Wednesday, February 16, 2011

മുരളിയുടെ വരവ് ഗ്രൂപ്പുസമവാക്യം മാറ്റിമറിക്കും

മുരളീധരന്‍ വീണ്ടും കോണ്‍ഗ്രസില്‍

മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു. ആറുവര്‍ഷത്തെ സസ്പെന്‍ഷന്‍ അടുത്തമാസം അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നടപടി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തിരിച്ചെടുക്കാന്‍ തീരുമാനമായത്. കേരളത്തില്‍ യുഡിഎഫ് പ്രതിസന്ധിയിലായ സാഹചര്യത്തില്‍ മുരളീധരനെ പുറത്തുനിര്‍ത്തുന്നത് കൂടുതല്‍ പ്രശ്നമാകുമെന്നും അദ്ദേഹത്തെ ഉടന്‍ തിരിച്ചെടുക്കണമെന്നും ഇരുവരും സോണിയയോട് അഭ്യര്‍ഥിച്ചു. വൈകിട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയാണ് മുരളീധരനെ തിരിച്ചെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയ്ക്കുള്ള എല്ലാ ആദരവും പരിഗണനയും മുരളീധരന് നല്‍കുമെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുരളിയെ തിരിച്ചെടുക്കുന്നതിനെ കെപിസിസി എക്സിക്യൂട്ടീവ് എതിര്‍ത്തിരുന്നു. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ അനുകൂല നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഉടന്‍ തിരിച്ചെടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്- ചെന്നിത്തല പറഞ്ഞു.

മുരളിയുടെ വരവ് ഗ്രൂപ്പുസമവാക്യം മാറ്റിമറിക്കും

കെ മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യം സൃഷ്ടിക്കും. മുന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മുരളി സ്വാഭാവികമായും കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാകും. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ മുരളിയുടെ സാന്നിധ്യം നിലവിലുള്ള ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റിമറിക്കാന്‍ ഇടയാക്കുന്നതാണ്. മുരളീധരന്‍ തല്‍ക്കാലം ചെന്നിത്തലയോടൊപ്പം വിശാല ഐഗ്രൂപ്പിലാണ്. ഇത് ഉമ്മന്‍ചാണ്ടിക്കാണ് ആദ്യം തലവേദന സൃഷ്ടിക്കുക. കെ സുധാകരന്‍, അബ്ദുള്ളക്കുട്ടി സംഭവങ്ങള്‍ ഐ ഗ്രൂപ്പിനെതിരെ ആയുധമാക്കാന്‍ എ വിഭാഗം ഒരുങ്ങുന്നുണ്ട്. ഇതിന് മറുപടിയായി ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തല്‍ ഐ ഗ്രൂപ്പും ഉപയോഗിക്കുന്നു. ഈ മല്‍പിടിത്തത്തിനിടയിലേക്കാണ് കെ മുരളീധരന്റെ കടന്നുവരവ്. മുരളിയോട് അകല്‍ച്ചയുണ്ടായിരുന്ന സഹോദരി പത്മജ ഇപ്പോള്‍ മുരളിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. കരുണാകരനൊപ്പം തിരിച്ച് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ പ്രബലവിഭാഗവും മുരളിക്കൊപ്പം നില്‍ക്കും. ശക്തി സംഭരിക്കുന്ന മുരളി പിന്നീട് ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് നീങ്ങുമെന്നുറപ്പ്.

മുരളിയും ചെന്നിത്തലയും നേരത്തെ കടുത്ത ശത്രുതയിലായിരുന്നു. മുമ്പ് നരസിംഹറാവു മന്ത്രിസഭയില്‍ ചെന്നിത്തല മന്ത്രിയാകുന്നത് കരുണാകരനെ ഉപയോഗിച്ച് മുരളി സമര്‍ഥമായി അട്ടിമറിച്ചിരുന്നു. മുരളി പുറത്തുനിന്നാല്‍ കരുണാകരവിഭാഗത്തെ പത്മജയെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ഹൈജാക്ക് ചെയ്യുമെന്ന് ചെന്നിത്തല ഭയന്നിരുന്നു. കെഎസ്യു തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിനൊപ്പംനിന്ന് പത്മജ അട്ടിമറിക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി നേരിട്ടുചെന്ന് കരുണാകരനുമായി ചര്‍ച്ച നടത്തി. അപകടം മണത്ത ചെന്നിത്തല മുരളീധരനുമായി രണ്ട് വട്ടം രഹസ്യചര്‍ച്ച നടത്തി. ഇതിനുശേഷമാണ് മുരളീധരന് വേണ്ടി ചെന്നിത്തല പരസ്യമായി രംഗത്തിറങ്ങിയത്.

ആറ് വര്‍ഷത്തേക്കാണ് മുരളീധരനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത്. ഇതിന്റെ കാലാവധി മാര്‍ച്ച് എട്ടിന് തീരും. എന്നാല്‍, 20 മാസമായി മുരളീധരന്‍ തിരിച്ചുവരവിന് കാത്തുനില്‍ക്കുകയായിരുന്നു. എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ മുരളിക്കുവേണ്ടി ശക്തമായ നിലപാട് എടുത്തിട്ടും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉടക്കിനില്‍ക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് വൈദ്യുതിമന്ത്രിയായതോടെയാണ് മുരളീധരന്റെ കഷ്ടകാലം തുടങ്ങുന്നത്. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ദയനീയമായി തോറ്റു. അതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നു. സോണിയ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ്പാട്ടീലിനെ അലുമിനിയം പാട്ടേല്‍ എന്നുമൊക്കെ വിളിച്ച് നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഇതിനിടെയായിരുന്നു വിവാദമായ മുണ്ടുരിയല്‍ നാടകവും.

കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയ മുരളീധരന്‍ ഡിഐസിഎന്ന പുതിയ പാര്‍ടിയുണ്ടാക്കി പ്രസിഡന്റായി. പിന്നീട് എന്‍സിപിയില്‍ ലയിച്ച് അതിന്റെ പ്രസിഡന്റായി. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. സ്വന്തം നിലയ്ക്കുള്ള നീക്കങ്ങള്‍ ദുര്‍ബലമായതോടെയാണ് ഗത്യന്തരമില്ലാതെ കോണ്‍ഗ്രസിലേക്ക് തിരികെ പോയത്.

ദേശാഭിമാനി 160211

1 comment:

  1. കെ മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യം സൃഷ്ടിക്കും. മുന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മുരളി സ്വാഭാവികമായും കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാകും. കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ മുരളിയുടെ സാന്നിധ്യം നിലവിലുള്ള ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റിമറിക്കാന്‍ ഇടയാക്കുന്നതാണ്. മുരളീധരന്‍ തല്‍ക്കാലം ചെന്നിത്തലയോടൊപ്പം വിശാല ഐഗ്രൂപ്പിലാണ്. ഇത് ഉമ്മന്‍ചാണ്ടിക്കാണ് ആദ്യം തലവേദന സൃഷ്ടിക്കുക. കെ സുധാകരന്‍, അബ്ദുള്ളക്കുട്ടി സംഭവങ്ങള്‍ ഐ ഗ്രൂപ്പിനെതിരെ ആയുധമാക്കാന്‍ എ വിഭാഗം ഒരുങ്ങുന്നുണ്ട്. ഇതിന് മറുപടിയായി ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തല്‍ ഐ ഗ്രൂപ്പും ഉപയോഗിക്കുന്നു. ഈ മല്‍പിടിത്തത്തിനിടയിലേക്കാണ് കെ മുരളീധരന്റെ കടന്നുവരവ്. മുരളിയോട് അകല്‍ച്ചയുണ്ടായിരുന്ന സഹോദരി പത്മജ ഇപ്പോള്‍ മുരളിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. കരുണാകരനൊപ്പം തിരിച്ച് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ പ്രബലവിഭാഗവും മുരളിക്കൊപ്പം നില്‍ക്കും. ശക്തി സംഭരിക്കുന്ന മുരളി പിന്നീട് ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് നീങ്ങുമെന്നുറപ്പ്.

    ReplyDelete