Friday, June 24, 2011

ഗ്രാമവികസന അതോറിറ്റികള്‍ അധികാരം കവരാന്‍ : ഡോ. തോമസ് ഐസക്

കൊച്ചി: നഗരവികസന അതോറിറ്റി മാതൃകയില്‍ ഗ്രാമവികസന അതോറിറ്റി രൂപീകരിക്കുമെന്ന മന്ത്രി കെ സി ജോസഫിന്റെ പ്രഖ്യാപനത്തില്‍ മന്ത്രി എം കെ മുനീര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. ഗ്രാമവികസന അതോറിറ്റികള്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളുടെ അധികാരം കവരാനുള്ള നീക്കമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗ്രാമവികസന അതോറിറ്റികള്‍ രൂപീകരിക്കും, ഇ എം എസ് ഭവനപദ്ധതി നിര്‍ത്തലാക്കും എന്നിങ്ങനെയുള്ള മന്ത്രിയുടെ പ്രസ്താവന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനത്തിനു സമാന്തരമായി നാമനിര്‍ദ്ദേശ സമിതികള്‍ കൊണ്ടുവരുന്നത് അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കും. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച തീരദേശ വികസനഅതോറിറ്റിയുടെ പ്രവര്‍ത്തനം യാത്രാപ്പടിയിലും കാര്‍വാടകയിലും മാത്രം ഒതുങ്ങിയത് ഓര്‍ക്കണം. ഇ എം എസ് പാര്‍പ്പിടപദ്ധതി നിര്‍ത്തലാക്കുമെന്ന് പറയാന്‍ മന്ത്രിക്ക് അവകാശമില്ല. പുതിയ വീടുകള്‍ അനുവദിക്കില്ല എന്ന നിലപാടിനോട് യോജിക്കാനാവില്ല. ഇ എം എസ് ഭവനപദ്ധതിയില്‍ വീട് ലഭിക്കാത്തവരെ ഉള്‍പ്പെടുത്തി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. ഇ എം എസ് ഭവനപദ്ധതി നിര്‍ത്തലാക്കുന്നതിനെതിരെ മന്ത്രി എം കെ മുനീര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വര്‍ഷത്തിന്റെ മൂന്നില്‍ രണ്ടുഭാഗം വോട്ട് ഓണ്‍ അക്കൗണ്ടായി പ്രഖ്യാപിച്ചത്. ഇത് കേരളത്തിന്റെ വികസനത്തിനു തിരിച്ചടിയാകും. നിയമസഭയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനുള്ള തടസ്സമെന്തെന്ന് മന്ത്രിമാര്‍ വ്യക്തമാക്കണം. ട്രഷറിയിലെ തുക വെളിപ്പെടുത്തണം. കുടുംബശ്രീ പോലെ സര്‍ക്കാരിതര സ്വയംസഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതും ദൗര്‍ഭാഗ്യകരവുമാണ്. ഭരിക്കുന്ന സര്‍ക്കാര്‍തന്നെ സമാന്തരസംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത് കുടുംബശ്രീയെ തകര്‍ക്കും. കുടുംബശ്രീയെയും സര്‍ക്കാരിതര സ്വയംസഹായസംഘങ്ങളെയും ഒരു പോലെയാണോ സര്‍ക്കാര്‍ കാണുന്നത്? സര്‍ക്കാരിതര സ്വയംസഹായസംഘങ്ങള്‍ക്ക് സഹായധനം നല്‍കുമോ? ഒരേസമയം രണ്ടു സംഘങ്ങളില്‍നിന്നും വായ്പയെടുക്കാന്‍ അനുവദിക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുകൂടി മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആന്ധ്രപ്രദേശിലെ മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനം നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കണം. പലിശനിരക്കില്‍ നിയന്ത്രണം കൊണ്ടുവരുന്നതോടൊപ്പം ഒരാള്‍ ഒന്നിലധികം വായ്പ എടുക്കുന്നതിനും നിയന്ത്രണംവേണം. ഇവയെ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ അനൗദ്യോഗിക ബില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍ രാജിവയ്ക്കണം: പി കെ ശ്രീമതി


മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള സര്‍ക്കാര്‍ ക്വോട്ട നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി അടൂര്‍പ്രകാശും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുള്‍റബ്ബും രാജിവയ്ക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി ആവശ്യപ്പെട്ടു. മെയ് 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനാലാണ് ഈ സീറ്റുകളില്‍ മാനേജ്മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താനായത്. ജൂണ്‍ 30നകം പ്രവേശനം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നാണ് ഇതുവരെ മന്ത്രിമാരും ഉദ്യോഗസ്ഥരും പറഞ്ഞത്. മെയ് 31കം പ്രവേശനം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി വിധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമാണ് ബാധകമെന്നും മാനേജ്മെന്റുകള്‍ മന്ത്രിമാരെ അറിയിച്ചിരുന്നു. മൂന്ന് തവണ മാനേജ്മെന്റുകള്‍ രേഖാമൂലം ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. കൂടാതെ മെയ് 28ന് നടത്തിയ ചര്‍ച്ചയിലും മാനേജ്മെന്റുകള്‍ മന്ത്രിമാരെ ഈ കാര്യം ധരിപ്പിച്ചു. സുപ്രീംകോടതി വിധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രം ബാധകമായതാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളി പുറത്തായി.

സര്‍ക്കാര്‍ നടത്തിയ പ്രവേശനപ്പരീക്ഷ പാസായ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിച്ച രണ്ടുമന്ത്രിമാരും സ്വന്തം മക്കളുടെ കാര്യത്തില്‍ നല്ല ശുഷ്കാന്തിയാണ് കാണിച്ചത്. മക്കളുടെ പ്രവേശന തീയതി കൃത്യമായി മനസ്സിലാക്കിയ മന്ത്രിമാര്‍ മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം കിട്ടുമായിരുന്ന 70 കുട്ടികളെയാണ് വഞ്ചിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിജി തുടങ്ങാനും സീറ്റുകളില്‍ 50 ശതമാനം സര്‍ക്കാര്‍ മെറിറ്റ് ക്വോട്ടയില്‍നിന്നും പ്രവേശനം നല്‍കാനും സാധിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളിലൂടെയാണ്. 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വോട്ടയില്‍ വിട്ടുനല്‍കിയാലേ എന്‍ഒസി നല്‍കൂയെന്ന് മുന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത സീറ്റുകള്‍ ഏതൊക്കെയെന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിജ്ഞാപനംചെയ്ത് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു ശേഷം നടന്ന ഒന്നാംഘട്ട അലോട്ട്മെന്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കാണ് നടന്നത്. രണ്ടാംഘട്ട അലോട്ട്മെന്റ് മെയ് മൂന്നാംവാരത്തിലാണ് നടത്തേണ്ടിയിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതിന് ആവശ്യമായ സമയവുമുണ്ടായിരുന്നു. ഒറ്റ ദിവസംക്കൊണ്ട് പ്രവേശനം പൂര്‍ത്തിയാക്കാന്‍ പാകത്തില്‍ മുന്‍ സര്‍ക്കാര്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും മെറിറ്റ് ക്വോട്ട അട്ടിമറിക്കുകയായിരുന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് പി കെ ശ്രീമതി ആവശ്യപ്പെട്ടു.

deshabhimani 240611

1 comment:

  1. നഗരവികസന അതോറിറ്റി മാതൃകയില്‍ ഗ്രാമവികസന അതോറിറ്റി രൂപീകരിക്കുമെന്ന മന്ത്രി കെ സി ജോസഫിന്റെ പ്രഖ്യാപനത്തില്‍ മന്ത്രി എം കെ മുനീര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു. ഗ്രാമവികസന അതോറിറ്റികള്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളുടെ അധികാരം കവരാനുള്ള നീക്കമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete