Saturday, June 11, 2011

സ്വാശ്രയലോബിയെ സഹായിക്കാന്‍ 1

"കുരുടന്‍ ആനയെ കണ്ടതുപോലെ" എന്ന ചൊല്ല് അന്വര്‍ഥമാക്കുംവിധത്തിലാണ് സ്വാശ്രയപ്രശ്നത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ ചൊല്ല് സ്വാഭാവികരീതിയെ സൂചിപ്പിക്കുന്നതാണെങ്കില്‍ പരിയാരം മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന വ്യത്യാസമുണ്ട്. ഈ വാര്‍ത്താസൃഷ്ടികള്‍ക്കും അത് വ്യക്തമായ ഉദ്ദേശ്യത്തോടെ ഏറ്റെടുക്കുന്നവര്‍ക്കും ഒരു അജന്‍ഡയുണ്ട്. സ്വകാര്യ സ്വാശ്രയ കച്ചവടക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്ന അജന്‍ഡയാണത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകനോട്, "എന്തുകൊണ്ട് സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളുടെ കൊള്ളകളെക്കുറിച്ച് നിങ്ങള്‍ പറയുന്നില്ല" എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ ഒളിച്ചുവച്ച അജന്‍ഡ മറനീക്കി പുറത്തുവരികയായിരുന്നു. ഉത്തരം ഇപ്രകാരമാണ്: "പരിയാരം മെഡിക്കല്‍ കോളേജിലെ ഭരണസമിതി സാമൂഹ്യപ്രതിബദ്ധതയുള്ളവരാണ് ഭരിക്കുന്നത്. അവരുടെ നടപടികളാണ് സമൂഹത്തിനറിയേണ്ടത്." തീര്‍ച്ചയായും പരിയാരം മെഡിക്കല്‍ കോളേജ് 2007 മുതല്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവര്‍ തന്നെയാണ് ഭരിക്കുന്നത്. അതിനുമുമ്പ് വിദ്യാര്‍ഥിപ്രവേശനത്തിന് മെറിറ്റ് സീറ്റുണ്ടായിരുന്നില്ല.

മാനേജ്മെന്റ് (പ്രിവിലേജ്), എന്‍ആര്‍ഐ എന്നീ രണ്ട് രീതിയിലുള്ള വിദ്യാര്‍ഥിപ്രവേശനം മാത്രം. ഫീസ് ഘടനയാകട്ടെ തോന്നുംപടിയാണ് താനും. കാപ്പിറ്റേഷന്‍ ഫീസ് വാങ്ങിയത് ഡെവലപ്മെന്റ് ഫീസ് എന്ന പേരിലായിരുന്നു. ഭരണസമിതി അംഗങ്ങള്‍ക്ക് സീറ്റ് വീതംവച്ചിരുന്ന കാലമുണ്ടായിരുന്നു. അന്നത്തെ വീതംവയ്പ്പില്‍ എം വി രാഘവനും കെ സുധാകരനും തമ്മില്‍ കലഹമുണ്ടായിരുന്നു. വാങ്ങുന്ന ഫീസില്‍ ഒരു പങ്ക് ഭരണസമിതി അംഗങ്ങളുടെ ക്വോട്ടപോലെ അംഗങ്ങള്‍ക്കുള്ളതാണുതാനും. നിയമസഭയ്ക്കകത്തും പുറത്തും രേഖകള്‍ സഹിതം ഇതൊരു മുഖ്യപ്രശ്നമായി അവതരിപ്പിക്കപ്പെട്ടു. അന്ന് ചില മാധ്യമങ്ങള്‍ക്ക് ഇതൊരു വിഷയമായിരുന്നില്ല. ചരമക്കോളം വാര്‍ത്തപോലും അന്നുവന്നില്ല. ചാനലുകള്‍ക്ക് തുടര്‍ച്ചയായ ചര്‍ച്ചയ്ക്കുള്ള വിഷയവുമായിരുന്നില്ല. ഇടതുപക്ഷവും സിപിഐഎമ്മും അന്നും ഇന്നും ഉന്നതവിദ്യാഭ്യാസമേഖലയിലെ ഈ കച്ചവടത്തെ ശക്തിയായി എതിര്‍ത്തു. വിദ്യാര്‍ഥി- യുവജന സംഘടനകളും അധ്യാപകസംഘടനകളും വിദ്യാഭ്യാസസംരക്ഷണസമിതിയും പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതിയും മെറിറ്റും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തി. ആ പോരാട്ടത്തിന്റെകൂടി ഫലമായി ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ജനഹിതം പരിഗണിച്ച് ഒരു നിയമം കൊണ്ടുവന്നു. പ്രസ്തുത നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് യുഡിഎഫ് കാലത്തെ പോലെ ഉന്നവിദ്യാഭ്യാസമേഖല വീണ്ടും സംഘര്‍ഷഭരിതമായി. പ്രവേശനവും ഫീസും സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകളാണ് സാമൂഹ്യനീതിയും മെറിറ്റും ഉറപ്പുവരുത്താനുള്ള വഴികള്‍ . അതിനായി സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ഒരു കരാറിലേര്‍പ്പെടുകയും ചെയ്തു. ഈ കരാറിലൂടെയാണ് 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം മാനേജ്മെന്റ് സീറ്റും എന്ന വ്യവസ്ഥ കൊണ്ടുവന്നത്. അതോടൊപ്പം മെറിറ്റ് സീറ്റിലെ വിദ്യാര്‍ഥികളെ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാകമീഷണറുടെ റാങ്ക്ലിസ്റ്റില്‍നിന്ന് ക്രമമനുസരിച്ച് തെരഞ്ഞെടുക്കുമെന്നും അവര്‍ക്ക് ന്യായമായ ഫീസ് ഘടനയായിരിക്കുമെന്നുമുള്ള വ്യവസ്ഥ കൊണ്ടുവന്നു.

35 ശതമാനം മാനേജ്മെന്റ് സീറ്റിലും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. മെറിറ്റ് - മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള ഫീസ് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പ്രവേശനവും ഫീസും മാനേജ്മെന്റിന് തീരുമാനിക്കാവുന്നതാണ്. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയസ്ഥാപനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കണ്ടു. 85 ശതമാനം സീറ്റിലും മെറിറ്റടിസ്ഥാനത്തില്‍ വിദ്യാര്‍ഥി പ്രവേശനം നടത്തണമെന്ന് നിശ്ചയിച്ചു. പരിയാരം മെഡിക്കല്‍ കോളേജും കൊച്ചി സഹകരണ മെഡിക്കല്‍ കോളേജും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഈ ഗണത്തിലാണ് പെടുത്തിയിരുന്നത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2006ലും പിന്നീട് 2007ലും പരിയാരത്ത് ഈ സാമൂഹ്യപ്രതിബദ്ധത പാലിച്ചില്ല. അതിനുമുമ്പാകട്ടെ പൂര്‍ണമായും കച്ചവടമായിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ വന്നാലെങ്കിലും നയം മാറുമെന്ന് കരുതിയ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ എംവി രാഘവന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ ഭരണസമിതി സന്നദ്ധമായിരുന്നില്ല. അതുകൊണ്ട് കൂടിയാണ് 2006ലെ തെരഞ്ഞെടുപ്പില്‍ എം വി രാഘവന്‍ അടക്കമുള്ളവര്‍ പരാജയപ്പെട്ടത്.

2006 ജൂണ്‍ - ആഗസ്ത് മാസങ്ങളില്‍ നടന്ന വിദ്യാര്‍ഥി പ്രവേശനത്തിലൂടെ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ റാങ്ക് ലിസ്റ്റിലെ 32925 നമ്പര്‍ റാങ്കുകാരി ബി ആരതി, 24945 നമ്പര്‍ റാങ്കുകാരി അഞ്ജുറോസ്, 21640 നമ്പര്‍ റാങ്കുകാരി ഷോലചിത്രന്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് മാനേജ്മെന്റ് പ്രിവിലേജ് സീറ്റില്‍ പ്രവേശനം നല്‍കിയിരുന്നു. ഈ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതൊന്നും റാങ്കോ യോഗ്യതയോ നോക്കിയായിരുന്നില്ല. പരിയാരത്ത് 1995 മുതല്‍ 2007 വരെ നടത്തിയ വിദ്യാര്‍ഥി പ്രവേശനം സംബന്ധിച്ച ഇത്തരം ക്രമക്കേടുകള്‍ ഉദാഹരണസഹിതം നിരവധി നിരത്താന്‍ കഴിയും. ഈ കുട്ടികളുടെ രക്ഷിതാക്കളുടെ രാഷ്ട്രീയംകൂടി മനസ്സിലാക്കിയാല്‍ കേവലം വിദ്യാഭ്യാസക്കച്ചവടം ആയിരുന്നില്ലെന്നും അതൊരു രാഷ്ട്രീയ വിദ്യാഭ്യാസക്കച്ചവടമാണെന്നും തിരിച്ചറിയാന്‍ കഴിയും. അഞ്ജുറോസ് അന്നത്തെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റും ഇപ്പോള്‍ പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിന്റെ മകളാണ്. ഷോല ചിത്രനാകട്ടെ, കെ സുധാകരന്‍ എംപിയുടെ അടുത്ത ബന്ധുവാണ്. ബി ആരതിയാകട്ടെ സിഎംപി സംസ്ഥാനനേതാവിന്റെ ബന്ധുവാണ്. 50:50 അനുപാതം യുഡിഎഫ് ഭരിക്കുമ്പോഴും എല്‍ഡിഎഫ് ഭരിക്കുമ്പോഴും പരിയാരത്ത് 2007 സെപ്തംബര്‍ 23ന് പുതിയ ഭരണസമിതി അധികാരത്തില്‍ വരുന്നതുവരെ പാലിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ ചെയര്‍മാനായി സഹകരണ-ജനാധിപത്യമുന്നണിയാണ് പരിയാരത്ത് ആദ്യമായി മെറിറ്റടിസ്ഥാനത്തില്‍ വിദ്യാര്‍ഥിപ്രവേശനം ആരംഭിക്കുന്നത്. അതാകട്ടെ 50: 50 എന്ന അനുപാതത്തിലല്ല, 85 ശതമാനവും മെറിറ്റടിസ്ഥാനത്തില്‍ എന്ന നയത്തിലായിരുന്നു. ഇത് കേരളം ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോഴുള്ള നയം മാത്രമായിരുന്നില്ല. വലതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോഴും ഇടതുപക്ഷനയം ഇതുതന്നെയാണ്. യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍വന്ന ഈ വര്‍ഷം അവര്‍ മുന്നോട്ടുവച്ച നിര്‍ദേശം സ്വാശ്രയസ്ഥാപനങ്ങള്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിലേക്ക് നല്‍കണമെന്ന് മാത്രമാണ്.

2011 ജൂണ്‍ ഏഴിന് മന്ത്രിസഭാ ഉപസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് പ്രതിനിധികള്‍ , എംബിബിഎസ്, ബിഡിഎസ്, നേഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ എന്നീ പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് 85 ശതമാനവും മെറിറ്റടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന് പറയുകയുണ്ടായി. 85 ശതമാനവും മെറിറ്റടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷം പ്രവേശനം നടത്തുന്നതുമൂലം ബിഡിഎസിന് ഓരോവര്‍ഷവും നിരവധി സീറ്റുകള്‍ ഒഴിച്ചിടേണ്ടിവരുന്നു; ഭീമമായ നഷ്ടവും സഹിക്കേണ്ടിവരുന്നു. ഈ വര്‍ഷം വേണമെങ്കില്‍ മെറിറ്റടിസ്ഥാനത്തിലുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവരില്‍നിന്നും പ്രതിവര്‍ഷം 3.50 ലക്ഷം രൂപ പരിയാരത്തിന് ഈടാക്കാം. അത് മാനേജ്മെന്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

2007 മുതല്‍ രസീത് വാങ്ങാതെ ഒരു ഫീസും തുകയും വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയിട്ടില്ല. എല്ലാം സുതാര്യമാണ്. എല്‍ഡിഎഫ് കേരളം ഭരിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ സ്വാശ്രയനയം പരിയാരത്ത് യുഡിഎഫ് ഭരണസമിതി നടപ്പാക്കിയില്ല. യുഡിഎഫിന്റെ കച്ചവടനയം തന്നെ നടപ്പാക്കി. ഇപ്പോള്‍ വേണമെങ്കില്‍ എം വി രാഘവന്‍ ചെയ്തതുപോലെ പരിയാരത്തെ എല്‍ഡിഎഫ് ഭരണസമിതിക്ക് ചെയ്യാമായിരുന്നു. കാരണം ഇപ്പോള്‍ കേരളം ഭരിക്കുന്നത് യുഡിഎഫ് അല്ലേ. സ്വാശ്രയനയം ഇടതുപക്ഷത്തിന് അവസാരവാദനിലപാടല്ല.

എം വി ജയരാജന്‍ (പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി ചെയര്‍മാനാണ് ലേഖകന്‍) ദേശാഭിമാനി 110611

1 comment:

  1. "കുരുടന്‍ ആനയെ കണ്ടതുപോലെ" എന്ന ചൊല്ല് അന്വര്‍ഥമാക്കുംവിധത്തിലാണ് സ്വാശ്രയപ്രശ്നത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഈ ചൊല്ല് സ്വാഭാവികരീതിയെ സൂചിപ്പിക്കുന്നതാണെങ്കില്‍ പരിയാരം മെഡിക്കല്‍ കോളേജിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന വ്യത്യാസമുണ്ട്. ഈ വാര്‍ത്താസൃഷ്ടികള്‍ക്കും അത് വ്യക്തമായ ഉദ്ദേശ്യത്തോടെ ഏറ്റെടുക്കുന്നവര്‍ക്കും ഒരു അജന്‍ഡയുണ്ട്. സ്വകാര്യ സ്വാശ്രയ കച്ചവടക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്ന അജന്‍ഡയാണത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകനോട്, "എന്തുകൊണ്ട് സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളുടെ കൊള്ളകളെക്കുറിച്ച് നിങ്ങള്‍ പറയുന്നില്ല" എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ ഒളിച്ചുവച്ച അജന്‍ഡ മറനീക്കി പുറത്തുവരികയായിരുന്നു. ഉത്തരം ഇപ്രകാരമാണ്: "പരിയാരം മെഡിക്കല്‍ കോളേജിലെ ഭരണസമിതി സാമൂഹ്യപ്രതിബദ്ധതയുള്ളവരാണ് ഭരിക്കുന്നത്. അവരുടെ നടപടികളാണ് സമൂഹത്തിനറിയേണ്ടത്." തീര്‍ച്ചയായും പരിയാരം മെഡിക്കല്‍ കോളേജ് 2007 മുതല്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവര്‍ തന്നെയാണ് ഭരിക്കുന്നത്. അതിനുമുമ്പ് വിദ്യാര്‍ഥിപ്രവേശനത്തിന് മെറിറ്റ് സീറ്റുണ്ടായിരുന്നില്ല

    ReplyDelete