Monday, June 13, 2011

വിദ്യാഭ്യാസം സാമുദായിക ശക്തികള്‍ക്ക് അടിയറവെയ്ക്കുന്ന യുഡിഎഫ്

എല്‍ഡിഎഫ് ഗവണ്‍മെന്‍റ് കഴിഞ്ഞ അഞ്ചുവര്‍ഷം മുഖ്യമായി ചെയ്തത് സ്കൂള്‍ -സര്‍വ്വകലാശാലാ തലങ്ങളിലെ വിദ്യാഭ്യാസത്തിെന്‍റ ഗുണനിലവാരം ഉയര്‍ത്തുകയും അതിെന്‍റ ഉള്ളടക്കം കാലോചിതമാക്കുകയും അതേസമയം പിന്നോക്ക വിഭാഗങ്ങളിലും നാട്ടിന്‍പുറങ്ങളിലുമുള്ള പഠിതാക്കള്‍ക്ക് മറ്റുള്ളവരുടേതിനു സമാനമായ അവസരങ്ങള്‍ ഉറപ്പുവരുത്തുകയുമായിരുന്നു. ഈ ഉദ്യമത്തില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തിനു പുറമെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങള്‍ക്കുപുറത്തുള്ളവരും സംസ്ഥാനത്തിനുപുറത്തുള്ളവരുമായ വിദ്യാഭ്യാസവിദഗ്ധരുടെയും വിദ്യാഭ്യാസതല്‍പരരുടെയും സഹായ സഹകരണങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. ഫലമോ? എസ്എസ്എല്‍സി പരീക്ഷയില്‍ മുമ്പൊരിക്കലുമില്ലാത്തവിധം 90 ശതമാനത്തിലേറെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ നാലു പരീക്ഷകളില്‍ ജയിക്കുന്ന സ്ഥിതിയുണ്ടായി. ജയിച്ചവര്‍ക്കെല്ലാം പഠനം തുടരാന്‍ കഴിയുംവിധം പുതിയ ഹയര്‍സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും ആവശ്യാനുസരണം ആരംഭിച്ചു. ആ തലത്തിലും നിലവാരവും വിജയശതമാനവും ഉയര്‍ന്നു. ഹയര്‍സെക്കണ്ടറി പ്രവേശനത്തിനു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നെട്ടോട്ടമോടേണ്ട സ്ഥിതി ഏകജാലക പ്രവേശനംവഴി ഒഴിവാക്കി. പ്രവേശനം പതിവുണ്ടായിരുന്നതില്‍നിന്നു നേരത്തെ പൂര്‍ത്തിയാക്കി കൂടുതല്‍ പഠനദിനങ്ങള്‍ ഉണ്ടാക്കുന്ന സ്ഥിതി ഉണ്ടായി. ബിരുദതലത്തിലെ കോഴ്സുകള്‍ വിശദമായ പഠന വിശകലന-ആസൂത്രണ പ്രക്രിയവഴി പരിഷ്കരിച്ചു. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതി സംസ്ഥാനവ്യാപകമായി നടപ്പാക്കി.

പതിറ്റാണ്ടുകളായി നിലനിന്ന രീതി മാറ്റുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന സംശയങ്ങള്‍ക്കും ഉത്കണ്ഠകള്‍ക്കും ജാഡ്യതയ്ക്കും അപ്പുറം ആശയക്കുഴപ്പമോ പ്രക്ഷോഭസമരങ്ങളോ കൂടാതെ ഈ പരിഷ്കാരം നടപ്പായത് ഗവണ്‍മെന്‍റ് തലത്തിലും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തലത്തിലും നടത്തപ്പെട്ട വിശദമായ കൂടിയാലോചനകളും കൂട്ടായ തീരുമാനങ്ങളും കൂട്ടായ നടത്തിപ്പും മൂലമാണ്. മറ്റേതെങ്കിലും സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസതലത്തിലാകെ ഇത്രയും വിപുലമായ പരിഷ്കാരം ഇത്രയും സുഗമമായി നടന്നിട്ടില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇതിന്റെ നേട്ടം ജനങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പോകുന്നത് പുതിയ സമ്പ്രദായം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണരൂപത്തില്‍ വികസിക്കുന്നതോടെയാണ്.

അധ്യാപകരുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് നടപ്പാക്കപ്പെടുന്ന വൈവിധ്യമാര്‍ന്ന പുന:പരിശീലന ഗവേഷണ പരിപാടികള്‍ , പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രചോദിപ്പിക്കുന്നതിന് നൊബേല്‍ സമ്മാനാര്‍ഹരായവരെ സംസ്ഥാനത്ത് ക്ഷണിച്ചുവരുത്തി അവരുമായി ആശയവിനിമയത്തിനു വിപുലമായ അവസരം ഒരുക്കല്‍ , ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ്/പഠന സഹായം നല്‍കാനുള്ള വിപുലമായ പദ്ധതി മുതലായവ സംസ്ഥാനത്തിനകത്തും പുറത്തും വിദേശങ്ങളില്‍വരെയും ഏറെ അഭിനന്ദിക്കപ്പെട്ടുകഴിഞ്ഞു. സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സംബന്ധമായി സംസ്ഥാന ഗവണ്‍മെന്‍റ് കൊണ്ടുവന്ന നിയമം ഹൈക്കോടതി അതിലെ ചില പ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയതുമൂലം (അതുസംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി ഇതുവരെ അന്തിമവിധി നല്‍കാത്തതുമൂലവും) ആ മേഖലയില്‍ ഒരളവോളം ആശയക്കുഴപ്പവും അവ്യവസ്ഥയും നിലനില്‍ക്കുന്നുണ്ട്. എങ്കിലും സഹകരിക്കാന്‍ തയ്യാറുള്ള മാനേജ്മെന്‍റുകളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറുണ്ടാക്കി കോടതി അനുവദിക്കുന്നിടത്തോളം സാമൂഹ്യനീതിയോടുകൂടിയ പ്രൊഫഷണല്‍ വിദ്യാഭ്യാസം കേരളത്തില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇതൊക്കെ കുറെക്കൂടി മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ ചില പരിഷ്കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതും നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതും.
യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലും പ്രചാരണത്തിലും എല്‍ഡിഎഫ് ഗവണ്‍മെന്‍റ് നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ സത്തയും പ്രയോഗവും അപ്പാടെ തെറ്റായിരുന്നു എന്നാണ് മൊത്തത്തില്‍ വാദിച്ചുവന്നത്. എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്റെ മറ്റൊരു വകുപ്പിനെയും അതിന്റെ നടപടികളെയുംകുറിച്ചും അത് ഇത്ര രൂക്ഷമായും അടിസ്ഥാനരഹിതമായും എതിര്‍ത്തിട്ടുള്ളതായി കാണുന്നില്ല. അതേസമയം കേന്ദ്രത്തിലുള്ള യുപിഎ ഗവണ്‍മെന്‍റ് എല്‍ഡിഎഫ് ഗവണ്‍മെന്‍റിെന്‍റ വിദ്യാഭ്യാസ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചിലവയ്ക്കു അവാര്‍ഡ് നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്താണ് യുഡിഎഫിന്റെ വിമര്‍ശനത്തിന് അടിസ്ഥാനം? എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ മാനേജ്മെന്‍റുകളുടെ താല്‍പര്യത്തിനു വഴങ്ങുകയും ഇംഗിതങ്ങള്‍ സാധിച്ചുകൊടുക്കുകയും ചെയ്തില്ല. പുതിയ വിദ്യാഭ്യാസമന്ത്രി യുഡിഎഫ് ഗവണ്‍മെന്റീന്റെ നയപ്രഖ്യാപനമെന്നോണം കോഴിക്കോട്ട് പറഞ്ഞത്, കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ താല്‍പര്യങ്ങളെ വിദ്യാഭ്യാസരംഗത്ത് പ്രോത്സാഹിപ്പിക്കുമെന്നാണ്. അവരില്‍ ഊന്നിയായിരിക്കും തങ്ങള്‍ കേരളത്തില്‍ വിദ്യാഭ്യാസ വികസനം കൈവരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ -പൊതുമേഖലാ സ്ഥാപനങ്ങളെ വികസിപ്പിക്കുന്നതിനാണ് എല്‍ഡിഎഫ് ഗവണ്‍മെന്‍റ് ഊന്നല്‍ നല്‍കിയത്. സ്കൂളായാലും കോളേജായാലും സര്‍വ്വകലാശാലയായാലും സര്‍ക്കാര്‍ മേഖലയില്‍ ഉള്ളവയുടെ സ്ഥിതി എല്ലാവിധത്തിലും ദയനീയമായിരുന്നു, എല്‍ഡിഎഫ് അധികാരം ഏറ്റെടുത്തപ്പോള്‍ . അവയുടെ സ്ഥിതിയില്‍ എടുത്തുപറയാവുന്ന പുരോഗതി ഉണ്ടായതായി ആ മേഖലയുമായി ബന്ധപ്പെടുന്നവരൊക്കെ നിരീക്ഷിച്ചിട്ടുണ്ട്.

അധികാരമേറ്റ ഉടനെ യുഡിഎഫ് മന്ത്രിസഭ ബോധപൂര്‍വ്വമോ അല്ലാതെയോ മുതിര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറെ പ്രശംസിക്കപ്പെട്ട നേട്ടങ്ങളെ കയ്യോടെ തകര്‍ക്കാനാണ്. ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷത്തെ മൂന്നുലക്ഷത്തിലേറെ സീറ്റുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനുള്ള നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയായിരുന്നു. അപ്പോഴാണ് അതിന്റെ ഒരു ശതമാനംവരുന്ന 3000 സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ പത്താംതരത്തിലെ ഫലം പുറത്തുവന്നില്ലെന്നുപറഞ്ഞ് ഈ പ്രവേശന കലണ്ടറാകെ കീഴ്മേല്‍ മറിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രൂക്ഷമായ പ്രതികരണം നേരിട്ടറിഞ്ഞതോടെ സര്‍ക്കാര്‍ ചുവടുമാറ്റിച്ചവിട്ടി. ഏകജാലകം വലിയ കുഴപ്പമില്ലാതെ നീങ്ങുന്ന സ്ഥിതിയിലാണ് എന്നു പറയപ്പെടുന്നു.

എന്‍ജിനീയറിങ് കോളേജുകളിലെ ഇത്തവണത്തെ പ്രവേശനത്തിനു പ്രവേശന പരീക്ഷാഫലത്തോടൊപ്പം ഹയര്‍സെക്കണ്ടറി ഫലത്തിനും തുല്യ പരിഗണന നല്‍കാന്‍ ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷം എല്‍ഡിഎഫ് ഗവണ്‍മെന്‍റ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി എന്നിവയ്ക്കുപുറമെ, സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലങ്ങള്‍ ഇവയെ ഒരേ നിലവാരത്തിലേക്കു കൊണ്ടുവരാനും ഇതോടൊപ്പം തീരുമാനിച്ചിരുന്നു. ആരോടും വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാണിത്. പ്രവേശനപരീക്ഷയില്‍ യോഗ്യതനേടിയവര്‍ ഏതാണ്ട് 66,000 പേരാണ്. അവരില്‍ 512 വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട സൂചകങ്ങളാണ് ലഭിക്കാത്തത്. മൊത്തം യോഗ്യരില്‍ ഒരു ശതമാനംപോലും വരില്ല അവര്‍ . "ഹിന്ദു" പത്രത്തില്‍ ജി കൃഷ്ണകുമാര്‍ എഴുതിയ ലേഖനത്തിലെ വിവരം വിശ്വസിക്കാമെങ്കില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തും പന്ത്രണ്ടാംക്ലാസ് പരീക്ഷ എഴുതിയവരല്ല അവര്‍ . ജപ്പാന്‍ , ഇന്‍ഡോനേഷ്യ, ഭൂട്ടാന്‍ , ബംഗ്ലാദേശ്, ബ്രിട്ടന്‍ മുതലായ രാജ്യങ്ങളില്‍ പരീക്ഷ എഴുതിയവര്‍ . ജൂണ്‍ 15നകം വിദ്യാര്‍ത്ഥികള്‍ വിവരം ശേഖരിച്ചു നല്‍കണമെന്ന് പ്രോസ്പക്ടസില്‍തന്നെ വ്യവസ്ഥചെയ്തതാണ്. പ്രോസ്പക്ടസില്‍ വ്യവസ്ഥചെയ്ത പ്രകാരം അവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയല്ലേ വേണ്ടത്? ഇതല്ലേ മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലുമൊക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യുന്നത്? എന്തിനാണ് ഇതേച്ചൊല്ലി മാധ്യമങ്ങളും മറ്റും ഇത്ര കലശല്‍കൂട്ടുന്നത്? ഇതേവരെ ചെയ്തതുപോലെ പ്രവേശനപരീക്ഷാഫലം മാത്രം നോക്കണമെന്ന താല്‍പര്യമാണോ ഇതിനുപിന്നില്‍ ? ഹയര്‍സെക്കണ്ടറി പരീക്ഷാഫലത്തിനു ഒരു പരിഗണനയും വേണ്ടെന്നാണോ? അതോ, ഏതെങ്കിലും തരത്തില്‍ ഇതിന്റെ പ്രവേശനപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിച്ച് സ്വകാര്യ സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് അവരുടേതായ പരീക്ഷനടത്തി പ്രവേശനം നടത്താന്‍ സൗകര്യപ്പെടുത്തുന്നതിനാണോ? അതോ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വര്‍ഷത്തെ സ്വാശ്രയ പ്രവേശനവും കുഴപ്പത്തിലാക്കി എന്ന പ്രതീതിപരത്താനോ? ഏതോ സ്വാര്‍ത്ഥതാല്‍പര്യമാണ് ഇതിനുപിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.

മെഡിക്കല്‍ പ്രൊഫഷണല്‍ പ്രവേശനം സംബന്ധിച്ച് ഇത്തരം തര്‍ക്കമൊന്നുമില്ല. എന്നാല്‍ , അതില്‍ സകല സീറ്റിലും തങ്ങള്‍തന്നെ പരീക്ഷ നടത്തി പ്രവേശനം നടത്താനാണ് സകല സ്വാശ്രയ മാനേജ്മെന്‍റുകളും ആദ്യം ഒരുമ്പെട്ടത്. ഹൈക്കോടതി ഇടപെട്ടതിനാല്‍ അവര്‍ക്ക് സ്വയം പ്രവേശന പരീക്ഷ നടത്താനാവില്ല. 50% സീറ്റ് സര്‍ക്കാര്‍ ക്വാട്ടയില്‍ നല്‍കാന്‍ കത്തോലിക്കാ കോളേജുകള്‍ തയ്യാറല്ല. അവര്‍ തയ്യാറായില്ലെങ്കില്‍ തങ്ങളും തയ്യാറല്ല എന്ന് എംഇഎസ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ ഫീസ് വേണമെന്ന് എല്ലാ സ്വാശ്രയ മാനേജ്മെന്‍റുകളും നിര്‍ബന്ധിക്കുന്നു. മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ച ജൂണ്‍ 14ന് തുടരാന്‍ നിശ്ചയിച്ചിരിക്കയാണ്. സമര്‍ത്ഥരും പാവപ്പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്ക് ഉറപ്പാക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ തയ്യാറായിട്ടില്ല. സ്വാശ്രയ മാനേജ്മെന്‍റുകളുടെ താല്‍പര്യ സംരക്ഷണമാണ് അവര്‍ക്ക് മുഖ്യം. അതിനാല്‍ എസ്എഫ്ഐ മാത്രമല്ല കെഎസ്യുവും സമരപഥത്തിലേക്ക് തിരിഞ്ഞേക്കുമെന്ന് സൂചനയുണ്ട്. മെഡിക്കല്‍ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകള്‍ നടത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്കെല്ലാം എന്‍ഒസി കൊടുത്തിരുന്നു. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെരിറ്റ് അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പട്ടികയില്‍നിന്ന് പ്രവേശനം നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ . ആ വ്യവസ്ഥ ഇന്നും സാധുവാണ്. എന്നിട്ടും, പ്രവേശനത്തിനുള്ള അവസാനതീയതി മെയ് 31 ആണ് എന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ . അത് കേള്‍ക്കാത്ത താമസം വിശ്വസിക്കാന്‍ മന്ത്രിയും. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? ഇങ്ങനെ സര്‍ക്കാരിന് അവകാശപ്പെട്ട 65 സീറ്റില്‍ പ്രവേശനം നല്‍കി 65 കോടി രൂപ മാനേജ്മെന്‍റുകള്‍ സമ്പാദിച്ചു എന്നാണ് സകല മാധ്യമങ്ങളിലും വാര്‍ത്ത. ഒറ്റ മാനേജര്‍പോലും അത് നിഷേധിച്ചിട്ടില്ല. ഇതേക്കുറിച്ച് മാനേജ്മെന്‍റുകളുമായി ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ക്ക് സമയം ലഭിച്ചില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. തങ്ങള്‍ മന്ത്രിയെ കണ്ട് വിവരം ധരിപ്പിച്ചിരുന്നു എന്ന് സ്വാശ്രയ മാനേജ്മെന്‍റ് പ്രതിനിധികളും പറയുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുംമുമ്പ് ഈ പ്രവേശനവുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങളൊക്കെ ചെയ്തിരുന്നു; യോഗ്യതാ പട്ടികയുടെ കരട് തയ്യാറാക്കിയിരുന്നു എന്നൊക്കെ മുന്‍ മന്ത്രി ശ്രീമതി ടീച്ചര്‍ പറയുന്നു. പ്രവേശനം ലഭിക്കേണ്ടിയിരുന്ന ചില എംബിബിഎസ് ബിരുദധാരികള്‍ കൊടുത്ത കേസില്‍ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട എല്ലാ പി ജി പ്രവേശനവും സ്റ്റേ ചെയ്തതില്‍നിന്ന് മാനേജ്മെന്‍റുകള്‍ ചെയ്തത് പ്രഥമ ദൃഷ്ട്യാ നിയമത്തിനും ചട്ടത്തിനും നിരക്കുന്ന രീതിയിലല്ല എന്നു സ്പഷ്ടം.

യുഡിഎഫ് മന്ത്രിമാര്‍ അഴിമതിയില്‍ മുങ്ങാംകൂളിയിടുകയല്ല ചെയ്തത്. അഴിമതിയുടെ ചെളിക്കുണ്ടില്‍നിന്ന് പൊങ്ങിവന്നുകൊണ്ടാണ് അവര്‍ ഭരണം തുടങ്ങുന്നത്. സ്വകാര്യ മാനേജര്‍മാരുടെ താല്‍പര്യ സംരക്ഷണമാണ് അവരുടെ പ്രധാന അജണ്ട. സാമുദായിക സങ്കുചിത വാദികള്‍ കല്‍പിക്കുന്നതുപ്രകാരം പാഠപുസ്തകങ്ങള്‍ വെട്ടിനശിപ്പിക്കുകയാണ് അവരുടെ മറ്റൊരു വിനോദം. ഏതെങ്കിലും പാഠപുസ്തകത്തെക്കുറിച്ച് ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ അത് പരിശോധിക്കാന്‍ കരിക്കുലം കമ്മിറ്റിയെയും അതത് മേഖലയിലെ അക്കാദമിക വിദഗ്ധരെയുമാണ് നിയോഗിക്കേണ്ടത്. അതാണ് വിദ്യാഭ്യാസനീതി. പക്ഷേ, ഇവിടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പെരുമാറുന്നത് തങ്ങളുടെ നിലനില്‍പിന് ഇത്തരം സമുദായ ശക്തികളോട് തങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു എന്ന മട്ടിലാണ്. ചില സമുദായങ്ങളുടെ തിരുവായയ്ക്ക് ഇവര്‍ക്കൊന്നും എതിര്‍വായില്ല.

മറ്റു പല രാജ്യങ്ങളിലും, വിശേഷിച്ച് യൂറോപ്പില്‍ ബൗദ്ധികവും വിദ്യാഭ്യാസപരവുമായ പുരോഗതിയുണ്ടായത്, ജനങ്ങള്‍ ഇടപെട്ട് ഇത്തരം സമുദായശക്തികളെ ഇരിക്കേണ്ടിടത്ത് ഇരുത്തിയശേഷമാണ്. അവിടങ്ങളിലും രാഷ്ട്രീയ പാര്‍ടിക്കാര്‍ മത-സമുദായ വിശ്വാസികള്‍തന്നെ. പക്ഷേ, അവിടങ്ങളില്‍ അവര്‍ , പഞ്ചതന്ത്രകഥയിലെ ഒരു കഥാപാത്രത്തെപ്പോലെ തലച്ചോറെടുത്ത് മരത്തിെന്‍റ കൊമ്പത്ത് ഫിറ്റ്ചെയ്തല്ല രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. ജനങ്ങളും മത സമുദായ നേതാക്കളെ ഇരുത്തേണ്ടിടത്ത് ഇരുത്തുന്നു. അതുകൊണ്ട് അവര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് മുന്‍ഗാമികള്‍ ചെയ്ത തെറ്റുകുറ്റങ്ങളെച്ചൊല്ലി കാലമെത്രകഴിഞ്ഞായാലും പശ്ചാത്തപിക്കുന്നു, മാപ്പ് പറയുന്നു. ഇവിടെയും ഇത്തരക്കാര്‍ക്ക് ഇതുപോലൊരു "വെലിക്കളയല്‍" നടത്താന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഇവിടത്തെ വിദ്യാഭ്യാസത്തിെന്‍റ ഉള്ളടക്കവും നിലവാരവും മധ്യശതകങ്ങളിലെ യൂറോപ്പിലേതിനു സമാനമായി തുടരും. അത് മതിയോ എന്ന് നിശ്ചയിക്കേണ്ടതും ജനങ്ങള്‍തന്നെ.

സി പി നാരായണന്‍ ചിന്ത 170611

1 comment:

  1. എല്‍ഡിഎഫ് ഗവണ്‍മെന്‍റ് കഴിഞ്ഞ അഞ്ചുവര്‍ഷം മുഖ്യമായി ചെയ്തത് സ്കൂള്‍ -സര്‍വ്വകലാശാലാ തലങ്ങളിലെ വിദ്യാഭ്യാസത്തിെന്‍റ ഗുണനിലവാരം ഉയര്‍ത്തുകയും അതിെന്‍റ ഉള്ളടക്കം കാലോചിതമാക്കുകയും അതേസമയം പിന്നോക്ക വിഭാഗങ്ങളിലും നാട്ടിന്‍പുറങ്ങളിലുമുള്ള പഠിതാക്കള്‍ക്ക് മറ്റുള്ളവരുടേതിനു സമാനമായ അവസരങ്ങള്‍ ഉറപ്പുവരുത്തുകയുമായിരുന്നു. ഈ ഉദ്യമത്തില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തിനു പുറമെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങള്‍ക്കുപുറത്തുള്ളവരും സംസ്ഥാനത്തിനുപുറത്തുള്ളവരുമായ വിദ്യാഭ്യാസവിദഗ്ധരുടെയും വിദ്യാഭ്യാസതല്‍പരരുടെയും സഹായ സഹകരണങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. ഫലമോ? എസ്എസ്എല്‍സി പരീക്ഷയില്‍ മുമ്പൊരിക്കലുമില്ലാത്തവിധം 90 ശതമാനത്തിലേറെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ നാലു പരീക്ഷകളില്‍ ജയിക്കുന്ന സ്ഥിതിയുണ്ടായി. ജയിച്ചവര്‍ക്കെല്ലാം പഠനം തുടരാന്‍ കഴിയുംവിധം പുതിയ ഹയര്‍സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും ആവശ്യാനുസരണം ആരംഭിച്ചു. ആ തലത്തിലും നിലവാരവും വിജയശതമാനവും ഉയര്‍ന്നു. ഹയര്‍സെക്കണ്ടറി പ്രവേശനത്തിനു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നെട്ടോട്ടമോടേണ്ട സ്ഥിതി ഏകജാലക പ്രവേശനംവഴി ഒഴിവാക്കി. പ്രവേശനം പതിവുണ്ടായിരുന്നതില്‍നിന്നു നേരത്തെ പൂര്‍ത്തിയാക്കി കൂടുതല്‍ പഠനദിനങ്ങള്‍ ഉണ്ടാക്കുന്ന സ്ഥിതി ഉണ്ടായി. ബിരുദതലത്തിലെ കോഴ്സുകള്‍ വിശദമായ പഠന വിശകലന-ആസൂത്രണ പ്രക്രിയവഴി പരിഷ്കരിച്ചു. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതി സംസ്ഥാനവ്യാപകമായി നടപ്പാക്കി.

    ReplyDelete