Sunday, June 12, 2011

ജൂലൈ 7ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ജൂലൈ ഏഴിന് അഖിലേന്ത്യാതലത്തില്‍ പണിമുടക്കും. ബാങ്കിങ്ങ് രംഗത്തെ ട്രേഡ് യൂണിയനുകളായ ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നിവയുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

വന്‍കിട സ്വകാര്യ വ്യവസായഗ്രൂപ്പുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള നയം പിന്‍വലിക്കുകയും ബാങ്ക് ലയനം, വിദേശ മൂലധനം, ബാങ്കിങ് നിയന്ത്രണനിയമം ഭേദഗതിചെയ്ത് ഓഹരി വോട്ടവകാശ പരിധി റദ്ദാക്കല്‍ , പുറംജോലികരാര്‍ സമ്പ്രദായം എന്നിവ വേണ്ടെന്നുവയ്ക്കണം. പൊതുമേഖലാ ബാങ്ക് മൂലധനത്തിന് ലോകബാങ്ക് വായ്പയെടുക്കുന്നത് നിര്‍ത്തലാക്കുക, ബിഎസ്ആര്‍ബി പുനഃസ്ഥാപിക്കുക, ഒഴിവുകള്‍ നികത്തുക, ജനകീയ പൊതുമേഖലാ ബാങ്കിങ് സംവിധാനം വിപുലീകരിക്കുക, ബാങ്ക് ഓഫീസര്‍മാരുടെ ജോലിസമയം നിജപ്പെടുത്തുക, പെന്‍ഷന്‍ -സ്റ്റാഫ് ലോണുകള്‍ പരിഷ്കരിക്കുക, ഖണ്ഡേല്‍വാള്‍ കമ്മിറ്റി ശുപാര്‍ശ നിരാകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പണിമുടക്ക്. പൊതുമേഖലാ, സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ 10 ലക്ഷം ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുക്കും.

പണിമുടക്കിനു മുന്നോടിയായി 30ന് പ്രകടനം, ബാഡ്ജ് ധാരണം, ജൂലൈ മൂന്നിന് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന കണ്‍വന്‍ഷന്‍ , നാലിന് ജാഥകള്‍ എന്നിവ നടത്തും. കൊച്ചിയില്‍ ചേര്‍ന്ന സംയുക്ത സമരസമിതി സംസ്ഥാനതല നേതൃയോഗത്തില്‍ എഐബിഒസി സംസ്ഥാന സെക്രട്ടറി വി കെ പ്രസാദ് അധ്യക്ഷനായി. യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി ഡി ജോസണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ മല്ലിക, ആര്‍ വിജയകുമാര്‍ , എന്‍ ബി കിഷോര്‍കുമാര്‍ , സി ജെ നന്ദകുമാര്‍ , കെ രാജീവ്, കെ വിനോദ്കുമാര്‍ , ഗുരുവായൂരപ്പന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 120611

2 comments:

  1. വന്‍കിട സ്വകാര്യ വ്യവസായഗ്രൂപ്പുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള നയം പിന്‍വലിക്കുകയും ബാങ്ക് ലയനം, വിദേശ മൂലധനം, ബാങ്കിങ് നിയന്ത്രണനിയമം ഭേദഗതിചെയ്ത് ഓഹരി വോട്ടവകാശ പരിധി റദ്ദാക്കല്‍ , പുറംജോലികരാര്‍ സമ്പ്രദായം എന്നിവ വേണ്ടെന്നുവയ്ക്കണം. പൊതുമേഖലാ ബാങ്ക് മൂലധനത്തിന് ലോകബാങ്ക് വായ്പയെടുക്കുന്നത് നിര്‍ത്തലാക്കുക, ബിഎസ്ആര്‍ബി പുനഃസ്ഥാപിക്കുക, ഒഴിവുകള്‍ നികത്തുക, ജനകീയ പൊതുമേഖലാ ബാങ്കിങ് സംവിധാനം വിപുലീകരിക്കുക, ബാങ്ക് ഓഫീസര്‍മാരുടെ ജോലിസമയം നിജപ്പെടുത്തുക, പെന്‍ഷന്‍ -സ്റ്റാഫ് ലോണുകള്‍ പരിഷ്കരിക്കുക, ഖണ്ഡേല്‍വാള്‍ കമ്മിറ്റി ശുപാര്‍ശ നിരാകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പണിമുടക്ക്. പൊതുമേഖലാ, സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ 10 ലക്ഷം ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുക്കും

    ReplyDelete
  2. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യയിലെ പൊതുമേഖല- സ്വകാര്യ- സഹകരണ- ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ജൂലൈ ഏഴിന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഇന്ത്യാ തിരുവനന്തപുരം മെയിന്‍ ശാഖയ്ക്കുമുന്നില്‍ ബാങ്ക് ജീവനക്കാര്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ എകെബിഇഎഫ് സംസ്ഥാന സെക്രട്ടറി എ എന്‍ റപ്പായി, ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ ഗിരീഷ്കുമാര്‍ , യുഎഫ്ബിയു ജില്ലാ കണ്‍വീനര്‍ ടി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. സമരപരിപാടികളുടെ ഭാഗമായി 30ന് ബാഡ്ജ് ധരിക്കല്‍ , മേഖലാതല പ്രകടനം ജൂലൈ അഞ്ചിന് റാലി തുടങ്ങിയവ നടക്കും.

    ReplyDelete