Wednesday, June 1, 2011

പുതിയ അധ്യയനവര്‍ഷം

പുതിയ അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഒരുപാട് പ്രതീക്ഷകളുമായാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്കയക്കുന്നത്. കേരളം സമ്പൂര്‍ണസാക്ഷരത കൈവരിച്ച സംസ്ഥാനമാണെന്നതില്‍ നാമെല്ലാം അഭിമാനിക്കുന്നു. 12,323 വിദ്യാലയങ്ങളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 1,74,978 അധ്യാപകര്‍ പഠിപ്പിക്കുന്നു. നാലുലക്ഷത്തോളം കുരുന്നുകളാണ് ഈ വര്‍ഷം ഒന്നാംക്ലാസിലേക്ക് പ്രതീക്ഷകളോടെ പ്രവേശിക്കുന്നത്. സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ വിപുലമായ പ്രവേശനോത്സവം ഇക്കുറിയുമുണ്ട്. മിഠായിയും പാവകളും സമ്മാനപ്പൊതികളും മറ്റുമായാണ് നവാഗതരെ സ്വീകരിക്കുന്നത്.

സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ട്. ഹൈസ്കൂളില്ലാത്ത പഞ്ചായത്തുകളില്ല. മലബാറിലെ എല്ലാ പഞ്ചായത്തിലും കഴിഞ്ഞവര്‍ഷം പ്ലസ് വണ്‍ അനുവദിച്ചു. ഈ വിദ്യാലയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിച്ചത്. ഇവിടെയൊക്കെ സ്ഥിരം തസ്തികകള്‍ അനുവദിക്കേണ്ടതുണ്ട്. പ്ലസ് വണ്‍ അനുവദിച്ച വിദ്യാലയങ്ങളില്‍ സ്വാഭാവികമായും പ്ലസ് ടു ഈ വര്‍ഷം ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഈ വര്‍ഷവും തൊണ്ണൂറ് ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ ജയിച്ചിട്ടുണ്ട്. അവരില്‍ ബഹുഭൂരിപക്ഷവും പ്ലസ് വണ്‍ ക്ലാസില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയുള്ളവരാണ്. എന്നാല്‍ , എല്ലാവര്‍ക്കും അവരുടെ വീടിനടുത്തുള്ള വിദ്യാലയങ്ങളില്‍ പ്രവേശനം കിട്ടുമെന്നുറപ്പില്ല. പ്രാഥമിക വിദ്യാലയങ്ങള്‍ കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലുമുണ്ട്. എന്നാല്‍ , പ്രീ പ്രൈമറി വിദ്യാലയങ്ങള്‍ വേണ്ടത്രയില്ല. പകരം അങ്കണവാടികളുണ്ട്. അത് വേണ്ടത്ര ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് സംശയമാണ്. പുതിയ വിദ്യാലയവര്‍ഷത്തില്‍ കുട്ടികള്‍ക്ക് പുതിയ ഉടുപ്പും പുസ്തകവും ബാഗും കുടയുമൊക്കെ നല്‍കി സ്കൂളിലയക്കുന്നത് ദരിദ്രരായ രക്ഷിതാക്കള്‍ക്ക് വലിയ പ്രാരബ്ധമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ നല്ല മാതൃകയാണ് സൃഷ്ടിച്ചത്. ഒരു വര്‍ഷം 200 പ്രവൃത്തിദിവസം ഉണ്ടായിരിക്കണമെന്ന വിദ്യാഭ്യാസനിയമത്തിലെ നിബന്ധന പല കാരണങ്ങളാലും പ്രാവര്‍ത്തികമാകാറില്ല. എന്നാല്‍ , കഴിഞ്ഞ അഞ്ചുവര്‍ഷവും 200 പ്രവൃത്തിദിവസം ഉറപ്പുവരുത്താന്‍ കഴിഞ്ഞു. അതുപോലെ പാഠപുസ്തകങ്ങള്‍ സമയത്തിന് സ്കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ തികഞ്ഞ കാര്യക്ഷമതയാണ് കാണിച്ചത്. കെഎസ്ടിഎ പോലുള്ള പ്രമുഖ അധ്യാപക സംഘടനകള്‍ സര്‍ക്കാരുമായി നന്നായി സഹകരിച്ച് പഠനനിലവാരം മെച്ചപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തി.

ഒഴിവു ദിവസങ്ങളിലും ഒഴിവുസമയത്തും ക്ലാസുകള്‍ നടത്തി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിച്ചു. ഇതിന്റെയെല്ലാം ഫലമായാണ് എസ്എസ്എല്‍സി പരീക്ഷാഫലം മെച്ചപ്പെടാനിടയായത്. എസ്എസ്എല്‍സി പരീക്ഷയില്‍ പിന്നോക്കമായ വിദ്യാലയങ്ങളെ പ്രത്യേകം തെരഞ്ഞെടുത്ത് അവിടെ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമായി അത്തരം വിദ്യാലയങ്ങളെയും മറ്റ് വിദ്യാലയങ്ങളോടൊപ്പമെത്തിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷവും വിദ്യാലയങ്ങളില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അധ്യാപക-രക്ഷാകര്‍തൃസമിതി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ നല്ല പങ്കുവഹിച്ചത് കാണാതിരുന്നുകൂടാ. അതോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഇടപെട്ടുകൊണ്ട് വിദ്യാലയങ്ങളെ സഹായിച്ചു. വിദ്യാലയങ്ങളില്‍ കംപ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യമേര്‍പ്പെടുത്തി. വിവരസാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അക്കാര്യത്തിലും വിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധ വേണ്ടതുപോലെ പതിഞ്ഞതായി കാണാം. 2001 മുതല്‍ 2006 വരെ കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ അനുഭവങ്ങള്‍ ഓര്‍ത്തുപോകുന്നത് സ്വാഭാവികമാണ്. പാഠപുസ്തകങ്ങളുടെ അച്ചടിയിലുണ്ടായ വീഴ്ച ഗുരുതരമായിരുന്നു. എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമൂലം പരീക്ഷ മാറ്റിവയ്ക്കേണ്ടിവന്നു. പരീക്ഷാഫലം യഥാസമയം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ഉത്തരക്കടലാസ് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അനുഭവമുണ്ടായി. സ്വാശ്രയവിദ്യാഭ്യാസ രംഗത്തെ കടുത്ത ചൂഷണത്തിന് എന്തെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്ക് തികച്ചും കീഴടങ്ങുന്ന നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ സമരംചെയ്യാന്‍ നിര്‍ബന്ധിതരായി. സമരംചെയ്ത വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. വിദ്യാര്‍ഥികളോട് ശത്രുക്കളോടെന്നപോലെയാണ് പൊലീസ് പെരുമാറിയത്. ഗ്രനേഡ് പ്രയോഗവും ലാത്തിച്ചാര്‍ജും നിത്യസംഭവമായി. അഞ്ചുവര്‍ഷവും കലാപകലുഷമായ വിദ്യാലയഅന്തരീക്ഷമാണ് അന്ന് നിലനിന്നത്. ഈ അനുഭവം ഓര്‍മിക്കുമ്പോള്‍ യുഡിഎഫ് ഭരണഭാരമേറ്റെടുത്തതിനുശേഷമുള്ള പുതിയ വിദ്യാലയവര്‍ഷത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇതര ജനവിഭാഗങ്ങള്‍ക്കും കടുത്ത ഉല്‍ക്കണ്ഠ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ട് അവയുടെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. കലിക്കറ്റ് സര്‍വകലാശാലയുടെ ഭരണത്തിന്റെ നിയന്ത്രണം മുസ്ലിംലീഗിന്റെ കൈപ്പിടിയിലൊതുക്കാനുള്ള കരുനീക്കങ്ങളാണ് ഭരണത്തിലേറി രണ്ടാഴ്ച തികയുന്നതിന് മുമ്പുതന്നെ തുടങ്ങിവച്ചത.് ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ പദവി എങ്ങനെയെല്ലാം ഉപയോഗിച്ചു എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. വിദ്യാഭ്യാസരംഗത്ത് ലാഭക്കൊതിയരായ സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള നയവും ഇതിനകം പ്രഖ്യാപിച്ചു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ നിലനില്‍ക്കുന്ന കോഴ എന്ന പേരിലറിയപ്പെടുന്ന കൈക്കൂലി ഭാവനയില്‍പ്പോലും കാണാന്‍ കഴിയാത്ത നിലവാരത്തിലെത്തിയിരിക്കുന്നു. സ്കൂള്‍തലത്തില്‍ ഒരധ്യാപകനെ നിയമിക്കുമ്പോള്‍ പത്തുലക്ഷത്തിനുമേലെയാണ് കോഴ നല്‍കേണ്ടത്. പ്ലസ്ടു തലത്തില്‍ ഈ തുക 25 ലക്ഷംവരെ എത്തിയിട്ടുണ്ടെന്നാണറിയുന്നത്.

അധ്യാപകരുടെ മുഴുവന്‍ ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നു. സ്കൂളുകളുടെ അറ്റകുറ്റപ്പണിക്കുള്ള പണവും സര്‍ക്കാര്‍ നല്‍കുന്നു. എന്നിട്ടും എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ അധ്യാപകരില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങുന്നതിനെതിനെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക? ഇത്തരം ദുഷ്പ്രവണതകള്‍ കണ്ടില്ലെന്ന് നടിക്കുന്നതിന് പകരം ഇതിനെതിരെ പ്രതികരിക്കാന്‍ സമൂഹം തയ്യാറായാല്‍മാത്രമേ ദയനീയമായ ഈ അവസ്ഥയ്ക്ക് അറുതിവരുത്താന്‍ കഴിയൂ. പുതിയ വിദ്യാലയവര്‍ഷത്തില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച മാതൃക തുടരുന്നതിലും പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സമൂഹം പ്രതികരിക്കുക.

deshabhimani editorial 010611

2 comments:

  1. പുതിയ അധ്യയനവര്‍ഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഒരുപാട് പ്രതീക്ഷകളുമായാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്കയക്കുന്നത്. കേരളം സമ്പൂര്‍ണസാക്ഷരത കൈവരിച്ച സംസ്ഥാനമാണെന്നതില്‍ നാമെല്ലാം അഭിമാനിക്കുന്നു. 12,323 വിദ്യാലയങ്ങളിലായി 43 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. 1,74,978 അധ്യാപകര്‍ പഠിപ്പിക്കുന്നു. നാലുലക്ഷത്തോളം കുരുന്നുകളാണ് ഈ വര്‍ഷം ഒന്നാംക്ലാസിലേക്ക് പ്രതീക്ഷകളോടെ പ്രവേശിക്കുന്നത്. സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ വിപുലമായ പ്രവേശനോത്സവം ഇക്കുറിയുമുണ്ട്. മിഠായിയും പാവകളും സമ്മാനപ്പൊതികളും മറ്റുമായാണ് നവാഗതരെ സ്വീകരിക്കുന്നത്.

    ReplyDelete
  2. ആശങ്കകളോടെ വിദ്യാലയങ്ങള്‍ ഉണരുന്നു
    http://anoopesar.blogspot.com/2011/06/blog-post.html

    ReplyDelete