപ്പിച്ചത് ഇല്ലാത്ത പൂച്ചയെ ഇരുട്ടത്ത് തപ്പുന്നതുപോലെ ആയെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്നിരിക്കെ ഈ വിഷയത്തില്‍ സെമിനാര്‍ നടത്തിയത് നിഗൂഢമാണെന്നും സെമിനാറില്‍ പങ്കെടുത്ത കടകംപള്ളി പറഞ്ഞു. ക്ഷേത്രത്തിന്റെ അനന്തമായ സ്വത്തില്‍ കണ്ണുവച്ച കൂട്ടരാണ് ഇത്തരത്തിലുള്ള ചര്‍ച്ച കൊണ്ടുവരുന്നതിനു പിന്നിലെന്നും കടകംപള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് ഒ രാജഗോപാല്‍, സിപിഐ ജില്ലാസെക്രട്ടറി അഡ്വ. പി രാമചന്ദ്രന്‍നായര്‍, കരമന ഹരി എന്നിവര്‍ സംസാരിച്ചു.

    ReplyDelete