Monday, February 14, 2011

വിവാദങ്ങളെപ്പറ്റി ഭയം തോന്നുന്നവരോട്

    കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും തങ്ങളുടെ മദ്ധ്യസ്ഥതയില്‍ ഒരു ബിരിയാണിച്ചെമ്പിനുമുന്നിലിരുന്നാല്‍ ഉടന്‍ തീരാവുന്ന പ്രശ്നമേ ലീഗിനുള്ളിലുള്ളൂവെന്ന് കേരളം ധരിക്കണമോ? വിവാദങ്ങള്‍ തീര്‍ന്നുവെന്ന് എത്ര ആശ്വാസത്തോടെയാണ് മാതൃഭൂമി മുന്‍പേജില്‍ വാര്‍ത്ത കൊടുത്തത്. "ശശി വിവാദം കത്തുന്നു''വെന്നാണ് ഒരു ദിവസം കഴിഞ്ഞ് മലയാള മനോരമ തലക്കെട്ട് കാച്ചിയത്. 2ജി സ്പെക്ട്രം അഴിമതിയെ കടത്തിവെട്ടിയ വാര്‍ത്ത രണ്ടുലക്ഷം കോടി രൂപയുടെ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട അഴിമതിയുടെ എട്ടാമത്തെ പേജിലേക്ക് തള്ളിയാണ് "ശശി വിവാദം'' മനോരമ സ്വന്തം തിരുനെറ്റിയില്‍ തന്നെ കുറിച്ചിട്ടത്.

    കുഞ്ഞാലിക്കുട്ടിയെന്നൊരു പേരുപോലും ഇനിയാരും പറഞ്ഞുപോകരുതെന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ ചട്ടംകെട്ടല്‍. റൌഫ് കൊള്ളരുതാത്തവനായതുകൊണ്ട് അതും മിണ്ടരുത്. തനിക്കെതിരെ യുഡിഎഫിലെ ചിലര്‍കൂടി ഉള്‍പ്പെട്ട് കൊച്ചിയില്‍വച്ച് നടന്ന ഒരു ഗൂഢാലോചനയുടെ തെളിവുകള്‍ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയതോടെ അതും തീര്‍ന്നു. തന്റെ കയ്യിലൊരു ബോംബുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ അതു കയ്യിലിരുന്നു പൊട്ടരുതെന്നാണ് റൌഫ് തിരിച്ചടിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ കയ്യിലെ ബോംബ് ഉമ്മന്‍ചാണ്ടിയെ ഏല്‍പിച്ചതോടെ പാവം കുഞ്ഞാലിക്കുട്ടിക്ക് സമാധാനമായി. നാണം മറയ്ക്കാന്‍ മനോരമയും മാതൃഭൂമിയും ഉള്ളപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് ഉടുതുണി ഇല്ലെങ്കിലെന്ത്? പണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട്ടെ മാതൃഭൂമിയാഫീസില്‍ അന്തിയുറങ്ങാന്‍ കിടന്നത് പഴയ പത്രങ്ങള്‍ വിരിച്ചാണെന്ന് സ്വാതന്ത്യ്രസമരകാല കെപിസിസിയുടെ ചരിത്രത്തില്‍ പറയുന്നുണ്ട്. ഇപ്പോള്‍ അതേ പത്രങ്ങളുടെ താളുകള്‍ നേതാക്കള്‍ക്ക് നാണം മറയ്ക്കാനുള്ള തുണിയായാണ് കാണുന്നത് മനോരമയും മാതൃഭൂമിയും എത്ര അദ്ധ്വാനിച്ചാലും കുഞ്ഞാലിക്കുട്ടിയുടെ നാണം മറയ്ക്കാനാകുമോ? ഐസ്ക്രീം ഭൂതത്തെ കുടത്തിലടയ്ക്കാനാകുമോ?

    കുഞ്ഞാലിക്കുട്ടി കേസില്‍ വിവാദങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എത്ര ധൃതി. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് എത്ര വിവാദങ്ങള്‍ ഈ മാധ്യമങ്ങള്‍ കുത്തിപ്പൊക്കി? നിലനിര്‍ത്തി? അതിന്റെയൊക്കെ ഫലം എന്തായി? അത്തരം വിവാദങ്ങളിലൂടെ കേരളത്തിന്റെ എത്ര വിലപ്പെട്ട സമയമാണ് ഇവര്‍ നഷ്ടപ്പെടുത്തിയത്? എത്രയോ പദ്ധതികളാണ് നടക്കാതെവന്നത്?

    കുഞ്ഞാലിക്കുട്ടി മനോരമ ചാനലില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍, തനിക്കെതിരായ ഗൂഢാലോചനയെപ്പറ്റി വിവരിച്ച കൂട്ടത്തില്‍ "വേണമെങ്കില്‍ താന്‍ കോട്ടയത്തുവന്ന് മല്‍സരിക്കാം'' എന്ന് വെല്ലുവിളിച്ചിരുന്നു. കോട്ടയത്തുവന്ന് മല്‍സരിക്കുമ്പോള്‍ ആ വെല്ലുവിളി എല്‍ഡിഎഫിനോടായിരിക്കില്ലല്ലോ?

    ഇവിടെ ചില സംഗതികള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയേ മതിയാകൂ.

1. കുഞ്ഞാലിക്കുട്ടി ആരോപിച്ചതുപോലെ അദ്ദേഹത്തെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം മംഗലാപുരത്ത് ഏര്‍പ്പാടു ചെയ്യപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനുപിന്നില്‍ ആരാണ്?
2. കുഞ്ഞാലിക്കുട്ടി റൌഫിന് ചെയ്ത വഴിവിട്ട സേവനങ്ങള്‍ എന്തെല്ലാമാണ്?
3. ഇന്ത്യാവിഷന്‍ ചാനലിലെ സിഡിയില്‍നിന്നും ഒളിക്യാമറ ഉപയോഗിക്കുന്നത് എഡിറ്റര്‍ ഇന്‍ ചീഫ് എം പി ബഷീര്‍ തന്നെയാണ് എന്ന് വ്യക്തമാണ്. കേരളമാകെയറിയുന്ന ഈ ചാനല്‍ പ്രവര്‍ത്തകനെ കെ സി പീറ്റര്‍ അറിയില്ലെന്ന് വിശ്വസിക്കണമോ?
4. കെ സി പീറ്റര്‍ ആരോപിക്കുന്നതുപോലെ തന്റെ ശബ്ദം അനുകരിച്ചതാണെങ്കില്‍, അത്തരം ഒരഭിമുഖത്തിന് അദ്ദേഹത്തെ സമീപിച്ചവര്‍ ഉത്തരം പറയേണ്ടതല്ലേ?
5. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്നതുപോലുള്ള ഒരു ആരോപണം ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തത് വസ്തുതാവിരുദ്ധമെങ്കില്‍ കോടതിയലക്ഷ്യമല്ലേ? അതിന് കേസെടുക്കേണ്ടതില്ലേ?
6. കുഞ്ഞാലിക്കുട്ടി നേരെ ചൊവ്വേ പരിപാടിയില്‍ പറഞ്ഞതുപോലെ, യുഡിഎഫിലെ ഏതു ഘടകകക്ഷിയാണ് കൊച്ചിയില്‍ വച്ച് നടത്തിയ ഗൂഢാലോചനയില്‍ പങ്കെടുത്തത്?
7. തന്നെ വെട്ടിമാറ്റി മുന്നില്‍ കയറാനുള്ള ത്വരയോടെയാണ് ഈ ഗൂഢാലോചന നടത്തിയതെന്നു പറയുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയുടെ ഏതു നേതാവാണ് അത് ചെയ്തത്?
8. തങ്ങള്‍ വിലക്കിയിട്ടും ഇന്ത്യാവിഷന്‍ സിഡി സംപ്രേഷണം ചെയ്തുവെങ്കില്‍ മുനീറിനും ഗൂഢാലോചനയില്‍ പങ്കില്ലേ?
9. അഞ്ചാറു സിഡികള്‍ തയ്യാറാക്കാന്‍ ചിലവായ പണത്തിന്റെ ഉറവിടം ഏതാണ്? 10. ഗൂഢാലോചനയുടെ തെളിവുകള്‍ ലഭിച്ചാല്‍ അത് പോലീസിനു കൈമാറാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയില്ലേ?

    എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ് എന്ന കണക്കില്‍ കുഞ്ഞാലിക്കുട്ടിക്കേസിലെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 180211

1 comment:

  1. കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും തങ്ങളുടെ മദ്ധ്യസ്ഥതയില്‍ ഒരു ബിരിയാണിച്ചെമ്പിനുമുന്നിലിരുന്നാല്‍ ഉടന്‍ തീരാവുന്ന പ്രശ്നമേ ലീഗിനുള്ളിലുള്ളൂവെന്ന് കേരളം ധരിക്കണമോ? വിവാദങ്ങള്‍ തീര്‍ന്നുവെന്ന് എത്ര ആശ്വാസത്തോടെയാണ് മാതൃഭൂമി മുന്‍പേജില്‍ വാര്‍ത്ത കൊടുത്തത്. "ശശി വിവാദം കത്തുന്നു''വെന്നാണ് ഒരു ദിവസം കഴിഞ്ഞ് മലയാള മനോരമ തലക്കെട്ട് കാച്ചിയത്. 2ജി സ്പെക്ട്രം അഴിമതിയെ കടത്തിവെട്ടിയ വാര്‍ത്ത രണ്ടുലക്ഷം കോടി രൂപയുടെ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട അഴിമതിയുടെ എട്ടാമത്തെ പേജിലേക്ക് തള്ളിയാണ് "ശശി വിവാദം'' മനോരമ സ്വന്തം തിരുനെറ്റിയില്‍ തന്നെ കുറിച്ചിട്ടത്.

    ReplyDelete