Sunday, February 6, 2011

എല്‍ഡിഎഫ് പ്രക്ഷോഭം വിജയിപ്പിക്കുക

വിലക്കയറ്റത്തിനെതിരെ എല്‍ഡിഎഫ് ഉപരോധം 7നും 8നും

വിലക്കയറ്റത്തിനെതിരെ ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏഴിനും എട്ടിനും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും. നിയോജകമണ്ഡലങ്ങളില്‍ തെരഞ്ഞെടുത്ത ഓഫീസുകള്‍ക്കുമുന്നിലാണ് സമരം. ഉപരോധത്തിന്റെ പ്രചാരണാര്‍ഥം ശനിയും ഞായറും സംസ്ഥാനത്തുടനീളം നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ജാഥ സംഘടിപ്പിച്ചിട്ടുണ്ട്.

വിലക്കയറ്റം തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ ഫെബ്രുവരി മൂന്നുമുതല്‍ ഒമ്പതുവരെ ദേശവ്യാപക പ്രക്ഷോഭം നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടികളുടെ സംയുക്ത യോഗം ആഹ്വാനം ചെയ്തിരുന്നു. അവശ്യവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും അവധിവ്യാപാരം നിരോധിക്കുക, പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കി കെട്ടിക്കിടക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ബിപിഎല്‍ വിലയ്ക്ക് വിതരണം ചെയ്യുക, പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുക, കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുക, ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുത്, പെട്രോളിയം ഉല്‍പ്പന്നങ്ങളും വിലനിയന്ത്രണം പുനഃസ്ഥാപിക്കുക, നികുതി ഘടന യുക്തിസഹമാക്കുക എന്നീ ആവശ്യങ്ങളാണ് പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്നത്. വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. അര്‍ഹതപ്പെട്ട റേഷന്‍വിഹിതം നിഷേധിച്ച് സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലാപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

എല്‍ഡിഎഫ് പ്രക്ഷോഭം വിജയിപ്പിക്കുക: വൈക്കം വിശ്വന്‍

വിലക്കയറ്റത്തിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ ഏഴിനും എട്ടിനും നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധം വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗ വസ്തുക്കളുടെയും ക്രമാതീതമായ വിലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ഭക്ഷ്യവിലക്കയറ്റം മാനംമുട്ടെ ഉയര്‍ന്നു. നാണയപ്പെരുപ്പം 8.5 ശതമാനമാണ്. സമീപഭാവിയില്‍ വില കുറയുമെന്ന് കേന്ദ്രം പ്രസ്താവന ഇറക്കി ജനങ്ങളെ ആശ്വസിപ്പിക്കുമ്പോള്‍ വില വീണ്ടും കുത്തനെ ഉയരുകയാണ്.

പെട്രോളിന്റെ വിലനിയന്ത്രണം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഏഴുതവണയാണ് പെട്രോള്‍ വില ഉയര്‍ത്തിയത്. വില 20 ശതമാനമാണ് വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് ചുരുങ്ങിയ കാലത്തിനിടയ്ക്ക് 5 രൂപ 50 പൈസ വര്‍ധിച്ചു. അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിയന്ത്രണമില്ലാതെ തുടരുകയാണ്. വികലമായ കയറ്റുമതി ഇറക്കുമതി നയമാണ് ഉള്ളിവില വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടവരുത്തിയത്. വിലക്കയറ്റത്തില്‍ നാട് ദുരിതമനുഭവിക്കുമ്പോള്‍ അഴിമതിയിലൂടെയും രാജ്യത്തെ കൊള്ളയടിച്ചും നേടിയ പണം വിദേശബാങ്കുകളില്‍ ഗൂഢമായി നിക്ഷേപിക്കുന്നതും നിത്യസംഭവമായി മാറി. ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. കര്‍ഷക ആത്മഹത്യ തുടരുകയാണ്. കര്‍ഷകരുടെ നഷ്ടം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ചെറുകിട വ്യാപാരമേഖലയില്‍ വിദേശ കുത്തകകളെ ക്ഷണിച്ചുവരുത്തി ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ തെരുവിലിറക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ വിലക്കയറ്റം തടയാന്‍ ആറു കാര്യം അടിയന്തരമായി നടപ്പില്‍ വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഉപരോധസമരം സംഘടിപ്പിക്കുന്നത്. ഉപരോധസമരം ജനപങ്കാളിത്തം കൊണ്ട് വന്‍വിജയമാക്കി മാറ്റാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോടും ബഹുജനങ്ങളോടും വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.

ദേശാഭിമാനി 060211

1 comment:

  1. വിലക്കയറ്റത്തിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ ഏഴിനും എട്ടിനും നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധം വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗ വസ്തുക്കളുടെയും ക്രമാതീതമായ വിലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ഭക്ഷ്യവിലക്കയറ്റം മാനംമുട്ടെ ഉയര്‍ന്നു. നാണയപ്പെരുപ്പം 8.5 ശതമാനമാണ്. സമീപഭാവിയില്‍ വില കുറയുമെന്ന് കേന്ദ്രം പ്രസ്താവന ഇറക്കി ജനങ്ങളെ ആശ്വസിപ്പിക്കുമ്പോള്‍ വില വീണ്ടും കുത്തനെ ഉയരുകയാണ്.

    ReplyDelete