Tuesday, June 14, 2011

ഭക്ഷ്യപാര്‍ക്കിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ലക്ഷങ്ങളുടെ മരംകൊള്ള

കല്‍പ്പറ്റ: ഭക്ഷ്യസംസ്കരണ വ്യവസായ പാര്‍ക്കിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ച് കടത്തി. മുട്ടില്‍ പഞ്ചായത്തിലെ വാര്യാട് എസ്റ്റേറ്റില്‍ നിന്നാണ് തോട്ടം ഉടമകളുടെ നേതൃത്വത്തില്‍ ഈട്ടിയും സില്‍വര്‍ഓക്കും ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തുന്നത്. ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് വിലപിടിപ്പുള്ള മരങ്ങള്‍ കടത്തുന്നത്. വനം-റവന്യൂ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങാതെയാണ് ഭരണമാറ്റത്തിന്റെ തണലിലുള്ള മരംകൊള്ള. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് നമ്പറിട്ട മരങ്ങളാണ് മുറിച്ചത്.

വയനാട്ടില്‍ കാര്‍ഷികോല്‍പ്പന്ന സംസ്കരണ സംവിധാനമൊരുക്കുന്നതിനായി 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ഭക്ഷ്യസംസ്കണ വ്യവസായ പാര്‍ക്ക് അനുവദിച്ചത്. ഇതിന് അനുയോജ്യമെന്ന് കണ്ടെത്തിയത് ദേശീയപാതയോരത്തെ വാര്യാട് എസ്റ്റേറ്റാണ്. എസ്റ്റേറ്റിലെ 398ഏക്കര്‍ ഭൂമി 2007 ജൂണ്‍ രണ്ടിനാണ് ഫോര്‍വണ്‍ നോട്ടിഫിക്കേഷന്‍ പ്രകാരം ഏറ്റെടുത്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതുപ്രകാരം എസ്റ്റേറ്റിലെ മരങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളെല്ലാം നമ്പറിട്ട് റവന്യൂവകുപ്പ് സര്‍ക്കാര്‍ വസ്തുവെന്ന് രേഖപ്പെടുത്തിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമയായ ചെമ്പ്രപീക്ക് എസ്റ്റേറ്റ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹരജി കോടതി തള്ളി. പിന്നീട് കോണ്‍ഗ്രസ്-ഐ ബ്ലോക്ക് പ്രസിഡന്റ് ഒ വി അപ്പച്ചനും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഈ ഹരജി 2011 മാര്‍ച്ച് 10ന് ഹൈക്കോടതി തള്ളിയിരുന്നു. ഭൂമിയുടെ വിലയായി 29.44 കോടിരൂപയുടെ ഡ്രാഫ്റ്റ് അവാര്‍ഡിന് ഹൈക്കോടതി വിധിക്കനുസൃതമായി സര്‍ക്കാര്‍ ഉത്തരവാകുകയും ചെയ്തു.

ഇത്തരത്തില്‍ ഭൂമി ഏറ്റെടുപ്പ് തടസപ്പെടുത്താനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചുകടത്താനുള്ള നീക്കം തുടങ്ങിയത്. ഉണങ്ങിയ മരങ്ങള്‍ എന്ന പേരിലാണ് രണ്ടാഴ്ചയോളമായി മരം മുറിക്കുന്നത്. ശിഖിരങ്ങള്‍ മുറിച്ച് വിറക് എന്നപേരിലും കടത്തികൊണ്ടുപോവുന്നുണ്ട്. തോട്ടത്തില്‍ നിന്ന് മുറിച്ച മരങ്ങള്‍ ട്രാക്ടറില്‍ കയറ്റി ഒരു കിലോമീറ്റര്‍ അകലെയുള്ള കാക്കവയല്‍ തെനേരി റോഡിലെത്തിച്ചാണ് ലോറിയില്‍ കയറ്റികൊണ്ടുപോവുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാപ്പികൃഷിക്ക് തടസമായി നില്‍ക്കുന്ന സില്‍വര്‍ ഓക്ക്, മുരിക്ക് മരങ്ങളും ഉണങ്ങിയ മരങ്ങളും മാത്രമേ മുറിച്ചിട്ടുള്ളുവെന്ന് എസ്റ്റേറ്റ് മാനേജ്മെന്റ് പറയുന്നു. എന്നാല്‍ എസ്റ്റേറ്റിലെ കാപ്പി ഫാക്ടറിക്ക് പിന്‍വശത്തുള്ള കെട്ടിടങ്ങള്‍ക്കിടയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഈട്ടി മരങ്ങള്‍ മുറിച്ച് കൂട്ടിയിട്ടിരിക്കുകയാണ്. 40കുറ്റിയോളം ഈട്ടി മരങ്ങള്‍ മുറിച്ചുകഴിഞ്ഞു. ഈട്ടി മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഈ എസ്റ്റേറ്റ് മാനേജ്മെന്റിനെതിരെ നേരത്തെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. വിറക് ആവശ്യത്തിന് മരംമറിക്കുന്നതിന് വനംവകുപ്പിന്റെ അനുമതിവേണ്ടെന്ന നിയമപഴുത് ഉപയോഗിച്ച് മരങ്ങള്‍ കടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ മാനേജ്മെന്റ് നടത്തുന്നത്.

കെ എ അജിത്കുമാര്‍ deshabhimani 140611

1 comment:

  1. ഭക്ഷ്യസംസ്കരണ വ്യവസായ പാര്‍ക്കിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ച് കടത്തി. മുട്ടില്‍ പഞ്ചായത്തിലെ വാര്യാട് എസ്റ്റേറ്റില്‍ നിന്നാണ് തോട്ടം ഉടമകളുടെ നേതൃത്വത്തില്‍ ഈട്ടിയും സില്‍വര്‍ഓക്കും ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തുന്നത്. ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് വിലപിടിപ്പുള്ള മരങ്ങള്‍ കടത്തുന്നത്. വനം-റവന്യൂ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങാതെയാണ് ഭരണമാറ്റത്തിന്റെ തണലിലുള്ള മരംകൊള്ള. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് നമ്പറിട്ട മരങ്ങളാണ് മുറിച്ചത്.

    ReplyDelete