''യു ഡി എഫിലെയും എല്‍ ഡി എഫിലെയും ഓരോ പാര്‍ട്ടികള്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും കൊച്ചിയാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരം നിലനിര്‍ത്താനും ഉന്തിയിട്ടു കയറാനുമൊക്കെയുള്ള പാര്‍ട്ടിയില്‍ ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്കു പിന്നില്‍.''(മാതൃഭൂമി ഫെബ്രുവരി 5)
ഈ പ്രസ്താവന അര്‍ധസത്യമാണ്. എല്‍ ഡി എഫിലെ ഏതു പാര്‍ട്ടിയാണ് കൊച്ചിയില്‍ നടന്ന ഈ ഗൂഢാലോചനയില്‍ പങ്കാളിയായത് എന്ന് എന്തേ കുഞ്ഞാലിക്കുട്ടി പറയാതിരുന്നത്. പ്രസ്താവനയുടെ രണ്ടാം ഭാഗത്തു പറയുന്നത് സത്യം. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിക്കുന്ന ലീഗ് നേതാക്കളുടെ രണ്ടും കല്‍പിച്ചുള്ള പടപ്പുറപ്പാടിനെക്കുറിച്ചാണ് കുഞ്ഞാലിക്കുട്ടി പ്രതിപാദിക്കുന്നത്. എന്നാല്‍ അവിടെയും മുഴുവന്‍ സത്യം അദ്ദേഹം പറഞ്ഞില്ല.
ഒരു നാറുന്ന ഗൂഢാലോചനയെക്കുറിച്ച് ഇന്നത്തെ വിവാദത്തിന് തിരികൊളുത്തിയ തന്റെ ആദ്യ പ്രസ്താവനയില്‍ കുഞ്ഞാലിക്കുട്ടി വിവരിച്ചത് അദ്ദേഹമിന്നു സൗകര്യപൂര്‍വം മറക്കുകയാണ്. ആ ഗുഢാലോചനയിലെ മുഖ്യ കക്ഷി കുഞ്ഞാലിക്കുട്ടി തന്നെ, കൂട്ടാളി അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവും. ഇവര്‍ നടത്തിയ ഗൂഢാലോചന കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്നു കുഞ്ഞാലിക്കുട്ടിയ്ക്ക് രക്ഷപ്പെടുവാന്‍ വേണ്ടിയാണ്. ഈ ഗൂഢാലോചനയുടെ ഫലമായി ഒരു ക്രൈം ത്രില്ലറില്‍ ദര്‍ശിക്കുന്നതുപോലെ ഒട്ടേറെ സംഭവങ്ങള്‍ നടന്നതായി ഇന്ന് നമുക്കൊക്കെ അറിയാം.
അറിഞ്ഞുകൊണ്ട് ഭരണഘടനാ ലംഘനവും നടത്തി. മന്ത്രിയെന്ന നിലയില്‍ ഭീഷണിക്കു വഴങ്ങിയായാലും എങ്ങനെ എങ്കിലും കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി താന്‍ ഒട്ടേറെ കാര്യങ്ങള്‍ തന്റെ ഭാര്യാസഹോദരീ ഭര്‍ത്താവിന് ചെയ്തുകൊടുത്തതായി കുഞ്ഞാലിക്കുട്ടി ലോകത്തോടു വിളിച്ചു പറഞ്ഞു; എന്നിട്ടും അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം.
ഈ കറുത്ത ഗൂഢാലോചനയുടെ നീചമായ വശം എല്ലാവരും കണ്ടതാണ്, കേട്ടതാണ്, ഇന്ത്യാ വിഷനിലൂടെയും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് നടത്തിയ പത്രസമ്മേളനത്തിലെ പ്രഖ്യാപനത്തിലൂടെയും. അവരുടെ ഗൂഢാലോചനയുടെ ഭാഗമായി കോടിക്കണക്കിനു രൂപ പലര്‍ക്കും നല്‍കപ്പെട്ടു. ആദ്യം പണം കൊടുത്ത ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ നായിക റജീനയെ നിശബ്ദയാക്കി; മൊഴിമാറ്റി പറയുവാനും അവര്‍ തയ്യാറായി. വിധി തനിക്കനുകൂലമാക്കാന്‍ വേണ്ടി രണ്ടു ജഡ്ജിമാരെ കയ്യിലെടുത്തു; ചോദിച്ചത്ര കൈക്കൂലി നല്‍കി. ഫലമോ കുഞ്ഞാലിക്കുട്ടിയ്ക്കു രക്ഷപ്പെടുവാന്‍ കഴിയുംവിധം കേസിന്റെ വിധിയും വന്നു.
കുഞ്ഞാലിക്കുട്ടി എന്തിന് പി ഡി പി യ്ക്ക് 50,00,000 രൂപ വാഗ്ദാനം നല്‍കി പൊന്നാനി മണ്ഡലത്തില്‍ ഒരു പി ഡി പി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിച്ചു. ഈ വിവരം വെളിയില്‍ കൊണ്ടുവന്നത് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവായ റൗഫാണ്. ഇവിടെ മറ്റൊരു ഗൂഢാലോചന നമുക്കുകാണാം. പൊന്നാനിയിലെ ഐ യു എം എല്‍ സ്ഥാനാര്‍ഥി മുഹമ്മദ് ബഷീറിന്റെ പരാജയം ഉറപ്പാക്കുക എന്നതായിരുന്നൂ ഇവിടെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. അതുവഴി ലീഗ് രാഷ്ട്രീയത്തില്‍ എതിരില്ലാതെ മുടിചൂടാമന്നനായി നില്‍ക്കുവാനായിരുന്നു കുഞ്ഞാലിക്കുട്ടി ശ്രമിച്ചതെന്നാണ് റൗഫ് പറയുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ രഹസ്യങ്ങള്‍ ഇന്ത്യാവിഷന്‍ ചാനലിലൂടെ മുനീര്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചുവെന്ന് പറയുമ്പോള്‍ അത് ''സ്ഥാനത്തിരിക്കുന്നവരെ ഉന്തിയിട്ട് കയറാനുള്ള പാര്‍ട്ടിയിലെ തന്നെ ചിലരുടെ അതിമോഹമാണ് എന്ന്'' കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ ഉദാഹരണമാകാം. പക്ഷേ ഈ ഗൂഢാലോചന വെളിപ്പെടുത്തുന്നത് ലീഗ് രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന നാറുന്ന വെട്ടിപ്പിടുത്ത ശ്രമങ്ങളുടെ ഇരുണ്ട ജുഗുപ്‌സാവഹമായ കഥകളാണ്. ലീഗിന്റെ അത്യുന്നത നേതാവ് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിട്ടും മുനീര്‍ അനുസരിച്ചില്ല. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ മുനീറിനെ കണ്ടു കെഞ്ചിയിട്ടും മുനീറിന്റെ തീരുമാനം മാറിയില്ല. ലീഗ് രാഷ്ട്രീയത്തിന്റെ അറപ്പും വെറുപ്പുമുളവാക്കുന്ന സംഭവങ്ങളുടെ ചുരുളുകളാണ് ഇവിടെ അഴിഞ്ഞത്.
ഈ ഗൂഢാലോചനയില്‍ കേരള കോണ്‍ഗ്രസിന് പങ്കുണ്ടോ എന്നു ചോദിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ''ഇല്ല'' എന്നു മറുപടി പറഞ്ഞു.
ഇവിടെ മറ്റൊരു ഗൂഢാലോചന തുടങ്ങുന്നതു കാണാം. യു ഡി എഫിലെ രണ്ടാമത്തെ പാര്‍ട്ടി ഏതാണെന്ന് തര്‍ക്കം തുടങ്ങിയിട്ട് കാലം ഏറെയായി. കുഞ്ഞാലിക്കുട്ടി പറഞ്ഞു അത് മുസ്ലീം ലീഗാണ് എന്ന്. മാണി ഉടന്‍ മറുപടി കൊടുത്തു, അല്ല അതു കേരള കോണ്‍ഗ്രസു തന്നെ. ഈ തര്‍ക്കത്തിന്റെ പിന്നില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ആരായിരിക്കും ഉപമുഖ്യമന്ത്രിപ്പട്ടം അണിയാന്‍ പോകുന്നത് എന്ന കാര്യമാണ്.
ഈ പ്രശ്‌നത്തില്‍ ഉമ്മന്‍ ചാണ്ടി എടുത്ത നിലപാട് ലീഗിനനുകൂലമെന്ന് തോന്നാവുന്നതായിരുന്നു. മാണി തക്കം നോക്കി നില്‍ക്കുമ്പോഴാണ് ലീഗിനകത്തെ ഈ പൊട്ടിത്തെറി.
തക്ക സമയത്ത് മാണി അതു മുതലാക്കി. മാണിയുടെ സ്വന്തക്കാരനായ പീറ്റര്‍ ആയിരുന്നല്ലോ കുഞ്ഞാലിക്കുട്ടിയുടെ കഥ കഴിക്കാന്‍ രംഗത്തു വന്നത്. പീറ്റര്‍ പറഞ്ഞല്ലോ താനാണ് കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ജഡ്ജിമാരെ വശത്താക്കാന്‍ ഇടനിലക്കാരനായിരുന്നതെന്ന്. യു ഡി എഫ് രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ നടന്ന മറ്റൊരു ഗൂഢാലോചനയല്ലേ ഇത്?
ഈ ഇരുണ്ട വിവാദങ്ങള്‍ ഉയര്‍ത്തിയ കൊടുങ്കാറ്റില്‍ കടപുഴകി വീണത് അധികാരത്തിലേക്ക് ഇനിയധികം ദൂരമില്ല എന്നു സ്വപ്നം കണ്ട യു ഡി എഫിന്റെ മോഹങ്ങളാണ്, ഇതില്‍ അലസിപ്പോയത് ഉമ്മന്‍ ചാണ്ടിയുടെ അശ്വമേധയാത്രയായിരുന്ന കേരള വിമോചന യാത്രയുടെ പ്രഖ്യാപനങ്ങളും.
മുങ്ങുന്ന ലീഗ് കപ്പലിനെ എങ്ങിനെയും രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നു പറന്നുവന്ന ഇ അഹമ്മദ് പറഞ്ഞു ''ഗൂഢാലോചന'', ലീഗ് കുഞ്ഞാലിക്കുട്ടിയുടെ പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കും. ഈ പ്രസ്താവന തന്നെ മുനീറും ആവര്‍ത്തിച്ചു. ഈ രണ്ടുപേരും പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉള്ളില്‍ അവര്‍ ചിരിക്കുകയായിരുന്നിരിക്കണം.
ഇടിവെട്ടുകൊള്ളുംപോലെയുള്ള ഒരാഘാതമാണ് ഈ സംഭവം യു ഡി എഫിന് ഏല്‍പ്പിച്ചത്. രക്ഷിക്കാന്‍ രണ്ടു ദിവസം തനിക്കു നിമോണിയയാണെന്നു പറഞ്ഞ് നാട്ടുകാരെ മുഖം കാണിക്കാന്‍ വയ്യാതെ ''വിമോചനയാത്ര''യില്‍ നിന്നോടി ഒളിച്ച ഉമ്മന്‍ ചാണ്ടി ഒരു റെസ്‌ക്യൂ ഓപ്പറേഷന്‍ നടത്തുന്നു. കൂടെ രമേശ് ചെന്നിത്തലയുമുണ്ട്. വൈകിയാണെങ്കിലും തനിക്കുപറ്റിയ തെറ്റ് ഏറ്റു പറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അദ്ദേഹം അനുമോദിച്ചു. രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു ഇത് ഗൂഢാലോചനയാണെന്ന്.
ശരിയാണ്, ഗൂഢാലോചന തന്നെ. ഈ ഗുഢാലോചനയിലെ നായകന്മാരും വില്ലന്മാരും വിദൂഷകരുമൊക്കെ യു ഡി എഫിന്റെ പാളയത്തിലുള്ളവര്‍ തന്നെ.
ഈ ഗൂഢാലോചനയില്‍ എവിടെയാണ് ലീഗും യു ഡി എഫും എല്‍ ഡി എഫിനെ കണ്ടത്? അതവര്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല. കാരണം അതു വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു കടും നുണയാണ്. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയും യു ഡി എഫും ഇതെല്ലാം ഗൂഢാലോചനയാണെന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചു പറയുന്നത്.
സി കെ ചന്ദ്രപ്പന്‍ ജനയുഗം 070211
ഈ ഗൂഢാലോചനയില്‍ എവിടെയാണ് ലീഗും യു ഡി എഫും എല്‍ ഡി എഫിനെ കണ്ടത്? അതവര്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല. കാരണം അതു വെളിപ്പെടുത്താന്‍ കഴിയാത്ത ഒരു കടും നുണയാണ്. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയും യു ഡി എഫും ഇതെല്ലാം ഗൂഢാലോചനയാണെന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചു പറയുന്നത്.
ReplyDeleteശശിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം -ഉമ്മന്‍ചാണ്ടി
ReplyDeletePosted on: 07 Feb 2011
വടകര: കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പി. ശശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കേരള മോചനയാത്രയ്ക്ക് വടകരയില്‍ നല്‍കിയ ഉജ്ജ്വല സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി, കക്കോടി, ബീച്ച് മറൈന്‍ ഗ്രൗണ്ട്, ഫറോക്ക് എന്നിവിടങ്ങളിലും കേരള മോചനയാത്രയ്ക്ക് ആവേശകരമായ സ്വീകരണം നല്കി.
''ശശി വെറുതെ പറഞ്ഞതല്ല- എഴുതി തയ്യാറാക്കിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍. റൗഫിനെപ്പോലൊരാള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്തത്. എന്നാല്‍ റൗഫിനെപ്പോലെയുള്ള വ്യക്തിയല്ല ശശി- മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്- സി.പി.എമ്മിന്റെ സമുന്നത നേതാവുമാണ്. അതിനാല്‍ ആരോപണങ്ങള്‍ക്ക് ഗൗരവമേറെയാണ് -അദ്ദേഹം പറഞ്ഞു.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍ മുഖ്യമന്ത്രിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം -ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കല്ലുവാതുക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്. ഇപ്പോള്‍ അത് മറനീക്കി പുറത്തുവന്നിരിക്കുന്നു. അഞ്ച് കൊല്ലം ഒന്നും ചെയ്യാതിരുന്ന ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ 15 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യംകൊണ്ടുവന്ന് ചര്‍ച്ചാവിഷയമാക്കാനാണ് ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ സി.പി.എം. ഇനിയും മനസ്സിലാക്കിയിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും. ലീഗിനെതിരെയുമുള്ള അക്രമങ്ങളെ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.