Tuesday, June 14, 2011

ഫിഷറീസ് സര്‍വകലാശാലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം

പുതുവൈപ്പില്‍ ഫിഷറീസ്സ്റ്റേഷന്‍ സ്ഥലം ഏറ്റെടുത്ത് രാജ്യത്തെ ആദ്യ ഫിഷറീസ് സര്‍വകലാശാലയെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. സര്‍വകലാശാലയ്ക്കു കീഴിലെ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന 50 ഏക്കര്‍ സ്ഥലം എല്‍എന്‍ജി ടെര്‍മിനലിന്റെ ഭാഗമായ പവര്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കൈമാറുന്നതിനാണ് നീക്കം നടക്കുന്നത്. വാണിജ്യപ്രാധാന്യമേറിയ ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ അപൂര്‍വ കേന്ദ്രത്തിന്റെ നാശത്തിനുകൂടിയാണ് ഇത് വഴിയൊരുക്കുക.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന പെട്രോനെറ്റ് എല്‍എന്‍ജി പദ്ധതി വിപുലീകരണ യോഗത്തിലാണ് സര്‍വകലാശാലയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ , ഇത് നടപ്പാകുന്നതോടെ സര്‍വകലാശാലയുടെ ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, ഓഷ്യന്‍ എന്‍ജിനിയറിങ് എന്നീ ഫാക്കല്‍റ്റികളും അവയ്ക്കുകീഴില്‍വരുന്ന സ്കൂളുകളും ഡിപ്പാര്‍ട്ടുമെന്റുകളും സ്ഥാപിക്കാനാവാത്ത സ്ഥിതിയാകും ഒരുങ്ങുക. സര്‍വകലാശാലയ്ക്കു കീഴിലെ സ്ഥലങ്ങളില്‍ കടല്‍സാമീപ്യമുള്ള ഇവിടെ മാത്രമാണ് ഇവ സ്ഥാപിക്കാനാവുക. ഈ ഫാക്കല്‍റ്റികള്‍ ഇല്ലാതെവരുന്നത് സര്‍വകാലശാലയുടെ അസ്ഥിത്വത്തെത്തന്നെ ചോദ്യംചെയ്യുമെന്നും അധികൃതര്‍ പറയുന്നു.

"95വരെ 160 ഹെക്ടര്‍ ഭൂമിയാണ് നേരത്തെ കേരള സര്‍വകലാശാലയ്ക്കു കീഴിലായിരുന്ന ഫിഷറീസ് റിസര്‍ച്ച് സ്റ്റേഷനുണ്ടായിരുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് പുതുതായി രൂപീകരിച്ച ഫിഷറീസ് സര്‍വകലാശാലയ്ക്ക് കീഴിലായി. ഇതില്‍ 50 ഏക്കര്‍ ഒഴികെയുള്ള സ്ഥലം പോര്‍ട്ട് ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറുകയായിരുന്നു. ഇപ്പോള്‍ ഈ സ്ഥലവും ഇല്ലാതാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. കണ്ടല്‍കാടുകള്‍നിറഞ്ഞ, കടല്‍ -കായല്‍ -നദീമുഖ സമ്പര്‍ക്കമുള്ള പ്രദേശം മീന്‍ക്കുഞ്ഞുങ്ങളുടെ കലവറയാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഓരുജല മത്സ്യക്കൃഷിക്കായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്യുന്നതും ഇവിടെനിന്നാണ്. ഇവിടെ ഇതരപദ്ധതി വരുന്നത് ഇവയുടെ നാശത്തിനും വഴിയൊരുക്കും. നേരത്തെ സെന്ററിന്റെ ഭൂമിയില്‍ 110 ഏക്കര്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കൈമാറിയത് എല്‍എന്‍ജി പദ്ധതി ലക്ഷ്യമിട്ടാണ്. ഈ ഭൂമിതന്നെ പവര്‍പ്ലാന്റിനായി ഉപയോഗിക്കാമെന്നിരിക്കെ സ്റ്റേഷന്റെ ഭൂമി കൈയേറുന്നതില്‍ ന്യായീകരണമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സെന്ററിന്റെ സ്ഥലം ഇതര ആവശ്യങ്ങള്‍ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

deshabhimani 140611

1 comment:

  1. പുതുവൈപ്പില്‍ ഫിഷറീസ്സ്റ്റേഷന്‍ സ്ഥലം ഏറ്റെടുത്ത് രാജ്യത്തെ ആദ്യ ഫിഷറീസ് സര്‍വകലാശാലയെ തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. സര്‍വകലാശാലയ്ക്കു കീഴിലെ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന 50 ഏക്കര്‍ സ്ഥലം എല്‍എന്‍ജി ടെര്‍മിനലിന്റെ ഭാഗമായ പവര്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കൈമാറുന്നതിനാണ് നീക്കം നടക്കുന്നത്. വാണിജ്യപ്രാധാന്യമേറിയ ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ അപൂര്‍വ കേന്ദ്രത്തിന്റെ നാശത്തിനുകൂടിയാണ് ഇത് വഴിയൊരുക്കുക.

    ReplyDelete