Saturday, June 11, 2011

അവരുടെ അപമാനകരമായ വിജയം

കെപിസിസി നിര്‍വാഹകസമിതി യോഗം തിരുവനന്തപുരത്ത് ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തതിന്റെ ചൂടും പുകയും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സമിതിയിലെ മറ്റ് പല അംഗങ്ങളുടെയും അസംതൃപ്തിയും അമര്‍ഷവും അണപൊട്ടിയൊഴുകുന്നതാണ് കണ്ടത്. വി ഡി സതീശനും വി എം സുധീരനും ചിറ്റൂര്‍ അച്യുതനും മറ്റും പൊട്ടിത്തെറിച്ചതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. കോണ്‍ഗ്രസിന്റെ വിജയം അപമാനകരമാണെന്നാണ് അംഗങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. പ്രമുഖരില്‍ ചിലര്‍ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചതായും കാണുന്നു.

യുഡിഎഫിന് 72 സീറ്റ് കിട്ടിയതുതന്നെ എ കെ ആന്റണി വന്ന് പ്രചാരവേല നടത്തിയതുമൂലമാണെന്നാണ് ചിലരുടെ അഭിപ്രായം. രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിച്ചതാണ് 72 സീറ്റെങ്കിലും ലഭിക്കാനിടവരുത്തിയതെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്. കാസര്‍കോട്നിന്ന് മോചനയാത്ര പ്രയാണമാരംഭിച്ച് ജില്ലകളില്‍ ചുറ്റിക്കറങ്ങി തലസ്ഥാന നഗരിയിലെത്തിയപ്പോള്‍ ആവേശപൂര്‍വം ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് യുഡിഎഫിന് 110 സീറ്റ് ഉറപ്പായും കിട്ടുമെന്നാണ്. വക്കം പുരുഷോത്തമന് അത്രതന്നെ കാണാന്‍ കഴിഞ്ഞില്ല. 85 സീറ്റില്‍ കുറയില്ലെന്നായിരുന്നു വക്കത്തിന്റെ വിശ്വാസം. അത് വിശ്വസിക്കുക മാത്രമല്ല വെള്ളാപ്പള്ളി നടേശനുമായി പന്തയംവെക്കുകയും ചെയ്തു. യുഡിഎഫിന് 85 സീറ്റില്‍ കുറഞ്ഞാല്‍ രത്നം പതിച്ച സ്വര്‍ണമോതിരം വെള്ളാപ്പള്ളിയുടെ വിരലില്‍ അണിയിക്കുമെന്ന് ആണയിട്ട് പറഞ്ഞു. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നൂറ്റിപ്പത്തുമില്ല, വക്കത്തിന്റെ എണ്‍പത്തഞ്ചുമില്ല. കിട്ടിയത് കഷ്ടിച്ച് 72 സീറ്റ്. അതില്‍ മൂന്ന് സീറ്റ് ജയിച്ചത് 500ല്‍ താഴെ വോട്ടിനും. പിന്നെ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പൊട്ടിത്തെറി ഉണ്ടാകാതിരിക്കുന്നതല്ലേ മഹാത്ഭുതം.

72ല്‍ കോണ്‍ഗ്രസിന് കിട്ടിയത് 38 സീറ്റ് മാത്രം. സിപിഐ എമ്മിനാണെങ്കില്‍ 47 സീറ്റ് ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതീക്ഷിച്ച സീറ്റ് കിട്ടാത്തതിനെച്ചൊല്ലി ചൂടേറിയ ചര്‍ച്ചനടന്നത്. അഴിമതി നടത്തിയതിന് സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ളക്ക് സ്വീകരണം നല്‍കിയതും പിള്ളയെ സഹായിച്ചതുമാണ് സീറ്റ് കുറയാന്‍ കാരണമെന്നാണ് ചില അംഗങ്ങള്‍ പറഞ്ഞത്. മലപ്പുറത്തെ ലീഗ് നേതാവിന് പരസ്യമായി പിന്തുണ നല്‍കിയതാണ് അപമാനകരമായ രീതിയില്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണ് പരാജയകാരണമെന്ന് ഒരു വിഭാഗം തുറന്നടിച്ചു. ദേശീയ-സംസ്ഥാനാടിസ്ഥാനത്തിലുള്ള സംഭവവികാസങ്ങള്‍ സീറ്റ് കുറയാന്‍ കാരണമായെന്ന സാമാന്യം ഭേദപ്പെട്ട അഭിപ്രായപ്രകടനങ്ങളും നിര്‍വാഹകസമിതി യോഗത്തില്‍ നടന്നതായിട്ടാണ് മാധ്യമങ്ങളില്‍ കാണാനിടയായത്. ചുരുക്കത്തില്‍ കുരുടന്‍ ആനയക്കെണ്ട രീതിയിലാണ് നിര്‍വാഹകസമിതി അംഗങ്ങള്‍ തെരഞ്ഞെടുപ്പുഫലം വിലയിരുത്തിയത്. കോണ്‍ഗ്രസിനെ ആവേശപൂര്‍വം അനുകൂലിക്കുന്ന ഒരു പ്രമുഖ പത്രം ഇങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. "പി കെ കുഞ്ഞാലിക്കുട്ടിയുടെയും ബാലകൃഷ്ണപിള്ളയുടെയും പ്രശ്നങ്ങള്‍ അവരുടേതായിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടിയും രമേശും കൂടി മത്സരിച്ച് അത് കോണ്‍ഗ്രസിന്റെ പ്രശ്നമാക്കി മാറ്റുകയായിരുന്നു. അവരെ നമ്മുടെ നേതാക്കള്‍ മത്സരിച്ച് പ്രീണിപ്പിച്ചു. പിള്ള അപ്പീലിന് പോകുമെന്ന് കെപിസിസി പ്രസിഡന്റാണ് പ്രഖ്യാപിച്ചത്- സതീശന്‍ പറഞ്ഞു." കോണ്‍ഗ്രസിന്റെ അഭ്യുദയകാംക്ഷിയായ ഒരു പത്രം ഇത്രയും റിപ്പോര്‍ട്ടു ചെയ്താല്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ നടന്ന ചര്‍ച്ചയെപ്പറ്റി സംശയം തോന്നേണ്ടതായ കാര്യമില്ലല്ലോ. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി മാത്രമല്ല ചര്‍ച്ച നടന്നത്. മന്ത്രിസഭാ രൂപീകരണം, വകുപ്പ് വിഭജനം, വകുപ്പ് വിഭജനത്തില്‍ മുസ്ലിംലീഗിന് കീഴടങ്ങിയത് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായിട്ടാണറിയുന്നത്. ചിറ്റൂര്‍ എംഎല്‍എയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അച്യുതന്‍ രാജിഭീഷണി മുഴക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കരുണാകരന്റെ മകള്‍ പത്മജയുടെ പരസ്യമായ പ്രതികരണവും കെ മുരളീധരന്‍സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു വെല്ലുവിളിയെന്ന നിലയില്‍ അതിഗംഭീരമായ സ്വീകരണം നല്‍കിയതും തൃശൂര്‍ എംഎല്‍എയുടെ പ്രതികരണവുമൊക്കെ ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഇതൊക്കെ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായി ചുരുക്കിക്കാണാന്‍ കഴിയുന്നതല്ല.

2001ല്‍ 140ല്‍ നൂറു സീറ്റ് നേടി അധികാരത്തില്‍ വന്ന മുന്നണിയാണ് യുഡിഎഫ്. എന്നിട്ടും എ കെ ആന്റണി മുഖ്യമന്ത്രിപദം ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി ആ സ്ഥാനം ഏറ്റെടുത്തത് മറക്കാന്‍ കഴിയുന്നതല്ലല്ലോ. അധികാരത്തിലേറി ഒരുമാസം തികയുംമുമ്പുതന്നെ കോണ്‍ഗ്രസിലെ തൊഴുത്തില്‍ക്കുത്തും തമ്മിലടിയും മറനീക്കി പുറത്തുവന്നത് വെറും യാദൃച്ഛികസംഭവമായി കാണാന്‍ കഴിയില്ല. യുഡിഎഫിന്റെ സീറ്റ് കുറഞ്ഞതിന്റെ കാരണം കണ്ടെത്താന്‍ വക്കം പുരുഷോത്തമന്‍ അധ്യക്ഷനായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്വേഷണത്തിന്റെ പ്രധാനവിഷയം തെരഞ്ഞെടുപ്പിന് ഒരു കോടി രൂപയിലധികം ഓരോ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും കേന്ദ്രനേതൃത്വം നല്‍കിയത്എങ്ങനെ ചെലവഴിച്ചു എന്നതായിരിക്കും. ഘടകകക്ഷി സ്ഥാനാര്‍ഥിക്ക് പത്തുലക്ഷം രൂപവരെ നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതിയും ജനദ്രോഹനയങ്ങളും കേരളത്തിലെ യുഡിഎഫിനകത്തെ തമ്മിലടിയുമൊക്കെ ഉണ്ടെങ്കിലും പണം വാരിക്കോരി ചെലവഴിച്ചാല്‍ അതൊക്കെ മറികടക്കാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍ . ആ കണക്കുകൂട്ടലാണ് വൃഥാവിലായത്.

2009ലും 2010ലും നടന്ന തെരഞ്ഞെടുപ്പിന്റെ ഫലവും കോണ്‍ഗ്രസിന് അതിരില്‍ കവിഞ്ഞ പ്രതീക്ഷ നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുഫലം കോണ്‍ഗ്രസിന്റെ നേതൃത്വത്തേയും അണികളെയും വല്ലാതെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അധികാരം കിട്ടിയവര്‍ക്ക് എത്രയും പെട്ടെന്ന് പണമുണ്ടാക്കാനാണ് മോഹം. അതാണ് സ്ഥലംമാറ്റത്തിന്റെ മാനദണ്ഡം അട്ടിമറിക്കാനും ബിവറേജസ് ഷോപ്പുകള്‍ക്ക് അനുമതി നിഷേധിച്ച് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാനും ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കാനും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്‍ഒസി നല്‍കാനുമൊക്കെ ധൃതികാണിക്കുന്നതിനു കാരണം. അപമാനകരമായ വിജയത്തിന്റെ കാരണവും കാരണക്കാരെയും കണ്ടെത്തുന്നതിനിടയില്‍ ഇത് തിരിച്ചറിയാതിരുന്നുകൂട.

ദേശാഭിമാനി മുഖപ്രസംഗം 110611

1 comment:

  1. കെപിസിസി നിര്‍വാഹകസമിതി യോഗം തിരുവനന്തപുരത്ത് ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തതിന്റെ ചൂടും പുകയും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സമിതിയിലെ മറ്റ് പല അംഗങ്ങളുടെയും അസംതൃപ്തിയും അമര്‍ഷവും അണപൊട്ടിയൊഴുകുന്നതാണ് കണ്ടത്. വി ഡി സതീശനും വി എം സുധീരനും ചിറ്റൂര്‍ അച്യുതനും മറ്റും പൊട്ടിത്തെറിച്ചതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. കോണ്‍ഗ്രസിന്റെ വിജയം അപമാനകരമാണെന്നാണ് അംഗങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. പ്രമുഖരില്‍ ചിലര്‍ അര്‍ഥഗര്‍ഭമായ മൗനം പാലിച്ചതായും കാണുന്നു.

    ReplyDelete